ടത് രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ മുഖമാണ് പന്ന്യന്‍ രവീന്ദ്രന്‍. അടിമുടി പാര്‍ട്ടിക്ക് സമര്‍പ്പിച്ച ജീവിതം. അമിതാധികാര പ്രവണതകളോട് എന്നും കലഹിച്ചിട്ടുള്ള പന്ന്യന്‍ രവീന്ദ്രന്‍ എന്ന സിപിഐക്കാരുടെ സ്വന്തം രവിയേട്ടന്‍ വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നിരിക്കുകയാണ്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് മത്സരം തീ പാറിക്കാന്‍ പന്ന്യന്‍ വീണ്ടുമിറങ്ങുകയാണ്. 2009 വരെ മണ്ഡലത്തിന്റെ മുഖമായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍. അതിന് ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിരക്തി കാട്ടി മറ്റുള്ളവര്‍ക്ക് വേണ്ടി വഴി മാറിക്കൊടുത്തു. പക്ഷേ, ഇടത് മണ്ഡലം പിന്നീട് മൂന്ന് തിരഞ്ഞെടുപ്പുകളില്‍ പൊന്നരിവാള്‍ താഴെവെച്ച് കൈപിടിച്ചു. മണ്ഡലത്തില്‍ വീണ്ടും ചെങ്കൊടി പാറിക്കാനുറച്ച് പന്ന്യന്‍ രവീന്ദ്രനെ സിപിഐ വീണ്ടും മത്സരരംഗത്തേക്കിറക്കിയിരിക്കുകയാണ്. രാഷ്ട്രീയക്കാരന്റെ തലയെടുപ്പ് ഒട്ടുമേ കാണിക്കാതെ മനസ് തുറക്കുകയാണ് പന്ന്യന്‍.

To advertise here,

ദേശീയതലത്തില്‍ ഇന്ത്യ മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോഴും കേരളത്തില്‍ പരസ്പരം പോരടിക്കുന്ന സാഹചര്യമാണ് യുഡിഎഫിനും എല്‍ഡിഎഫിനുമുള്ളത്. ഈ സാഹചര്യത്തെ എങ്ങനെ കാണുന്നു? 

രാജ്യം ഭരിക്കുന്ന ബിജെപി ഗവണ്‍മെന്റ് ജനശത്രുക്കളേപ്പോലെയാണ് കേരളത്തിലെ ജനങ്ങളോട് പെരുമാറുന്നത്. നമുക്ക് ആവശ്യമായ ന്യായമായ കാര്യങ്ങള്‍ ചെയ്യുന്നതിന് ആ ഗവണ്‍മെന്റിന് ഒരുതരത്തിലുമുള്ള മനസുമില്ല. എന്തിന്, നമ്മള്‍ പ്രളയത്തില്‍ മുങ്ങിക്കിടന്നപ്പോഴും തരാമെന്ന് പറഞ്ഞ സഹായം തരാതിരുന്നവരാണ് കേന്ദ്രത്തിലുള്ളത്. അന്ന് നമുക്ക് തന്ന അരി സൗജന്യമാണെന്ന് പറഞ്ഞിട്ട് അതിന്റെ വിലപോലും വാങ്ങിയവരാണ് കേന്ദ്രം ഭരിക്കുന്നത്. 

കേന്ദ്രഗവണ്‍മെന്റിനെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നവരാണ് ഇടതുപക്ഷ പ്രസ്ഥാനം. രാജ്യത്തിലാകെയുള്ള കേന്ദ്രഭരണത്തിനെതിരായ ഇന്ത്യ സഖ്യത്തിലുള്ളവരാണ് ഞങ്ങള്‍. ആ സഖ്യത്തില്‍ കോണ്‍ഗ്രസുമുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ സമീപനം. കേന്ദ്രഗവണ്‍മെന്റിനെ നയങ്ങളെ വെള്ളപൂശുന്ന നയമാണ് കേരളത്തിലെ കോണ്‍ഗ്രസ് പലപ്പോഴുമെടുക്കുന്നത്. 

കേന്ദ്രഗവണ്‍മെന്റ് നമ്മളെ സഹായിക്കാതിരിക്കുമ്പോള്‍ കേരളത്തില്‍ ജീവിക്കുന്നവരെന്ന നിലയില്‍ കോണ്‍ഗ്രസുകാര്‍ക്ക് അത് ചോദിക്കാനുള്ള അവകാശമുണ്ട്. നമുക്ക് വായ്പ എടുത്തുകൂട, ഒരുപൈസപോലും പിരിച്ചുകൂട, വിദേശത്ത് പോയി പണപ്പിരിവ് നടത്തിക്കൂട... നമ്മുടെ നാടിന്റെ കാര്യത്തില്‍ നമ്മള്‍ ചെയ്യുമ്പോള്‍ അതിനെല്ലാം ബിജെപി ഗവണ്‍മെന്റ് തടയിടുമ്പോള്‍ അതിന്റെ കൂടെനില്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. 

കോണ്‍ഗ്രസിനുള്ള ഏറ്റവും വലിയ വിഷമം എന്താണെന്ന് വെച്ചാല്‍ അവര്‍ക്ക് കേരളത്തിലെ ഭരണം നഷ്ടപ്പെട്ടുപോയല്ലോ എന്നതാണ്. അതെങ്ങനെയെങ്കിലും തിരിച്ചുപിടിക്കണമെന്നാണ് അവരുടെ ആഗ്രഹം. സാധാരണ കേരളത്തില്‍ ഒന്നപ്പുറം ഒന്നിപ്പുറം എന്നാണല്ലോ. തുടര്‍ച്ചയായി രണ്ടാമത്തെ തവണയാണ് സഖാവ് പിണറായി ഭരിക്കുന്നത്. അത് അവര്‍ക്കൊരിക്കലും ഇഷ്ടമുള്ള കാര്യമല്ല. 

മാത്രമല്ല ഇനി ഭരണം കിട്ടുമെന്ന നേരിയ പ്രതീക്ഷപോലും നഷ്ടപ്പെട്ട അവസ്ഥ വന്നിരിക്കുന്നു. അതുകൊണ്ട് കേരളത്തിലെ ഗവണ്‍മെന്റിനെതിരായി കേന്ദ്രഗവണ്‍മെന്റ് ഏത് നീചകൃത്യം ചെയ്താലും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്. അതാണ് ഞങ്ങളും കോണ്‍ഗ്രസും തമ്മിലുള്ള മുഖ്യമായ അഭിപ്രായ വ്യത്യാസം. രാജ്യത്തിന്റെ പൊതുകാര്യം വരുമ്പോള്‍ ഒന്നിച്ചുനില്‍ക്കണം. പക്ഷേ, അതിലും ചില കാര്യങ്ങളില്‍ ഞങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ട്. 

രാമക്ഷേത്ര വിഷയമുള്‍പ്പെടെ കോണ്‍ഗ്രസ് നിലപാട് ഇടതു വിമര്‍ശനത്തിന് കാരണമായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ വെല്ലുവിളികള്‍ കേരളത്തിൽ എത്രമാത്രം പ്രതിസന്ധിയുണ്ടാക്കുന്നുണ്ട് ? 

നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും നടക്കാന്‍ പാടില്ലാത്തതാണല്ലോ ബാബരി മസ്ജിദ് പൊളിച്ച് അവിടെ അമ്പലം പണിയുന്നത്. അമ്പലം ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി പോകുമ്പോള്‍ ക്ഷണക്കത്തയച്ചു. പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസുകാരുടെ ആലോചനയാണ്. ഹിന്ദുക്കളുടെ വോട്ട് കിട്ടണ്ടെ, പങ്കെടുക്കാതിരിക്കണോ ഇങ്ങനെയൊക്ക. ഈ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. 

പക്ഷേ, ഞങ്ങള്‍ പങ്കെടുക്കില്ല എന്ന നിലപാട് പെട്ടെന്ന് സ്വീകരിച്ചു. ഒരമ്പലം പടുത്തുയര്‍ത്തുമ്പോള്‍ ആ പരിപാടിയില്‍ ക്ഷണിച്ചാല്‍ നമുക്ക് പോകാം. പക്ഷേ, ഒരു പള്ളിപൊളിച്ച സ്ഥാനത്താണ് അമ്പലം പണിയുന്നത്. അങ്ങനെയൊരു വിഷയം വരുമ്പോള്‍ നമുക്ക് അതിന് കൂടെനില്‍ക്കാന്‍ കഴിയില്ല. ഇങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ഞങ്ങളും അവരും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ട് നിലവില്‍. കാരണം കോണ്‍ഗ്രസ് പലപ്പോഴും മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. 

അതല്ലെ ഇവിടെയും കാണുന്നത്. ആ മൃദുഹിന്ദുത്വ സമീപനം നല്ലതല്ല. ഹിന്ദുക്കളും മുസല്‍മാന്‍മാരും ക്രിസ്ത്യാനികളും ഒരുകുടുംബം പോലെ ജീവിക്കുന്ന നാടാണ് കേരളം. അതാണ് നമ്മുടെ നവോത്ഥാന ശ്രമങ്ങളുടെ ചരിത്രം. അതാണ് ദേശീയ പ്രസ്ഥാനങ്ങളുടെ ചരിത്രം, അതാണ് നമ്മുടെ മുന്‍തലമുറ നമുക്ക് വഴികാട്ടുന്നത്. 

പൊതുപ്രവര്‍ത്തകന്‍ എന്നതില്‍ കവിഞ്ഞ് എംപിയും രാഷ്ട്രീയ നേതാവുമൊക്കെയായി മാറുമെന്ന് എപ്പോഴെങ്കിലും കരുതിയിരുന്നോ?

ഒരിക്കലുമില്ല. അങ്ങനെ സ്വപ്‌നം പോലും കണ്ടിരുന്നില്ല. എന്തിനേറെ ഒരു പാര്‍ലമെന്റംഗം ആവുകയെന്നത് എന്റെ വിദൂര സ്വപ്‌നം പോലും ആയിരുന്നില്ല. ഇതൊക്കെ പ്രസ്ഥാനങ്ങളും ജനങ്ങളും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തളോ ദൗത്യങ്ങളോ ആണ്. അതില്‍ കവിഞ്ഞ് ഇതൊന്നും ആഡംബരമായോ അലങ്കാരങ്ങളായോ ഏതെങ്കിലും തരത്തില്‍ ശ്രദ്ധകിട്ടാനുള്ളതോ വിലാസമായോ ഞാന്‍ കണക്കാക്കിയിട്ടില്ല. അതെന്റെ മനസില്‍ ഒട്ടുമില്ലാത്തതാണ്. 

2004ന് ശേഷം തിരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനില്‍ക്കുന്ന നിലപാടാണ് സ്വീകരിച്ചുകാണുന്നത്. ഈ വിരക്തിക്കെന്താണ് കാരണം? 

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് അന്നും ഇന്നും എനിക്ക് വലിയ ആഗ്രഹങ്ങളുള്ള മേഖലയല്ല. പലതും പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യങ്ങളാണ്. തിരുവനന്തപുരത്ത് പി.കെ.വിയെ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടതിന് ശേഷം മണ്ഡലത്തില്‍ പാര്‍ലമെന്റ് അംഗത്തിന്റെ ഒഴിവ് വന്നു. പാര്‍ട്ടിക്കുള്ളില്‍ നിന്നും സിപിഎമ്മില്‍ നിന്നുപോലും വലിയ സമ്മര്‍ദ്ദം വന്നു. ചില്ലറക്കാരല്ല, വിഎസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍, കെ. കരുണാകരന്‍, ഒ.എന്‍.വി സാര്‍, ചെമ്മനം ചാക്കോ, സുകുമാര്‍ അഴിക്കോട് അങ്ങനെ പ്രമുഖരും പ്രബലരുമായ ആളുകള്‍ എന്നോട് നിങ്ങളിവിടെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ സ്‌നേഹപൂര്‍വം ഉപദേശിച്ചതാണ്. അത് അവസാനം പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, എന്റെ ഗുരുനാഥനെ പോലെ മുന്നില്‍ നിന്ന് നയിച്ച ആളാണ്, അദ്ദേഹമെന്നോട് ആവശ്യപ്പെട്ടു. നമുക്ക് ഇവിടെ വേറെ മാര്‍ഗമില്ല അതുകൊണ്ട് നിങ്ങള്‍ ഇവിടെ നില്‍ക്കണം. അങ്ങനെ പി.കെ.വിക്ക് ശേഷം ഞാന്‍ മണ്ഡലത്തിന്റെ പ്രതിനിധിയായി. 

അന്നും ഞാന്‍ ആഗ്രഹിച്ച് വന്നതല്ല. അത് പക്ഷേ, ദൗത്യമായിരുന്നു. അത് ഞാന്‍ ഏറ്റെടുത്തു. മൂന്നര വര്‍ഷത്തോളമാണ് ഞാന്‍ എംപി ആയിരുന്നത്. ആ കാലത്ത് എന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങള്‍ ഇവിടെ ചെയ്തു. ഒരുമുന്നണിയുടെ ആളായിട്ടാണ് ഞാനിവിടെ മത്സരിച്ചത്. പക്ഷെ എനിക്ക് എതിരായി വോട്ടു ചെയ്തയാളിന്റെയും എനിക്കെതിരെ മത്സരിച്ച ആളിന്റെയും പ്രതിനിധിയാണ് ഞാന്‍. 

എനിക്കെതിരായി വലിയ പ്രചരണത്തില്‍ പങ്കെടുത്ത ആള്‍, ഞാന്‍ പേരുപറയുന്നില്ല. അദ്ദേഹമിപ്പോള്‍ നമ്മുടെ കൂടെയില്ല. അദ്ദേഹം എന്റെ അടുത്ത് ആദ്യമായി ഒരു ശുപാര്‍ശയക്ക് വന്നു. വന്നത് ഒരു പാസ്‌പോര്‍ട്ടിന്റെ ആവശ്യത്തിന് ഒപ്പിട്ട് കൊടുക്കാന്‍ വേണ്ടിയാണ്. വരുന്നേന് മുമ്പ് എന്നെ വിളിച്ചിട്ട് ചോദിച്ചു ഞാന്‍ വന്നോട്ടെയെന്ന്. വരാന്‍ പറഞ്ഞു. വന്നപ്പോള്‍ തന്നെ ഞാന്‍ ശുപാര്‍ശ കത്തെഴുതി ഒപ്പിട്ടുകൊടുത്തു. 

അതിനുശേഷം അദ്ദേഹം പറഞ്ഞു നിങ്ങള്‍ക്കെതിരായി ഞാനിങ്ങനെ പ്രചാരണത്തിനൊക്കെ മുന്നിലുണ്ടായിരുന്ന ആളാണ്. ഞാനത് ചോദിച്ചതേയില്ലല്ലോ എന്നായിരുന്നു എന്റെ മറുപടി. എനിക്കെതിരെ പ്രചരണം നടത്തിയവരും പ്രവര്‍ത്തിച്ചവരുമൊക്കെ ഈ മണ്ഡലത്തിലെ ജനങ്ങളാണ്. ഈ മണ്ഡലത്തിലെ ജനങ്ങളുടെ പ്രതിനിധിയാണ് ഞാന്‍. ജയിച്ചുകഴിഞ്ഞാല്‍ പിന്നെ പ്രത്യേക പ്രസ്ഥാനത്തിന്റെ പ്രതിനിധി മാത്രമല്ല. മണ്ഡലത്തിലെ ജനങ്ങളുടെ എല്ലാം പ്രതിനിധിയാണ്. ജയിച്ചുകഴിഞ്ഞ് ഇനി ഒരു പ്രത്യേക വിഭാഗത്തിന് വേണ്ടി മാത്രമേ പ്രവര്‍ത്തിക്കു എന്ന് പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല.

ജനാധിപത്യത്തില്‍ എതിരായി പ്രവര്‍ത്തിച്ച ആളും വരേണ്ടത് ഈ ജനപ്രതിനിധിയുടെ മുന്നിലാണ്. അവരെ സഹായിക്കാനും അവരുടെ കാര്യം ചെയ്യാനുമുള്ള ഉത്തരവാദിത്തം എനിക്കുണ്ട്. അതുകൊണ്ട് തിരഞ്ഞെടുപ്പ് രാഷ്ട്രീയം എന്നത് മാത്രമല്ല അതിന് പുറത്തും ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് പൂര്‍ണ ബോധ്യമുണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനമെന്നത് അധികാര സ്ഥാനങ്ങളല്ല എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നത്. 

കേരള മോഡല്‍ ഇടതുപക്ഷം മുന്നോട്ടുവെക്കുന്ന ആശയമാണ്. അതിന് എത്രത്തോളം സ്വീകാര്യത കിട്ടിയുണ്ട്? 

ഇപ്പോള്‍ രാജ്യത്തെവിടെ നടക്കുന്ന കാര്യങ്ങളും നമുക്ക് അപ്പപ്പോള്‍ തന്നെ അറിയാന്‍ സാധിക്കുന്നുണ്ട്. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം ഇപ്പോള്‍ ഒരുപാട് കൂടി. ശിശുമരണം ഒരുപാട് കുറഞ്ഞു. കാരണമെന്താ ആരോഗ്യ രംഗത്ത് നമ്മള്‍ കാണിച്ച ശുഷ്‌കാന്തിയാണ്. ആരോഗ്യരംഗത്ത് എല്ലാ കാര്യങ്ങളിലും ഗവണ്‍മെന്റ് കൂടെയുണ്ട്. 

നിപ്പ വന്ന സമയത്ത് ലോകത്തെല്ലായിടത്തുമുള്ളവര്‍ കോഴിക്കോട് പോകുന്നത് ശ്രദ്ധിക്കണമെന്ന് പറഞ്ഞിരുന്നു. നിപ്പ വന്നാല്‍ ആള് മരിച്ചുപോകും. കേരളത്തിലെ ഒരു ജനപ്രതിനിധി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ എല്ലാ പരിപാടികളും മാറ്റിവെച്ച് അവിടെ ചെന്നു. നിപ്പയെ ഇല്ലാതാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചൊരു ടീച്ചര്‍, നമ്മുടെ കേരളത്തിന്റെ ചരിത്രമല്ലെ അത്. ലോകം പറഞ്ഞല്ലോ നിങ്ങള്‍ പ്രധാനപ്പെട്ട കര്‍ത്തവ്യമാണ് നിര്‍വഹിച്ചത്. 

പലരുമെന്നോട് ചോദിച്ചു ടിച്ചര്‍ ഒരു ഡോക്ടറാണോയെന്ന്, ഞാന്‍ പറഞ്ഞു അവര്‍ ടീച്ചറാണ്, ജനങ്ങളുടെ ഡോക്ടറും, എന്തുകൊണ്ട് അനുഭവം കൊണ്ട് ഡോക്ടര്‍. 

അപ്പോള്‍ ഏത് കാര്യത്തിനും ജനങ്ങള്‍ക്ക് വേണ്ടി അര്‍പ്പിക്കുന്ന ഒരു പ്രസ്ഥാനമാണ് ഇടതുപക്ഷ മുന്നണിയെന്ന് എല്ലാ ജനങ്ങള്‍ക്കുമറിയാം. അതിന്റെ ഭാഗമാണെന്ന കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. ഇത് ജനപക്ഷ പ്രസ്ഥാനമാണ്. അതിന്റെ പ്രതിനിധിയാണ് ഞാന്‍. ഈ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്ന കാലത്ത് ഞാന്‍ കാണിച്ചിരുന്ന ജാഗ്രത അതായിരുന്നു. 

ദേശീയതലത്തില്‍ ബിജെപിക്ക് ബദലാവാൻ ഇന്ത്യ മുന്നണിക്ക് സാധിക്കുമോ? പ്രത്യേകിച്ച് മുന്നണിയിലെ മിക്ക കക്ഷികളെയും പിളര്‍ത്തി കൂടെ കൂട്ടുക, എംഎല്‍എമാരെയും എംപിമാരെയും മറുകണ്ടം ചാടിക്കുക, സര്‍ക്കാരുകളെ അട്ടിമറിക്കുക തുടങ്ങിയവ നടക്കവേ ഒരു ബദല്‍ എത്രത്തോളം സാധ്യമാണ്?

ഇന്ത്യാ സഖ്യത്തെ നിങ്ങള്‍ ഇങ്ങനെ കണക്കാക്കേണ്ട. നേരത്തെ ഒരുപാട് ചരിത്രങ്ങള്‍ നമ്മുടെ രാജ്യത്തുണ്ടായിട്ടുണ്ട്. വി.പി, സിങ് സര്‍ക്കാർ എങ്ങനെയാണ് വന്നത്. ദേവഗൗഡ എങ്ങനെയാണ് പ്രധാനമന്ത്രിയായത്. രാജ്യം ഒരു ആപത്ഘട്ടത്തിലാണെന്ന് വരുമ്പോള്‍ അപ്രതീക്ഷിതമായ ബന്ധങ്ങളുണ്ടാകും. മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഇന്ത്യയില്‍ ഭൂരിപക്ഷമുണ്ട്. 

ഇപ്പോഴത്തെ വോട്ടിങ് ശക്തി നോക്കിയാല്‍ 37 ശതമാനമാണ് ബിജെപിക്കുള്ളത്. ബാക്കി എല്ലാവരും ബിജെപിക്ക് എതിരാണ്. ഈ സത്യം നമ്മുടെ മുന്നിലുണ്ട്. അത് യോജിപ്പിക്കുക എന്നതൊരു ജോലിയാണ്. ഒരു ആപല്‍ഘട്ടം വരുമ്പോള്‍ ആ യോജിപ്പിനുള്ള വഴിയുണ്ടാകുമെന്നെനിക്കുറപ്പാണ്. 

കാരണമെന്താ, നമ്മുടെ ഭരണഘടന തകര്‍ക്കാന്‍ ശ്രമിക്കുകയാണ് അവര്‍, ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു. മതനിരപേക്ഷത ഏതാണ്ട് തകര്‍ത്തുകഴിഞ്ഞു. ഇങ്ങനെയുള്ള ആപത് ഘട്ടത്തില്‍ ഒരു കൂട്ടായ്മ ഉയര്‍ന്നുവരും. അതില്‍ തര്‍ക്കമൊന്നുമില്ല. അതില്‍ ആശങ്ക വേണ്ട. 

ആ കൂട്ടായമയില്‍ കോണ്‍ഗ്രസിന്റെ ആളുകള്‍ ഇങ്ങനെ ചാഞ്ചാടുന്നത് കൊണ്ട് മതന്യൂനപക്ഷങ്ങള്‍ക്ക് വിശ്വസിക്കാനാകില്ല. അവരെന്താണ് ചെയ്യുകയെന്ന് പറയാന്‍ കഴിയില്ല. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഞാന്‍ എംപി ആയിരുന്നു. 2008ല്‍ അവര്‍ക്കുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. അന്ന് ഭൂരിപക്ഷത്തിന് വേണ്ടി റിലയന്‍സ് കമ്പനിക്കാര്‍ കാശുമായി പോയി. രാജ്യത്തെ മുതലാളിമാരെല്ലാം ആളെപിടിക്കാനിറങ്ങി. 19 എംപിമാരാണ് ഇടതുപക്ഷത്തിനുള്ളത്. 

അവിടെ ചെന്നപ്പോള്‍ പത്രക്കാര്‍ ചോദിച്ചു, എന്തെ നിങ്ങളടുത്ത് ആരും വന്നില്ലെ?  ഞാന്‍ ചോദിച്ചു എന്തിന്?  ഇവിടെ വില്‍പനയാണ്. ഒരു എംപിക്ക് 34 കോടിയാണ് കിട്ടുന്നത്. ഞങ്ങളുപറഞ്ഞു ഇവിടെ ആരും വന്നിട്ടില്ല. കാരണമെന്താ? തീക്കട്ട ഉറുമ്പരിക്കില്ല. ഞങ്ങളടുത്ത് വന്നാല്‍ ഒരാളെയും കിട്ടില്ലെന്ന് അവര്‍ക്കറിയാം. 

മനശ്ചാഞ്ചല്യമുള്ളവരെ വിലയ്ക്കെടുക്കാന്‍ പണവും തന്ത്രവുമൊക്കെ അവരുടെ പക്കലുണ്ട്. പണത്തിനും ഗൂഢതന്ത്രങ്ങള്‍ക്കും ചെന്ന് വീണുകൊടുക്കാന്‍ ഇവിടുത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ നിന്നുകൊടുക്കില്ല. അക്കാര്യം മതന്യൂനപക്ഷങ്ങള്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്. ഇതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത്, മതന്യൂനപക്ഷങ്ങള്‍ കേരളത്തില്‍ ബിജെപിക്ക് ബദലായി കാണുന്നത് കോണ്‍ഗ്രസിനെയല്ല ഇടതുപക്ഷത്തെയാണ്. ജീവന്‍ പോലും അവര്‍ക്കുവേണ്ടി കൊടുക്കാന്‍ തയ്യാറാകുമെന്നതിന് ഒരു സംശയവുമില്ല.

സാധാരണ മാതാപിതാക്കള്‍ക്ക് ഒക്കെ മക്കള്‍ ഉയര്‍ന്ന ജോലിയൊക്കെ വാങ്ങി നന്നായി ജീവിച്ചുകാണാന്‍ ആഗ്രഹിക്കാറുണ്ട്, രാഷ്ട്രീയക്കാരനായപ്പോള്‍ രക്ഷിതാക്കളുടെ പ്രതികരണമെങ്ങനെ ആയിരുന്നു? 

എന്റെ എല്ലാം അമ്മയായിരുന്നു. സത്യം പറഞ്ഞാല്‍ രാഷ്ട്രീയത്തിലേക്ക് അമ്മയാണ് പ്രോത്സാഹിപ്പിച്ചത്. സാധാരണ ഒരു കുടുംബത്തില്‍നിന്നുള്ള ആളായിരുന്നു അമ്മ. എങ്ങനെയെങ്കിലും എന്നെ വലിയ ഒരാളാക്കി മാറ്റണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. അത് അമ്മ ഇടയിക്കിടെ പറയുമായിരുന്നു. ഒരിക്കല്‍ ഞാന്‍ റേഡിയോയില്‍ പ്രഭാഷണം നടത്തിയപ്പോള്‍ അത് കേട്ട അമ്മയ്ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റില്ല. 

52ല്‍ തലശ്ശേരി പാര്‍ലമെന്റ് മണ്ഡലത്തില്‍ എകെജി മത്സരിക്കാന്‍ വന്നു. മൂന്നുവയസുള്ള എന്നെയും അമ്മ കൂട്ടിക്കൊണ്ടുപോയി. എകെജിക്ക് എന്നെക്കൊണ്ട് മാലയിടിക്കുകയും ചെയ്തു. അതിനുശേഷം എന്നെ ഇടയ്ക്കിടെ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും- നീ എകെജിക്ക് മാലയിട്ടവനാണ് എന്നൊക്കെ. അങ്ങനെ പതിയെ പതിയെ ജനകീയ പ്രസ്ഥാനത്തിലേക്ക് പഠിച്ചുകൊണ്ടിരിക്കെ തന്നെ വരികയാണ്. 

സ്‌കൂളില്‍ പോകുന്ന സമയത്താണ് കൈത്തറി തൊഴിലാളികളുടെ സമരം കാണുന്നത്. അവര്‍ കമ്പനിയുടെ വണ്ടി പിക്കറ്റ് ചെയ്തപ്പോള്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസിന്റെ മര്‍ദ്ദനമേറ്റ് അവരുടെ ശരീരത്തില്‍ നിന്ന് രക്തം ഇങ്ങനെ ചിതറിത്തെറിക്കുകയാണ്. അത് കണ്ട് എനിക്കാകെ വിഷമമായി. സഖാക്കള്‍ ഇങ്ക്വിലാബ് വിളിച്ചപ്പോള്‍ അതിനൊപ്പം ഞാനും സിന്ദാബാദ് വിളിച്ചു. 

അത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. അങ്ങനെയാണ് ഈ പ്രസ്ഥാനത്തിന് കൂടെ വരുന്നത്. അനുഭവമാണ് എന്നിലെ രാഷ്ട്രീയക്കാരനെ പാകപ്പെടുത്തിയത്. അതിന്റെ ഭാഗമായാണ് പ്രവര്‍ത്തനം. രാഷ്ട്രീയ പ്രവര്‍ത്തനം ജനസേവനമാണ്. അതില്‍ ഇങ്ങോട്ടൊന്നും പ്രതീക്ഷിക്കാതെ എല്ലാം അങ്ങോട്ട് അര്‍പ്പിക്കുകയാണ്. അങ്ങനെ അര്‍പ്പിത ബോധമുള്ള രാഷ്ട്രീയക്കാരനാകാന്‍ എന്നെ ഉപദേശിച്ചത് രാഷ്ട്രീയ പ്രസ്ഥാനം മാത്രമല്ല എന്റെ അമ്മകൂടിയാണ്. അമ്മയാണ് എന്റെ എപ്പോഴത്തെയും വഴികാട്ടി. 

മുടി നീട്ടിവളര്‍ത്തിയതിന്റെ പിന്നിലെ ശപഥം, അതിനിയും മാറ്റാറായില്ലേ?

മുടിയുടെ കാര്യത്തിലെ ചരിത്രം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലീസിന് അമിതാധികാരമുണ്ടായിരുന്ന സമയം. അന്ന് അവര്‍ ആരെയും എന്തും ചെയ്യുമായിരുന്നു. അന്ന് കണ്ണൂരില്‍ ഒരു പോലീസുദ്യോഗസ്ഥനുണ്ടായിരുന്നു. പുലിക്കോടന്‍. അദ്ദേഹം പുലിയേപ്പോലെയുള്ള ഒരാളായിരുന്നു. അന്ന് ഹിപ്പി സംസ്‌കാരത്തിന്റെ ഒരു സ്വാധീനമുള്ള സമയമാണ്. മുടിയും താടിയുമൊക്കെ നീട്ടിവളര്‍ത്തി ചെറുപ്പക്കാര്‍ നടന്നിരുന്നു. 

പുലിക്കോടന്‍ ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി നിര്‍ബന്ധമായി മുടിവെട്ടിപ്പിക്കും. അടിയന്തരാവസ്ഥക്കാലത്ത് സമരം നടത്താന്‍ പറ്റില്ല. പക്ഷെ ഇതിനെതിരെ പ്രതികരിക്കേണ്ടെ. ഞാനന്ന് യൂത്തിന്റെ ജില്ലാ സെക്രട്ടറിയാണ്. ഒരുമാര്‍ഗവുമില്ല. അവസാനം ഞാന്‍ കണ്ട മാര്‍ഗം സ്വയം മുടി നീട്ടി വളര്‍ത്തുക എന്നതാണ്. മൂന്നുമാസം മുടി വെട്ടാതിരുന്നു. 

ഒരു ദിവസം കണ്ണൂര്‍ ടൗണില്‍ മുനീശ്വരന്‍ കോവിലിന് സമീപം ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പുലിക്കോടന്‍ അതുവഴി സ്വയം വണ്ടിയോടിച്ച് വരുന്നു. ഒരു പത്തുപതിനഞ്ച് ആളുകള്‍ എന്നേപ്പോലെ ബസ് കാത്തുനില്‍പ്പുണ്ട്. പോലീസ് വണ്ടി കണ്ടപ്പോള്‍ എല്ലാവരും മെല്ലെമെല്ലെ മാറിനിന്നു. ഞാന്‍ മാറിയില്ല. അപ്പോള്‍ ഇദ്ദേഹം വണ്ടി റിവേഴ്‌സ് എടുത്ത് എന്റെ അടുത്തെത്തി. 

എന്നിട്ട് പറഞ്ഞു ഈ മുടി ഞാന്‍ കാണാത്തതല്ല, ഞാന്‍ ഒഴിവാക്കിയതാണ്. അതുകേട്ടപ്പോള്‍ എനിക്ക് തോന്നി, ഇയാളുടെ ഔദാര്യത്തിലല്ലോ ഞാന്‍ മുടി വളര്‍ത്തി നടക്കുന്നത്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഇനി എനിക്കൊരു ആഗ്രഹമേയുളളു, എന്റെ മുടി വെട്ടുന്നത് ഒരു പോലീസുകാരനായിരിക്കണം.  ഇത് കേട്ട് പുലിക്കോടന്‍ എന്നെ രൂക്ഷമായി നോക്കി. ഞാന്‍ വളരെ കൂളായി അവിടെ നിന്നു. 

ഇന്നത്തെപ്പോലെയല്ല ഞാന്‍ ചെറുപ്പമാണെ. എന്നെ രൂക്ഷമായി നോക്കിയിട്ട് അദ്ദേഹം വണ്ടിയെടുത്തോണ്ടുപോയി. അപ്പോള്‍ ആളുകള്‍ എന്റെ അടുത്തേക്ക് വന്നു, നിങ്ങള്‍ രക്ഷപ്പെട്ടല്ലെ എന്നാണവര്‍ ചോദിച്ചത്. ഞാന്‍ പറഞ്ഞു, രക്ഷപ്പെടാനല്ല എന്തുവന്നാലും അനുഭവിക്കാനല്ലെ നമ്മളുള്ളത് അതും പറഞ്ഞ് ഞാനവിടെ നിന്ന് പോയി.

അന്ന് വളര്‍ത്തിയ മുടി ഇന്നുമുണ്ട്. ഓരോ തവണയും അമിതാധികാരമെവിടെയുണ്ടോ അപ്പോഴൊക്കെ എന്റെ മനസ് പറയുന്നത് ഈ മുടിയുടെ ഓര്‍മയാണ്. അമിതാധികാരത്തിനെതിരായി നമുക്ക് എന്നും സമരം ചെയ്യേണ്ടി വരും. അതിനുള്ള കരുതലുകൂടിയാണ് ഈ മുടി.