
കോണ്‍ഗ്രസുമായുള്ള സഹകരണത്തെച്ചൊല്ലി സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ കലഹമുണ്ടാക്കുന്ന നേതാവാണ് പ്രകാശ് കാരാട്ട്. പക്ഷെ പ്രതിപക്ഷ ഐക്യം നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ താന്‍ കോണ്‍ഗ്രസ് വിമര്‍ശകനല്ല. കോണ്‍ഗ്രസിന്റെ അഭ്യൂദയകാംക്ഷിയാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് മാതൃഭൂമി പ്രതിനിധി പി.കെ മണികണ്ഠനുമായി സംസാരിക്കുന്നു.
പ്രതിപക്ഷം സി.എ.എ. പ്രചാരണായുധമാക്കുന്നതോ
പൗരത്വത്തിന് മതം മാനദണ്ഡമാക്കിയതാണ് സി.എ.എ. നിങ്ങള്‍ ഹിന്ദുവാണെങ്കില്‍ പൗരത്വം ലഭിക്കും. മുസ്ലിമാണെങ്കില്‍ കിട്ടില്ല. ഇതൊരു ഭരണഘടനാപ്രശ്‌നമാണ്.
കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമൊക്കെ 'ഇന്ത്യ' മുന്നണിയില്‍ തന്നെയാണല്ലോ. പിന്നെന്തിനു പരസ്പരം മത്സരിക്കുന്നു
കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും പരസ്പരം എതിര്‍ക്കാറുണ്ട്. ചരിത്രപരമായി അങ്ങനെയാണ്. ബി.ജെ.പി.യെ തോല്‍പ്പിക്കുക എന്ന ഒറ്റലക്ഷ്യത്തില്‍ ദേശീയതലത്തില്‍ ഞങ്ങള്‍ സഹകരിക്കുന്നു. ഇന്ത്യ എന്നതൊരു മുന്നണിയല്ല. അതൊരു പൊതുവേദി മാത്രമാണ്. ഇന്ത്യ ബ്ലോക്കെന്നാണ് ഞങ്ങളതിനെ വിളിക്കുന്നത്. തിരഞ്ഞെടുപ്പിനുശേഷം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരുണ്ടാക്കും.
ഇത്തവണ 'ഇന്ത്യ'സര്‍ക്കാര്‍ വരുമോ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ഞങ്ങള്‍. സര്‍ക്കാര്‍ എങ്ങനെ ഉണ്ടാക്കണമെന്ന് തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കാം. ഇത്തവണ വിശാലസഖ്യത്തിന്റെ സര്‍ക്കാര്‍വരും.
ബി.ജെ.പി.യാണ് മുഖ്യശത്രുവെങ്കില്‍ വയനാട്ടിലെന്തിന് രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്നു
രാജ്യത്തെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവാണ് രാഹുല്‍ഗാന്ധി. ബി.ജെ.പി.ക്കെതിരേയാണ് പോരാട്ടം. അപ്പോള്‍, ബി.ജെ.പി. മുഖ്യ എതിരാളിയല്ലാത്ത സംസ്ഥാനത്തെ ഒരു മണ്ഡലത്തില്‍ നിങ്ങളെന്തിനു മത്സരിക്കണമെന്നതാണ് ചോദ്യം. രാഹുലിനു ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെങ്കില്‍ കര്‍ണാടകയില്‍ ആവാമായിരുന്നു.
കടുത്ത കോണ്‍ഗ്രസ് വിമര്‍ശകനായ താങ്കള്‍ക്ക് എന്താണ് ആ പാര്‍ട്ടിക്കു നല്‍കാനുള്ള ഉപദേശം
ഞാനൊരു കോണ്‍ഗ്രസ് വിമര്‍ശകനല്ല. കോണ്‍ഗ്രസിന്റെ ഒരു അഭ്യുദയകാംക്ഷിയാണ്. അവരും ഞങ്ങളും രണ്ടുതരത്തില്‍ കാര്യങ്ങളെ കാണുന്നു. ഒരു പ്രധാനപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവര്‍ ബി.ജെ.പി.യോടു കാര്യക്ഷമമായി പൊരുതിയില്ലെങ്കില്‍ അതു രാജ്യത്തിന് അഭികാമ്യമല്ല.
കരുവന്നൂര്‍, വീണാ വിജയന്‍ കേസുകളൊക്കെ പ്രധാനമന്ത്രിതന്നെ സി.പി.എമ്മിനെതിരേ ആരോപണങ്ങളായി ഉന്നയിച്ചുകഴിഞ്ഞു
പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ സംസ്ഥാനങ്ങളില്‍ പോകുമ്പോഴൊക്കെ പ്രധാനമന്ത്രി അവര്‍ക്കെതിരേ അഴിമതി ആരോപണം നടത്തും. തിരഞ്ഞെടുപ്പ് ബോണ്ടിന്റെ ശില്പിയാണ് മോദി. ഇങ്ങനെ, അഴിമതി നിയമപരമാക്കിയ ഒരു പദ്ധതിക്ക് ആധ്യക്ഷ്യം വഹിച്ചയാളാണ് പ്രധാനമന്ത്രി.
കരുവന്നൂരില്‍ സി.പി.എം. ആത്മപരിശോധന നടത്തേണ്ടതില്ലേ
കരുവന്നൂരില്‍ തട്ടിപ്പ് നടന്നുവെന്നതു വസ്തുതയാണ്. ആ ബാങ്ക് സി.പി.എമ്മുമായി ബന്ധമുള്ളതിനാല്‍ പാര്‍ട്ടി ആത്മപരിശോധന നടത്തണം. സഹകരണമേഖലയില്‍ ഇത്തരം അഴിമതിക്കേസുകള്‍ ഉണ്ടാവാതിരിക്കാന്‍ കേരളസര്‍ക്കാരും സി.പി.എമ്മും ഇതിനകംതന്നെ നടപടിയെടുത്തുവരുന്നു. ഇ.ഡി. വരുംമുമ്പേ അന്വേഷണത്തിനും കുറ്റവാളികള്‍ക്കെതിരേ നിയമനടപടിക്കും സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്തു.
പി.ബി.അംഗത്തിന്റെ മകളാണ് വീണ. അവരുടെ കേസിനെക്കുറിച്ചോ
വീണാ വിജയന്‍ കേസ് പാര്‍ട്ടിയുമായി ബന്ധപ്പെട്ടതല്ല. അതൊരു വ്യക്തിയുടെ കേസാണ്. കേസന്വേഷിക്കുന്ന രീതിയെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്.
Content Highlights: prakash karat interview lok sabha election 2024
Published: 17 Apr 2024, 04:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented