കേരളം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ് തൃശ്ശൂരിലേത്. കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിത്വമാണ് തൃശ്ശൂരിലെ പോരാട്ടം കൂടുതൽ ശ്രദ്ധേയമാക്കിയിരിക്കുന്നത്. പ്രചാരണത്തിന്റെ എരിപൊരി സഞ്ചാരത്തിനിടയിൽ മുരളീധരൻ മാതൃഭൂമി ഡോട്ട്‌ കോമുമായി സംസാരിക്കുന്നു. അഭിമുഖത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ:

To advertise here,

പ്രതിസന്ധിഘട്ടങ്ങളിൽ കോൺഗ്രസ് താങ്കളിലേക്ക് തിരിയുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. 2019-ൽ വടകരയിൽനിന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്മാറിയപ്പോൾ കോൺഗ്രസ് അവിടേക്ക് നിയോഗിച്ചത് വട്ടിയൂർക്കാവ് എം.എൽ.എ. ആയിരുന്ന താങ്കളെയാണ്. രണ്ട് കൊല്ലത്തിനപ്പുറം നേമത്ത് ബി.ജെ.പി. പരാജയപ്പെടണം എന്ന ലക്ഷ്യം ശക്തമായപ്പാഴും കോൺഗ്രസ് താങ്കളിലേക്കാണെത്തിയത്. ഇപ്പോൾ തൃശ്ശൂർ ബി.ജെ.പിയുടെ ഒന്നാം നമ്പർ സീറ്റായി മാറിയിരിക്കെ കോൺഗ്രസ് ഒരിക്കൽകൂടി താങ്കളെ കളത്തിലിറക്കിയിരിക്കുന്നു. കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ അഥവാ സി.എം. ആണോ താങ്കൾ

പാർട്ടി ഏൽപിച്ച കാര്യങ്ങൾ ചെയ്യുക. അത്രയേയുള്ളു. വട്ടിയൂർക്കാവിൽ ജനങ്ങളുമായി അടുത്തിടപഴകി നന്നായി പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് പാർട്ടി വടകരയിലേക്ക് വരണമെന്ന് പറഞ്ഞത്. ആ നിർദ്ദേശം ഏറ്റെടുത്ത് വടകര പാർട്ടിക്കായി നിലനിർത്തി. നേമത്ത് ശക്തമായ മത്സരം വേണമെന്ന് പാർട്ടിക്ക് തോന്നിയപ്പോൾ അങ്ങോട്ട് പോകണമെന്ന് പറഞ്ഞു. അവിടെ വിജയിക്കാനായില്ലെങ്കിലും ബി.ജെ.പിയുടെ തോൽവി ഉറപ്പിക്കാനായി.  ലീഡർ കെ. കരുണാകരന്റെ തട്ടകമാണ് തൃശ്ശൂർ. പദ്മജ പാർട്ടി വിട്ടപ്പോൾ ചില ആശയക്കുഴപ്പങ്ങളുണ്ടായി . ആ സാഹചര്യത്തിലാണ് പ്രതാപന്റെ കൂടി നിർദ്ദേശം കണക്കിലെടുത്ത് പാർട്ടി എന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞത്. അങ്ങിനെ ഇവിടെ എത്തി. ഇപ്പോൾ ഇവിടെയും നല്ല രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നുണ്ട്. സീറ്റ് നിലനിർത്താൻ കഴിയും എന്ന പൂർണ്ണ വിശ്വാസത്തിലാണ് ഞങ്ങൾ മുന്നോട്ടു പോകുന്നത്.

വടകരയിൽനിന്ന് തൃശ്ശൂരിലേക്ക് മാറണം എന്ന സന്ദേശം താങ്കളെങ്ങിനെയാണ് ഉൾക്കൊണ്ടത്? കഴിഞ്ഞ അഞ്ച് കൊല്ലങ്ങളായി താങ്കൾ അത്രയധികം സമയവും ഊർജ്ജവും എം.പി. ഫണ്ടും ആ മണ്ഡലത്തിൽ ചെലവഴിച്ചിട്ടുണ്ട്. വടകരയിൽനിന്ന് തൃശ്ശൂരിലേക്ക് മാറണം എന്ന സന്ദേശം താങ്കളെങ്ങിനെയാണ് സ്വീകരിച്ചത്

ഏത് നിയോജക മണ്ഡലത്തിലായാലും അവിടത്തെ ജനങ്ങൾക്ക് വേണ്ടി കൈമെയ് മറന്ന് പ്രവർത്തിക്കുക എന്നതാണ് എന്റെ രീതി. വടകര പോലൊരു മണ്ഡലം പരിപാലിക്കുക അത്ര എളുപ്പമല്ല. അത്രയും രാഷ്ട്രീയ വേരോട്ടമുള്ള പ്രദേശമാണ്. ശത്രുതാപരമായ സമീപനം പല ഭാഗങ്ങളിൽ നിന്നുമുണ്ടാവും. പക്ഷേ, ഞാൻ കൈക്കൊണ്ട സമീപനം എല്ലാവരുമായും നല്ല വ്യക്തിബന്ധമുണ്ടാക്കി മുന്നോട്ടുപോവുക എന്നതാണ്. ഒരു കാര്യത്തിന് എന്നെ സമീപിച്ചിട്ടുള്ള ഒരാളോടും രാഷ്ട്രീയം നോക്കി ഞാൻ നൊ പറയാറില്ല. അങ്ങിനെ വളരെ അടുത്ത ബന്ധമാണ് എനിക്ക് മണ്ഡലവുമായുള്ളത്. അപ്പോഴാണ് പാർട്ടി എന്നോട് തൃശ്ശൂർക്ക് മാറണമെന്ന് പറഞ്ഞത്.

ആരാണ് താങ്കളെ ഇക്കാര്യം അറിയിച്ചത്

വി.ഡി. സതീശൻ, കെ. സുധാകരൻ, കെ.സി. വേണുഗോപാൽ ഇവരെല്ലാവരും തന്നെ എന്നോട് ഇക്കാര്യം സംസാരിച്ചു.

തീരുമാനമെടുക്കാൻ കുറച്ച് സമയം വേണമെന്ന് താങ്കൾ ആവശ്യപ്പെട്ടോ

എനിക്ക് നല്ല പ്രയാസമുണ്ടായിരുന്നു. കാരണം വടകരയുമായി ഞാൻ ഇതിനകം ഒരാത്മബന്ധം സ്ഥാപിച്ചിരുന്നു.

വടകര ഇക്കുറിയും നിലനിർത്താനാവുമെന്ന് താങ്കൾക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നോ

എനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നു. ഒന്നാം റൗണ്ട് വർക്ക് അതിനകം തന്നെ നടത്തിയിരുന്നു. പലയിടത്തും എന്നോട് ചോദിക്കാതെ പ്രവർത്തകർ ചുമരെഴുത്ത് നടത്തി. ഫ്‌ളക്‌സുകൾ സ്ഥാപിച്ചു. കേന്ദ്ര കമ്മിറ്റി ഓഫീസ് കണ്ടെത്തി. കൺവെൻഷനുള്ള തിയ്യതി നിശ്ചയിച്ചു. ഫെബ്രുവരി 11-ന് ഡൽഹിയിൽനിന്നു തിരിച്ചെത്തിയതിന് ശേഷം ഫലത്തിൽ സ്ഥാനാർത്ഥി തന്നെയായിരുന്നു. രാവിലെ ഏഴു മണിയോടെ ഇറങ്ങിയാൽ അർദ്ധരാത്രിയോടെ മാത്രമേ വീട്ടിൽ തിരിച്ചെത്തിയിരുന്നുള്ളു. അപ്പോഴാണ് കാര്യങ്ങൾ തകിടം മറിഞ്ഞത്. പദ്മജയുടെ പോക്ക് പ്രതീക്ഷിച്ചതല്ല. തൃശ്ശൂരിലേക്ക് വരേണ്ടിവരുമെന്ന് പ്രതീക്ഷിച്ചതല്ല.

തീരുമാനമെടുക്കാൻ കുറച്ച് സമയം വേണ്ടിവന്നോ

കുറച്ചുപേരുമായി ഒന്ന് സംസാരിച്ചു. അവരിൽ പലരും സംശയം പ്രകടിപ്പിച്ചു. പോകേണ്ടതുണ്ടോ എന്ന് ചോദിച്ചു. വടകര സേഫാണല്ലോ എന്ന് പറഞ്ഞു.പക്ഷേ, പാർട്ടി പറഞ്ഞപ്പോൾ കൂടുതലൊന്നും നോക്കിയില്ല. പിന്നെ, തൃശ്ശൂർ അച്ഛന്റെ തട്ടകമാണ്. 96-ൽ അദ്ദേഹവും 98-ൽ ഞാനും തൃശ്ശൂരിൽ തോറ്റ സ്ഥിതിവിശേഷവമുണ്ട്. അതൊന്ന് മാറ്റിയെടുക്കാനുള്ള അവസരവുമാണെന്ന് തോന്നി.

പഴയ തോൽവിയുടെ ചരിത്രം തിരുത്തിക്കുറിക്കാൻ കാലം തന്നെ കൊണ്ടുവന്നു തന്ന അവസരമാണിത് എന്നാണോ പറഞ്ഞുവരുന്നത്

അന്ന് ഞങ്ങൾ രണ്ടുപേരും പരാജയപ്പെട്ടപ്പോൾ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് വഴക്കുകളുടെ കാലമായിരുന്നു. പരസ്പരം കണ്ടാൽ പോലും സംസാരിക്കാതെ പോവുന്നവർ. ഒരു പാർട്ടിക്കുള്ളിൽ മറ്റൊരു പാർട്ടി എന്ന അവസ്ഥയായിരുന്നു. ജനങ്ങൾക്ക് ഇത് വല്ലാതെ മടുക്കുകയും ചെയ്തു. കെ. കരുണാകരൻ തോറ്റത് പക്ഷേ, അദ്ദേഹത്തിന്റെ അശ്രദ്ധകൊണ്ട് കൂടിയായിരുന്നു. ഇല്ലെങ്കിൽ അദ്ദേഹം ഒരിക്കലും തോൽക്കില്ല.

ചെറിയ വ്യത്യാസത്തിലായിരുന്നു കരുണാകരന്റെ പരാജയം

1,200 വോട്ടിന്റെ വ്യത്യാസത്തിൽ. പാർലമെന്റ് തിരഞ്ഞെടുപ്പിൽ അതൊന്നും ഒരു ഭൂരിപക്ഷമാണെന്ന് പറയാനാവില്ല. തൃശ്ശൂർ നിയമസഭ മണ്ഡലത്തിൽ മുവ്വായിരം വോട്ട് കൂടുതൽ കിട്ടിയിരുന്നെങ്കിൽ അന്നദ്ദേഹം ജയിക്കുമായിരുന്നു. അദ്ദേഹം അന്ന് നിയമസഭ സ്ഥാനാർത്ഥികൾക്ക് വേണ്ടിയാണ് വോട്ട് ചോദിച്ചത്. തനിക്കായി വോട്ട് ചോദിക്കുന്നില്ലെന്നും തൃശ്ശൂർ സ്വന്തം കുടുംബമാണെന്നുമൊക്കെയാണ് അദ്ദേഹം പറഞ്ഞത്. തൃശ്ശൂരിൽ വിജയം ഉറപ്പാണെന്ന കാര്യത്തിൽ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നില്ല.  ചെറിയൊരു അനവധാനതയ്ക്കുള്ള വിലയായിരുന്നു അന്നത്തെ പരാജയം. ഇന്ന് സ്ഥാനാർത്ഥിയായി  തൃശ്ശൂരിൽ തിരിച്ചെത്തുമ്പോൾ എല്ലാ വിഭാഗങ്ങളിൽനിന്നും വലിയ സ്വീകരണമാണ് കിട്ടുന്നത്. പാർട്ടിക്കുള്ളിൽ ഒരു തരത്തിലുമുള്ള പടലപ്പിണക്കങ്ങളുമില്ല. ഒറ്റക്കെട്ടായി പ്രവർത്തകർ വിജയത്തിനായി പ്രവർത്തിക്കുന്നു.

ഇതുവരെ 12 തിരഞ്ഞെടുപ്പുകൾ താങ്കൾ നേരിട്ടിട്ടുണ്ട്. അതിൽ വിജയവും പരാജയവും പപ്പാതിയാണ്. ആറിടത്ത് വിജയിച്ചു, ആറിടത്ത് തോറ്റു. അതിൽ 2004-ൽ വടക്കാഞ്ചേരിയിലെ പരാജയം- അതാണോ താങ്കളെ ഏറ്റവുമധികം ഉലച്ച തോൽവി

സത്യത്തിൽ ഞാനതിന് ഉത്തരവാദിയായിരുന്നില്ല. ഹൈക്കമാന്റാണ് അന്നെന്നോട് കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനം രാജിവെച്ച് മന്ത്രിയാവാൻ പറഞ്ഞത്.

മന്ത്രിയാവണമെന്നുള്ള താങ്കളുടെ അദമ്യമായ ആഗ്രഹമായിരുന്നില്ലേ ആ മത്സരത്തിലേക്കെത്തിച്ചത്

ഒരിക്കലുമല്ല. ഹൈക്കമാന്റാണ് അന്നാ തീരുമാനമെടുത്തത്. പക്ഷേ, പിന്നീടാലോചിക്കുമ്പോൾ എനിക്ക് തോന്നുന്നത് അന്ന് കെ.പി.സി.സി. അദ്ധ്യക്ഷസ്ഥാനം ഒഴിയുമ്പോൾ മന്ത്രിയാവുന്നതിന് പകരം ലോക്‌സഭയിലേക്കാണ് ഞാൻ മത്സരിക്കേണ്ടിയിരുന്നതെന്നാണ്. അന്നങ്ങിനെ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റമുണ്ടാവുമായിരുന്നു.

പക്ഷേ, 2004-ൽ യു.ഡി.എഫിന് കേരളത്തിൽ ഒരൊറ്റ സീറ്റേ കിട്ടിയുള്ളു. 18 സീറ്റുകൾ എൽ.ഡി.എഫിനും ഒരു സീറ്റ് എൻ.ഡി.എയ്ക്കുമായിരുന്നു

ശരിയാണ്. അന്ന് പക്ഷേ, ഒരു കാര്യമുണ്ടായത് മറക്കരുത്. സി.പി.എമ്മിന്റെ അന്നത്തെ ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് പറഞ്ഞത് ബംഗാളിലും ത്രിപുരയിലും കേരളത്തിലും സി.പി.എമ്മും കോൺഗ്രസും ഏറ്റുമുട്ടിയാലും ദേശീയ തലത്തിൽ സർക്കാരുണ്ടാക്കാൻ കോൺഗ്രസിനെ സി.പി.എം. സഹായിക്കും എന്നായിരുന്നു.  മാത്രമല്ല കേരളത്തിൽ ജനങ്ങൾക്ക് കോൺഗ്രസിനോട് വലിയ വെറുപ്പുള്ള സമയമായിരുന്നു. അതിന് മുമ്പുള്ള തിരഞ്ഞെടുപ്പിൽ  നൂറു സീറ്റോളം കോൺഗ്രസിന് കൊടുത്തിട്ട് കോൺഗ്രസുകാർ തമ്മിൽതല്ലി ആ അവസരം കളഞ്ഞുകുളിച്ചു എന്ന പരാതി ജനങ്ങൾക്കുണ്ടായിരുന്നു. സുർജിത്തിന്റെ ഈ പ്രസ്താവനയോടെ എന്നാൽ ഇത്തവണ സി.പി.എമ്മിന് ഒരവസരം കൊടുക്കാം എന്ന് ജനങ്ങൾ ചിന്തിച്ചു. എന്നാൽ ഇന്നിപ്പോൾ അതല്ല അവസ്ഥ. പിണറായി വിജയൻ സർക്കാരിന് ബി.ജെ.പിയോടുള്ള മൃദുസമീപനം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിൽ അവരെ പാർലമെന്റിലേക്കയച്ചിട്ട് കാര്യമില്ല എന്ന് ജനങ്ങൾ തീരുമാനമെടുത്തിട്ടുണ്ട്.

ആർ.എസ്.എസുമായുള്ള പോരാട്ടമാണ് താങ്കളെ വ്യത്യസ്തനാക്കുന്ന ഒരു ഘടകം. മതേതരത്വത്തിൽ അടിയുറച്ചു നിന്നുകൊണ്ടുള്ള പ്രവർത്തനം. സംഘപരിവാറിനെതിരെ ഇത്രയും കർശന നിലപാടെടുക്കാൻ താങ്കൾക്ക് പ്രേരണയാവുന്നതെന്താണ്

എന്റെ പിതാവിന്റെ സ്വാധീനം തന്നെയാണ് അതിന് പിന്നിൽ. അദ്ദേഹം അടിയുറച്ച മതവിശ്വാസിയായിരുന്നു. എല്ലാ മാസവും ഒന്നാം തിയ്യതി ഗുരുവായൂരമ്പലത്തിൽ പോകണമെന്ന് നിർബ്ബന്ധമുള്ളയാളായിരുന്നു. അതേസമയം, മറ്റ് മതങ്ങളെ സംരക്ഷിക്കുന്ന കാര്യത്തിലും അദ്ദേഹം അത്യധികം ജാഗ്രതയും നിഷ്‌കർഷതയും പുലർത്തിയിരുന്നു. അതുകൊണ്ടാണ് ആർ,എസ്,എസ്, അന്ന് അദ്ദേഹത്തിനെതിരെ തിരിഞ്ഞത്. ആയിടയ്ക്കുണ്ടായ നിലയ്ക്കൽ സംഭവം ഓർമ്മയില്ലേ? അന്നദ്ദേഹം പറഞ്ഞത് എവിടെയെങ്കിലും ഒരു കുരിശ് കണ്ടതുകൊണ്ട് ശബരിമലയുടെ പ്രാധാന്യം പോകില്ല എന്നാണ്. അന്നാ നിലപാടിന്റെ പേരിലാണ് ആർ,എസ്,എസുകാർ റവറന്റ് ഫാദർ കരുണാകരൻ എന്നൊക്കെ വിളിച്ചത്. ഗുരുവായൂരിൽ അദ്ദേഹത്തെ തടയാൻ ശ്രമമുണ്ടായി. മുഖ്യമന്ത്രിയായിരുന്നതുകൊണ്ടാണ് പോലിസ് സുരക്ഷയിൽ അന്നദ്ദേഹത്തിന് ദർശനം നടത്താനായത്. ഗുരുവായൂരമ്പലത്തിൽവെച്ച് മർദ്ദനമേറ്റാലും തിരിച്ചൊന്നും ചെയ്യില്ലെന്നും ക്ഷേത്രത്തിന്റെ പരിപാവനത നശിപ്പിക്കാനുതകുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം നിലപാടെടുത്തു. അങ്ങിനെ അദ്ദേഹം കാലാകാലങ്ങളിൽ എടുത്ത നിലപാടാണ് മതേതരത്വത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ല എന്ന സന്ദേശം എനിക്ക് പകർന്ന് തന്നത്.

placeholder
കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

അടുത്തകാലത്തുണ്ടായ ചില സംഭവവികാസങ്ങൾ, സി.എ.എ. ഉൾപ്പെടെയുള്ളവയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് നേരിടുന്ന ഒരു വിമർശനം കോൺഗ്രസ് സഞ്ചരിക്കുന്നത് മൃദുഹിന്ദുത്വത്തിന്റെ വഴിയിലൂടെയാണെന്നാണ്. ഇതിനെ എങ്ങിനെ കാണുന്നു

മൃദുഹിന്ദുത്വത്തിന് പ്രസക്തിയില്ല. യഥാർതഥ ഹിന്ദുത്വം എന്താണ്? എല്ലാ വിഭാഗക്കാരെയും അംഗീകരിക്കുന്ന മതമാണ് ഹിന്ദുമതം. രാമായണത്തിൽ ലക്ഷ്മണനോട് സുമിത്ര പറയുന്ന ഒരു വാചകമുണ്ട്. ശ്രീരാമൻ എവിടെയാണോ അവിടെയാണ് അയോദ്ധ്യ എന്ന്. രാമായണത്തിലെ പരമപ്രധാനമായ വാക്യമാണിത്. ശ്രീരാമൻ വനത്തിലാണെങ്കിൽ അവിടം അയോദ്ധ്യയായി കണക്കാക്കണം. ഇവിടെ എന്താണ് ചെയ്തത്? 450 വർഷത്തോളം പഴക്കമുള്ള ഒരു പള്ളി പൊളിച്ച് ക്ഷേത്രം പണിതു. വാസ്തവത്തിൽ ആ പള്ളിയുടെ സമീപത്തുതന്നെ ക്ഷേത്രം നിർമ്മിക്കാമായിരുന്നില്ലേ? രാജീവ്ഗാന്ധി അതാണ് പറഞ്ഞത്. അങ്ങിനെയായിരുന്നെങ്കിൽ എല്ലാ മതവിഭാഗക്കാർക്കും അത് സന്തോഷകരമാവുമായിരുന്നു. പക്ഷേ, അത് നടന്നില്ല. നമ്മൾ ഓർക്കേണ്ട ഒരു കാര്യം ബാബർ ചക്രവർത്തി ഒരിക്കലും ഒരു തീവ്രവാദി ആയിരുന്നില്ല എന്നതാണ്. അദ്ദേഹം മറ്റ് മതങ്ങളെ ബഹുമാനിച്ചിരുന്നു. ഇന്ത്യ ആക്രമിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചത് ഇവിടത്തെ ഹിന്ദുക്കൾ കൂടിയായിരുന്നു. ഈ ചരിത്രം മതവത്കരിക്കാനാണ് ആർ.എസ്.എസ്. ശ്രമിച്ചത്. അതിനെയാണ് ഞങ്ങൾ എതിർക്കുന്നത്. സി.എ.എയെ എതിർക്കുന്നതുപോലെ തന്നെ ശബരിമലയിലെ ആചാരങ്ങളെ ബാധിക്കുന്ന നീക്കത്തെയും ഞങ്ങൾ എതിർത്തിരുന്നു. അന്ന് ആചാര സംരക്ഷണത്തിനായി ഞാൻ പദയാത്ര നടത്തുകയും ചെയ്തു. മണിപ്പൂരിൽ ക്രിസ്ത്യാനികൾ ആക്രമിക്കപ്പെട്ടപ്പോൾ അവിടെ ആദ്യം ഓടിയെത്തിയത് രാഹുൽ ഗാന്ധിയാണ്. മതങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയിൽ ഇടമുണ്ട്. അത് നിലനിർത്തണം. അതിനുവേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഇതിനെയാണ് മാർക്‌സിസ്റ്റ് പാർട്ടി മൃദു ഹിന്ദുത്വം എന്ന് വിളിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു കോളേജിൽ ചെന്നപ്പോൾ അവിടെ  എസ്.എഫ്.ഐക്കാർ എഴുതി വെച്ചിരിക്കുകയാണ് കേരളത്തിൽ മാത്രം മതേതരത്വം കേരളത്തിന് പുറത്ത് മൃദു ഹിന്ദുത്വം എന്ന്. ഞങ്ങൾക്ക് കേരളത്തിന് പുറത്ത് മൃദു ഹിന്ദുത്വമാണെങ്കിൽ ഇവർ ഞങ്ങളുടെ കൂടെ കൂടുന്നത് എന്തിനാണ്?

അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണക്കത്ത് കിട്ടിയിരുന്നോ

ഇല്ല. പാർട്ടിയിൽ സോണിയ ഗാന്ധിക്കും ഖാർഗെയ്ക്കും അധീർ രഞ്ജൻ ചൗധരിക്കും ക്ഷണം കിട്ടി. അവർ അത് വേണ്ടെന്ന് വെയ്ക്കുകയും ചെയ്തു.

ക്ഷേത്രവും ക്ഷേത്രദർശനവും പരാമർശിക്കപ്പെട്ടതുകൊണ്ട് ചോദിക്കുകയാണ്. താങ്കളുടെ പിതാവിന്റെ, കെ. കരുണാകരന്റെ ഗുരുവായൂർ യാത്രകൾ പ്രസിദ്ധമായിരുന്നു. പക്ഷേ, താങ്കളുടെ അത്തരം യാത്രകളെക്കുറിച്ച് അധികം കേട്ടിട്ടില്ല. ദൈവവിശ്വാസം താങ്കൾ വളരെ സ്വകാര്യമായി സൂക്ഷിക്കുന്ന ഒന്നാണോ

അങ്ങിനെയൊന്നുമില്ല. ക്ഷേത്രാചരങ്ങൾ കൃത്യമായി ഞാൻ പാലിക്കാറുണ്ട്. എല്ലാ മാസവും ഞാൻ ഗുരുവായൂരിൽ പോകാറുണ്ട്. പക്ഷേ, ഒന്നാം തിയ്യതി തന്നെ പോകണമെന്ന് നിർബ്ബന്ധമില്ല. പല കാരണങ്ങൾ കൊണ്ടും അത് നടന്നെന്ന് വരില്ല.

തൃശ്ശൂരിൽ താങ്കളുടെ പ്രധാന എതിരാളി ഇടത്പക്ഷമാണോ ബി.ജെ.പി. ആണോ

ഞാൻ ആഗ്രഹിക്കുന്നത് ബി.ജെ.പി. മൂന്നാം സ്ഥാനത്ത് വരണമെന്നാണ്.

അത് താങ്കളുടെ ആഗ്രഹമാണ്. അതാണോ യഥാർത്ഥ അവസ്ഥ

അത് തന്നെയാണ് യാഥാർത്ഥ്യം. ബി.ജെ.പി. കേരളത്തിൽ ഒരിക്കലും ഒരു ശക്തമായ രാഷ്ട്രീയ പാർട്ടി ആവരുത്.

പ്രധാനമന്ത്രി മോദി ഇവിടെ വന്നിട്ട് പറഞ്ഞത് കേരളത്തിൽ ബി.ജെ.പി. പത്ത് സീറ്റ് നേടുമെന്നാണ്

അതൊക്കെ അദ്ദേഹത്തിന്റെ സ്വപ്നം മാത്രമാണ്. ഇടത്ത് വശത്തും പൂജ്യം തന്നെയായിരിക്കും ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കേരളത്തിൽ സംഭവിക്കാൻ പോവുന്നത്. ഒരു സീറ്റ് പോലും കേരളത്തിൽ അവർക്ക് കിട്ടാൻ പോകുന്നില്ല. ഏറ്റവും അവസാനം ഞാൻ കേട്ടത് തിരുവനന്തപുരത്തും അവർ മൂന്നാം സ്ഥാനത്തായിരിക്കുമെന്നാണ്.

സുരേഷ് ഗോപിയിൽ ബി.ജെ.പി. വലിയ പ്രതീക്ഷ വെച്ചു പുലർത്തുന്നുണ്ട്. സുരേഷ് ഗോപി എന്ന സ്ഥാനാർത്ഥിയെ താങ്കൾ എങ്ങിനെയാണ് കാണുന്നത്

ഞാൻ വ്യക്തികളയെല്ല അവർ പ്രതിനിധാനം ചെയ്യുന്ന ആശയത്തെയും പാർട്ടിയെയുമാണ് എതിർക്കുന്നത്. സുരേഷ് ഗോപിയുമായി എനിക്ക് വർഷങ്ങളുടെ ബന്ധമുണ്ട്. ഞാൻ 2011-ൽവട്ടിയൂർക്കാവിൽ മത്സരിച്ചപ്പോൾ അദ്ദേഹം സർവ്വ പിന്തുണയും തന്നിരുന്നു. പക്ഷേ, ഇപ്പോൾ അദ്ദേഹം ബി.ജെ.പിയിലാണ്. ആ പാർട്ടിയുമായി ഒരു തരത്തിലും ഒത്തുപോകാൻ ഞങ്ങൾക്കാവില്ല.

സുരേഷ് ഗോപിക്ക് കെ. കരുണാകരനുമായി വലിയ അടുപ്പമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം കോൺഗ്രസിലേക്ക് വന്നില്ല. എസ്.എഫ്.ഐ. പ്രവർത്തകനായിരുന്നുവെന്നും എം.എ. ബേബിയുടെ ക്ലാസ്സിൽ ഇരുന്നിട്ടുണ്ടെന്നും സുരേഷ് ഗോപി അടുത്തിടെ പറഞ്ഞിരുന്നു. പക്ഷേ, അദ്ദേഹം സി.പി.എമ്മിലേക്കും പോയില്ല. സുരേഷ് ഗോപി പോയത് ബി.ജെ.പിയിലേക്കാണ്. അദ്ദേഹത്തിന്റെ ഈ നടപടി താങ്കൾ എങ്ങിനെയാണ് കണ്ടത്

ഒരോരുത്തർക്കും ഓരോ ഇഷ്ടമല്ലേ! എന്തുകൊണ്ട് ബി.ജെ.പിയിൽ പോയി എന്ന് ഞാൻ അദ്ദേഹത്തോട് ഒരിക്കലും ചോദിച്ചിട്ടില്ല. പാർലമെന്റിൽ ഞങ്ങൾ ഒന്നിച്ചുണ്ടായിരുന്നു- അദ്ദേഹം രാജ്യസഭയിലും ഞാൻ ലോക്‌സഭയിലും. ഇടയ്ക്കിടെ അവിടെവെച്ച് കാണാറുണ്ട്. പക്ഷേ, തമ്മിൽ കാണുമ്പോൾ ഞങ്ങൾ കഴിയുന്നതും രാഷ്ട്രീയം ഒഴിവാക്കാറുണ്ട്.

തൃശ്ശൂരിൽ മുഖ്യ പോരാട്ടം യു.ഡി.എഫും എൽ.ഡി.എഫുമായിട്ടാണെന്നാണ് താങ്കൾ പറയുന്നത്. എന്നാൽ കേരളത്തിലെ പല മണ്ഡലങ്ങളിലും തങ്ങളുടെ മുഖ്യ എതിരാളികൾ ബി.ജെ.പിയാണെന്നാണ് എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ പറയുന്നത്. താങ്കളുടെ പ്രതികരണം

ഇതിനെയാണ് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തർധാര എന്ന് പറയുന്നത്.

പക്ഷേ, ജയരാജന്റെ പ്രസ്താവന മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തള്ളിക്കളഞ്ഞിട്ടുണ്ട്

അങ്ങിനെ തിരുത്താൻ അവർ നിർബ്ബന്ധിതരായതാണ്.  പിണറായിയുടെ അനുവാദമില്ലാതെ ഇ.പി. ഇത്തരം പ്രസ്താവനയൊന്നും പുറപ്പെടുവിക്കില്ല. പക്ഷേ, പൊതുജനങ്ങളിൽനിന്ന് കടുത്ത എതിർപ്പുയർന്നപ്പോൾ അവർ അത് തിരുത്തി. ഒരു കാര്യം നമ്മൾ ശ്രദ്ധിക്കേണ്ടതായുണ്ട്. രാഹുൽ ഗാന്ധിയോട് നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്ന പിണറായി വിജയൻ എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദിയോട് ഒരു ചോദ്യം പോലും ചോദിക്കാത്തത്. അപ്പോൾ അദ്ദേഹത്തിന്റെ മകളുടെ കേസ് അദ്ദേഹത്തെ ഭയപ്പെടുത്തുന്നു. അങ്ങിനെ ഭയപ്പെടുത്തി കാര്യങ്ങൾ സാധിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.

ഇലക്ടറൽ ബോണ്ടുകളുടെ കാര്യത്തിൽ കൃത്യമായൊരു നിലപാട് എടുത്ത പാർട്ടിയാണ് സി.പി.എം. ഇലക്ടറൽ ബോണ്ടുകൾ സുതാര്യമല്ലെന്നും തങ്ങൾ സ്വീകരിക്കില്ലെന്നും സി.പി.എം. നിലപാട് എടുത്തു. അതിനെതിരെ അവർ കോടതിയിൽ പോവുകയും ചെയ്തു. ഈ നിലപാട് എങ്ങിനെ കാണുന്നു

ഈ ബോണ്ടുകൾ ഏറ്റവുമധികം വാങ്ങിയ സാന്റിയാഗൊ മാർട്ടിന്റെ കയ്യിൽനിന്ന് ആദ്യം പണം വാങ്ങിയത് ആരാണ്? സി.പി.എം. അല്ലേ? ബോണ്ട് വേണ്ട പണം നേരിട്ട് തന്നാൽ മതി എന്നാണവർ പറയുന്നത്. അതാണവരുടെ നിലപാട്. എങ്ങിനെയാണ് കോടിക്കണക്കിന് രൂപ സി.പി.എം. ഉണ്ടാക്കിയത്?

യു.ഡി.എഫും എൽ.ഡി.എഫും  വനിതകളെയും മുസ്‌ലിങ്ങളെയും അവഗണിക്കുകയാണെന്ന വിമർശം ശക്തമാണ്. കേരളത്തിൽ 26 ശതമാനം മാത്രമുള്ള മുസ്‌ലിങ്ങൾക്ക് നിലവിൽ ലോക്സഭയിൽ 15 ശതമാനം മാത്രമേ പ്രാതിനിധ്യമുള്ളു. 50 ശതമാനത്തിലേറെയുള്ള വനിതകൾക്കാണെങ്കിൽ അഞ്ച് ശതമാനവും. ഈ അനിതിയെ എങ്ങിനെ കാണുന്നു

മുസ്‌ലിം വിഭാഗത്തിൽനിന്ന് ഏറ്റവും പ്രഗത്ഭനായ വ്യക്തിയെയാണ് ഞങ്ങൾ വടകരയിൽ നിർത്തിയിരിക്കുന്നത്. മലപ്പുറത്തും പൊന്നാനിയിലും ഞങ്ങളുടെ സഖ്യകക്ഷിയായ മുസ്‌ലിം ലീഗും പ്രഗത്ഭരായ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. മറ്റൊരു കാര്യം മനസ്സിലാക്കേണ്ടത് ഞങ്ങൾക്ക് സിറ്റിങ് എം.പിമാർ ഏറ്റവും കൂടുതലുള്ള സമയമാണ്. ഇപ്പോൾ പ്രതാപൻ മാറിയതുകൊണ്ടാണ് വടകരയിൽ ഒരു മുസ്ലിം സമുദായത്തിനെ ഉൾക്കൊള്ളിക്കാനായത്. മുസ്ലിം, ഈഴവ സമുദായങ്ങൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുക തന്നെ വേണം. കണ്ണൂരിൽ സുധാകരൻ മത്സരിക്കുന്നില്ലെങ്കിൽ അവിടെ ഈഴവ സമുദായത്തിന് തന്നെ പ്രാതിനിധ്യം കൊടുക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. നിലവിൽ മുസ്ലിങ്ങൾക്കും വനിതകൾക്കും പ്രാതിനിധ്യം കുറവാണെന്നത് ശരിയാണ്. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഈ കുറവ് പരിഹരിക്കാനാവും എന്നാണ് ഞാൻ കരുതുന്നത്.

നമ്മൾ തൃശ്ശൂരിലേക്ക് ഒന്നു കൂടി തിരിച്ചുവരികയാണ്. തൃശ്ശൂർ ലോക്സഭ മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിന്റെ കയ്യിലാണ്. ഏഴിടത്തും 2021-ൽ ഇടതുപക്ഷമാണ് ജയിച്ചത്. ഈ സാഹചര്യത്തിൽ എന്തടിസ്ഥാനത്തിലാണ് താങ്കൾ വിജയം ഉറപ്പിക്കുന്നത്

ഞാൻ 2019-ൽ വടകരയിൽ ചെല്ലുമ്പോൾ അവിടെ ഒരൊറ്റ നിയമസഭ മണ്ഡലമേ യു.ഡി.എഫിന്റെ കൂടെയുണ്ടായിരുന്നുള്ളു. പാറക്കൽ അബ്ദുള്ള ജയിച്ച കുറ്റ്യാടി. 2014-ൽ മുല്ലപ്പള്ളി വടകരയിൽ ജയിക്കുമ്പോൾ ജെ.ഡി.യു. ഒപ്പമുണ്ടായിരുന്നു. മുവ്വായിരത്തോളം വോട്ടിനാണ് മുല്ലപ്പള്ളി അന്ന് ജയിച്ചത്. ഞാൻ എത്തുമ്പോഴേക്കും അവർ യു.ഡി.എഫ്. വിട്ട് എൽ.ഡി.എഫിലേക്ക് പോയിരുന്നു. ഇപ്പോൾ അവർ ആർ.ജെ.ഡിയിൽ ലയിച്ചു. കണക്കനുസരിച്ച് അവർക്ക് വടകരയിൽ കുറെ വോട്ടുകളുണ്ട്. വയനാട്ടിലേക്കാൾ കൂടുതൽ വോട്ട് അവർക്ക് വടകരയിലുണ്ടെന്നാണ് അറിവ്. എന്നിട്ടും 84,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഞാൻ അവിടെ ജയിച്ചു. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ ആറിടത്തും എനിക്ക് ഭൂരിപക്ഷമുണ്ടായിരുന്നു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാറ്റമുണ്ടായിട്ടുണ്ട്. അതിൽ കോവിഡ് ഒരു നിർണ്ണായക ഘടകമായിരുന്നു. പിന്നെ നിയമസഭ തിരഞ്ഞെടുപ്പും ലോക്സഭ തിരഞ്ഞെടുപ്പും രണ്ടും രണ്ടാണ്.

പക്ഷേ, 2019-ൽ മൂന്ന് ഘടകങ്ങൾ യു.ഡി.എഫിന് തുണയായി. ഒരു മോദി വിരുദ്ധ തരംഗം അന്ന് കേരളത്തിലുണ്ടായിരുന്നു. രാഹുൽ ഗാന്ധിയുടെ വരവാണ് രണ്ടാമത്തേത്. ശബരിമല വിവാദവും യു.ഡി.എഫിന് രാഷ്ട്രീയമായി നേട്ടമുണ്ടാക്കി. ഈ മൂന്ന് ഘടകങ്ങളും ഇപ്പോഴുമുണ്ടെന്ന് പറയാനാവുമോ

രാഹുൽ ഗാന്ധിയുടെ ഇംപാക്റ്റ് ഇപ്പോഴുമുണ്ട്. രാഹുൽ ഗാന്ധിയെ കേരളത്തിലെ ജനങ്ങൾക്ക് വലിയ ഇഷ്ടമാണ്. മോദിയോട് ഫൈറ്റ് ചെയ്ത് സ്ഥാനം നഷ്ടപ്പെട്ട ആളാണ് രാഹുൽ ഗാന്ധി. മണിപ്പൂരിൽ കലാപമുണ്ടായപ്പോൾ ധൈര്യസമേതം കടന്നുചെന്നത് രാഹുൽ ഗാന്ധിയാണ്. നാലായിരം കിലോമീറ്റർ പദയാത്ര നടത്തിയത് രാഹുൽ ഗാന്ധിയാണ്. ശബരിമല ഇപ്പോഴും പ്രസക്തമാണ്. ഇക്കഴിഞ്ഞ തവണ ആചാരങ്ങൾ ലംഘിക്കപ്പെട്ടില്ല എന്നത് ശരിയാണ്. പക്ഷേ, ഭക്തർക്ക് എന്തുമാത്രം കഷ്ടപ്പാടാണ് നേരിടേണ്ടി വന്നത്. പലർക്കും ദർശനം നടത്താൻ പോലുമായില്ല. മണിക്കൂറുകൾ ക്യൂ നിന്ന ശേഷം മാല ഊരി സമിപത്തെ ക്ഷേത്രങ്ങളിൽ സമർപ്പിച്ച് തിരിച്ചുപോകേണ്ടി വന്നവരുണ്ട്. മോദി വിരുദ്ധ തരംഗവും ഇപ്പോൾ ണവിടെയുണ്ട്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ വലിയ വികാരം കേരളത്തിലുണ്ട്. അടുത്തിടെ നടത്തിയ സർവ്വെകളിൽ കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവായി ഉയർന്നുവന്നത് രാഹുൽ ഗാന്ധിയാണ്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജനപ്രീതിയും ഇടിഞ്ഞിട്ടില്ലെന്നാണ് സർവ്വെകൾ കാണിക്കുന്നത്

അതിന് കാരണമുണ്ട്. കേരളത്തിലെ ഭരണത്തെക്കുറിച്ചല്ല, കേന്ദ്രത്തിലെ ഭരണത്തെക്കുറിച്ചാണ് സർവ്വെ. അതിൽ പിണറായിയെക്കുറിച്ച് ചോദിച്ചപ്പോൾ കൊള്ളാം എന്ന് ജനങ്ങൾ പറഞ്ഞുവെന്നല്ലാതെ അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല.

2021-ൽ താങ്കൾ നേമത്തേക്ക് പോയപ്പോൾ അവിടെ ശക്തമായ മത്സരമുണ്ടാവുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, അന്ന് താങ്കളുടെയും കോൺഗ്രസിന്റെയും പ്രധാന ലക്ഷ്യം ബി.ജെ.പിയുടെ പരാജയമായിരുന്നു എന്ന് പറഞ്ഞാൽ ശരിയാണോ

ബി.ജെ.പിയോട് സോഫ്റ്റ് കോർണർ ഉണ്ടായതിന്റെ ഫലമായാണ് നേമത്ത് 2016-ൽ ബി.ജെ.പി. ജയിച്ചതെന്ന പ്രചാരണം മൊത്തത്തിൽ ഉണ്ടായിരുന്നു.

അതായത് 2016-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി സുരേന്ദ്രൻപിള്ള രംഗപ്രവേശം ചെയ്തത് തിരിച്ചടിച്ചു എന്നാണോ താങ്കൾ പറഞ്ഞുവരുന്നത്

2011-ൽ നേമത്ത് കോൺഗ്രസ് മത്സരിച്ചിരുന്നെങ്കിൽ അവിടെ ബി.ജെ.പി. ഇത്രകണ്ട് വളരുമായിരുന്നില്ല.  വട്ടിയൂർക്കാവിലും ബി.ജെ.പിക്ക് വളർച്ചയുണ്ടായിട്ടുണ്ട്. 2011-ൽ പതിമുവ്വായിരത്തോളം വോട്ടുകിട്ടിയ ബി.ജെ.പിക്ക് പിന്നീട് അവിടെ 43,000 വോട്ടുകൾ നേടാനായി. പക്ഷേ, എന്തുകൊണ്ട് അവർ ജയിച്ചില്ല? എന്തുകൊണ്ട് കോൺഗ്രസ് തോറ്റില്ല? അവിടെ കോൺഗ്രസിന്റെ എം.എൽ.എയുണ്ടായിരുന്നതുകൊണ്ടും ആ എം.എൽ.എയ്ക്ക് ജനങ്ങളുമായി ബന്ധമുണ്ടായിരുന്നതുകൊണ്ടും ഉമ്മൻചാണ്ടി സർക്കാർ അവിടെ നിരവധി വികസന പ്രവർത്തനങ്ങൾ നടത്തിയതുകൊണ്ടുമാണ് അവിടെ കോൺഗ്രസ് തോൽക്കാതിരുന്നത്. നേമത്തുണ്ടായത് മറ്റൊന്നാണ്. 2010-ലെ കോർപറേഷൻ തിരഞ്ഞെടുപ്പിൽ 12 സീറ്റ് വീതം വട്ടിയൂർക്കാവിലും നേമത്തും യു.ഡി.എഫ്. ജയിച്ചതാണ്. നേരേമറിച്ച് നിയമസഭ തിരഞ്ഞെടുപ്പായപ്പോഴേക്കും ആകെ തളർന്നുപോയി. ദളിന് ചിഹ്നം കിട്ടാൻ തന്നെ താമസിച്ചു. യു.ഡി.എഫ്. സ്ഥാനാർത്ഥി സുരേന്ദ്രൻപിള്ള തലേ ദിവസം വരെ യു.ഡി.എഫിനെ വിമർശിച്ച ആളാണ്. അദ്ദേഹം കേരള കോൺഗ്രസിലായിരുന്നു. കേരള കോൺഗ്രസിൽ സീറ്റ് കിട്ടാതെ വന്നപ്പോഴാണ് അദ്ദേഹം യു.ഡി.എഫിലേക്ക് വന്നത്. അത് ജനങ്ങൾക്കൊട്ടും തന്നെ ഇഷ്ടമായില്ല. അങ്ങിനെയാണ് യു.ഡി.എഫ്. അവിടെ തോറ്റത്. നേമത്ത് തളർന്നുകിടന്നിരുന്ന കോൺഗ്രസിനെ ഒന്നുയർത്തെഴുന്നേൽപിക്കുക എന്ന ലക്ഷ്യം കൂടി എന്റെ സ്ഥാനാർത്ഥിത്വത്തിന് ഉണ്ടായിരുന്നു. അത് സാധിക്കുകയും ചെയ്തു.

നേമത്ത് താങ്കൾ പരാജയപ്പെട്ടെങ്കെിലും രാഷ്ട്രീയമായി താങ്കളുടെ ഗ്രാഫ് മുകളിലേക്കാണ് പോയത്

അതായത് ബി.ജെ.പിയുമായി കോൺഗ്രസിന് ഒരുതരത്തിലുള്ള അന്തർധാരയുമില്ല എന്ന് തെളിയിക്കാൻ കഴിഞ്ഞു.

എന്നിട്ടുമെന്നിട്ടും, അതായത് ആർ.എസ്.എസിനെതിരെ ഇത്രയും കൃത്യമായ നിലപാടെടുത്തിട്ടും, നേമത്ത് അവരുടെ കയ്യിലുണ്ടായിരുന്ന സീറ്റ് നഷ്ടപ്പെടുന്നതിന് മുഖ്യകാരണമായിട്ടും എന്തുകൊണ്ടാണ് താങ്കൾ ബി.ജെ.പിയിലേക്ക് പോകും എന്ന പ്രചാരണമുണ്ടാവുന്നത്

അത് ബോധപൂർവ്വം ചിലർ പ്രചരിപ്പിക്കുന്നതാണ്. ചങ്ക് തുറന്നു കാണിച്ചാലും ചെമ്പരത്തിപ്പൂവാണെന്ന് പറയുന്നവരില്ലേ? അവർ പറയുന്നതൊന്നും ഞാൻ മൈൻഡ് ചെയ്യാറില്ല. 474 കിലോമീറ്ററോളം ഞാൻ രാഹുൽ ഗാന്ധിക്കൊപ്പം പദയാത്ര നടത്തിയത് ബി.ജെ.പിയിൽ ചേരാനാണോ? ബി.ജെ.പിയിലേക്ക് പോയിട്ട് എന്ത് കിട്ടാനാണ്?

താങ്കളെപ്പോലെ ജനകീയനായ ഒരു നേതാവ് ബി.ജെ.പിക്ക് കേരളത്തിൽ ഇല്ല. അഖില കേരളത്തിലും തിളക്കമാർന്ന പ്രതിച്ഛായ ഉള്ള ഒരു നേതാവ് ഇല്ലെന്നതാണ് ബി.ജെ.പി. നേരിടുന്ന വലിയൊരു പ്രതിസന്ധി. എപ്പോഴെങ്കിലും ആർ.എസ്.എസിൽനിന്നോ ബി.ജെ.പിയിൽനിന്നോ താങ്കൾക്ക് എന്തെങ്കിലും ഓഫർ വന്നിട്ടുണ്ടോ

ഒരാളും എന്നെ സമീപിച്ചിട്ടില്ല. അങ്ങിനെ സമീപിക്കാൻ ആർക്കും ധൈര്യമുണ്ടാവില്ല. ഇടയ്ക്ക് എനിക്ക് കോൺഗ്രസ് വിട്ടുപോകേണ്ടിവന്നിട്ടുണ്ട്. അന്ന് ഡി.ഐ.സിയിലും എൻ.സി.പിയിലുമായി നിൽക്കുമ്പോൾ പോലും ഞാൻ വർഗ്ഗീയ പാർട്ടിയുമായി ഒത്തുതീർപ്പുണ്ടാക്കിയിട്ടില്ല. മാപ്പെഴുതിക്കൊടുത്ത് കോൺഗ്രസിലേക്ക് തിരിച്ചുവരികയാണ് ഞാൻ ചെയ്തത്. ആർ.എസ്.എസുമായി ഒരുതരത്തിലുള്ള അനുരഞ്ജനത്തിനും ഞാൻ തയ്യാറല്ല.

കേരളത്തിൽ ബി.ജെ.പിക്കാകെയുണ്ടായിരുന്ന നേമം സീറ്റ് നഷ്ടപ്പെടുന്നതിന് മുഖ്യ കാരണം താങ്കളാണ് എന്നതുകൊണ്ട് താങ്കൾ ഇന്നിപ്പോൾ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും നോട്ടപ്പുള്ളിയാണ് എന്ന് പറയാമോ

ശരിയാണ്. അതുകൊണ്ടാണ് വടകരയിൽ വോട്ട് മറിക്കാൻ ബി.ജെ.പി. തയ്യാറെടുത്തത്. അതിനുവേണ്ടിയാണ് അവർ ഇത്തവണ പ്രഫുൽ കൃഷ്ണയെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത്. പക്ഷേ, ബി.ജെ.പി. വോട്ടുമറിച്ചാലും വടകരയിൽ ഞാൻ ജയിക്കുമായിരുന്നു. കാരണം അത്രമേൽ അടുത്ത ബന്ധം എനിക്ക് വടകരക്കാരുമായുണ്ട്. പക്ഷേ, അപ്പോഴാണ് പാർട്ടി എന്നോട് തൃശ്ശൂർക്ക് വരാൻ പറഞ്ഞത്.

വടകരയിൽ ബി.ജെ.പി. താങ്കൾക്കെതിരെ വോട്ട് മറിക്കും എന്നൊരു ഭയം താങ്കൾക്കുണ്ടായിരുന്നു

ഭയമല്ല. വോട്ട് മറിക്കും എന്ന് നൂറുശതമാനം ഉറപ്പായിരുന്നു. മറിച്ചാലും അതിനെ മറികടക്കാനാവുമെന്നും ഉറപ്പായിരുന്നു.

ഇവിടെ തൃശ്ശൂരിൽ ബി.ജെ.പി. സ്ഥാനാർത്ഥി പ്രബലനായതുകൊണ്ട് അങ്ങിനെയൊരാശങ്ക താങ്കൾക്കുണ്ടാവില്ല

ബി.ജെ.പി. സി.പി.എമ്മിന് വോട്ട് മറിക്കുമോ അതോ സി.പി.എം. ബി.ജെ.പിക്ക് വോട്ട് മറിക്കുമോ എന്ന് ഇപ്പോൾ പറയാറായിട്ടില്ല. പക്ഷേ, എന്തൊക്കെ സംഭവിച്ചാലും എന്റെ ജയം ഉറപ്പാണ്.

സുരേഷ് ഗോപി പങ്ക്വെയ്ക്കുന്ന വലിയൊരാത്മവിശ്വാസം തൃശ്ശൂരിൽ ക്രിസ്ത്യൻ സഭകളുടെ പരോക്ഷ പിന്തുണ അദ്ദേഹത്തിനുണ്ടെന്നാണ്. പ്രത്യക്ഷത്തിൽ ബി.ജെ.പി. വിരുദ്ധ സമീപനമാണ് സഭകൾ എടുത്തിട്ടുള്ളതെങ്കിലും വലിയൊരു ശതമാനം ക്രിസ്ത്യൻ വോട്ടുകൾ  കിട്ടുമെന്നാണ് സുരേഷ് ഗോപിയും ബി.ജെ.പിയും കണക്ക് കൂട്ടുന്നത്. താങ്കൾ ഇതിനെ എങ്ങിനെയാണ് കാണുന്നത്

ഒരിക്കലുമുണ്ടാവില്ല. ഒരിക്കലും അങ്ങിനെ സംഭവിക്കില്ല. ക്രിസ്ത്യൻ- മുസ്ലിം വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെടും. ഹിന്ദുമത വിശ്വാസികളിലെ ഭൂരിപക്ഷം പേരും ഞങ്ങൾക്കനുകൂലമാണ്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം തൃശ്ശൂരിൽ ഇത്തവണ ഒരാശങ്കയുമില്ല.

താങ്കൾ ഇതുവരെ 12 തിരഞ്ഞെടുപ്പുകൾ നേരിട്ടു. അതിൽ ആറ് തിരഞ്ഞെടുപ്പുകളിൽ താങ്കൾ വിജയിച്ചു. ഏറ്റവും അവസാനം നേമത്ത് പരാജയമായിരുന്നു. നേമത്തെ പരാജയം രാഷ്ട്രീയമായി താങ്കളുടെ പ്രഭ വർദ്ധിക്കുന്നതിനിടയാക്കി എന്ന് പറയുമ്പോഴും തോൽവി തോൽവി തന്നെയാണ്.  അതുകൊണ്ട് തന്നെ തൃശ്ശൂരിൽ വിജയം താങ്കൾക്ക് ഒഴിച്ചുകൂടാനാവില്ല. ഇവിടെ വിജയിക്കുന്നില്ലെങ്കിൽ അത് താങ്കളുടെ രാഷ്ട്രീയ ജീവിതത്തെ പ്രതികൂലമായി ബാധിക്കില്ലേ

ഞാൻ അതിനെയൊന്നും ഭയപ്പെടുന്നയാളല്ല. നാളെ രാഷ്ട്രീയം നിർത്തി വീട്ടിലിരിക്കേണ്ടി വന്നാലും ഞാൻ ഇതിലൊന്നും പേടിക്കില്ല. വർഗ്ഗീയ കക്ഷികളുമായി കോംപ്രമൈസ് ചെയ്തിട്ട് എനിക്കൊരു വിജയം വേണ്ട.

ബി.ജെ.പിക്ക് കേരളത്തിൽ വേരോട്ടം വർദ്ധിക്കണമെങ്കിൽ ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങളിൽനിന്നും അവർക്ക് പിന്തുണ കിട്ടേണ്ടതായുണ്ട്. നിലവിൽ ക്രിസ്ത്യൻ സമുദായവുമായി കൂടുതൽ അടുക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. അതിപ്പോൾ പ്രധാനമന്ത്രി മോദി ആയാലും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയാലും ക്രിസ്ത്യൻ സഭകളുമായി അടുക്കാൻ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. ബി.ജെ.പിയുടെ  ഈ നീക്കം കോൺഗ്രസ് എങ്ങിനെയാണ് നേരിടുന്നത്

ഞാൻ അടുത്തിടെ പല ക്രിസ്ത്യൻ സ്ഥാപനങ്ങളും സന്ദർശിച്ചപ്പോൾ അവർ പറഞ്ഞത് നിങ്ങൾ ജയിക്കണം ഒരു മതേതര സർക്കാർ നിലവിൽ വരണം എന്നാണ്. മണിപ്പൂർ ഇനി ഒരിക്കലും ആവർത്തിക്കരുത് എന്നാണവർ പറഞ്ഞത്. മണിപ്പൂരിലെ കലാപം ക്രിസ്ത്യൻ സമൂഹത്തെ ശരിക്കും മുറിവേൽപിച്ചിട്ടുണ്ട്. എന്തൊക്കെ പുറമെ കാണിച്ചാലും ശരി ക്രിസ്ത്യൻ സമൂഹത്തിൽ ബി.ജെ.പിക്കെതിരെ ശക്തമായ വികാരമുണ്ട്. അവിടെയാണ് ബി.ജെ.പിയുടെ സ്വപ്നം കരിയാൻ പോകുന്നത്. അതുകൊണ്ടാണ് ഞാൻ പറയുന്നത് ബി.ജെ.പിയുടെ പരിപ്പ് കേരളത്തിൽ വേവില്ല.

താങ്കൾ ജീവിതത്തിൽ ഏറ്റവുമധികം ഖേദിക്കുന്ന സംഭവം ഏതാണ്? പാർട്ടി വിട്ടുപോകേണ്ടി വന്നതാണോ

പാർട്ടി വിട്ടുപോകേണ്ടിയിരുന്നില്ല എന്ന് തന്നെയാണ് ഞാൻ  കരുതുന്നത്. അതിൽ തീർച്ചയായും വലിയ ദുഃഖമുണ്ട്. പക്ഷേ, കൈവിട്ടുപോയ കാര്യങ്ങൾ ഇനിയിപ്പോൾ ആലോചിച്ചിട്ട് കാര്യമില്ല.

അപ്പോൾ പിന്നിലേക്ക് നോക്കി നടക്കാനല്ല, മുന്നിലേക്ക് നോക്കി നടക്കാനാണ് താങ്കൾ ഇഷ്ടപ്പെടുന്നത്

അതെ! പിന്നിലേക്ക് നോക്കി നടന്ന് സമയം കളയാനില്ല.

ഒരു പ്രതിസന്ധി വരുമ്പോൾ , ഉദാഹരണത്തിന് 2000-ലെയും രണ്ട് വർഷം മുമ്പ് നേമത്തെയും തോൽവികൾ- ഇങ്ങനെയുള്ള ഘട്ടങ്ങളിൽ ആശ്വാസവും സാന്ത്വനവും തേടി താങ്കൾ  എങ്ങോട്ടാണ് തിരിയുക

ഞാൻ ദൈവവിശ്വാസിയാണ്. എന്നോട് എന്റെ ഭാര്യ എപ്പോഴും പറയും മനുഷ്യന് ഏറ്റവുമാവശ്യം ആരോഗ്യവും ദീർഘായുസ്സുമാണ്. കുടുംബത്തിൽ ദുഃഖങ്ങളുണ്ടാവരുത്. അതിനുവേണ്ടിയാണ് പ്രാർത്ഥിക്കേണ്ടത് എന്ന് പറയാറുണ്ട്. ഈ രണ്ട് കാര്യങ്ങളുമാണ് എനിക്ക് കരുത്ത് പകരുന്നത്.

താങ്കൾക്ക് പലപ്പോഴും വിനയാവുന്നത് താങ്കളുടെ നാവാണെന്ന് പറയാറുണ്ട്. നാവിൽ ഗുളികനുള്ള ആളാണ് താങ്കൾ എന്നൊരു നിരീക്ഷണമുണ്ട്. മുഖം നോക്കാതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ആളാണ് താങ്കൾ. ഈ സ്വഭാവം താങ്കൾ സ്വയം വിലയിരുത്തിയിട്ടുണ്ടോ

അതിൽ ഒരു തെറ്റും എനിക്ക് തോന്നിയിട്ടില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന ആളാണ് ഞാൻ. അത് ഭാവിയിലുമുണ്ടാവും. അത് നിർത്തിയാൽ പിന്നെ കെ. മുരളീധരനില്ല. മനസ്സിലുള്ളത് ഞാൻ തുറന്ന് പറയും. ഇല്ലെങ്കിൽ അത് കാപട്യമാണ്.

കഴിഞ്ഞ തവണ യു.ഡി.എഫ്. കേരളത്തിൽ 19 സീറ്റുകൾ നേടി. ആ റെക്കോഡ് ഇക്കുറി നിലനിർത്താനാവുമോ? ഇടതുമുന്നണി പറയുന്നത് അവർ വലിയ നേട്ടമുണ്ടാക്കുമെന്നാണ്

അവർ നേട്ടമുണ്ടാക്കാൻ പോകുന്നില്ല. ഞങ്ങളുടെ ലക്ഷ്യം ഇരുപതിൽ ഇരുപതാണ്. ബാക്കി കാര്യങ്ങൾ തീരുമാനിക്കേണ്ടത് ജനങ്ങളാണ്.