
താരപ്രഭയില്‍ തിളങ്ങിനില്‍ക്കുന്ന ഒരു ലോക്‌സഭാ പോരാട്ടത്തിനാണ് കൊല്ലം മണ്ഡലം ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. രണ്ട് സ്ഥാനാര്‍ഥികള്‍ സിനിമാ താരങ്ങളും മറ്റൊരാള്‍ പാര്‍ലമെന്റിലെ താരവുമാണ്. സിറ്റിങ് എം.പിയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍ പാര്‍ലമെന്റിലെ പ്രകടനങ്ങളിലൂടെ ഇന്ത്യയൊട്ടാകെ താരമായ ആളാണ്. അടുത്തയാള്‍ സിറ്റിങ് എം.എല്‍.എയും നടനുമായ സി.പി.എം. സ്ഥാനാര്‍ഥി എം. മുകേഷ്. പാര്‍ട്ടിക്കപ്പുറം ജനകീയരാണ് പ്രേമചന്ദ്രനും മുകേഷും. ഇവര്‍ക്കെതിരെ ആര്? എന്ന കൊല്ലംകാരുടെ ചോദ്യത്തിന് ബി.ജെ.പി. നല്‍കിയ മറുപടിയാണ് കൃഷ്ണകുമാര്‍. 2021-ല്‍ ബി.ജെ.പിയില്‍ ഔദ്യോഗികമായി അംഗത്വമെടുത്ത വര്‍ഷം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ എ-ക്ലാസ് മണ്ഡലമായ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയായിരുന്നു കൃഷ്ണകുമാര്‍. വെറുപ്പിന്റെയും ധാര്‍ഷ്ട്യത്തിന്റെയും രാഷ്ട്രീയമല്ല, മറിച്ച് വികസനത്തിന്റെ രാഷ്ട്രീയമാണ് തനിക്ക് മുന്നോട്ടുവയ്ക്കാനുള്ളതെന്ന് പറയുന്നു കൃഷ്ണകുമാര്‍.
കൊല്ലം കണ്ടവനില്ലം വേണ്ട എന്നാണ് ചൊല്ല്.. കൊല്ലംകാരനാകുമോ എന്നറിയില്ലെങ്കിലും തിരഞ്ഞെടുക്കപ്പെട്ടാല്‍, കൊല്ലംകാരായ സിറ്റിങ് എം.പിയെക്കാളും സിറ്റിങ് എം.എല്‍.എയെക്കാളും നന്നായി കൊല്ലത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്. കൊല്ലം എടുക്കാനില്ല, പകരം കൊല്ലം തനിക്ക് തരണം എന്ന അഭ്യര്‍ഥനയുമായാണ് കൃഷ്ണകുമാറിന്റെ പ്രചാരണം. കൊല്ലത്ത് പോരാട്ടം തിളയ്ക്കുമ്പോള്‍, തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവയ്ക്കുകയാണ് കൃഷ്ണകുമാര്‍...
2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് കേരളത്തില്‍ ഏറെ നിര്‍ണായകമാണ്. പല മണ്ഡലങ്ങളിലും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നുണ്ട് പാര്‍ട്ടി. അത്തരമൊരു മണ്ഡലമാണ് കൊല്ലം. അവിടെ സ്ഥാര്‍ഥിയായതിനെ എങ്ങിനെ നോക്കിക്കാണുന്നു? വിജയപ്രതീക്ഷ എത്രത്തോളമാണ്?
100% വിജയപ്രതീക്ഷവെച്ചേ ഒരു സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങാന്‍ കഴിയുള്ളൂ, എനിക്കും അങ്ങനെ തന്നെയാണ്. പക്ഷേ അപ്പോഴും നമ്മള്‍ യാഥാര്‍ത്ഥ്യം മനസിലാക്കണമല്ലോ. ബി.ജെ.പിക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് ലഭിച്ച വോട്ട്, മറ്റ് രണ്ടുകക്ഷികള്‍ക്കും ലഭിച്ച വോട്ട്. എണ്ണം മാത്രമല്ല, വോട്ട് ലഭിക്കുന്നതിന് പിന്നിലുണ്ടായിരുന്ന കാരണങ്ങളും നമ്മള്‍ വിശകലനം ചെയ്യണം. കഴിഞ്ഞ 10 വര്‍ഷമായി, പ്രത്യേകിച്ച കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ നരേന്ദ്രമോദിയുടെ വികസനപ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ കൊല്ലത്തും കണ്ടുതുടങ്ങിയിട്ടുണ്ട്. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടാക്കിയെടുത്തിരിക്കുന്ന ഓളം കൊല്ലത്തും അടിക്കുന്നുണ്ട്. അത് പരമാവധി പ്രയോജനപ്പെടുത്താനാണ് ഞാന്‍ ശ്രമിക്കുന്നത്.
ദീര്‍ഘവീക്ഷണമുള്ള മനുഷ്യനാണ് മോദി. 2030-ലും 2047-ലും ഒക്കെ ഇന്ത്യ ഓരോ മേഖലയിലും എവിടെയായിരിക്കണം എന്ന കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്. ആ വികസന സ്വപ്നങ്ങള്‍ അതേപടി കൊല്ലത്തും കൊണ്ടുവരാന്‍ ഇവിടെനിന്നും ഒരു എം.പിയെ ജയിപ്പിച്ച് വിട്ടേപറ്റൂ. ആ സന്ദേശം ജനങ്ങളിലെത്തിച്ച്, ജനങ്ങളില്‍ വിശ്വാസമുണ്ടാക്കി കൊല്ലത്ത് നിന്നും ഒരു ബി.ജെ.പി. എം.പിയെ ഉണ്ടാക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഞാന്‍ വോട്ട് ചോദിക്കുന്നത് എന്റെ പേരിലല്ല. നരേന്ദ്രമോദി എന്ന വ്യക്തിയുടെ പേരിലാണ്. അദ്ദേഹം കൊണ്ടുവരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തിന് ഒരു വോട്ട്. നരേന്ദ്രമോദിയുടെ ഗ്യാരണ്ടി നടപ്പിലാക്കാന്‍ കൃഷ്ണകുമാര്‍ കൂടെയുണ്ടാകും എന്നാണ് കൊല്ലംകാരോട് എനിക്ക് പറയാനുള്ളത്. എന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ടാഗ് ലൈന്‍ പോലും അതാണ്.. 'നരേന്ദ്രമോദിയുടെ ഗ്യാരണ്ടി, കൂടെയുണ്ട് കൃഷ്ണകുമാര്‍'.

സിറ്റിങ് എം.പിക്കും സിറ്റിങ് എം.എല്‍.എയ്ക്കും എതിരെയാണ് മത്സരം. വോട്ടര്‍മാര്‍ക്ക് മുന്നില്‍ അവര്‍ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍, ബദലായി താങ്കള്‍ക്ക് എന്താണ് മുന്നോട്ടുവയ്ക്കാന്‍ ഉള്ളത്?
എന്റെ മത്സരം ഇവര്‍ക്ക് രണ്ടുപേര്‍ക്കും എതിരെയല്ല എന്നതാണ് സത്യം. കൊല്ലത്ത് ത്രികോണ മത്സരം ഇല്ല. ഇന്ത്യ മുന്നണി വേഴ്സസ് എന്‍.ഡി.എ. മുന്നണി, അതാണ് കൊല്ലത്തെ മത്സരം. ഇന്ത്യ മുന്നണിയുടെ രണ്ട് സ്ഥാനാര്‍ഥികള്‍ ജനങ്ങളെ പറ്റിക്കാന്‍ വേണ്ടി രണ്ടായി നില്‍ക്കുന്നു. അവര്‍ക്ക് ഒരുദ്ദേശമേയുള്ളൂ, രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുക. ഇപ്പുറത്ത് നരേന്ദ്രമോദി നയിക്കുന്ന എന്‍.ഡി.എ. മുന്നണിയുടെ ബി.ജെ.പി. സ്ഥാനാര്‍ഥിയാണ് ഞാന്‍. വികസനത്തിന്റെ കാര്യത്തില്‍ ഈ രണ്ടുകൂട്ടര്‍ക്കും അവരുടേതായ എന്തെങ്കിലും കൈയൊപ്പുള്ള ഒരു വികസന പദ്ധതി കാണിച്ചുതരാന്‍ കഴിയുമോ കൊല്ലത്ത്. നരേന്ദ്രമോദി 2014-ല്‍ അധികാരത്തില്‍ വന്ന ശേഷം ഇന്ത്യയില്‍ ഒട്ടാകെയുണ്ടായ വികസനത്തിന്റെ ഭാഗമായി കൊല്ലത്തും വികസനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത് തങ്ങളുടേതാണ് എന്നുപറഞ്ഞ് ഇരുകൂട്ടരും ഇപ്പോള്‍ തമ്മില്‍ തല്ലുകയാണ്.
ജനങ്ങള്‍ക്കുമുന്നില്‍ അത് തുറന്നുകാട്ടാന്‍ ഞങ്ങള്‍ക്ക് വളരെ എളുപ്പമാണ്. ജനങ്ങള്‍ക്ക് ഇതിന്റെ സത്യം മുഴുവന്‍ നേരത്തേ അറിയാം. അതുകൊണ്ട് കൊല്ലത്ത് ഇത്തവണ ഒരു അട്ടിമറി വിജയത്തിന് കളമൊരുങ്ങിക്കൊണ്ടിരിക്കുകയാണ്. തീര്‍ച്ചയായും കൊല്ലത്തേക്ക് വരുന്നതിനുമുമ്പ് ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥിയെ നഗരത്തിലേക്ക് സ്വീകരിച്ച റാലിയില്‍ തന്നെ പതിനായിരങ്ങളാണ് പങ്കെടുത്തത്. അത് ഞങ്ങളുടെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചിട്ടുണ്ട്. ഐ.ടി.ഐയിലും മറ്റുമായി പിന്നീട് ഉണ്ടായ സംഭവവികാസങ്ങളെല്ലാം നമുക്ക് ഗുണകരമാവുകയും നമ്മുടെ ആത്മവിശ്വാസം ഉയര്‍ത്താന്‍ പാകത്തിന് ഉപകരിക്കുകയും ചെയ്തു.
തൃശൂരില്‍ സുരേഷ് ഗോപി മണ്ഡലത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ അവിടുത്തെ വോട്ടര്‍മാര്‍ക്ക് അറിയാം. പക്ഷേ താങ്കള്‍ക്ക് രാഷ്ട്രീയപരമായി കൊല്ലം പുതിയ ഒരിടമാണ്. സ്വന്തം പ്രവര്‍ത്തന മണ്ഡലത്തില്‍നിന്നും മാറിയുള്ള മത്സരം ശരിക്കുമൊരു വെല്ലുവിളിയല്ലേ?
പണ്ടുകാലത്തല്ലേ അങ്ങനെയൊക്കെ.. എറണാകുളത്ത് നടന്ന ഒരു കാര്യം തിരുവനന്തപുരത്ത് അറിയില്ല, തിരുവനന്തപുരത്ത് നടന്ന കാര്യം കന്യാകുമാരിയില്‍ അറിയില്ല. ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തിന്റെ കാലമല്ലേ. ഏതെങ്കിലും ഒരു ഗ്രാമത്തില്‍ ആരെങ്കിലും ഒരു കാര്യം ചെയ്താല്‍ പോലും നാടുമുഴുവന്‍ അറിയും. അങ്ങനെയുള്ള അവസ്ഥയില്‍ കൊല്ലത്ത് തന്നെ വികസനം ചെയ്യുന്നവര്‍ക്കേ കൊല്ലത്ത് വിജയമുണ്ടാകൂ എന്നില്ല. വികസനത്തിന് പിന്നില്‍ ഒരു വ്യക്തിയാണെങ്കില്‍.. ജനങ്ങള്‍ക്ക് അറിയപ്പെടുന്ന രീതിയില്‍ അദ്ദേഹം എപ്പോഴെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, എവിടെ ചെന്നുനിന്ന് മത്സരിച്ചാലും അദ്ദേഹത്തിന് വിജയസാധ്യതയുണ്ട്. തിരുവനന്തപുരത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ നടത്തിയ ഇടപെടലുകള്‍ അങ്ങനെയുള്ളതാണ്.
ഈഞ്ചയ്ക്കല്‍ ഫ്ലൈഓവറിന്റേതാകട്ടെ, മെട്രോയ്ക്ക് വേണ്ടിയാകട്ടെ, വലിയതുറ മിനി ഫിഷിങ് ഹാര്‍ബറിന് വേണ്ടിയാകട്ടെ.. ഞാനൊരു എം.പിയോ എം.എല്‍.എയോ ഒന്നുമല്ല. എന്നിട്ടും ഇത്രയും ചെയ്യാന്‍ കഴിയുന്നുണ്ടെങ്കില്‍ അതെന്റെ സ്വന്തം അധ്വാനം കൊണ്ടാണ്, ഞാന്‍ ഡല്‍ഹിയില്‍ ഉണ്ടാക്കിയെടുത്ത ബന്ധങ്ങള്‍ ഉപയോഗിച്ചാണ്. മറ്റെല്ലാത്തിനും ഉപരിയായി വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ഞാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണ്ടിട്ടാണ് എന്നെ കൊല്ലത്തേക്ക് വിട്ടത്. കൊല്ലത്തുപോയി അവിടുത്തെ വികസന മുരടിപ്പിന് മാറ്റം വരുത്തി വികസനത്തിന്റെ ഓളമുണ്ടാക്കൂ എന്ന് പറഞ്ഞാണ് എന്നെ കൊല്ലത്തേക്ക് അയച്ചിരിക്കുന്നത്.
കൊല്ലത്ത് മത്സരിക്കുന്ന മറ്റ് രണ്ട് സ്ഥാനാര്‍ഥികളും വികസനത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്നുണ്ട്. പക്ഷേ അതിന് തെളിവായി എന്താണ് അവര്‍ക്ക് കാണിക്കാനുള്ളത്. കൊല്ലം റെയില്‍വേസ്റ്റേഷന്‍, കൊല്ലത്തെ സിറ്റിങ് എം.പി. പറയുന്നു അദ്ദേഹത്തിന്റെ അധ്വാനംകൊണ്ട് വന്നതാണെന്ന്. അതെങ്ങനെ ശരിയാകും. എം.പി. ഫണ്ട് ഒരു കൊല്ലം 5 കോടി രൂപയാണ്. വന്നിരിക്കുന്ന പദ്ധതി 380 കോടിയുടേതും. 5 കോടി അദ്ദേഹം തന്നു എന്നുതന്നെയിരിക്കട്ടെ, ബാക്കി എവിടുന്നാണ്. നമ്മള്‍ മനസിലാക്കേണ്ടത് ഇത്രയേ ഉള്ളൂ. പച്ചക്കള്ളം പറയുന്നതിനെ ജനങ്ങള്‍ തിരിച്ചറിയും. ഇത്തവണ അതിന്റെ പ്രതിഷേധം കൊല്ലത്ത് ബി.ജെ.പി. വോട്ടുകളായി മാറും.

സിനിമാ താരമല്ലെങ്കില്‍പോലും പാര്‍ലമെന്റിലെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് മണ്ഡലത്തില്‍ താരപരിവേഷമുള്ള ആളാണ് പ്രേമചന്ദ്രന്‍. പാര്‍ട്ടിക്ക് പുറത്തേക്ക് ജനസമ്മതനുമാണ്. മുകേഷ് സിനിമാതാരവും. എപ്പോഴും ചുമക്കുന്ന കൊല്ലത്തിന്റെ പ്രതിനിധിയുമാണ്. അതിനപ്പുറം ജനസമ്മതനുമാണ്. ഇവിടെ കളംപിടിക്കല്‍ കടുപ്പമാവില്ലേ?
മുകേഷും പ്രേമചന്ദ്രനും കൊല്ലത്തെ പരിചിത മുഖങ്ങളാണ്. മുകേഷ് നടനും എ.എല്‍.എയുമാണ്. പ്രേമചന്ദ്രന്‍ സിറ്റിങ് എം.പിയാണ്. കാലങ്ങളായി രാജ്യസഭയിലും സംസ്ഥാനത്ത് മന്ത്രിയായും ഇരുന്നിട്ടുണ്ട്. അദ്ദേഹത്തിനും ജില്ലയില്‍ താരപരിവേഷമാണുള്ളത്. എന്നാല്‍ ഇവര്‍ രണ്ടുപേരും നാടിനുവേണ്ടി എന്തുചെയ്തു എന്നതാണ് എന്റെ ചോദ്യം. മുകേഷ് കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നുപറയുന്ന ഒരു പാര്‍ട്ടിയുടെ പ്രതിനിധിയാണ്. ആ പാര്‍ട്ടിക്ക് ഇന്ന് ആകെ പിടിപ്പുള്ളത് കേരളത്തില്‍ മാത്രമാണ്. പ്രേമചന്ദ്രന്റെ പാര്‍ട്ടിയാകട്ടെ കൊല്ലത്ത് മാത്രമുള്ള ഒരു പാര്‍ട്ടിയാണ്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും ദേശീയ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല.
പ്രേമചന്ദ്രന്‍, അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി. മുകേഷ്, കേരളത്തില്‍ മാത്രമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി. എന്നാല്‍ ഞാന്‍ പ്രതിനിധീകരിക്കുന്നത് ലോകത്തെ ഏറ്റവും വലിയ പാര്‍ട്ടി, ഇന്ത്യ ഭരിക്കുന്ന.. മൂന്നാം തവണയും ഭരിക്കാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്ന പാര്‍ട്ടിയെയാണ്. അതുകൊണ്ട്, മത്സരം കടുത്തോട്ടേ.. കടുപ്പമല്ലെങ്കില്‍ ഒരു സുഖമില്ലല്ലോ. കടുപ്പമേറിയ മത്സരത്തിലൂടെ ജയിക്കാനാണ് എനിക്ക് താല്‍പര്യം. ഞാന്‍ ഇന്നിവിടെ നില്‍ക്കുന്നതും വോട്ട് ചോദിക്കുന്നതും എന്റെ പേരിലല്ല, നരേന്ദ്രമോദിയുടെ പേരിലാണ്. വികസനത്തിന് വേണ്ടിയാണ്.
കൊല്ലം ബൈപ്പാസ്, കൊല്ലത്തെ റെയില്‍വേ മേല്‍പ്പാലങ്ങള്‍.. സിറ്റിങ് എം.പി. പ്രേമചന്ദ്രനും സംസ്ഥാനസര്‍ക്കാരും കേന്ദ്രസര്‍ക്കാരും അവകാശവാദം ഉന്നയിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഈ പദ്ധതികളുടെ ക്രെഡിറ്റ് ആര്‍ക്ക് അവകാശപ്പെട്ടതാണ്. ബിജെപിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ജനങ്ങളിലെത്തിക്കാന്‍ കഴിയുന്നില്ല എന്ന തോന്നലുണ്ടോ?
കൊല്ലത്ത് എന്തുകാര്യം നടന്നാലും ക്രെഡിറ്റ് പ്രേമചന്ദ്രന്‍ എടുക്കും. കുറച്ചുകഴിയുമ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയും എത്തും അവകാശവാദയുമായി. അവര്‍ക്കാര്‍ക്കും എന്തും പറയാം. പക്ഷേ, പഴയപോലെ ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ല. ഇന്ന് പത്രമാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ.. ഒന്നോ രണ്ടോ അല്ല, ഇഷ്ടംപോലെ ചാനലുകള്‍, ഓരോരുത്തരുടെ യൂട്യൂബ് ചാനലിന് പോലും ലക്ഷങ്ങളോളം കാഴ്ചക്കാരുള്ള കാലമാണ്. അതുകൊണ്ടുതന്നെ കേന്ദ്രത്തിന്റെ പദ്ധതികള്‍ എന്താണെന്നും ഏതാണെന്നും എല്ലാവര്‍ക്കും അറിയാം. നാല് ദശാബ്ദമായി അടഞ്ഞുകിടന്ന കൊല്ലം ബൈപ്പാസ് പദ്ധതി, നാഷണല്‍ ഹൈവേയുടെ ഭാഗമായി തുറന്നുകൊടുത്തു. 2014-ല്‍ നരേന്ദ്രമോദി അധികാരത്തില്‍ വന്നശേഷമാണ് ആ പദ്ധതിയുടെ പണി പൂര്‍ത്തിയായതെന്ന് എല്ലാവര്‍ക്കും അറിയാം. അതിനുമുമ്പേ പ്രേമചന്ദ്രന്‍ കേന്ദ്രത്തില്‍ ഉണ്ടായിരുന്നല്ലോ, എന്നിട്ടെന്തേ അപ്പോഴൊന്നും ബൈപ്പാസിന്റെ പണി തീരാഞ്ഞത്?
പോട്ടെ.. നരേന്ദ്രമോദി കൊണ്ടുവന്നത് അവിടെ ഇരിക്കട്ടെ, കഴിഞ്ഞ 10 വര്‍ഷമായി പ്രേമചന്ദ്രന്‍ കൊല്ലത്തിന്റെ എം.പിയാണ്. അദ്ദേഹം കൊല്ലത്തിനായി ഇതുവരെ എന്തൊക്കെചെയ്തു, അത് പറയൂ. കൊല്ലത്ത് റെയില്‍വേ സ്റ്റേഷന്റെ പുനരുദ്ധാരണം നടക്കുന്നു. ഇന്ത്യയില്‍ അങ്ങോളമിങ്ങോളം അഞ്ഞൂറോളം റെയില്‍വേ സ്റ്റേഷനുകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷനുകളുടെ നീളവും വീതിയും അടിസ്ഥാനമാക്കിയാണ് പുനരുദ്ധാരണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. അതുകൊണ്ട് കൊല്ലം റെയില്‍വേ സ്റ്റേഷനും ആ പട്ടികയില്‍ ഉള്‍പ്പെട്ടു. ഇതൊക്കെ ആര്‍ക്കാണ് അറിയാത്തത്. ക്രെഡിറ്റ് എടുക്കുന്നവര്‍ എടുത്തോട്ടേ, പക്ഷേ സത്യം നാട്ടുകാര്‍ക്കറിയാം. ബി.ജെ.പി. ഇക്കാര്യങ്ങള്‍ പരമാവധി പുറത്ത് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
എല്‍.ഡി.എഫ്., യു.ഡി.എഫ്. സ്ഥാനാര്‍ഥി നിര്‍ണയവും പ്രചാരണപരിപാടികളും നേരത്തേ തുടങ്ങി. കൊല്ലത്ത് ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകിപ്പോയി എന്ന് തോന്നുന്നുണ്ടോ?
ഒരിക്കലുമില്ല.. കാരണം, ശക്തമായ അടിത്തറയുള്ള ഒരു പാര്‍ട്ടിയാണ് ബി.ജെ.പി., കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയാണ്. രാജ്യത്തൊട്ടാകെയും സംസ്ഥാനങ്ങളിലുമായി ബി.ജെ.പി. നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങളെപ്പറ്റി ഇതിനോടകം ജനങ്ങള്‍ക്കറിയാം. ഇനിയും അത് പറയേണ്ട ആവശ്യമില്ല. പക്ഷേ മറ്റ് രണ്ട് സ്ഥാനാര്‍ഥികളുടേയും സ്ഥിതി അതല്ല. രണ്ടുപേര്‍ക്കും വ്യാജപ്രചരണം നടത്താന്‍ വേണ്ടിയാണ് ഇരുപാര്‍ട്ടികളും ഇത്രയും സമയം എടുത്തത്. അതുമുഴുവന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ രംഗപ്രവേശത്തോടെ തീര്‍ന്നുപോവുകയും ചെയ്തു. കാരണം, ഇത് ഡിജിറ്റല്‍ വിപ്ലവം നടക്കുന്ന കാലമാണ്, ലോകമാണ്. നമ്മള്‍ പറയുന്നതും ചെയ്യുന്നതുമെല്ലാം ലൈവായി ജനങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
20 ദിവസമുണ്ടെങ്കില്‍ ഒരു ലോക്സഭാ മണ്ഡലം മുഴുവന്‍ പ്രചാരണം നടത്താം. ജനങ്ങളെ ഓരോരുത്തരേയും നമുക്ക് നേരിട്ട് കാണാം, സോഷ്യല്‍ മീഡിയയിലൂടെ കാണാം. അതിനെല്ലാം സൗകര്യങ്ങളുണ്ട്. അതുകൊണ്ട്, അധികമായാല്‍ അമൃതും വിഷം എന്ന് പറയുന്നപോലെ.. പത്ത്, അമ്പത് ദിവസമൊക്കെ പ്രചാരണം നടത്തി ഒരേ ആളുകള്‍തന്നെ കാണാന്‍ വന്നാല്‍ അത് ജനങ്ങള്‍ക്ക് മടുപ്പുണ്ടാക്കും. ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേന്‍ എന്ന് തമിഴില്‍ പറയുന്നതുപോലെ.. ഞാന്‍ അല്‍പം വൈകി വന്നതുതന്നെയാണ് നല്ലതെന്നാണ് എനിക്ക് തോന്നുന്നത്.

തിരുവനന്തപുരത്തും ആറ്റിങ്ങലിലും രണ്ട് കേന്ദ്രമന്ത്രിമാരാണ് മത്സരിക്കുന്നത്. അതിന്റെ ഗുണം കൊല്ലത്ത് ലഭിക്കുമെന്ന് തോന്നുന്നുണ്ടോ? തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടോ? രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച്?
തിരുവനന്തപുരത്തും ആറ്റിങ്ങലിലും രണ്ട് കേന്ദ്രമന്ത്രിമാര്‍. കൊല്ലം ജില്ലയുടെ മുകള്‍ഭാഗത്തേക്ക് നോക്കിയാല്‍ ആലപ്പുഴയില്‍ ഞങ്ങളുടെ ഫയര്‍ ബ്രാന്‍ഡായുള്ള ശോഭ സുരേന്ദ്രന്‍. പത്തനംതിട്ടയിലേക്ക് എത്തിക്കഴിഞ്ഞാല്‍ അനില്‍ ആന്റണി. ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍ എന്ന് പറയുമ്പോള്‍ നല്ല അന്തസ്സുള്ള സ്ഥാനാര്‍ഥികളാണ്, ജനങ്ങള്‍ ഇഷ്ടപ്പെടുന്ന സ്ഥാനാര്‍ഥികളാണ്. ഇതിനൊക്കെ പുറമേ ഞങ്ങളൊക്കെ വോട്ട് ചോദിക്കുന്നത് നരേന്ദ്രമോദിയുടെ പേരിലാണ്. കാരണം, അദ്ദേഹമാണ് ഇന്ത്യയിലെ ബി.ജെ.പിയുടെ സ്റ്റാര്‍ ക്യാമ്പെയ്നര്‍. അദ്ദേഹത്തിന്റെ ഒറ്റ ഫോട്ടോ മതി നമുക്ക് വോട്ട് കിട്ടാന്‍. ഒപ്പം നല്ല സ്ഥാനാര്‍ഥികളും. ബി.ജെ.പിയുടെ വിജയതന്ത്രവും ഇതുതന്നെയാണ്.
രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തേക്ക് വരുമ്പോള്‍ അതീവ സന്തുഷ്ടരായവരില്‍ ഒരാളാണ് ഞാനും. കാരണം ബി.ജെ.പിക്ക് ഉറച്ച അടിത്തറയുള്ള മണ്ഡലമാണ് തിരുവനന്തപുരം. മൂന്നുലക്ഷത്തിലധികം വോട്ടുകളുണ്ട്. ഒപ്പം, ഞാന്‍ കഴിഞ്ഞ തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു, കഴിഞ്ഞ മൂന്നുവര്‍ഷമായി അവിടെതന്നെ പ്രവര്‍ത്തിക്കുന്നു. സ്വാഭാവികമായും എന്റെ കോണ്‍ട്രിബ്യൂഷനും അവിടെ കിടക്കുന്നുണ്ട്. മൊത്തത്തില്‍ വിജയസാധ്യതയുള്ള ഒരു മണ്ഡലമാകുമ്പോള്‍ ഒരു കേന്ദ്രമന്ത്രിയെക്കൂടി കൊണ്ടുവന്നുകഴിഞ്ഞാല്‍ അവിടെ നമ്മള്‍ വീണ്ടുമൊരുപടി വിജയത്തോട് അടുക്കുകയാണ്. സ്വാഭാവികമായും.. ആര് മത്സരിക്കുന്നു എന്നതിലുപരി പാര്‍ട്ടി ജയിക്കുക എന്നതാണ് പ്രധാനം.
പാര്‍ട്ടിക്ക് ജയിക്കാന്‍ ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയെ കൊണ്ടുവരിക. അതില്‍ ഏറ്റവും സന്തോഷിക്കുന്നവരില്‍ ഒരാളാണ് ഞാന്‍. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് എന്തേ മത്സരിപ്പിച്ചില്ല എന്നിങ്ങനെയുള്ള ചിന്തകളൊന്നും നമ്മുടെ മനസില്‍ക്കൂടി പോവില്ല. രാഷ്ട്രീയത്തില്‍ പാര്‍ട്ടിയാണ് വരുത്, വ്യക്തികള്‍ക്ക് അവിടെ വലിയ റോളില്ല.
2021-ലായിരുന്നു രാഷ്ട്രീയ പ്രവേശം, ആ വര്‍ഷംതന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എ-ക്ലാസ് നിയമസഭാ മണ്ഡലമായ തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിയായി. ചെറുപ്പം മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നോ? ആ പരിചയവും പ്രവര്‍ത്തനങ്ങളുമാണോ താങ്കളുടെ സ്ഥാനാര്‍ഥിത്വത്തിലേക്ക് പാര്‍ട്ടി നേതാക്കളെ എത്തിച്ചത്?
2021-ലാണ് ഔദ്യോഗികമായി ബി.ജെ.പിയില്‍ മെമ്പര്‍ഷിപ്പ് എടുത്തത്. പുറകോട്ട് ചിന്തിച്ചാല്‍ 1982-ലാണ് ഞാന്‍ ആദ്യമായി ഒരു ശാഖയില്‍ ചേരുന്നത്. പുളിമൂട് പുത്തന്‍ചന്തയിലുണ്ടായിരുന്ന ആ ശാഖയുടെ ചുമതലക്കാർ അച്ഛന്റെ രണ്ട് സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് ആദ്യമായി ആര്‍.എസ്.എസില്‍ ചേരുന്നതും പ്രവര്‍ത്തനം ആരംഭിക്കുന്നതും. കോളേജില്‍ എത്തിയപ്പോള്‍ സ്വാഭാവികമായും എ.ബി.വി.പിയുടെ ഭാഗമായി. എന്നാല്‍ സജീവ രാഷ്ട്രീയപ്രവര്‍ത്തനം ഉണ്ടായിരുന്നില്ല. നേതൃത്വം വഹിക്കുക, തിരഞ്ഞെടുപ്പില്‍ നില്‍ക്കുക അതിനൊന്നും എനിക്ക് താല്‍പര്യമില്ലായിരുന്നു. എല്ലാവരേയും സഹായിക്കാന്‍ ഇറങ്ങാനായിരുന്നു എനിക്കിഷ്ടം. സിനിമയിലും സീരിയലിലും ഒക്കെ വന്നതിന് ശേഷവും എല്ലാ തിരഞ്ഞെടുപ്പിനും പാര്‍ട്ടി വിളിക്കും, ഞാന്‍ പോകും.. സ്ഥാനാര്‍ഥിക്കുവേണ്ടി വര്‍ക്ക് ചെയ്യും. 2020-ലെ ലോക്കല്‍ ബോഡി ഇലക്ഷന്‍ സമയത്താണ് ഏറ്റവും മികച്ച രീതിയില്‍ പ്രചാരണപരിപാടികളുടെ ഭാഗമായത്. അന്ന് ഏകദേശം 77-ഓളം വാര്‍ഡുകളില്‍ പോയി വോട്ടര്‍മാരുമായി സംസാരിച്ചു.
അതുകണ്ടിട്ടാണോ എന്നറിയില്ല, പാര്‍ട്ടിയില്‍ നിന്നും ക്ഷണം വന്നു. നിരവധി ചര്‍ച്ചകള്‍ക്ക് ശേഷമാണ് പാര്‍ട്ടിയില്‍ അംഗത്വമെടുത്തത്. വൈകാതെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കി. അതൊക്കെ ഒരു ഒഴുക്കിലങ്ങ് സംഭവിച്ചതാണ്. പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയോ, സ്ഥാനാര്‍ഥിത്വത്തിന് വേണ്ടിയോ ഞാനായിട്ട് ഇതുവരെ പ്രത്യേകിച്ച് പരിശ്രമിക്കുകയോ ബുദ്ധിമുട്ടുകയോ സമ്മര്‍ദ്ദത്തിലാവുകയോ ഒന്നും ചെയ്തിട്ടില്ല. എല്ലാം സ്വാഭാവികമായി സംഭവിച്ചതാണ്. പക്ഷേ ഞാനിതൊക്കെ ആസ്വദിക്കുന്ന ഒരാളാണ്. രാഷ്ട്രീയം എന്നല്ല, പൊതുപ്രവര്‍ത്തനം പണ്ടുമുതലേ എനിക്കിഷ്ടമാണ്. ഇപ്പോള്‍ അത് ഇഷ്ടം മാത്രമല്ല, ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു. ഞാന്‍ ആസ്വദിച്ച് ചെയ്യുന്ന ഒരു കാര്യമാണ് പൊതുപ്രവര്‍ത്തനം.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും പ്രതീക്ഷിച്ചതിനേക്കാള്‍ ഇംപാക്ട് ഉണ്ടാക്കാന്‍ താങ്കള്‍ക്കായി. അതിന്റെ ഗുട്ടന്‍സ് എന്താണ്? ആ എക്സ്പീരിയന്‍സ് കൊല്ലത്ത് എത്രത്തോളം ഗുണകരമാകും എന്നാണ് പ്രതീക്ഷിക്കുന്നത്?
തിരഞ്ഞെടുപ്പില്‍ എന്തായാലും ഒരാള്‍ക്കേ ജയിക്കാനാവൂ. പക്ഷേ നമ്മളെല്ലാവരും ജയിക്കാന്‍ വേണ്ടിയാണ് മത്സരിക്കുന്നത്. അതിനായി നമ്മുടെ കഴിവിന്റെ പരമാവധി നമ്മള്‍ ശ്രമിക്കും. ഞാന്‍ നന്നായി ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ്. എല്ലാ കാര്യത്തിലും അതുണ്ടാവും. ഇപ്പോള്‍ സ്മാര്‍ട്ട് വര്‍ക്കും ചെയ്യാറുണ്ട്. ഇതുരണ്ടും ചേര്‍ന്ന ഒരു സ്ട്രാറ്റജിയാണ് ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. പണ്ടത്തെപ്പോലെ ചുവരെഴുത്തുകളും പോസ്റ്ററുകളുമൊക്കെ ശ്രദ്ധിക്കുന്ന എത്രപേരുണ്ട് നമുക്ക് ചുറ്റും. എല്ലാവരും മൊബൈലിലേക്ക് തല പൂഴ്ത്തിവെച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങള്‍ മനുഷ്യന്മാരെ അത്രയധികം സ്വാധീനിക്കുന്നുണ്ട്. അപ്പോള്‍ ആ മൊബൈലിലേക്ക് പരമാവധി നമ്മുടെ സന്ദേശങ്ങള്‍ എത്തിക്കുക എന്നതാണ് സ്മാര്‍ട്ട് വര്‍ക്കായി തോന്നിയിട്ടുള്ളത്.
എന്നാല്‍ അതുമാത്രം പോരതാനും.. രാവിലെ നടക്കാന്‍ പോകുന്നവരോ, ബസിലും മറ്റുമൊക്കെ പോകുന്നവരോ ചിലപ്പോള്‍ ഈ പോസ്റ്ററുകള്‍ കണ്ടേക്കും. ചിലര്‍ക്ക് അത് വേണം. മറ്റുചിലര്‍ക്കാവട്ടെ നമ്മളെ നേരിട്ട് കാണണം. ആളുകൂടുന്ന സ്ഥലങ്ങളിലേക്ക് എത്തുക എന്നതാണ് അവിടെ പ്രധാനം. കല്യാണങ്ങള്‍, മരണവീടുകള്‍, ഉത്സവങ്ങള്‍.. ഇത്തരം കാര്യങ്ങള്‍ക്ക് പോകുമ്പോള്‍ കുറേ ആള്‍ക്കാരെ ഒരേ സ്ഥലത്ത് കാണാം. സമയവും ലാഭിക്കാം. പിന്നെ പരമാവധി വീടുകള്‍ സന്ദര്‍ശിക്കുക. ഇങ്ങനെ കുറേ തരത്തില്‍ നമ്മള്‍ ആള്‍ക്കാരുമായിട്ട് നേരിട്ട് സംവദിക്കണം. 2021-ല്‍ എന്തുചെയ്തു എന്ന് ചോദിച്ചാല്‍, മാക്‌സിമം ആളുകളിലേക്ക് എങ്ങനെയെങ്കിലും എത്താന്‍ ശ്രമിച്ചു, എന്നതാണ് ഉത്തരം.
നേരിട്ടും സാമൂഹ്യമാധ്യമങ്ങളിലൂടെയും പരമാവധി ജനങ്ങളിലേക്ക് എത്താന്‍ ശ്രമിച്ചിരുന്നു. ഉദാഹരണത്തിന്, തിരുവനന്തപുരത്ത് വോട്ടിങ് പോപ്പുലേഷന്‍ 15 ലക്ഷം ഉണ്ടെങ്കില്‍, ആ 15 ലക്ഷം പേരും ഏതെങ്കിലും ഒരു വിധത്തില്‍ അറിഞ്ഞിരിക്കണം ഇങ്ങനെയൊരാള്‍ സ്ഥാനാര്‍ഥിയാണെന്ന്. അതിന് എന്റെ ഭാര്യയും മക്കളുമടക്കം സഹായിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് എന്ന് തരത്തില്‍ അവര്‍ക്ക് ഉണ്ടായിരുന്ന വിസിബിലിറ്റി എനിക്കും ഗുണം ചെയ്തിട്ടുണ്ട്. കൊല്ലത്തും ഇതൊക്കെ പ്രയോഗിക്കാം എന്നാണ് വിചാരിക്കുന്നത്.
തിരുവനന്തപുരത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി നടത്തിയ ഇടപെടലുകള്‍ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ഒരു യൂട്യൂബ് വീഡിയോയിലെ പരാമര്‍ശം വളച്ചൊടിക്കപ്പെടുകയും ചെയ്തു. അതിന്റെ പേരിലും ട്രോളുകളിറങ്ങി. പ്രചാരണകാലത്ത് ഈ ട്രോളുകളെ എങ്ങനെ നേരിടും?
വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നേരത്തേ പറഞ്ഞ പോലെ ഒരു ജോലി നമ്മള്‍ ആസ്വദിച്ച് ചെയ്യുകയാണ്, അപ്പോള്‍ നമ്മള്‍ ഡല്‍ഹിയില്‍ പോകുന്നു.. ആരുടെയും പൈസ വാങ്ങിച്ചല്ല, പാര്‍ട്ടിയുടെ കാശല്ല, സ്വന്തം കൈയില്‍ നിന്ന് കാശെടുത്ത് നമ്മള്‍ ഡല്‍ഹിയില്‍ പോകുന്നു. അവിടെയുള്ള ബന്ധങ്ങള്‍വെച്ച്... ഈഞ്ചക്കല്‍ ഫ്ളൈഓവറിന്റെ ഒക്കെ കാര്യത്തിനായി എപ്പോഴും പി.എമ്മുമായാണ് ഞാന്‍ ബന്ധപ്പെട്ടിട്ടുള്ളത്. അവിടുന്നൊരു ഉപദേശം വന്നുകഴിഞ്ഞാല്‍ നേരെ ഗഡ്കരിജീയുടെ അടുത്തേക്ക് പോകുന്നു, അദ്ദേഹവുമായും നല്ല ബന്ധമാണ്. അവസാനം ഒരു ഫ്ളൈഓവര്‍ കൊണ്ടുവരുന്നു. സ്വാഭാവികമായും നമുക്കറിയാം, അത് നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന വികസനമാണ്.
കപട വാഗ്ദാനങ്ങളും നല്‍കി, ആരോ നടപ്പിലാക്കിയ പദ്ധതിയുടെ മുന്നില്‍ ഫ്ളക്സുംകൊണ്ടുവെച്ച് നില്‍ക്കുന്ന തിരുവനന്തപുരത്തെ എം.പിയേയും കൊല്ലത്തെ എം.പിയേയുമൊക്കെ നമ്മള്‍ ധാരാളം കണ്ടിട്ടുണ്ട്. എന്തായാലും അങ്ങനത്തെ ഒരാളായല്ല ഞാന്‍ അറിയപ്പെടുന്നത്. ഈഞ്ചയ്ക്കല്‍ ഫ്ളൈഓവറിന്റെ പേരില്‍ വേറെ ആരെങ്കിലും അവകാശം ഉന്നയിച്ച് ഒരു രേഖ കൊണ്ടുവരട്ടെ, ഒരു പേപ്പര്‍ തുണ്ട് കാണിക്കട്ടെ. അവിടെയാണ് വിഷയം.
പിന്നെ ട്രോള്‍.. നമ്മുടെ നാട്ടിലെ കുറേപ്പേരുടെ വരുമാനമാര്‍ഗമാണത്. ട്രോളുണ്ടാക്കി, അതില്‍ നിന്ന് വരുമാനം ഉണ്ടാക്കി ജീവിക്കുന്നവരുണ്ട്. എന്നെവെച്ച് ഒരു ട്രോളുണ്ടാക്കിയിട്ട് അവര്‍ക്ക് നാലുകാശ് കിട്ടുന്നുണ്ടെങ്കില്‍ അതും സന്തോഷം. കാരണം.. നമ്മൾ കാരണം കുറച്ചുപേര്‍ക്ക് ജീവിക്കാന്‍ പറ്റുന്നു, സന്തോഷിക്കാന്‍ പറ്റുന്നു. അതവിടെ വിട്ടേക്കുക, എന്നിട്ട് നമ്മള്‍ നമ്മുടെ പ്രവര്‍ത്തികളുമായി മുന്നോട്ടുപോവുക. ട്രോളൊക്കെ നല്ലതല്ലേ.. നമുക്ക് ഇതും ഒരു പബ്ലിസിറ്റി കൊണ്ടുതരുന്നുണ്ട്. ഇത്രയും പബ്ലിസിറ്റിക്ക് എത്രകോടി രൂപ ചെലവാകും. ഇതിപ്പൊ നമുക്ക് അഞ്ചുപൈസയും മുടക്കാതെ ഫ്രീ പബ്ലിസിറ്റി കിട്ടുന്നതല്ലേ. അത് ചെയ്തവരെ അടുത്ത് കിട്ടിയാല്‍ ഞാന്‍ അവര്‍ക്ക് വിളിച്ച് ഒരു ചായയോ കാപ്പിയോ ഒക്കെ വാങ്ങിക്കൊടുക്കും.

അയോധ്യ, സി.എ.എ. വിഷയങ്ങള്‍ പ്രചരണത്തില്‍ ചര്‍ച്ചയാക്കുമോ?
അയോധ്യ, സി.എ.എ. വിഷയങ്ങള്‍ ഇത്രയും ദിവസത്തെ പ്രചാരണ പരിപാടികളില്‍ ചര്‍ച്ചയായില്ലല്ലോ, അപ്പോൾ ഇനിയും ചര്‍ച്ചയാകില്ല. മറിച്ച്, ചര്‍ച്ചയായാല്‍ ബി.ജെ.പി. 400-ല്‍ നിന്നും 450 സീറ്റിലേക്ക് എത്തും, അത്രേ ഉള്ളൂ. കാരണം, രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഏറ്റവും ഗുണകരമായ ഒരു നടപടിയാണ് സി.എ.എ., അത് പാസായിക്കഴിഞ്ഞു. ഇനി അത് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല, അതിനി നിയമമാണ്. പിന്നെ, അയോധ്യ ബി.ജെ.പിയുടെ ട്രംകാര്‍ഡല്ലേ. കാരണം, ഒരു ട്രസ്റ്റ് ഭാരതത്തില്‍ ഒരു ക്ഷേത്രം കെട്ടുന്നു. അതിന് ആര്‍ക്കാ, എന്താ പ്രശ്നം?
കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നു. ഇതിനെ എങ്ങിനെ പ്രതിരോധിക്കും?
അതൊരു ആരോപണം മാത്രമല്ലേ. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേയ്ക്കും അങ്ങനെ പല ആരോപണങ്ങളും വരും. ആ ആരോപണത്തെ കൃത്യം കണക്കോടുകൂടി ബി.ജെ.പിക്ക് തെളിയിക്കാനറിയാം. ഇതിങ്ങനെ, സര്‍ക്കാരിന്റെ കാര്യങ്ങളൊക്കെയായിട്ട് കോടതിയില്‍ കൊണ്ടുവന്ന് കുറേ കാശ് മുടക്കും. ഒടുക്കം കോടതി തന്നെ കേന്ദ്രത്തോട് ചോദിച്ചു.. എന്തെങ്കിലും കൊടുത്തൂടേ എന്ന്. ആ അവസ്ഥ വരെയായി. ജനങ്ങള്‍ക്ക് എല്ലാ സത്യാവസ്ഥയും അറിയാം. ജനം കാര്യങ്ങള്‍ മനസിലാക്കുന്നു. പ്രത്യേകിച്ച് ഇന്നത്തെ യുവാക്കള്‍ക്ക് നല്ല ബോധം വന്നുതുടങ്ങി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തോടുള്ള പ്രതിഷേധം ഈ തിരഞ്ഞെടുപ്പില്‍ കാണാം എന്നാണ് വിശ്വസിക്കുന്നത്.
കേന്ദ്രം സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നുവെന്ന്... ശരിക്കും ആര് ആരെയാണ് ശ്വാസംമുട്ടിക്കുന്നത്? എത്രയോ കാലങ്ങളായി ഇവിടുത്തെ ഇരുമുന്നണികളും ചേര്‍ന്ന് കേരളത്തിലെ ജനത്തെയാണ് ശ്വാസംമുട്ടിക്കുന്നത്. പ്രത്യേകിച്ച് ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്റെ ശ്വാസംമുട്ടിക്കല്‍ എന്നുവെച്ചാല്‍.. ശ്വാസംമുട്ടിച്ച്, ശ്വാസംമുട്ടിച്ച്.. മരണം ആകാറാകുമ്പോള്‍ ഒരു തുള്ളി വെള്ളം എന്നപോലെ ഒരു കിറ്റ് കൊടുക്കും. വീണ്ടും ശ്വാസംമുട്ടിക്കും. ജനങ്ങളെ ഇനിയും എത്രനാള്‍ ഇങ്ങനെ പറ്റിക്കും എന്നറിയില്ല, പറ്റിക്കപ്പെടാന്‍ എത്രനാള്‍ ജനം നിന്നുകൊടുക്കും എന്നും അറിയില്ല. എല്ലാത്തിനും ഈ തിരഞ്ഞെടുപ്പില്‍ ഉത്തരം കിട്ടും എന്ന് പ്രതീക്ഷിക്കാം.
Content Highlights: kollam lok sabha constituency candidate krishnakumar about premachandran and mukesh
Published: 09 Apr 2024, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented