ക്കാലവും രാഷ്ട്രീയപോരാട്ടങ്ങള്‍ക്ക് പേരുകേട്ട മണ്ഡലമാണ് കണ്ണൂര്‍. തിരഞ്ഞെടുപ്പായാല്‍ കണ്ണൂരിലെ പോരാട്ടങ്ങള്‍ക്ക് ചൂടുകൂടും. ഇടതുകോട്ടയാണ് കണ്ണൂരെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിന് വലത്തോട്ടാണ് ചായ്‌വ്. 2019-ല്‍ കനത്ത പരാജയമാണ് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത്. 2021-നിയമസഭാ തിരഞ്ഞെടുപ്പില്‍ പഴയ പ്രതാപം വീണ്ടെടുക്കാനായിട്ടുണ്ടെങ്കിലും 2024-ല്‍ അത് തുടരാനാകുമോയെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇത്തവണ സിപിഎം ജില്ലാ സെക്രട്ടറിയായ എം വി ജയരാജനേയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. അദ്ദേഹം മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും നിലവിലെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചും എം വി ജയരാജന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.

To advertise here,

രാജ്യം വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. എന്‍ഡിഎ ഹാട്രിക് ജയമാണ് ലക്ഷ്യമിടുന്നത്. ഇടതുപക്ഷമുള്‍പ്പെടുന്ന 'ഇന്ത്യ' മുന്നണി ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ്. ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ എത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നത്?

ഇടതുപക്ഷം രാജ്യത്തിന്റെ രക്ഷയ്ക്കുള്ള തിരഞ്ഞെടുപ്പായിട്ടാണ് കാണുന്നത്. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന ഉണ്ടാവുകയില്ല. ജനാധിപത്യവും മതനിരപേക്ഷതയും ജൂഡീഷ്യറിയും ഫെഡറലിസവും ഭരിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ചായിരിക്കും. അതെല്ലാം ഭരണഘടനാ മൂല്യങ്ങളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ടുള്ള നടപടിയാകും.അതുകൊണ്ടുതന്നെ ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പിനെ ഭരണഘടനാ സംരക്ഷണ പോരാട്ടമായിട്ടാണ് കാണുന്നത്. അതോടൊപ്പം രാജ്യത്തെ എല്ലാ മേഖലയിലും ലോകത്തിന് മുന്നില്‍ ബിജെപി ഭരണകാലത്ത് ഏറ്റവും പിറകിലേക്കാണ് എത്തിയത്. ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള ഒരു രാജ്യമായി ഇന്ത്യ മാറി. 45 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടിയ തൊഴിലില്ലായ്മയാണ് ഇന്ത്യയിലിപ്പോള്‍. കര്‍ഷകര്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിന്റെ രീതിയിലുള്ള പോരാട്ടത്തിലാണ്. അവരെ വെടിയുണ്ട കൊണ്ടും കണ്ണീര്‍ വാതകം കൊണ്ടും ഗ്രനേഡ് കൊണ്ടും ശത്രുസൈന്യത്തെ നേരിടും പോലെ നേരിടുകയാണ് ബിജെപി സര്‍ക്കാര്‍. തൊഴിലാളിദ്രോഹ നടപടികള്‍ വിവരണാതീതമാണ്. ഇത്തരത്തില്‍ എല്ലാ മേഖലയിലും ജനവിരുദ്ധ നയമാണ് അവര്‍ നടപ്പിലാക്കുന്നത്. 

കേരളത്തിൽ ഇടതുപക്ഷം ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ്. സംസ്ഥാനത്ത് ഇടതുപക്ഷത്തിന് നല്ല മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടോ? 

കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ ജനാധിപത്യവും മതനിരപേക്ഷതയും വികസന ക്ഷേമ ജനപക്ഷ നടപടികളും സ്വീകരിക്കണമെങ്കില്‍ ഇടതുപക്ഷമല്ലാതെ മറ്റൊരു പക്ഷമില്ലെന്നറിയാം. ഏഴരവര്‍ഷക്കാലത്തെ അനുഭവവും അതാണ് തെളിയിക്കുന്നത്. ജനകീയപ്രശ്‌നങ്ങള്‍ നോക്കിയാല്‍ യുഡിഎഫും ബിജെപിയും സ്വീകരിക്കുന്ന സമീപനമല്ല ഇടതുപക്ഷത്തിന്റെ ബദല്‍ സമീപനം. 36 അവാര്‍ഡുകള്‍ കേരളത്തിന് ലഭിച്ചത് ഇടതുപക്ഷം ഭരിക്കുന്ന ഈ കാലയിളവിലാണ്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി നല്‍കല്‍, 3.30 ലക്ഷം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കല്‍, നാല് ലക്ഷം ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ചുകൊടുക്കല്‍, രാജ്യത്ത് ഏറ്റവും കൂടുതല്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍- 62 ലക്ഷം പേര്‍ക്ക് നല്‍കുന്ന നടപടി, വിദ്യഭ്യാസം, ആരോഗ്യം, ഐടി മേഖലയുള്‍പ്പെടെ കണ്ണഞ്ചിപ്പിക്കുന്ന മുന്നേറ്റമുണ്ടാക്കിയത്. ഇതെല്ലാം ജനങ്ങളുടെ മനസിലുണ്ട്. വര്‍ഗീയകലാപങ്ങളില്ലാത്ത നാടാണ് കേരളം എന്നുള്ളതും പ്രത്യേകം ശ്രദ്ധേയമായിട്ടുള്ള കാര്യമാണ്.

താങ്കള്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി കളത്തിലിറങ്ങികഴിഞ്ഞു. കണ്ണൂര്‍ മണ്ഡലത്തില്‍ പൊതുവേ യുഡിഎഫിന് നല്ല സ്വാധീനമുണ്ട്. കണ്ണൂര്‍ തിരിച്ചുപിടിക്കാന്‍ കടുത്ത പോരാട്ടം കാഴ്ചവെക്കേണ്ടി വരില്ലേ? എം പിയെന്ന നിലയില്‍ കെ സുധാകരന്റെ പ്രവര്‍ത്തനത്തെ എങ്ങനെ വിലയിരുത്തുന്നു?

കണ്ണൂരില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം എം പി യുടെ സാന്നിധ്യമേ ഉണ്ടായിട്ടില്ല. വികസനത്തിനും ജനകീയപ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനും ഒരു എംപി കണ്ണൂരിന് വേണം. അത് കോണ്‍ഗ്രസായാല്‍ സാധിക്കില്ല. ഇടതുപക്ഷമായാല്‍ സാധിക്കും. നേരത്തേ ശ്രീമതി ടീച്ചര്‍ എം പിയായ ഘട്ടത്തില്‍ എം പി യുടെ പ്രാദേശിക വികസന നിധിയില്‍ നിന്ന് ചെലവഴിച്ചത് 98% ആണ്. ഇക്കഴിഞ്ഞ അഞ്ച് വര്‍ഷം കോണ്‍ഗ്രസ് എം പി ചെലവഴിച്ചത് 27% മാത്രമാണ്. പാര്‍ലമെന്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം ഹാജര്‍ പരിശോധിച്ചാല്‍ കേവലം 51% ആണ്. ശ്രീമതി ടീച്ചര്‍ എം പിയായിരുന്നപ്പോള്‍ അത് 85% ആണ്. പാര്‍ലമെന്റില്‍ ഹാജരാവാത്തതുകൊണ്ടുതന്നെ മണ്ഡലത്തിലെ വികസനകാര്യങ്ങളോ കേരളത്തിന്റെ പൊതുപ്രശ്‌നങ്ങളോ ജനങ്ങളുടെ പ്രശ്‌നങ്ങളോ കണ്ണൂര്‍ എം പിയ്ക്ക് ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ അതിന് മുമ്പ് ശ്രീമതി ടീച്ചര്‍ പാര്‍ലമെന്റില്‍ മിണ്ടിയിട്ടില്ല എന്ന ആക്ഷേപമേ ആര്‍ക്കും ഉന്നയിക്കാനാവില്ല. സുധാകരന്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനപ്രശ്‌നങ്ങള്‍ മിണ്ടിയില്ല. എല്‍ഡിഎഫിന്റെ പ്രതിനിധിസംഘം രണ്ടുതവണ ഡല്‍ഹിയില്‍ പോയി. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രശ്‌നം, ദേശീയപാതയുടെ പ്രശ്‌നങ്ങള്‍, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്റെ പ്രശ്‌നങ്ങള്‍ എന്നിവ നിവേദനമായി നല്‍കുന്ന സമയത്ത് അവിടേയും കണ്ണൂര്‍ എം പിയെ കാണാനായിട്ടില്ല. ഇത്തരത്തില്‍ നോക്കി കഴിഞ്ഞാല്‍ കണ്ണൂരിന്റെ സര്‍വതോന്മുഖമായ വികസനം ഇടതുപക്ഷത്തിന് മാത്രമേ സാധിക്കുകയുള്ളൂ എന്ന് ജനങ്ങള്‍ക്കറിയാം.

സുധാകരന്‍ തന്നെ ഇത്തവണയും യുഡിഎഫ് സ്ഥാനാര്‍ഥിയായി വരാനുള്ള സാധ്യതയുണ്ട്. അദ്ദേഹവുമായുള്ള ഒരു പോരാട്ടത്തെ താങ്കള്‍ എങ്ങനെയാണ് കാണുന്നത്?

സ്ഥാനാര്‍ഥി ആര് എന്നുള്ളതല്ല പ്രശ്‌നം. ഏത് നയമാണ് എന്നതാണ് പ്രശ്‌നം. ഇടതുപക്ഷം നന്മയുടെ പക്ഷത്താണ്. യുഡിഎഫ് തിന്മയുടെ പക്ഷത്തും. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തില്‍ നന്മ വിജയിക്കുക തന്നെ ചെയ്യും. കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിന്റെ സര്‍വതോന്മുഖമായ വികസനത്തിന് എല്ലാ വിധത്തിലും ജനങ്ങളോടൊപ്പം നിന്ന് ഞാന്‍ പ്രവര്‍ത്തിക്കും. അത് പത്തുവര്‍ഷത്തെ എടക്കാട് ജനപ്രതിനിധി എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെ വിലയിരുത്തുന്ന ജനങ്ങള്‍ക്കറിയാം. ഒപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന സമയത്തും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പരിഹരിക്കുന്നതിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ ജനങ്ങള്‍ക്ക് അറിവുള്ളതാണ്. അതുകൊണ്ട് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ കണ്ണൂരിന്റെ എല്ലാ മേഖലയിലുള്ള വികസനവും ഏറ്റെടുത്ത് മുന്നോട്ട് പോകാന്‍ കഴിയുക തന്നെ ചെയ്യും. അത് കഴിഞ്ഞ അഞ്ച് വര്‍ഷം നടന്നില്ല എന്നുള്ള പരാതി പരിഹരിക്കാന്‍ സാധിക്കും.

ഈ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഇരട്ടയക്ക സീറ്റാക്കി മാറ്റണമെന്നും കേരളത്തിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ യാതൊരു കുറവും വരുത്തില്ലെന്നും മോദിയുടെ ഗ്യാരണ്ടിയാണെന്നും പ്രധാനമന്ത്രി പറയുകയുണ്ടായി. അതിനോട് എങ്ങനെ പ്രതികരിക്കുന്നു? 

ബിജെപിയ്ക്ക് നിയമസഭയില്‍ ഉണ്ടായിരുന്ന ഏക അക്കമുണ്ട്. അത് ഇല്ലാതാക്കിയത് 2021-ല്‍ ഇടതുപക്ഷത്തിന്റെ അഭിമാനകരമായ വിജയത്തിലൂടെയാണ്. അതിന് മുമ്പ് ബിജെപിക്ക്   നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് കോണ്‍ഗ്രസിന്റെ വോട്ടോടുകൂടിയാണ് എന്നുള്ളത് ഒ രാജഗോപാലിന്റെ അന്നത്തെ വിജയം തെളിയിച്ചതാണ്. ഒ രാജഗോപാല്‍ വിജയിച്ചപ്പോള്‍ യുഡിഎഫിന്റെ വോട്ട് ഗണ്യമായി കുറഞ്ഞു. അതുകൊണ്ട് അക്കൗണ്ട് തുറക്കാന്‍ ബിജെപിയ്ക്ക് കഴിയില്ലെന്ന് മാത്രമല്ല അക്കൗണ്ട് ഉണ്ടായിരുന്നത് ഇടതുപക്ഷമാണ് ഓഫ് ചെയ്തത്. കോണ്‍ഗ്രസ് ജയിച്ചാല്‍ ബിജെപി ജയിച്ചതുപോലെയാണ് എന്ന തോന്നലാണ്. അത് കന്യാകുമാരിയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപിയില്‍ പോയപ്പോഴും ഝാര്‍ഖണ്ഡിലെ ഏക കോണ്‍ഗ്രസ് എം പി ബിജെപിയില്‍ പോയപ്പോഴും ഹിമാചല്‍പ്രദേശില്‍ ആറ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയ്ക്ക് വോട്ടുചെയ്തപ്പോഴും വ്യക്തമാണ്. കോണ്‍ഗ്രസ് ജയിച്ചാല്‍ ബിജെപിയ്ക്ക് ജയമുണ്ടാകും ബിജെപിയ്ക്ക് ആളെ കിട്ടി എന്ന തോന്നലാണ്. അത് ജനാധിപത്യമല്ല, പണാധിപത്യമാണ്. അത് ഇലക്ട്രല്‍ ബോണ്ടിലൂടെ കിട്ടിയ പണം കൊണ്ട് എംപിയേയും എംഎല്‍എമാരേയും വിലയ്ക്ക് വാങ്ങുന്ന ബിജെപിയുടെ ശൈലിയാണ്. അത് ജനഹിതമല്ല, പണഹിതമാണ്.

അടുത്തിടെ കെ സുധാകരന്റെ പല പരാമര്‍ശങ്ങളും വിവാദമായിട്ടുണ്ട്. താങ്കളടക്കം അത് രൂക്ഷമായി വിമര്‍ശിച്ചിട്ടുമുള്ളതാണ്. അത്തരം വിഷയങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ?

അന്നത്തെ ചര്‍ച്ചയും അന്നത്തെ നിലപാടും തുടര്‍ച്ചയായി കെപിസിസി പ്രസിഡന്റ് പറഞ്ഞത് ചര്‍ച്ചയാകുമെന്ന് മാത്രമല്ല ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് പോകുകയാണല്ലോ. അപ്പോള്‍ ഗദകാലത്തെ കോണ്‍ഗ്രസ്-ബിജെപി കൂട്ടത്തോടെയുള്ള ഒഴുക്കിന്റെ പ്രശ്‌നവും ചര്‍ച്ചയാകും. അത് തിരഞ്ഞെടുപ്പിലെ മുഖ്യ അജണ്ടയായി മാറും. അതുകൊണ്ടാണ് ഞങ്ങള്‍ പറയുന്നത് കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ ബിജെപിയ്ക്കാണ് ഗുണം ലഭിക്കുക. കോണ്‍ഗ്രസിന് ഒരു എം പി വന്നാല്‍ അത് നാളെ ബിജെപി ആകുന്ന എം പി ആയിരിക്കും. അത് തടയുക എന്നത് മതനിരപേക്ഷ, മതവിശ്വാസികളാകെ കാണേണ്ട കാര്യമാണ്. 

ടിപി വധക്കേസ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ?

അതൊന്നും തിരഞ്ഞെടുപ്പിലെ ഒരു മുഖ്യപ്രശ്‌നമല്ല.

താങ്കള്‍ എകെജിയുടെ മണ്ണില്‍ നിന്നാണല്ലോ വരുന്നത്. കണ്ണൂരിന്റെ ശബ്ദം ആദ്യമായി പാര്‍ലമെന്റില്‍ മുഴങ്ങിയത് എകെജിയിലൂടെയാണ്. അദ്ദേഹം ജനാധിപത്യ അവകാശങ്ങള്‍ക്കായി പാര്‍ലമെന്റില്‍ നടത്തിയ പോരാട്ടം ചരിത്രത്തിന്റെ ഭാഗമാണ്. താങ്കള്‍ എം പിയായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അതേ സമീപനം തന്നെ പ്രതീക്ഷിക്കാമോ?

എകെജി യെ പോലെ ഒരാള്‍ ഈ ഭൂലോകത്ത് ഇനി ഉണ്ടാവില്ല. എകെജിയ്ക്ക് പകരം എകെജി മാത്രമാണ്. എകെജിയൊക്കെ ഞങ്ങളെ പോലുള്ള എളിയ പ്രവര്‍ത്തകര്‍ക്ക് എന്നുമെന്നും വഴികാട്ടിയാണ്. എകെജിയുടെ ഒരു പ്രത്യേകത, എവിടെയൊക്കെ പ്രശ്‌നങ്ങളുണ്ടാകുന്നുവോ എവിടെയൊക്കെ ജനങ്ങള്‍ പ്രയാസപ്പെടുന്നുവോ അവിടെയെല്ലാം ജനങ്ങള്‍ക്കൊപ്പമായിരിക്കും എകെജി എന്നതാണ്. ഏതാണ്ട് അത്തരമൊരു പ്രവര്‍ത്തനശൈലി, ജനങ്ങളോടൊപ്പം നില്‍ക്കുന്ന പ്രവര്‍ത്തനശൈലി ഞങ്ങളെ പോലുള്ള കമ്യൂണിസ്റ്റുകാര്‍ സ്വീകരിച്ചുവരുന്നുണ്ട്. അത് ജനങ്ങള്‍ക്ക് വിശ്വസിക്കാവുന്നതാണ്.

താങ്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണം ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളില്‍ നിന്നുള്ള പ്രതികരണം എങ്ങനെയാണ് ? സംസ്ഥാനത്ത് ഭരണവിരുദ്ധവികാരമുണ്ടോ?

ജനങ്ങളില്‍ നിന്ന് വളരെയേറെ പ്രതീക്ഷയ്ക്ക് വക നല്‍കുന്ന പ്രതികരണമാണുള്ളത്. പലരും ഇത്തവണ ഇടതുപക്ഷം വിജയിക്കുമെന്ന് ഉറപ്പിച്ച് പറയുന്ന വിധത്തിലാണ് പ്രതികരണം. ഇന്നലെ വരെ ഇടതുപക്ഷത്തോടൊപ്പം ഉണ്ടാകാതിരുന്നവരടക്കം ഇടതുപക്ഷത്തിന്റെ കൂടെ അണിനിരക്കും വിധത്തിലാണ് കാര്യങ്ങള്‍. ഒരു ഭരണവിരുദ്ധ വികാരവും തിരഞ്ഞെടുപ്പിലില്ല എന്ന് തെളിയിക്കുന്നതാണ് ഫെബ്രുവരി 22-ന് നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ നാല് സീറ്റ് എല്‍ഡിഎഫ് വിജയിച്ചതും ബിജെപിയുടെ കയ്യിലുണ്ടായിരുന്ന മൂന്ന് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതും.