
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി വിജയൻ തിഹാർ ജയിലിൽ കിടക്കുമായിരുന്നുവെന്നും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. സിപിഎം- ബിജെപി അന്തർധാര കേരളത്തിൽ വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ ദുർഭരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണ് എം.പി ഫണ്ട് ചെലവഴിച്ചിട്ടില്ലെന്ന പച്ചക്കള്ളം സി.പി.എം പ്രചരിപ്പിക്കുന്നത്. കണ്ണൂരിൽ മാത്രല്ല എല്ലാ മണ്ഡലങ്ങളിലും ഇവർക്ക് ഇത് മാത്രമേ പറയാനുള്ളൂ. ഞാൻ സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു, എൻ്റെ ഫണ്ടിൽ നിന്ന് ഒരു രൂപ ലാപ്സായെന്ന് തെളിയിച്ചാൽ എൻ്റെ പൊതുജീവിതം ഞാൻ അവസാനിപ്പിക്കാൻ തയ്യാറാണ്. എം.പി ഫണ്ടിൽ നിന്ന് അംഗപരിമിതർക്ക് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ച ഇന്ത്യയിലെ ഏക എം.പി ഞാനാണ്.
പൗരത്വനിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയത് ഞാനാണ്. മതാടിസ്ഥാനത്തിൽ പൗരത്വം കൊടുക്കുന്ന നടപടിയെ അംഗീകരിക്കാൻ കഴിയില്ല. മുസ്ലീം വിഭാഗങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് നമ്മുടെ മതേതര കാഴ്ചപാടിന് വിരുദ്ധമാണ്. കേരളത്തിലെന്നല്ല, രാജ്യത്ത് ഇത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നതാണ് കോൺഗ്രസ് നിലപാട്. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ അദ്യം റദ്ദാക്കുന്നത് ഈ വിജ്ഞാപനം ആയിരിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും വിവിധ രാഷ്ട്രീയവിഷയങ്ങളെക്കുറിച്ചും കെ. സുധാകരൻ മാതൃഭൂമി ഡോട്ട്കോമിനോട് സംസാരിക്കുന്നു.
കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം എത്രത്തോളം നിർണായകമാണ് ഈ തിരഞ്ഞെടുപ്പ്, ഇന്ത്യ മുന്നണിക്ക് വമ്പിച്ച മുന്നേറ്റം സാധ്യമാകുമോ?
ഇന്ത്യയുടെ ഭാവിയും ഭാഗധേയവും നിർണയിക്കുന്ന തിരഞ്ഞെടുപ്പ് എന്നതിനാൽ അതീവ നിർണായകമാണിത്. ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോ എന്നുപോലും ആശങ്ക ഉയർന്നിരിക്കുന്നു. രാജ്യം ഏകാധിപത്യത്തിന്റെ വക്കിലാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സംഘപരിവാർ വർഗീയ ശക്തികൾ രാജ്യത്തിന്റെ മതേതരത്വത്തിനും ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വലിയ മുറിവുകൾ ഉണ്ടാക്കിയിട്ടുണ്ട്. മതത്തിന്റെ പേരിൽ പൗരത്വം നൽകുന്നിടത്തേക്കു വരെ കാര്യങ്ങൾ വളർന്നു. ഭാരതത്തിന്റെ ആത്മാവിനെയും മഹത്തായ പാരമ്പര്യങ്ങളെയും സംഘപരിവാർ ചവിട്ടിമെതിക്കുകയാണ്. അതിനെതിരായ പോരാട്ടമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും നടത്തുന്നത്. ഇന്ത്യ മുന്നണി ശക്തമായ കൂട്ടുകെട്ടുകളുള്ള പാർട്ടികളുടെ ഒരു മഴവില്ലാണ്. ജനാധിപത്യവും മതേതരത്വവുമാണ് മുന്നണിയുടെ കൊടിയടയാളങ്ങൾ. അതു വലിയ മുന്നേറ്റത്തിലാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.
കണ്ണൂരിലെ മത്സരത്തെ എങ്ങനെയാണ് കാണുന്നത്, എതിരാളി സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം വി ജയരാജനാണ്. ജയരാജനുമായുള്ള മത്സരത്തെ എങ്ങനെ നോക്കിക്കാണുന്നു?
തികഞ്ഞ വിജയ പ്രതീക്ഷയാണ്. സ്ഥാനാർത്ഥികളെ വിലകുറയ്ക്കുന്നില്ല. ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ സെക്രട്ടറി കൂടിയായ എംവി ജയരാജന് സർക്കാരിന്റെ ഭരണപരാജയത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നും ഒളിച്ചോടാനാകില്ല. സർക്കാരിന് നേട്ടങ്ങൾ അവകാശപ്പെടാനില്ലാത്തിനാൽ നുണ പ്രചരണത്തിനാണ് സിപിഎമ്മും അവരുടെ സംഘടനാ ബലവും ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ജനങ്ങളെ ദ്രോഹിക്കുന്ന പിണറായി സർക്കാരിനെതിരായ വിരുദ്ധ വികാരം താഴെത്തട്ടിലുണ്ട്. ജനങ്ങളെ ഇത്രയും ദ്രോഹിച്ച ഭരണം കേരളം കണ്ടിട്ടില്ല. വിലക്കയറ്റം രൂക്ഷം, സർക്കാർ സേവനങ്ങൾ കിട്ടാത്ത അവസ്ഥ, അഴിമതിയും ധൂർത്തും സ്വജനപക്ഷപാതവും. തൊഴിലില്ലായ്മയും ലഹരി വ്യാപനവും ഉയരുന്നു.സമസ്തമേഖലയിലും സർക്കാരിന്റെ ഭരണപരാജയം കാരണം ജനംനട്ടം തിരിയുന്നു. മുഖ്യമന്ത്രിയും കുടുംബവും മാസപ്പടിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം എന്നതാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നയം.
കഴിഞ്ഞ അഞ്ച് വർഷം കണ്ണൂരിൽ എം പിയുടെ സാന്നിധ്യമേ ഉണ്ടായിട്ടില്ലെന്നാണ് ജയരാജൻ പറഞ്ഞത്. വികസനങ്ങൾക്കും ജനകീയപ്രശ്‌നങ്ങൾ ഉയർത്തുന്നതിനും സാധിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
തികച്ചും അടിസ്ഥാനരഹിതമാണ്. ഞാൻ കെപിസിസി പ്രസിഡന്റായതിനെ തുടർന്ന് കേരളം മുഴുവൻ ശ്രദ്ധിക്കേണ്ടിയും യാത്രചെയ്യേണ്ടിയും വന്നു. പാർട്ടി ആസ്ഥാനം സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് എന്നെക്കുറിച്ചുള്ള പ്രധാന പരാതി ഞാൻ കൂടുതൽ സമയവും കണ്ണൂരാണ് എന്നാണ്. ഇതിനിടെ ചില ആരോഗ്യപ്രശ്‌നങ്ങളുമുണ്ടായി. ഇതൊക്കെയാണെങ്കിലും കണ്ണൂരിൽ എവിടെ എന്നെ ആവശ്യമുണ്ടായോ അവിടെയൊക്കെ ഞാൻ ഉണ്ടായിരുന്നു. എംപി ഫണ്ട് ഏറ്റവും കാര്യക്ഷമമായി അർഹതപ്പെട്ടവർക്കും അർഹിക്കുന്നിടത്തും വിനിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ അഞ്ച് വർഷം എം പിയുടെ പ്രാദേശിക വികസനനിധിയിൽ നിന്ന് ചെലവഴിച്ചത് 27% ആണ്. ശ്രീമതി ടീച്ചർ 98% ചെലവഴിച്ചു. പാർലമെന്റിൽ താങ്കളുടെ ഹാജർ 51% ആണ്. നിയമനിർമാണ ചർച്ച ഒന്ന്, ബജറ്റ് ചർച്ചയിൽ പങ്കെടുത്തിട്ടില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സുധാകരൻ എംപിയെന്ന നിലയിൽ മോശം പ്രകടനമാണെന്ന് പറയുന്നത്. ആ വിമർശനത്തിൽ കഴമ്പുണ്ടോ?
എം.പി യുടെ പ്രാദേശിക വികസനവുമായി ബന്ധപ്പെട്ട് 27 ശതമാനം ചിലവഴിച്ചു ബാക്കി ലാപ്സായിപ്പോയി എന്നത് തെറ്റായതും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. സാമാന്യ ബുദ്ധിക്ക് നിരക്കാത്ത പച്ചക്കള്ളമാണ് സി.പി.എം പ്രചരിപ്പിക്കുന്നത്.എനിക്ക് ആകെ ലഭിച്ചത് 17 കോടിയും മുൻ എം.പി പി.കെ. ശ്രീമതി ടീച്ചർ ചിലവഴിക്കാത്തതുമായ 1 . 44 കോടി ചേർത്ത് 18.44 കോടി രൂപയാണ് മൊത്തതിൽ എം.പി ഫണ്ട്. ഇതിന് വേണ്ടി ഞാൻ 21.94 കോടിയുടെ പ്രെപ്പോസൽ ഇതിനകം നൽകിയിട്ടുണ്ട്. ഇതിൽ 17. 22 കോടിയുടെ ഭരണാനുമതി കളക്ടർ പുറപ്പെടുവിച്ചിട്ടുണ്ട്. 10 കോടിക്ക് മുകളിലുള്ള പ്രവൃത്തികൾ ഇതിനകം പൂർത്തികരിച്ചിട്ടുണ്ട് . ബാക്കി പ്രവൃത്തികളുടെ പുരോഗതി അവസാനഘട്ടത്തിലാണ്.
സി.പി.എമ്മിന് പറയുവാൻ മറ്റ് വിഷയങ്ങളൊന്നുമില്ല . സംസ്ഥാന സർക്കാറിൻ്റെ ദുർഭരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണ് എം.പി ഫണ്ട് ചിലവഴിച്ചിട്ടില്ലയെന്ന പച്ചക്കള്ളം പ്രചരിപ്പിക്കുന്നത്. കണ്ണൂരിൽ മാത്രല്ല എല്ലാ മണ്ഡലങ്ങളിലും ഇവർക്ക് ഇത് മാത്രമെ പറയുവാൻ ഉള്ളു. ഞാൻ സി.പി.എമ്മിനെ വെല്ലുവിളിക്കുന്നു എൻ്റെ ഫണ്ടിൽ നിന്ന് ഒരു രൂപ ലാപ്സായി എന്ന് തെളിയിച്ചാൽ എൻ്റെ പൊതുജീവിതം ഞാൻ അവസാനിപ്പിക്കാൻ തയ്യാറാണ്. ശ്രീമതി ടീച്ചർ 98% ശതമാനം എം.പി ഫണ്ട് വിനിയോഗിച്ചിട്ടുണ്ടെങ്കിൽ എങ്ങനെയാണ് 1. 44 കോടി രൂപ എൻ്റെ ഫണ്ടിലേക്ക് വരുന്നത്.1. 44 കോടി കഴിച്ചിട്ടുള്ള ശ്രീമതി ടീച്ചറുടെ എം.പി ഫണ്ട് വിനിയോഗിക്കുവാൻ എത്ര വർഷം എടുത്ത് എന്ന കാര്യം കൂടി നിങ്ങൾ പരിശോധിക്കണം. 2014 ൽ എം.പിയായ അവരുടെ എം.പി ഫണ്ട് വിനിയോഗം അവസാനിക്കുന്നത് 2023 നവംബറോട് കൂടിയാണ്. അതിന് ശേഷമാണ് അവരുടെ വിനിയോഗിക്കാതെ ബാക്കി വന്ന 1.44 കോടി രൂപ എൻ്റെ ഫണ്ടിലേക്ക് ലയിപ്പിക്കുന്നത്.
കഴിഞ്ഞ അഞ്ച് വർഷങ്ങളിലെ ബജറ്റ് അവതരണ വേളകളിലും ബജറ്റ് ചർച്ചകളിലും സജീവമായി പങ്കെടുത്ത പാർലമെൻ്റ് അംഗമാണ് ഞാൻ. 2020 ലെ രാഷ്ട്രപതിയുടെ ബജറ്റ് പ്രസംഗത്തിന് മറുപടി പറയുവാൻ അവസരം ലഭിച്ച ഒരാളാണ് ഞാൻ.
എം പി യെന്ന നിലയിൽ കണ്ണൂരിൽ കഴിഞ്ഞ അഞ്ച് വർഷം നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങൾ എന്തെല്ലാം, ജനങ്ങളോട് പ്രധാനമായും എന്ത് പറഞ്ഞാണ് വോട്ട് ചോദിക്കുന്നത്?
കഴിഞ്ഞ 5 വർഷം 188.01 കോടി രൂപയുടെ വികസന പദ്ധതികൾ ഞാൻ കണ്ണൂരിൽ കൊണ്ടുവന്നിട്ടുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന പദ്ധതി പ്രകാരം 70 കോടി രൂപ 12 റോഡുകൾക്കായി അനുവദിച്ചത് എൻ്റെ ശ്രമഫലമാണ്. അതുപോലെ ബി.എസ്.എൻ.എൽ ടവറുകൾ സ്ഥാപിക്കാൻ 24 കോടി അനുവദിപ്പിച്ചു. മണ്ഡലത്തിലെ റെയിൽവേ വികസനത്തിനായി 34 കോടി വാങ്ങിയെടുത്തു. ഇതിന് പുറമെ കണ്ണൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിൽ സമ്മർദം ചെലുത്തി അതിൻ്റെ ഭാഗമായി കണ്ണൂരിൽ ഹജ്ജ് എമ്പാർക്കേഷൻ പോയൻ്റായി പ്രഖ്യാപിച്ചു. കണ്ണൂർ വിമാനത്താവളത്തിന് ഒരു പോയിൻ്റ് ഓഫ് കോൾ പദവി നൽകുവാൻ ഏറ്റവും കൂടുതൽ ശബ്ദിച്ചത് ഞാനാണ്. ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായി ഊർപ്പഴശ്ശിക്കാവ്, എടക്കാട് ടൗൺ, കൂളം ബസാറിൽ അണ്ടർപാസുകൾ അനുവദിച്ചത് എൻ്റെ ശ്രമഫലമായിട്ടാണ്. അതുപോലെ മുഴപ്പിലങ്ങാട് മഠം പരിസരത്ത് ഫൂട്ട് ഓവർ ബ്രിഡ്ജിനുള്ള അനുമതിയും എന്റെ സമരത്താൽ ലഭിച്ചിട്ടുണ്ട്. കോവിഡ് കാലത്തും പ്രളയ കാലത്തും സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ കാഴ്ചവെക്കുവാൻ എനിക്കും എൻറെ ഓഫീസിൽ കഴിഞ്ഞിട്ടുണ്ട്. കോവിഡ് കാലത്ത് ഒരു കോടിയുടെ ഇലക്ട്രോണിക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. എം.പി ഫണ്ടിൽ നിന്ന് അംഗപരിമിതർക്ക് വേണ്ടി ഒരു കോടി രൂപ മാറ്റിവെച്ച ഇന്ത്യയിലെ ഏക എം.പി ഞാനാണ്.
കോൺഗ്രസിൽ നിന്ന് പല നേതാക്കളും ഈയിടെ ബിജെപിയിലേക്ക് പോയല്ലോ. അത് ഇടതുപക്ഷം വലിയ തോതിൽ ചർച്ചയാക്കുന്നുണ്ട്. കോൺഗ്രസിന് ഒരു എംപി വന്നാൽ അത് നാളെ ബിജെപി എംപി ആയിരിക്കും എന്ന പ്രചരണമാണ് ഇടതുപക്ഷം നടത്തുന്ന്. താങ്കൾ ബിജെപിയിലേക്ക് പോകുമോ എന്ന ചോദ്യവും ഉയർത്തുന്നുണ്ട്.
കോൺഗ്രസിൽ നിന്ന് പോയവരെല്ലാം തന്നെ കാലഹരണപ്പെട്ടവരാണ്. ഒരാൾപോലും അവരുടെ കൂടെയില്ല. പോയവർക്ക് അവിടെ കിട്ടിയ സ്വീകരണമൊക്കെ എല്ലാവർക്കും അറിയാം. കോൺഗ്രസിൽനിന്നു പോയവരേക്കാൾ കൂടുതൽ പേർ സിപിഎമ്മിൽനിന്ന് ബിജെപിയിലെത്തിയിട്ടുണ്ട്. കോൺഗ്രസിന്റെ ആശയങ്ങൾ ഇന്ത്യയുടെ ആത്മാവുമായി അലിഞ്ഞ് ചേർന്നതാണ്. അത് തിരിച്ചറിയാനും അതിനോട് ചേർന്ന് നിൽക്കാനും കഴിയാത്തവർ കോൺഗ്രസ് വിട്ട് പോകും. ഞാൻ കറകളഞ്ഞ മതേതര ജനാധിപത്യ വിശ്വാസിയാണ്. ഞാൻ വർഗീയതയോടും കൊലപാതക രാഷ്ട്രീയത്തോടും ഇന്നുവരെ സന്ധി ചെയ്തിട്ടില്ല. ഇനിയത് ഉണ്ടാവുകയുമില്ല. എന്നെ ശാരീരികമായി തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചു പരാജയമടഞ്ഞവർ എന്നെ രാഷ്ട്രീയമായി തകർക്കാൻ അഴിച്ചുവിട്ട പ്രചാരണം മാത്രമാണിത്. എന്റെ ശൈലിക്ക് ജനം തന്ന അംഗീകരമാണ് ജനപ്രതിനിധിയെന്ന പദവി. എന്നെ അവർക്കറിയാം. അതിന് എനിക്ക് ഒരു ഇടനിലക്കാരന്റെയും സർട്ടിഫിക്കറ്റ് വേണ്ട.
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ താങ്കൾ എങ്ങനെയാണ് നോക്കി കാണുന്നത്? സി.എ.എ വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന വിമർശനമാണ് മുഖ്യമന്ത്രി ഉന്നയിക്കുന്നത്.
പൗരത്വനിയമം അറബിക്കടലിൽ എന്ന മുദ്രാവാക്യം ആദ്യം ഉയർത്തിയത് ഞാനാണ്. മതാടിസ്ഥാനത്തിൽ പൗരത്വം കൊടുക്കുന്ന നടപടിയെ അംഗീകരിക്കാൻ കഴിയില്ല. മുസ്ലീം വിഭാഗങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് നമ്മുടെ മതേതര കാഴ്ചപാടിന് വിരുദ്ധമാണ്. കേരളത്തിലെന്നല്ല, രാജ്യത്ത് ഇത് നടപ്പിലാക്കാൻ അനുവദിക്കില്ലെന്നതാണ് കോൺഗ്രസ് നിലപാട്. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ അദ്യം റദ്ദാക്കുന്നത് ഈ വിജ്ഞാപനം ആയിരിക്കും. കേരളത്തിൽ മാത്രമായി ഇതു നടപ്പാക്കാതിരിക്കാനാവില്ല എന്നതാണ് യാഥാർഥ്യം. സിപിഎം നടത്തുന്ന കള്ളപ്രചാരണം മാത്രമാണത്.
കേരളത്തിൽ നിന്ന് ഞാൻ ഉൾപ്പെടെയുള്ള എംപിമാരുടെ പാർലമെന്റ് പ്രസംഗങ്ങൾ കേൾക്കാത്തത് കൊണ്ടാണ് മുഖ്യമന്ത്രി പിച്ചുംപേയും പുലമ്പുന്നത്. സി.എ.എ പ്രക്ഷോഭവേളയിൽ ഞങ്ങൾക്കെതിരേ എടുത്ത കേസുകൾ പോലും പിൻവലിക്കാത്ത മുഖ്യമന്ത്രിയാണ് ഇപ്പോൾ കപട ന്യൂനപക്ഷ സ്നേഹം നടിക്കുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന വെറുപ്പിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കടകൾ തുറന്നാണ് രാഹുൽ ഗാന്ധി ഭാരതത്തിന്റെ തെരുവുകളിലൂടെ സഞ്ചരിച്ചത്. രാഹുൽ ഗാന്ധിക്കെതിരേ 12 സംസ്ഥാനങ്ങളിൽ 16 കേസുകളാണ് സംഘപരിവാർ പരാതിയിൽ എടുത്തിരിക്കുന്നത്. പിണറായി വിജയനെതിരേ എന്തു കേസാണുള്ളത്?
മാസപ്പടി വിവാദം, ക്ഷേമ പെൻഷൻ വൈകിയത് തുടങ്ങിയ വിഷയങ്ങൾ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമോ, ഭരണ വിരുദ്ധ വികാരമുണ്ടോ ?
മാസപ്പടിയായി കരിമണൽ കമ്പനി നല്കിയ 135 കോടിയിൽ പിവി എന്ന പിണറായി വിജയൻ 100 കോടിയോളം കൈപ്പറ്റിയെന്നാണ് കണ്ടെത്തിയത്. മകൾക്ക് കിട്ടിയത് 1.72 കോടിയും. അച്ഛനെതിരേ കേസില്ലാത്തത് യാദൃച്ഛികമാണെന്നു കരുതുന്നില്ല. അതാണ് സിപിഎം- ബിജെപി അന്തർധാര. 50 ലക്ഷം പേർക്കാണ് അഞ്ച് ഗഡു ക്ഷേമപെൻഷൻ നല്കാനുള്ളത്. 6.51 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷൻ മുടങ്ങി. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പെൻഷൻകാർ പിച്ചച്ചട്ടിയെടുത്ത് തെരുവിലിറങ്ങി. ഏറ്റവും കൂടുതൽ ജനങ്ങളുമായി ഞങ്ങൾ സംവദിക്കുന്നത് ഇത്തരം വിഷയങ്ങളാണ്.
കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നു എന്ന വിമർശനം വ്യാപകമായി ഉയരുകയാണ്. അടുത്തിടെ ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്ത ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസികളുടെ ഈ നീക്കത്തെ എങ്ങനെ കാണുന്നു?
മോദി -ബിജെപി വിരുദ്ധരെ മാത്രമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ വേട്ടയാടുന്നത്. എന്നാൽ മോദിയുടെ ഇഷ്ടകാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ല. അതിന് തെളിവാണ് കേരള മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണം. വിന്ധ്യൻ കടന്ന് ഒരന്വേഷണവും വരില്ല. അത്ര ശക്തമാണ് അവരുടെ അന്തർധാര. മോദി അധികാരത്തിൽ വന്നതിന് ശേഷം ഇഡിയെടുത്ത കേസുകളിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. അതുമാത്രം പരിശോധിച്ചാൽ മതി ഈ ഏജൻസികളെ ബിജെപി എത്രത്തോളം രാഷ്ട്രീയവത്കരിക്കുന്നുവെന്ന് മനസിലാക്കാൻ.
മാസപ്പടി വിഷയത്തിലും ഇഡി യുടെ അന്വേഷണം വരുകയാണ്. പ്രാഥമിക റിപ്പോർട്ട് ഇസിഐആർ രജിസ്റ്റർ ചെയ്തു കഴിഞ്ഞു. എങ്ങനെ കാണുന്നു ?
ഇഡി അന്വേഷണം പ്രഹസനമാണ്. തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ഫൈറ്റാണെന്ന് കാട്ടാൻ വേണ്ടിയുള്ള ഗിമ്മിക്കാണ്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ സ്വർണക്കടത്ത്,ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നു. ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി വിജയൻ തിഹാർ ജയിലിൽ കിടക്കുമായിരുന്നു. സിപിഎം- ബിജെപി അന്തർധാര കേരളത്തിൽ വളരെ ശക്തമാണ്. അതിനാലാണ് ബിജെപി അധ്യക്ഷൻ പ്രതിയായ കൊടകര കുഴൽപ്പണക്കേസ് നിലച്ചത്. റിയാസ് മൗലവിയുടെ കൊലപാതികളായ ആർഎസ്എസുകാരെ വരെ നിയമത്തിന് മുന്നിൽ നിന്ന് പിണറായി സർക്കാർ രക്ഷപ്പെടുത്തി.
കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പ് മരവിപ്പിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചെന്നാണ് പല നേതാക്കളും പറയുന്നത്. അത് താങ്കളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ ബാധിക്കുന്നുണ്ടോ?
പരാജയ ഭീതിയാണ് ബിജെപിയെ ഇതിനെല്ലാം പ്രേരിപ്പിക്കുന്നത്. മുഖ്യപ്രതിപക്ഷ കക്ഷിയായ കോൺഗ്രസിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ജനങ്ങളാണ് കോൺഗ്രസിന്റെ ശക്തി. ക്രൗഡ് ഫണ്ടിങ്ങിലൂടെ കോൺഗ്രസ് പണം കണ്ടെത്തും. ഇലക്ട്രൽ ബോണ്ട് വഴി 14,311 കോടിയുടെ അഴിമതിപ്പണമാണ് ബിജെപി ഒഴുക്കുന്നത്. ബിജെപിയുടെ അവിഹിത ധനസമ്പാദനത്തിന് നേരെ മുഖം തിരിക്കുകയാണ് ഇഡി.
എകെ ബാലൻ പറഞ്ഞത് തിരഞ്ഞെടുപ്പിൽ നിശ്ചിത വോട്ട് കിട്ടിയില്ലെങ്കിൽ സിപിഎമ്മിന് ചിഹ്നം നഷ്ടപ്പെടുമെന്നാണ്. അതിനോടനുബന്ധിച്ച് സിപിഎം ചിഹ്നം നിലനിർത്താൻ ആണ് മത്സരിക്കുന്നത് എന്ന വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. താങ്കൾക്കും അതേ അഭിപ്രായമാണോ ഉള്ളത്?
ദേശീയതലത്തിൽ സിപിഎം നിലനിൽക്കണമെന്ന് തന്നെയാണ് അഭിപ്രായം. എന്നാൽ കേരളത്തിലെ നേതാക്കളുടെ നിയന്ത്രണത്തിലും സ്വാധീനത്തിലുമുള്ള സിപിഎം നയങ്ങളും സമീപനങ്ങളും നിലപാടുകളും കൊണ്ട് സ്വയം ഇല്ലാതാകുകയാണ്. അവരുടെ പ്രസക്തി തന്നെ നഷ്ടമായി. ജനങ്ങളിൽ നിന്നും യഥാർഥ കമ്യൂണിസ്റ്റ് ആശയങ്ങളിൽനിന്ന് സിപിഎം അകന്നതിനാലാണ് അവർ ഇന്ന് മൂല്യച്യുതിയും തകർച്ചയും നേരിടുന്നത്. കേരള നേതൃത്വം അഖിലേന്ത്യാ നേതൃത്വത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ഇവരുടെ പണക്കൊഴുപ്പിലാണ് അവർ പിടിച്ചുനിൽക്കുന്നത്.
കേരളത്തിൽ യുഡിഎഫ് തരംഗം ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?
ഉറപ്പായും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഭരണം ജനം വെറുത്തു. ഇവ രണ്ടും അവർക്ക് തെല്ലും ആശ്വാസം നൽകാൻ പ്രാപ്തമല്ല. ഭരണവിരുദ്ധ വികാരമാണ് എല്ലായിടത്തും കാണാനാകുന്നത്. അത് കേരളത്തിൽ യുഡിഎഫ് തരംഗമായി മാറും. കേന്ദ്രത്തിൽ ഇന്ത്യാമുന്നണി സർക്കാർ അധികാരത്തിലേറും. കേരളത്തിൽ യുഡിഎഫ് ഇരുപതിൽ ഇരുപത് സീറ്റും നേടിയിരിക്കും.
Content Highlights: kannur lok sabha constituency udf candidate k sudhakaran interview
Published: 08 Apr 2024, 12:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented