
താരങ്ങള്‍ അണിനിരക്കുന്ന, വാശിയേറെയുള്ള അഭിമാനപ്പോരാട്ടങ്ങള്‍ക്കാണ് പശ്ചിമബംഗാള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ടം സാക്ഷ്യംവഹിക്കുക. ബഹ്‌റാംപുര്‍, കൃഷ്ണനഗര്‍, അസന്‍സോള്‍, ബര്‍ധമാന്‍ദുര്‍ഗാപ്പുര്‍, ബര്‍ധമാന്‍പൂര്‍ബ, റാണാഘട്ട്, ബീര്‍ഭൂം, ബോല്‍പുര്‍ എന്നീ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഘട്ടത്തിന്റെ വോട്ടെടുപ്പ് മേയ് 13നാണ്.
പാര്‍ലമെന്റില്‍നിന്ന് പുറത്താക്കപ്പെട്ട തൃണമൂലിലെ മഹുവ മൊയ്ത്ര വീണ്ടും മത്സരിക്കുന്ന കൃഷ്ണനഗറില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. സി.ബി.ഐ. അന്വേഷണവും പരിശോധനകളും സമാന്തരമായി നടക്കുന്നതിനിടെയാണ് മഹുവ ജനവിധി തേടുന്നത്.
പശ്ചിമബംഗാളില്‍ ഇക്കുറി തൃണമൂല്‍ കോണ്‍ഗ്രസ്-കോണ്‍ഗ്രസ് സഖ്യനീക്കം തകര്‍ത്തതും സി.പി.എം.കോണ്‍ഗ്രസ് സഖ്യം രൂപപ്പെടുത്തിയതും ഒരേയൊരാളാണ് പി.സി.സി. അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിലുള്ള കാലംമുതല്‍ തന്റെ ശത്രുവായ അധീറിനെ ബഹറാംപുരില്‍ ഇത്തവണ ഏതുനിലയ്ക്കും വീഴ്ത്തുകയെന്നത് മമതയ്ക്ക് അഭിമാനപ്രശ്‌നമാണ്. അതിനായി ദീദി കണ്ടെത്തിയത് വമ്പനടികളിലൂടെ ആരാധകരെ നേടിയ ക്രിക്കറ്റ് താരവും ലോകകപ്പ് ജയിച്ച ടീമിലെ അംഗവുമായ യൂസഫ് പഠാനെയാണ്. ഗുജറാത്തുകാരനായ പഠാന് ഇത് രാഷ്ട്രീയത്തിലെ കന്നിയങ്കമാണ്.
ലോകകപ്പ് ജേതാവായ മറ്റൊരു മുന്‍ക്രിക്കറ്റ് താരവും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട് കീര്‍ത്തി ആസാദ്. പഠാനെപ്പോലെ മറുനാട്ടുകാരനാണ് ആസാദും ബിഹാറി. ബി.ജെ.പി.യിലും കോണ്‍ഗ്രസിലും പയറ്റിയ ശേഷം തൃണമൂലില്‍ എത്തിയിട്ടുള്ള അദ്ദേഹം ബര്‍ധമാന്‍-ദുര്‍ഗാപ്പുരില്‍ ഏറ്റുമുട്ടുന്നത് ബി.ജെ.പി.യിലെ കരുത്തനായ ദിലീപ് ഘോഷിനോടാണ്. അവസാനനിമിഷത്തില്‍ പാര്‍ട്ടി നിര്‍ദേശപ്രകാരം തന്റെ സിറ്റിങ് മണ്ഡലമായ മേദിനിപ്പുര്‍ വിട്ടുകൊടുത്തുകൊണ്ടാണ് ദേശീയ ഉപാധ്യക്ഷനും മുന്‍സംസ്ഥാനാധ്യക്ഷനുമായ ഘോഷ് ബര്‍ധമാന്‍-ദുര്‍ഗാപ്പുരിലേക്കു മാറിയത്. ബി.ജെ.പി.യുടെ സിറ്റിങ് മണ്ഡലമാണിത്.
ബി.ജെ.പി.യില്‍നിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ തൃണമൂല്‍ തിരിച്ചുപിടിച്ച അസന്‍സോള്‍ മണ്ഡലത്തില്‍ സിറ്റിങ് എം.പി.യും സൂപ്പര്‍താരവുമായ ശത്രുഘന്‍ സിന്‍ഹയെത്തന്നെയാണ് തൃണമൂല്‍ ഇത്തവണയും ഇറക്കുന്നത്. കീര്‍ത്തി ആസാദിനെപ്പോലെ കോണ്‍ഗ്രസും ബി.ജെ.പി.യുമൊക്കെ പരീക്ഷിച്ചാണ് 'ബിഹാറി ബാബു'വും തൃണമൂലിലെത്തിനില്‍ക്കുന്നത്. അസന്‍സോളില്‍ ജനിച്ചുവളര്‍ന്ന മുതിര്‍ന്ന നേതാവും രണ്ടുവട്ടം എം.പി.യും കേന്ദ്രമന്ത്രിയുമായ എസ്.എസ്. അലുവാലിയയെയാണ് ബി.ജെ.പി. ശത്രുഘനെതിരേ കൊണ്ടുവന്നിട്ടുള്ളത്.
പവന്‍ സിങ് പിന്മാറിയതിനാലാണ് അവസാനനിമിഷം അലുവാലിയയെ തീരുമാനിച്ചത്. ബീര്‍ഭൂം മണ്ഡലത്തിലും ബി.ജെ.പി.ക്ക് പകരക്കാരനെ കണ്ടെത്തേണ്ടിവന്നു. ഐ.പി.എസില്‍നിന്ന് രാജിവെച്ച് മത്സരിക്കാനിറങ്ങിയ ദേബാശിഷ് ധറിന്റെ പത്രിക തള്ളിയതിനെത്തുടര്‍ന്ന് ഡമ്മി സ്ഥാനാര്‍ഥി ദേബ്തനു ഭട്ടാചാര്യ സ്ഥാനാര്‍ഥിയായി. ബംഗാളിസിനിമയിലെ പ്രമുഖനടി ശതാബ്ദി റോയിയാണ് ഇവിടെ തൃണമൂല്‍ സ്ഥാനാര്‍ഥി.
സി.പി.എം. നേതാക്കളായ എസ്.എം. സാദി (കൃഷ്ണനഗര്‍), ജഹനാരാ ഖാന്‍ (അസന്‍സോള്‍), ശ്യാമളി പ്രധാന്‍ (ബോല്‍പുര്‍) എന്നിവരാണ് പ്രധാന കോണ്‍ഗ്രസ്‌സി.പി.എം. സഖ്യ സ്ഥാനാര്‍ഥികള്‍. അസന്‍സോള്‍ദുര്‍ഗാപ്പുര്‍ മേഖലയില്‍ ഹിന്ദിക്കാരുടെയും റാണാഘട്ടില്‍ മതുവവിഭാഗക്കാരുടെയും വോട്ടുകള്‍ നിര്‍ണായകഘടകമാണ്.
Content Highlights: west bengal mahua moitra adhir ranjan and dilip ghosh among fourth phase polling
Published: 09 May 2024, 10:29 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented