
ആലിപ്പുര്‍ദ്വാര്‍: ഭൂട്ടാനുമായി അന്താരാഷ്ട്ര അതിര്‍ത്തിയും അസമുമായി സംസ്ഥാന അതിര്‍ത്തിയുമുള്ള ലോക്സഭാ മണ്ഡലമാണ് ആലിപ്പുര്‍ദ്വാര്‍. ഈ അത്യുത്തര ബംഗാളില്‍ ഇക്കുറി സ്ഥാനാര്‍ഥികളെ മാറ്റി പരീക്ഷിക്കുകയാണ് ബി.ജെ.പി.യും തൃണമൂലും. ബി.ജെ.പി. ചീഫ് വിപ്പ് കൂടിയായ മനോജ് ടിഗ്ഗയും തൃണമൂലിന്റെ രാജ്യസഭാംഗമായ പ്രകാശ് ചിക് ബരായ്കും തമ്മിലുള്ള മത്സരം ഇതിനകം സംസ്ഥാനതലത്തില്‍ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.
രണ്ടരലക്ഷത്തിനുമേല്‍ വോട്ടുകളുടെ ഭൂരിപക്ഷം നേടി ബി.ജെ.പി. കഴിഞ്ഞതവണ ജയിച്ച മണ്ഡലമാണിത്. ജയിച്ചുവന്ന ജോണ്‍ ബാര്‍ള ന്യൂനപക്ഷക്ഷേമവകുപ്പ് മന്ത്രിയുമായി. പക്ഷേ, കാര്യമായ ഒരു വികസനവും നടന്നില്ലെന്ന വിമര്‍ശനം ശക്തമാണ്. എതിര്‍വികാരം മണത്ത ബി.ജെ.പി. ബാര്‍ളയെ ഇത്തവണ നിര്‍ത്തിയില്ല. പകരം കൂടുതല്‍ ഊര്‍ജ്ജസ്വലനായ മനോജ് ടിഗ്ഗയെ ഇറക്കി.
ടിക്കറ്റ് കിട്ടാതായ ബാര്‍ള, ടിക്കറ്റ് കിട്ടിയ ടിഗ്ഗയ്‌ക്കെതിരേ തിരിഞ്ഞു. ടിഗ്ഗയ്ക്ക് പെട്രോള്‍പമ്പുണ്ടെന്നും ബിനാമി നിക്ഷേപമുണ്ടെന്നും പരസ്യമായി കുറ്റപ്പെടുത്തി. ഈ വീഡിയോകള്‍ തൃണമൂല്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബി.ജെ.പി. കേന്ദ്രനേതൃത്വം കടുത്തശാസന നല്‍കിയതില്‍പ്പിന്നെയാണ് ബാര്‍ള ഒടുവില്‍ ടിഗ്ഗയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഈ മേഖലയില്‍ തൃണമൂല്‍ നേടിയ വിജയത്തിന്റെ ശില്പി എന്ന നിലയിലാണ് പ്രകാശിനെ ദീദി രാജ്യസഭാംഗമാക്കിയതും ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കന്നിയവസരം നല്‍കിയതും. ചായത്തോട്ടത്തിലെ തൊഴിലാളികളുടെ മകനും ന്യൂലാന്‍ഡ് എസ്റ്റേറ്റ് ഓഫീസ് ജീവനക്കാരനുമാണ് പ്രകാശ്. മനോജ് ടിഗ്ഗ സ്‌കൂള്‍ അധ്യാപകനും.
ചായത്തോട്ടങ്ങളിലെ തൊഴിലാളികളാണ് ഇവിടെ വിജയിയെ തീരുമാനിക്കുക. അവര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ ചെയ്യുന്ന ക്ഷേമപ്രവര്‍ത്തനങ്ങളാണ് തൃണമൂല്‍ മുന്നോട്ടുവെക്കുന്നത്. മാദാരിഹട്ട് നിയമസഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കണ്ടപ്പോള്‍ പ്രകാശ് ചിക് ബരായ്ക് ദീദിയുടെ സേവനപ്രവൃത്തികള്‍ നിരത്തി.
''ചായത്തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് ഭൂവുടമസ്ഥത നല്‍കുന്ന പട്ടയം നല്‍കി. വേറൊരു സര്‍ക്കാരും ചെയ്യാത്ത നടപടി. ഇതിനായി നിയമഭേദഗതി കൊണ്ടുവന്നു. ഓരോ കുടുംബത്തിനും വീടുവെക്കാന്‍ 1.20 ലക്ഷം രൂപ സഹായം. കൂടാതെ സൗജന്യ റേഷനും. ലക്ഷ്മിഭണ്ഡാര്‍ പ്രകാരം ആദിവാസി സ്ത്രീകള്‍ക്ക് കിട്ടിയിരുന്ന 1000 രൂപ 1200 ആക്കിയിട്ടുമുണ്ട്.''
പട്ടയപ്രകാരം ഭൂമി വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പറ്റില്ലെന്ന ബി.ജെ.പി. വിമര്‍ശനം ചൂണ്ടിക്കാണിച്ചപ്പോള്‍ അസമിലും ത്രിപുരയിലും ചായത്തോട്ടങ്ങളില്‍ ഒരു ക്ഷേമപ്രവര്‍ത്തനവും എന്തുകൊണ്ടാണ് ബി.ജെ.പി.ക്ക് പറയാനില്ലാത്തത് എന്നായിരുന്നു മറുചോദ്യം. ''നിലവിലെ എം.പി.യുടെ നിഷ്‌ക്രിയത്വവും ഞങ്ങള്‍ വിഷയമാക്കുന്നുണ്ട്. അഞ്ചുവര്‍ഷംകൊണ്ട് 25 കോടിയുടെ വികസനം വരുത്താമായിരുന്നു. പക്ഷേ, ഒരു ബ്‌ളോക്കില്‍പ്പോലും ഒന്നും ചെയ്തിട്ടില്ല. ജനരോഷം ഭയന്നാണ് സ്ഥാനാര്‍ഥിയെ മാറ്റിയത്'' -പ്രകാശ് കൂട്ടിച്ചേര്‍ത്തു.
ചായത്തോട്ടങ്ങളില്‍ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍പദ്ധതി പ്രകാരമുള്ളതാണെന്നാണ് മനോജ് ടിഗ്ഗയുടെ വാദം. ''ഉള്ള റേഷന്‍കൂടി ഇല്ലാതാക്കുകയായിരുന്നു ദീദി. ഗരീബ് കല്യാണ്‍ അന്നയോജന പ്രകാരം മോദിജിയാണ് സൗജന്യറേഷന്‍ വീണ്ടും നല്‍കിത്തുടങ്ങിയത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ പണമെടുത്താണ് വീടുപണിക്ക് സഹായം കൊടുക്കുന്നത്. അതുകൊണ്ടാണ് കൃത്യം 1.20 ലക്ഷം എന്ന കണക്കുവരുന്നത്'' -ഭൂട്ടാന്‍ അതിര്‍ത്തിക്കടുത്ത ജയ്ഗാവില്‍ രാജ്‌നാഥ് സിങ്ങിന്റെ യോഗവേദിക്കരികില്‍നിന്ന് ടിഗ്ഗ പറഞ്ഞു.
Content Highlights: west bengal lok sabha election 2024 alipurduar
Published: 16 Apr 2024, 05:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented