കൊല്‍ക്കത്ത: ബി.ജെ.പി കൊല്‍ക്കത്ത നോര്‍ത്ത് സ്ഥാനാര്‍ഥി തപസ് റെയുമായി വേദി പങ്കിടുകയും സ്ഥാനാര്‍ഥിയെ പുകഴ്ത്തുകയും ചെയ്തതിന് പിന്നാലെ തൃണമൂല്‍ പശ്ചിമ ബംഗാള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷിനെ പാര്‍ട്ടി സ്ഥാനത്തു നീക്കി. പാര്‍ട്ടിക്ക് നിലപാടിന് അനുയോജ്യമല്ലാത്ത രീതിയില്‍ പ്രസ്താവന നടത്തിയതിനാണ് പുറത്താക്കല്‍. 

To advertise here,

കുനാല്‍ ഘോഷ് ബി.ജെ.പി സ്ഥാനാര്‍ഥി തപസ് റെ പങ്കെടുത്ത രക്തദാന പരിപാടിയില്‍ വേദി പങ്കിടുകയും അദ്ദേഹത്തെ പുകഴ്ത്തി സംസാരിക്കുകയുമായിരുന്നു. തപസ് റെ മികച്ച നേതാവാണെന്നും അദ്ദേഹത്തിന്റ വാതിലുകള്‍ പാര്‍ട്ടി പ്രവര്‍ത്തര്‍ക്കും ബംഗാളിലെ ജനങ്ങള്‍ക്കുമായി എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നുമായിരുന്നു കുനാല്‍ ഘോഷിന്റെ പ്രസ്താവന.

തനിക്ക് വര്‍ഷങ്ങളായി അറിയാവുന്ന നേതാവാണെന്നും നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ രണ്ടുപേരുടേയും പ്രവര്‍ത്തന മേഖല വ്യത്യസ്ഥമാണെന്നും കുനാല്‍ ഘോഷ് പറഞ്ഞു. മാത്രമല്ല സ്വതന്ത്രവും നീതിയുക്തവുമായി വോട്ട് ചെയ്യാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും കുനാല്‍ ഘോഷ് പറഞ്ഞിരുന്നു. ഇതോടെയാണ് പര്‍ട്ടി നടപടിയുണ്ടായത്. 

തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ എം.പി ഡെറിക് ഒബ്രിയാന്‍ ഒപ്പിട്ട തൃണമൂലിന്റെ ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് കുനാലിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത് അറിയിച്ചത്. പാര്‍ട്ടിയുടെ ഔദ്യോഗിക വക്താവ് സ്ഥാനം നേരത്തെ കുനാല്‍ ഒഴിഞ്ഞിരുന്നു. കുനാലിന്റേത് വ്യക്തിപരമായി അഭിപ്രായമാണെന്നും പാര്‍ട്ടി നിലപാടായി കാണരുതെന്നും വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടു്ണ്ട്.