
കൊൽക്കത്ത: പശ്ചിമബംഗാളിൽ പൊതുതിരഞ്ഞെടുപ്പ് റാലികളിലും പ്രചാരണരംഗത്തും ഏറെ ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു സന്ദേശ് ഖാലി ലൈംഗികാതിക്രമണ പരാതി. തൃണമൂൽ കോൺഗ്രസ് നേതാവിനെതിരേ സന്ദേശ് ഖാലിയിലെ നിരവധി സ്ത്രീകൾ ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയത് പാർട്ടിക്ക് വൻതിരിച്ചടിയായിരുന്നു. എന്നാൽ സന്ദേശ് ഖാലിയിലെ പരാതികളൊക്കെ വ്യാജമായിരുന്നുവെന്ന ബി.ജെ.പി. നേതാവിന്റെ വീഡിയോ പുറത്തുവന്നത് ബിജെപിക്ക് തിരിച്ചടിയായി.
സന്ദേശ്ഖാലിയില്‍ നടന്നതെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പറയുന്ന ബി.ജെ.പി. നേതാവിന്റെ വീഡിയോയാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്. ബി.ജെ.പിയുടെ സന്ദേശ്ഖാലി-2 മണ്ഡലം അധ്യക്ഷന്‍ ഗംഗാധര്‍ കോയലിന്റെ 32 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒളിക്യാമറ വീഡിയോ ആണ് ഇത്. ബംഗാളിലെ ബി.ജെ.പി. നേതാവ് സുവേന്ദു അധികാരിയാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്നും ഗംഗാധര്‍ കോയല്‍ വീഡിയോയില്‍ പറയുന്നു. എന്നാൽ വീഡിയോ വ്യാജമാണെന്നും ശബ്ദം എഡിറ്റ് ചെയ്ത് നിർമ്മിച്ചതാണെന്നും വ്യക്തമാക്കി ഗംഗാധര്‍ കോയൽ തന്നെ രംഗത്തെത്തി.
പുറത്തുവന്ന വീഡിയോ എ.ഐ. ഉപയോഗിച്ച് നിർമ്മിച്ചതാണ്. മുഖഭാവവും ശബ്ദവും ചേർത്ത് എ.ഐ. ഉപയോഗിച്ച് കൃത്രിമമായാണ് വീഡിയോ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് ഗംഗാദർ കോയൽ പറയുന്നത്. വീഡിയോ പുറത്തുവന്ന സംഭവത്തിൽ സി.ബി.ഐ. അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സന്ദേശ് ഖാലി സംഭവം ബംഗാളില്‍ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രചാരണായുധമാക്കി ബിജെപി രംഗത്തെത്തുന്നതിനിടെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു വീഡിയോ പുറത്തുവന്നത്.
'സന്ദേശ് ഖാലിയിലെ സംഭവത്തിന് പിന്നാലെ രാജ്യം മുഴുവൻ ദേഷ്യത്തിലാണ്. ബംഗാളിലെ സ്ത്രീകളുടെ അവസ്ഥയോർത്ത് രാജാ റാം മോഹൻ റോയിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകും'- എന്നായിരുന്നു പ്രധാനമന്ത്രി സംഭവത്തെക്കുറിച്ച് നേരത്തെ പറഞ്ഞത്. ആരോപണവിധേയനായ നേതാവിനെ തൃണമൂൽ കോൺഗ്രസ് സംരക്ഷിക്കുകയായിരുന്നുവെന്നും മമതയ്ക്ക് നാണമില്ലേ എന്നും പ്രധാനമന്തി ചോദിച്ചിരുന്നു. ഇന്ത്യ മുന്നണിക്കെതിരേയും സന്ദേശ് ഖാലി വിഷയത്തിൽ മോദി രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. ഗാന്ധിയുടെ മൂന്ന് കുരങ്ങന്മാരെ പോലെ ഇന്ത്യാ മുന്നണിയിലെ നേതാക്കൾ കണ്ണും ചെവിയും വായും പൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
സന്ദേശ് ഖാലി വിഷയത്തിൽ തൃണമൂൽ കോൺഗ്രസിനെതിരേ ഗവർണർ സി.വി. ആനന്ദ് ബോസും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിനെതിരേ ലൈംഗികാതിക്രമ പരാതിയുമായി രാജ്ഭവനിലെ താത്കാലിക ജീവനക്കാരി രംഗത്തെത്തിയതും ബിജെപിക്ക് തിരിച്ചടിയായി.
സന്ദേശ് ഖാലി സംഭവം ബിജെപിയുടെ തിരക്കഥയാണ്. ഇപ്പോൾ സത്യം വെളിച്ചത്തുവന്നിരിക്കുന്നു. ഞാൻ ഇക്കാര്യം ഏറെ മുമ്പ് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു- എന്നായിരുന്നു മമത പുറത്തു വന്ന വീഡിയോയെക്കുറിച്ച് പ്രതികരിച്ചത്.
എന്നാൽ തിരഞ്ഞെടുപ്പിൽ തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള ആരോപണങ്ങളാണ് തൃണമൂലിന്റേതെന്നാണ് ബി.ജെ.പിയുടെ വാദം.
Content Highlights: Sandeshkhali sting explodes in middle of polls
Published: 05 May 2024, 11:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented