
കടുവകളുടെ ക്ഷേമത്തിനായി സ്വന്തം ഗ്രാമങ്ങള്‍ കുടിയൊഴിഞ്ഞുകൊടുത്തു അവര്‍. എങ്കിലും ജനിച്ചുവളര്‍ന്ന മണ്ണിലേക്ക് ഭൂട്ടിയ ബസ്തിയിലെയും ഗാംഗുടിയ ബസ്തിയിലെയും താമസക്കാര്‍ക്ക് ഒരു വരവുകൂടി വരേണ്ടിവരും. പഴയ ബൂത്തില്‍ അവസാനമായി ഒരു വോട്ടുകൂടിചെയ്യാന്‍. അതുകഴിഞ്ഞാല്‍പ്പിന്നെ ആ ഗ്രാമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാകും. ആ പോളിങ് ബൂത്തുകളും.
ആലിപ്പുര്‍ദ്വാര്‍ ലോക്സഭാമണ്ഡലത്തില്‍പ്പെടുന്ന ബക്‌സാ കടുവസങ്കേതത്തിന്റെ പുനരുജ്ജീവനത്തിനുവേണ്ടി കിണഞ്ഞുശ്രമിക്കുകയാണ് വനംവകുപ്പധികൃതര്‍. പേര് കടുവസങ്കേതമെന്നാണെങ്കിലും കടുവകളുടെ എണ്ണം തുലോം പരിമിതം. കടുവകളുടെ പ്രധാന ഇരകളായ മാനുകള്‍ക്കും മറ്റും കൂടുതല്‍ വളരാനുള്ള അന്തരീക്ഷമൊരുക്കി കടുവകളെ ആകര്‍ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കടുവസങ്കേതത്തിന്റെ കരുതല്‍മേഖലയില്‍നിന്ന് മനുഷ്യവാസം പരമാവധി ഒഴിവാക്കുന്നത്. അങ്ങനെ ഭൂട്ടിയ ബസ്തിയിലെ 51 കുടുംബങ്ങളും ഗാംഗുടിയ ബസ്തിയിലെ 191 കുടുംബങ്ങളും പറിച്ചുനടപ്പെട്ടു. തങ്ങളുടെ ഗ്രാമങ്ങളില്‍നിന്ന് 20 കിലോമീറ്റര്‍ ദൂരെയുള്ള കാല്‍ച്ചീനി ബ്‌ളോക്കിലെ ഭാട്പാഡാ തേയിലത്തോട്ടത്തിനുള്ളില്‍ സര്‍ക്കാര്‍ അനുവദിച്ച സ്ഥലത്ത് പുതിയ പാര്‍പ്പിടങ്ങള്‍ ഒരുക്കുകയാണ് അവര്‍. പക്ഷേ, ഫെബ്രുവരിയില്‍മാത്രം പുതിയഭൂമിയിലേക്കുമാറിയ അവര്‍ക്കായി അവിടെ പോളിങ് ബൂത്ത് സജ്ജമാക്കാന്‍ അധികൃതര്‍ക്ക് സാവകാശംകിട്ടിയില്ല. അതുകൊണ്ടാണ് വിട്ടുപോന്ന മണ്ണിലേക്ക് സമ്മതിദാനാവകാശം രേഖപ്പടുത്താന്‍ ഒരിക്കല്‍ക്കൂടി മടങ്ങേണ്ടിവരുന്നത്.
ആലിപ്പുര്‍ദ്വാര്‍ പട്ടണത്തില്‍നിന്ന് ഒരുമണിക്കൂറിലേറെ യാത്രയുണ്ട് കാല്‍ച്ചീനിയിലേക്ക്. ആ ചെറുപട്ടണത്തില്‍ വരുന്ന ഭാട്പാഡാ തേയിലത്തോട്ടത്തില്‍ തങ്ങളുടെ പുതിയ ആകാശവും പുതിയ ഭൂമിയുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്ന മനുഷ്യരെയാണ് കാണാന്‍ സാധിച്ചത്. മൂന്നുതലമുറയായി കഴിഞ്ഞുപോന്ന ഗ്രാമങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറായതിനുപകരമായി പ്രായപൂര്‍ത്തിയായ ഓരോരുത്തര്‍ക്കും എട്ട് ഡെസിമല്‍വീതം സ്ഥലം ഇവിടെ പതിച്ചുനല്‍കിയിട്ടുണ്ട്. 'ബൊന്‍ഛായാ ബസ്തി' എന്നാണ് പുതിയ ഇടത്തിന്റെ പേര്. മുഖ്യമന്ത്രി മമതാബാനര്‍ജി നല്‍കിയ പേരാണത്. പാര്‍പ്പിടങ്ങളുടെ പണി തകൃതിയായി നടക്കുന്നു. അധികവും ടിന്‍ ഷീറ്റുകള്‍കൊണ്ട് ചുവരും മേല്‍ക്കൂരയും തീര്‍ക്കുന്നവയാണ്. അല്പംകൂടി സാമ്പത്തികസ്ഥിതിയുള്ളവര്‍ ഇഷ്ടികയും സിമന്റും കൊണ്ടുള്ള മെച്ചപ്പെട്ട വീടുകള്‍ തീര്‍ക്കുന്നു.
''എല്ലാം ഒന്നേന്ന് തുടങ്ങണം ഇനി ഞങ്ങള്‍'' -ഭൂട്ടിയ ബസ്തിക്കാരായ കാമി മംഗറും ബുധിമായ മാജിയും പറയുന്നു. ജനിച്ചഗ്രാമം വിട്ടുവന്നതില്‍ സമ്മിശ്രവികാരമാണിവര്‍ക്ക്. ഭൂട്ടിയ ബസ്തിക്കാര്‍ക്ക് എല്ലാ ആവശ്യങ്ങള്‍ക്കും ജയന്തിനദി കടന്നുവേണം തൊട്ടടുത്ത പട്ടണത്തിലെത്താന്‍. മഴക്കാലത്ത് മൂന്നുമാസം നിറഞ്ഞൊഴുകുന്ന നദി കുറുകെ കടക്കാന്‍ കഴിയാതെ ഒറ്റപ്പെട്ടുപോകാറുണ്ട്. ചില വര്‍ഷങ്ങളില്‍ ഗ്രാമത്തിലേക്കും നദീജലം ഇരച്ചെത്തും. വന്യമൃഗങ്ങളുടെ ശല്യവും പതിവാണ്. ആനകളിറങ്ങി വിള നശിപ്പിക്കും. പുള്ളിപ്പുലികള്‍ കന്നുകാലികളെ കൊല്ലും. ''അവിടെ ഞങ്ങള്‍ കന്നുകാലികളെ കൊണ്ടുനടന്ന് മേയ്ക്കാറില്ല. തുറന്നുവിടുകയേ ഉള്ളൂ. വൈകീട്ട് തിരിച്ചുവരുമ്പോ ചിലപ്പോള്‍ എണ്ണം കുറവായിരിക്കും. പുലി പിടിച്ചുകാണും ചിലതിനെ. ആ നഷ്ടം സഹിക്കുകയേ മാര്‍ഗമുള്ളൂ'' -ഗാംഗുട്ടിയ ബസ്തിയിലെ അശോക് ലാമ പറഞ്ഞു.
പുതിയസ്ഥലത്ത് പഴയഗ്രാമങ്ങളിലെപ്പോലെ മേച്ചില്‍സ്ഥലങ്ങള്‍ ഇല്ലാത്തതിനാല്‍ കന്നുകാലികളെ തത്കാലം കൊണ്ടുവന്നിട്ടില്ല. പലരും കുറെയെണ്ണത്തിനെ വിറ്റൊഴിവാക്കി. ബാക്കിയുള്ളവയെ നദിക്കക്കരെയുള്ള ചില ബന്ധുവീടുകളിലാക്കി. കുട്ടികളും തത്കാലം ബന്ധുക്കളോടൊപ്പമാണ്. ''പഴയസ്ഥലത്ത് ധാരാളം കൃഷിയുണ്ടായിരുന്നു. ചോളവും കടുകും വഴുതനയും മറ്റും. കുറെ കമുകും ഉണ്ടായിരുന്നു. ഈ ചെറിയസ്ഥലത്ത് ഇനി കൃഷിയൊന്നും പറ്റില്ല. പുതിയതൊഴില്‍ കണ്ടുപിടിക്കണം'' -മറ്റൊരു താമസക്കാരനായ അജയ് ലാമ പറയുന്നു. പല ബന്ധുക്കളും കുടിയേറ്റത്തൊഴിലാളികളായി മറ്റുസംസ്ഥാനങ്ങളില്‍ പോയിട്ടുണ്ട്. ആ വഴിതന്നെ പിന്തുടരേണ്ടിവരുമെന്നാണ് അജയ്യും കൂട്ടരും കരുതുന്നത്. ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും കൂടുതല്‍ മെച്ചമുണ്ടാകുമെന്നതാണ് അല്പം ആശ്വാസം. ''നെഞ്ചൊപ്പംവരെ വെള്ളംനീന്തിയാണ് കുട്ടികള്‍ സ്‌കൂളില്‍പോയിരുന്നത്. ആ ബുദ്ധിമുട്ട് ഒഴിവാകും'' -അജയ് പറയുന്നു.
കാട്ടില്‍ 15 കിലോമീറ്ററോളം വ്യത്യാസത്തില്‍ കഴിഞ്ഞിരുന്നവരാണ് രണ്ടു ബസ്തികളിലെയും ജനങ്ങളെങ്കിലും ബൊന്‍ഛായയില്‍ അവര്‍ പുതിയ അയല്‍ക്കാരായി മാറിക്കഴിഞ്ഞു. ഭൂട്ടിയ ബസ്തിക്കാരുടെ വീടുകളിലേക്ക് ഇനിയും ജലവിതരണത്തിന് സംവിധാനമായിട്ടില്ല. ഗാംഗുട്ടിയക്കാരുടെ താമസസ്ഥലത്ത് പമ്പും വെള്ളവുമുണ്ട്. അവിടെനിന്ന് ഭൂട്ടിയക്കാര്‍ക്ക് ഹോസ് ഇട്ട് വെള്ളമെത്തിക്കുന്നു.
തലമുറകളായി താമസിച്ച സ്ഥലം വിട്ടുപോരുമ്പോള്‍ ദുഃഖം തോന്നിയോ എന്നചോദ്യത്തിന് അശോക് ലാമയുടെ മറുപടി ഇങ്ങനെ: ''കുറച്ച് വിഷമം തോന്നാതിരിക്കില്ലല്ലോ. അച്ഛനമ്മമാരെയൊക്കെ അടക്കിയത് അവിടെയല്ലേ. പക്ഷേ, മാറാതെ നിവൃത്തിയില്ലതാനും''.
വീണ്ടും ഒരിക്കല്‍ക്കൂടി പിറന്ന മണ്ണ് കാണാന്‍ അശോകിനും കൂട്ടര്‍ക്കും അവസരമുണ്ട്. ഏപ്രില്‍ 19-ന് തിരഞ്ഞെടുപ്പുകമ്മിഷന്‍ ഏര്‍പ്പാടാക്കുന്ന പ്രത്യേക ബസുകളില്‍ അവര്‍ വീണ്ടും കാട്ടിലെത്തും. കുമാര്‍ഗ്രാം ബ്‌ളോക്കില്‍പ്പെടുന്ന പഴയ പോളിങ് ബൂത്തുകളില്‍ അവസാനമായി വോട്ടിടാന്‍
Content Highlights: alipurduars lok sabha constituency lok sabha election 2024
Published: 17 Apr 2024, 05:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented