
ബഹ്‌റാംപുർ: ‘ആരൊരാളെൻ കുതിരയെ കെട്ടുവാൻ’ എന്ന വയലാർക്കവിതയിലെ ചോദ്യവുമായാണ് അധീർ രഞ്ജൻ ചൗധരി ഇത്തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പിനിറങ്ങുന്നത്. കാൽനൂറ്റാണ്ടായി കേന്ദ്രത്തിലും സംസ്ഥാനത്തും സർക്കാരുകളും രാഷ്ട്രീയസാഹചര്യങ്ങളും മാറിവന്നെങ്കിലും ബഹ്‌റാംപുർ മണ്ഡലത്തിൽ കോൺഗ്രസിലെ ഈ അതികായന്റെ അശ്വമേധം തടയാൻ ആർക്കുമായിട്ടില്ല.
മുർഷിദാബാദ് ജില്ലയുടെ ആസ്ഥാനമായ ബെഹ്‌റാംപുരിലെ ജില്ലാ കോൺഗ്രസ് ഓഫീസിലെത്തുമ്പോഴേ അനുഭവിച്ചറിയാം പ്രവർത്തകർക്കിടയിലെ അധീർ ആരാധന. ചുമരിൽ പലകമ്മിറ്റികളും ഉപഹാരമായി നൽകിയ അധീറിന്റെ വിവിധ പോസിലുള്ള ചിത്രങ്ങൾ. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 125-ാം വാർഷികം പ്രമാണിച്ച് 2010-ൽ അധീർ ജില്ലയിലാകെ സൈക്കിൾ പര്യടനം നടത്തിയിരുന്നു. ആ സൈക്കിൾ ഓഫീസിലെ പ്രധാന പ്രദർശനവസ്തുവാണ്.
അധീറിനെ തളയ്ക്കാൻ പ്രശസ്ത ക്രിക്കറ്റ് താരം യൂസഫ് പഠാനെയാണ് തൃണമൂൽ ഇക്കുറി ഇറക്കിയിരിക്കുന്നത്. ‘പഠാന്റെ വരവ് ആശങ്കയുണ്ടാക്കുന്നുണ്ടോ?’ ഹാട്ടിനഗർ പഞ്ചായത്തിലെ പാർട്ടി അധ്യക്ഷനായ അരൂപ് മജുംദാർ പറഞ്ഞു.: ‘‘ദീദി നേരിട്ടു വന്നാൽപ്പോലും രക്ഷയില്ല. പിന്നല്ലേ പഠാൻ?.’’ ബഹ്‌റാംപുർ നിയമസഭാമണ്ഡലം ഇപ്പോൾ ബി.ജെ.പി.ക്കൊപ്പമാണ്. ‘ബഹ്‌റാംപുരിലെ പ്രമുഖ സർജനായ ഡോ. നിർമൽ കുമാർ സാഹയെയാണ് ബി.ജെ.പി. സ്ഥാനാർഥി. ബി.ജെ.പി. പിടിക്കുന്ന വോട്ടുകൾ നിർണായകമായേക്കാം.
ഒരുമണികഴിഞ്ഞപ്പോൾ അധീർ എത്തി. വിശ്രമിക്കാൻ സമയമില്ല. പ്രാദേശിക ഘടകങ്ങളുടെ നേതാക്കൾ കാത്തിരിക്കുകയാണ്. ഓരോരുത്തരെയായി തന്റെ മുറിക്കകത്തേക്ക് വിളിച്ച് നിർദേശങ്ങൾ നൽകുന്നു. ഒരു നേതാവ് വന്നിരിക്കുന്നത് തന്റെ നാട്ടിലെ ഒരു ചെറുപ്പക്കാരനുമായാണ്. അധീറിനെ ഒന്നു കാണണം, ഒപ്പംനിന്ന് ചിത്രമെടുക്കണം. പയ്യന് അത്രമാത്രം മതി. വിവരമറിഞ്ഞ് അധീർ മുറിക്ക് പുറത്തുവന്നു. ‘‘ഇവൻ നിങ്ങൾക്കുവേണ്ടി മരിക്കാൻ നിൽക്കുന്നയാളാണ്’’ -നേതാവ് പരിചയപ്പെടുത്തി. യുവാവിനെ ചേർത്തുപിടിച്ച് അധീർ ഫോട്ടോയ്ക്ക് പോസുചെയ്തു. അധീറിന്റെ കാൽ തൊട്ടുവണങ്ങി സംതൃപ്തിയോടെ ആരാധകൻ മടങ്ങി.
രണ്ടുമണിക്കൂർ ഇടവേളയ്ക്കു ശേഷം വേഷംമാറി വീണ്ടും പ്രചാരണത്തിനിറങ്ങുകയാണ് അധീർ. ഫുൾ സ്ളീവ് ഷർട്ടും പാന്റുമായി എക്സിക്യുട്ടീവ് ലുക്ക്. മണ്ഡലത്തിന് വേണ്ടി കാൽനൂറ്റാണ്ടായി താൻ നടത്തിയിട്ടുള്ള വികസനങ്ങൾ പറയുന്നതോടൊപ്പം തന്നെ വീഴ്ത്താൻ തൃണമൂലും ബി.ജെ.പി.യും നടത്തുന്ന ഗൂഢാലോചനയെപ്പറ്റിയും അധീർ യോഗങ്ങളിൽ വാചാലനാകുന്നു.
‘‘ബഹ്‌റാംപുർ മണ്ഡലത്തിൽ തൃണമൂലിനും ബി.ജെ.പി.ക്കും രണ്ട് സ്ഥാനാർഥികളാണ്. മുസ്‌ലിങ്ങളോട് ‘ദാദ’യ്ക്ക് കൊടുക്കാതെ ‘ഭായി’ക്ക് കൊടുക്കാൻ തൃണമൂൽ പറയുന്നു. ഹിന്ദുമേഖലയിൽ ബി.ജെ.പി. പറയുന്നത് ഞങ്ങൾക്ക് തന്നില്ലെങ്കിൽ തൃണമൂലിന് ചെയ്തോളൂ പക്ഷേ, അധീറിന് വോട്ടുകുത്തരുതെന്ന്. രണ്ടുകൂട്ടർക്കും ഒറ്റ ലക്ഷ്യമേ ഉള്ളൂ. എന്റെ തോൽവി. ഇവരൊക്കെ ഹിന്ദുവായും മുസ്‌ലിമായും മാത്രമേ മനുഷ്യരെ കാണുന്നുള്ളൂ. മനുഷ്യരെ മനുഷ്യരായി കാണുന്നതാണ് എന്റെ രീതി’’ കൈയടികൾക്കിടെ അധീർ നിലപാട് വ്യക്തമാക്കുന്നു.
Content Highlights: Adhir Ranjan Chowdhury-Baharampur Lok Sabha
Published: 01 May 2024, 08:20 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented