ന്യൂഡൽഹി: ബിഹാറിലെ പൂർണിയ മണ്ഡലം കോൺഗ്രസിനു വിട്ടുനൽകാതെ ആർ.ജെ.ഡി. ഏറ്റെടുത്തപ്പോൾ എല്ലാവരും പ്രതീക്ഷിച്ചതുതന്നെ സംഭവിച്ചു. സീറ്റ് നിഷേധിക്കപ്പെട്ട കോൺഗ്രസ് നേതാവ് പപ്പു യാദവ് അവിടെ സ്വതന്ത്രനായി മത്സരിക്കാൻ വ്യാഴാഴ്ച പത്രിക നൽകി.

To advertise here,

അടുത്തിടെ പാർട്ടിയിലെത്തിയ പപ്പു യാദവിനെ പൂർണിയയിൽ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചെങ്കിലും സീറ്റ് വിട്ടുകൊടുക്കാൻ ആർ.ജെ.ഡി. തയ്യാറാവാത്തതാണ് ത്രികോണ മത്സരത്തിലേക്കു നയിച്ചത്. എന്നാൽ, പപ്പുവിനെ തള്ളിയ കോൺഗ്രസ്, ആർ.ജെ.ഡി. സ്ഥാനാർഥിയെ മാത്രമേ പിന്തുണയ്ക്കൂവെന്ന് വ്യക്തമാക്കി.

മഹാസഖ്യത്തിൽ സീറ്റ് വിഭജിച്ചപ്പോൾ ബിഹാറിലെ 40 സീറ്റുകളിൽ ആർ.ജെ.ഡി. എടുത്ത 26-ൽ പെടുന്നതാണ് പൂർണിയ. അടുത്തിടെ ജെ.ഡി.യു. വിട്ടുവന്ന മുൻമന്ത്രി ബിമാ ഭാരതിയാണ് ഇവിടെ ആർ.ജെ.ഡി. സ്ഥാനാർഥി. കഴിഞ്ഞ രണ്ടുതവണയും പൂർണിയയിൽ ജയിച്ച സന്തോഷ് കുമാർ കുശ്വാഹ തന്നെയാണ് ജെ.ഡി.യു. സ്ഥാനാർഥി. പപ്പു യാദവ്കൂടി മത്സരിക്കുന്നത് വോട്ടുകൾ ഭിന്നിപ്പിക്കുമെന്ന ആശങ്കയിലാണ് മഹാസഖ്യം.