ഒന്നാംഘട്ടത്തില്‍ ഏറ്റവുംകുറവ് പോളിങ് രേഖപ്പെടുത്തിയത് ബിഹാറില്‍. നാലു സീറ്റിലേക്കുനടന്ന തിരഞ്ഞെടുപ്പില്‍ 49 ശതമാനത്തില്‍ത്താഴെയാണ് പോളിങ്. പകുതിയിലേറെപ്പേരും വോട്ട് ചെയ്തില്ല. കഴിഞ്ഞതവണത്തെക്കാള്‍ അഞ്ചു ശതമാനത്തോളം കുറവാണിത്. ആദ്യഘട്ടത്തില്‍ ദേശീയ ശരാശരി 60 ശതമാനമാണ്.
ജോലിക്കായി യുവാക്കള്‍ക്ക് അന്യനാടുകളെ ആശ്രയിക്കേണ്ടിവരുന്നതാണ് പോളിങ് ശതമാനം കുറയാന്‍ മുഖ്യകാരണമെന്ന് പട്നയിലെ മുതിര്‍ന്ന ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകന്‍ രമാശങ്കര്‍ പറയുന്നു. ജോലിക്കായി പുറത്തുപോകുന്നത് കോവിഡ് കാലത്തിനുശേഷം ബിഹാറില്‍ കൂടിവരുകയാണ്. ഉന്നതപഠനത്തിനോ ജോലിക്കോവേണ്ടി കേരളം ഉള്‍പ്പെടെ ഇതരസംസ്ഥാനങ്ങളിലേക്കോ ബിഹാറിലെ തന്നെ പട്ന പോലുള്ള നഗരങ്ങളിലേക്കോ പോയ യുവാക്കളില്‍ ഭൂരിഭാഗവും വോട്ട് ചെയ്യാനെത്തുന്നില്ല.
യുവാക്കളുടെ കുടിയേറ്റംതന്നെയാണ് പോളിങ് കുറയാന്‍ കാരണമെന്ന് ഇംഗ്ലീഷ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടര്‍ രമണും പറഞ്ഞു. അഞ്ചുശതമാനം വോട്ട് കുറഞ്ഞത് കൂടുതല്‍ ബാധിക്കുക തങ്ങളെയാണെന്നാണ് ബി.ജെ.പി. വിലയിരുത്തുന്നത്.
ആര്‍.ജെ.ഡി.യുടെ കേഡര്‍ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ വരുന്ന ഘട്ടങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ത്താനും യുവാക്കളെ നാട്ടിലെത്തിക്കാനുമാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നും രമണ്‍ പറയുന്നു.
ആളുകള്‍ക്ക് താത്പര്യമില്ലാത്തതുകൊണ്ടല്ല പോളിങ് ശതമാനം കുറഞ്ഞതെന്ന് ഗയയില്‍ ടാക്‌സി സര്‍വീസ് നടത്തുന്ന രാഹുല്‍കുമാര്‍ പറഞ്ഞു. താനുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വോട്ടര്‍പട്ടികയില്‍ പേര് കണ്ടെത്താനാവാതെ പോളിങ് സ്റ്റേഷനില്‍നിന്ന് മടങ്ങിയത്. രണ്ട് പോളിങ് കേന്ദ്രങ്ങളില്‍പോയി പരതിയെങ്കിലും തന്റെയും കുടുംബത്തിന്റെയും പേര് കണ്ടെത്താനായില്ല. പാര്‍ട്ടിക്കാര്‍ ആരും സ്ലിപ് നല്‍കാന്‍ എത്തിയില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
മുന്‍മുഖ്യമന്ത്രിയും ഹിന്ദുസ്ഥാനി അവാം മോര്‍ച്ചാനേതാവുമായ ജിതന്‍ റാം മാഞ്ചി മത്സരിച്ച ഗയയിലും എല്‍.ജെ.പി. (ആര്‍) നേതാവ് ചിരാഗ് പസ്വാന്‍ സഹോദരീഭര്‍ത്താവിന് സീറ്റ് കൊടുത്തതു വഴി വിവാദത്തിലായ ജമുയിയിലും കനത്തമത്സരമാണ് പ്രതീക്ഷിച്ചത്. എന്നാല്‍, ഗയയില്‍ 52 ശതമാനവും ജമുയിയില്‍ 50 ശതമാനവുമാണ് പോളിങ്.ബി.ജെ.പി.യുടെ വിവേക് ഠാക്കൂറും ആര്‍.ജെ.ഡി.യുടെ ശ്രവണ്‍ കുശ്വാഹയും മത്സരിച്ച നവാദയിലാണ് കുറഞ്ഞ പോളിങ് (41.50 ശതമാനം).
മൂന്നുതവണ എം.പി.യായ ബി.ജെ.പി.യുടെ സുശീല്‍ കുമാര്‍ സിങ്ങും ആര്‍.ജെ.ഡി.യുടെ അഭയ് കുശ്വാഹയും മത്സരിച്ച ഔറംഗാബാദില്‍ 50 ശതമാനമാണ് പോളിങ്.
Content Highlights: over 48 percentage turnout recorded in four seats of bihar
Published: 21 Apr 2024, 10:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented