ന്ത്യയുടെ സില്‍ക്ക് സിറ്റി എന്നറിയപ്പെടുന്ന ഭാഗല്‍പുരിലെ പട്ടുവസ്ത്രങ്ങള്‍ക്ക് ഏറ്റവും ഡിമാന്‍ഡ് വരുന്നത് കേരളത്തില്‍ നിന്നാണെന്ന് ഇവിടുത്തെ വ്യാപാരികള്‍. കേരളത്തില്‍ അടുപ്പിച്ച് രണ്ടുവര്‍ഷം ഉണ്ടായ പ്രളയം ഭാഗല്‍പുരിലെ പട്ടു വ്യവസായത്തെ സാരമായി ബാധിച്ചിരുന്നു എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

To advertise here,

ചമ്പാനഗറില്‍ ഒരു കൈത്തറിയുമായി മുത്തച്ഛന്‍ തുടങ്ങിയ സംരംഭമാണ് എം.ബി.എ. കഴിഞ്ഞെത്തിയ താന്‍ അധുനിക വത്കരിച്ചതെന്ന് ഇമ്രാന്‍ അന്‍സാരി പറഞ്ഞു. കൈത്തറിക്കൊപ്പം പവര്‍ലൂമില്‍ നെയ്യാനും വിവിധ തരം സാരികള്‍ നിര്‍മിക്കാനും തുടങ്ങി. കേരളത്തിലെ ചില പ്രമുഖ ബ്രാന്‍ഡ് വസ്ത്രാലയങ്ങള്‍ വരെ ഇവിടെ നിന്നാണ് പട്ട് വാങ്ങുന്നത്. എന്നാല്‍ പുതിയ തലമുറ ഈ മേഖലയിലേക്കിറങ്ങാന്‍ മടിക്കുകയാണ്.

നോട്ട് നിരോധനവും ജി.എസ്.ടി.യും ഭാഗല്‍പ്പുരിന്റെ നട്ടെല്ലൊടിച്ചിരുന്നു. ജി.എസ്.ടി.യോട് എതിര്‍പ്പില്ലെങ്കിലും തിടുക്കപ്പെട്ട് കൊണ്ടുവന്നതിനാല്‍ ഇവിടുത്തെ സാധാരണക്കാരായ വ്യാപാരികള്‍ അതിലേക്ക് മാറാന്‍ പ്രയാസപ്പെട്ടുവെന്ന് അന്‍സാരി പറഞ്ഞു. അതിനുപിന്നാലെ കേരളത്തിലെ പ്രളയവും ഭാഗല്‍പുരിനെ തളര്‍ത്തി. ഇവിടെ നിന്ന് ഏറ്റവും കൂടുതല്‍ പട്ട് വസ്ത്രങ്ങള്‍ പോകുന്നത് ദക്ഷിണേന്ത്യയിലേക്കാണ്, അതില്‍ തന്നെ 30 ശതമാനവും കേളത്തിലേക്കും!

കേരളത്തിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ കോവിഡും എത്തിയതോടെ ഭാഗല്‍പുരിലെ പട്ട് വ്യവസായം നിശ്ചലമായിരുന്നുവെന്നുവെന്ന് പട്ടിന്റെ മൊത്തവ്യാപാരിയായ അഫ്താബ് ആലം പറഞ്ഞു. ഇതില്‍ നിന്നെല്ലാം തിരിച്ചുകയറിവരുന്നതിനിടേയാണ് ചെറുകിട ഇടത്തരം സംരംഭകര്‍ക്കായി (എം.എസ്.എം.ഇ.) കേന്ദ്ര സര്‍ക്കാര്‍ ഈവര്‍ഷമാദ്യം കൊണ്ടുവന്ന നയം തിരിച്ചടിയായത്.

ചെറുകിട സംരംഭകരില്‍ നിന്ന് ഉത്പന്നം വാങ്ങുന്ന വന്‍കിടക്കാര്‍ പരമാവധി 45 ദിവസത്തിനകം അതിന്റെ പണം നല്‍കണമെന്നാണ് പുതിയ ചട്ടം. ഒട്ടും പ്രായോഗികമല്ലാത്ത നയംകൊണ്ട് സഹായമല്ല, തിരിച്ചടിയാണുണ്ടായതെന്ന് അന്‍സാരി ചൂണ്ടിക്കാട്ടി. വന്‍കിടക്കാര്‍ എം.എസ്.എം.ഇ. രജിസ്‌ട്രേഷനുള്ളവരുമായി ഇടപാട് നടത്താതായി. കാരണം, 45 ദിവസത്തിനകം പണം നല്‍കാനായില്ലെങ്കില്‍ വാങ്ങിയ സാധനത്തിന്റെ വില ആവര്‍ഷം ചെലവായി കാണിച്ച് അവര്‍ക്ക് നികുതിയാനുകൂല്യം നേടാനാവില്ല. സര്‍ക്കാര്‍ സഹായിച്ചില്ലെങ്കില്‍ ഭാഗല്‍പുരിന് പറയാനുണ്ടാവുക നഷ്ടപ്രതാപത്തിന്റെ കഥ മാത്രമായിരിക്കും.