
ഇറ്റാനഗർ: ആ ഗ്രാമത്തിലേക്ക് വാഹനത്തില്‍ പോകാന്‍ റോഡില്ല, വിവരങ്ങള്‍ കൈമാറാൻ മൊബൈല്‍ കണക്റ്റിവിറ്റി ഇല്ല. ലക്ഷ്യത്തിലെത്താന്‍ കാല്‍നടയാത്രയല്ലാതെ മറ്റൊരു മാര്‍ഗവുമില്ല; അതും കുന്നും മലയും താണ്ടിയുള്ള ഏറെ ദുര്‍ഘടമായ പാതയിലൂടെ. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന അരുണാചല്‍ പ്രദേശിലെ സിയാങ് ജില്ലയിലുള്ള ഗേറ്റ് എന്ന ഗ്രാമത്തിലെ പോളിങ് ബൂത്തിലേക്ക് എത്താനാണ് ഉദ്യോഗസ്ഥ സംഘം ഈ സാഹസികയാത്രനടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഈ ഉദ്യോഗസ്ഥരുടെ സാഹസിക യാത്രയേക്കുറിച്ചുള്ള വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. സിയാങ് ജില്ലയിലെ പയും അഡ്മിസ്‌ട്രേറ്റിവ് സര്‍ക്കിള്‍ ആസ്ഥാനത്തുനിന്ന് 60 കിലോമീറ്റര്‍ അകലെയാണ് പോളിങ് ബൂത്ത് സ്ഥിതിചെയ്യുന്നത്. ഈ ബൂത്തിലെ 164 വോട്ടര്‍മാർക്കായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 23 അംഗ സംഘമാണ് ഗേറ്റ് ഗ്രാമത്തിലേക്ക് തിരിച്ചത്.
ആരോഗ്യസ്ഥിതി പരിശോധിച്ച് പ്രത്യേകം തിരഞ്ഞെടുത്ത ചുമട്ടുതൊഴിലാളികളും ഇതിലുള്‍പ്പെടുന്നു. കയറുകളുടേയും വടങ്ങളുടെയും സഹായത്തോടെയാണ് ഉദ്യോഗസ്ഥര്‍ അരുണാചലിലെ ദുര്‍ഘടമായ മലനിരകള്‍ താണ്ടിയത്. സിയാങ് ജില്ലാ ആസ്ഥാനത്തേക്ക് പയും സര്‍ക്കിള്‍ ആസ്ഥാനത്തേക്കും റോഡ് സൗകര്യങ്ങളില്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇവരുടെ ഓരോ നീക്കങ്ങളും പോലീസിന്റെ വയര്‍ലെസ് സംവിധാനത്തിലൂടെ ജില്ലാ ഭരണകൂടം അറിയുകയും ചെയ്തു.
ഗേറ്റിന് പുറമെ ഗഷെങ് എന്ന ഗ്രാമത്തിലേക്കും 23 അംഗ സംഘം ഇത്തരം സാഹസികയാത്ര നടത്തി. പയും സര്‍ക്കിള്‍ ആസ്ഥാനത്തുനിന്ന് 52 കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തിലെ ബൂത്തില്‍ 257 വോട്ടര്‍മാരാണുള്ളത്.
ഒരുദിവസം15 കിലോമീറ്റർ സഞ്ചരിക്കണമെന്നാണ് ഇരുഗ്രാമങ്ങളിലേക്കും പോയ സംഘത്തിന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ നിര്‍ദേശം. എന്നാല്‍, സംഘം അതിലേറെ ദൂരമാണ് ഓരോ ദിവസവും താണ്ടിയതെന്ന് സിയാങ് ഡെപ്യൂട്ടി കമ്മിഷണര്‍ പി.എന്‍. തുംഗോന്‍ പറയുന്നു. കയറുകെട്ടിയാണ് ചെങ്കുത്തായ മല കയറുന്നത്. അത്തരത്തില്‍ മലകയറ്റം പരിശീലിച്ചവരെയാണ് സംഘത്തിലേക്ക് തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
സാധാരണഗതിയില്‍ ഓരോ പോളിങ് ബൂത്തിലേക്കുമുള്ള ഉദ്യോഗസ്ഥരെ ക്രമരഹിതമായി കമ്പ്യൂട്ടറാണ് തിരഞ്ഞെടുക്കുക. എന്നാല്‍, ഈ ഗ്രാമങ്ങളിലെ ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരെ ശാരീരികക്ഷമത പരിശോധിച്ച് പ്രത്യേകമായാണ് തിരഞ്ഞെടുത്തത്.
പുറംലോകവുമായി ആശയവിനിമയം നടത്താനുള്ള ഒരു സംവിധാനവും ഈ ഗ്രാമങ്ങളില്‍ ഇല്ല. അരുണാചല്‍ പോലീസ് മൂന്നുദിവസം സഞ്ചരിച്ച് ഗ്രാമങ്ങളിലെത്തിയാണ് പോളിങ് ഉദ്യോഗസ്ഥര്‍ക്കായി വയര്‍ലെസ് സംവിധാനം സ്ഥാപിച്ചത്. സിയാങ് പോലീസിന്റെ നേതൃത്വത്തിലുള്ള 13 പേരടങ്ങിയ സംഘമാണ് ഗ്രാമങ്ങളില്‍ വി.എച്ച്.എഫ്./എച്ച്.എഫ്. വയര്‍ലെസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. ഇതോടെ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് വാക്കി-ടോക്കിയിലൂടെ ആശയവിനിമയം സാധ്യമാകും. സേനയിലേക്ക് പുതുതായി റിക്രൂട്ട് ചെയ്യപ്പെട്ട കോണ്‍സ്റ്റബിള്‍മാരും ചുമട്ടുതൊഴിലാളികളുമാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ.
Content Highlights: Poll officials walk for 3 days & climb hills to reach remote polling stations in Arunachal Pradesh
Published: 19 Apr 2024, 04:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented