രാഷ്‌ട്രീയം, ചിലപ്പോഴെങ്കിലും ഒരു കളിക്കളമാണ്. നാടകീയതയും അപ്രതീക്ഷിത ട്വിസ്റ്റുകളും വെല്ലുവിളികളും വിജയാഹ്ലാദങ്ങളുമെല്ലാം രണ്ടുവേദിയിലും ഒരുപോലെ കാണാം. പോരാടാനുള്ള ഇച്ഛാശക്തിയും തിരിച്ചടിക്കാനുള്ള ഊർജവും ഇരുഭാഗത്തും ഒരുപോലെയുണ്ട്. രണ്ടാം നരേന്ദ്രമോദി സർക്കാർ നേരിട്ട വലിയ വെല്ലുവിളികളിലൊന്ന് കളിക്കളത്തിൽനിന്നായത് യാദൃച്ഛികമല്ല. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളാണ് രാജ്യതലസ്ഥാനത്ത് ആ സമരം നയിച്ചത്. ഒളിമ്പിക് മെഡൽ ജേതാക്കളടക്കം മുന്നിൽനിന്ന് നയിച്ചസമരം കേന്ദ്രസർക്കാരിനെ പലഘട്ടത്തിലും പ്രതിരോധത്തിലാക്കി. നാലുമാസത്തിലേറെ ഡൽഹിയെ വിറപ്പിക്കുകയും രാജ്യത്തെ വേദനിപ്പിക്കുകയുംചെയ്ത സമരം തത്‌കാലത്തേക്ക് കെട്ടടങ്ങിയെങ്കിലും അതുയർത്തിയ ചോദ്യങ്ങൾ ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്.

To advertise here,

ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി. എം.പി.യും ദേശീയ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെതിരേ ലൈംഗിക പീഡനം ഉൾപ്പെടെയുള്ള പരാതികളുമായാണ് കളിക്കാർ തെരുവിലിറങ്ങിയത്. 2012 മുതൽ 2022 വരെ വ്യത്യസ്തസംഭവങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്കെതിരേ ഉൾപ്പെടെ ലൈംഗിക പീഡനം, മാനസിക പീഡനം, ഭീഷണി തുടങ്ങി ഒട്ടേറെ പരാതികൾ ഉണ്ടായിരുന്നു. പരാതിപ്പെട്ട അന്താരാഷ്ട്രതാരത്തെ ഭീഷണിപ്പെടുത്തുകയും കായികമായി നേരിടുകയുംചെയ്തു. ഫെഡറേഷൻ സെക്രട്ടറിയായിരുന്ന വിനോദ് തോമറിനെതിരേയും സമാനമായ പരാതികളുണ്ട്. ഇക്കാര്യത്തിൽ നീതികിട്ടുന്നില്ലെന്ന് ബോധ്യമായപ്പോഴാണ് പ്രതിഷേധം തെരുവിലെത്തിയത്.

ബ്രിജ്ഭൂഷണെ അറസ്റ്റുചെയ്യുക, ഇതേക്കുറിച്ച് അന്വേഷിച്ച സമിതിയുടെ റിപ്പോർട്ട് പുറത്തുവിടുക, ദേശീയ ഗുസ്തി ഫെഡറേഷൻ എക്സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിടുക തുടങ്ങിയവയായിരുന്നു വിവിധഘട്ടങ്ങളിൽ സമരക്കാരുടെ പ്രധാന ആവശ്യങ്ങൾ.

ഗോദയുടെ കഥ

സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക് മെഡൽ ഗുസ്തിയിലായിരുന്നു. 1952 ഹെൽസിങ്കി ഒളിമ്പിക്സിൽ വെങ്കലം നേടിയ കെ.ഡി. ജാദവ്. പല കാലങ്ങളിലായി സുശീൽകുമാർ, യോഗേശ്വർ ദത്ത്, സാക്ഷി മാലിക്, രവികുമാർ ദഹിയ, ബജ്‌റംഗ് പുണിയ എന്നിവർ ഈയിനത്തിൽ ഒളിമ്പിക് മെഡൽ നേടി. ഹോക്കി കഴിഞ്ഞാൽ രാജ്യം കൂടുതൽ ഒളിമ്പിക് മെഡൽ നേടിയതും (7) ഗുസ്തിയിലാണ്. ആ കായികയിനത്തിലെ പുതിയ തലമുറയാണ് നീതിക്കുവേണ്ടി തെരുവിലിറങ്ങിയത്.

സമരഗോദയിലേക്ക്

ഡൽഹിയിൽ, 2023 ജനുവരിയിൽ സമരംതുടങ്ങി. ദേശീയതാരങ്ങൾ തെരുവിലിറങ്ങിയതോടെ പൊതുസമൂഹവും മാധ്യമങ്ങളും അത് ഏറ്റെടുത്തു. റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയ സാക്ഷി മാലിക്, ലോകചാമ്പ്യനായ വിനേഷ് ഫോഗട്ട്, ടോക്യോ ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്‌റംഗ് പുണിയ തുടങ്ങിയവർ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്നു. സമരം ശക്തമായതോടെ ഇതേക്കുറിച്ച് അന്വേഷിക്കാൻ ബോക്സർ മേരി കോമിന്റെ നേതൃത്വത്തിലുള്ള കമ്മിഷനെ നിയോഗിച്ചു. ഇതേത്തുടർന്ന്, ജനുവരി അവസാനത്തോടെ സമരം താത്‌കാലികമായി നിർത്തിവെച്ചു. ഏപ്രിൽ അഞ്ചിന് സമിതി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും വേണ്ടത്ര പരിശോധനകളില്ലാതെയാണ് അത് തയ്യാറാക്കിയതെന്ന് കമ്മിറ്റി അംഗവും മുൻ ഗുസ്തി താരവുമായ ബബിത ഫോഗട്ട് ആരോപിച്ചു. കമ്മിഷന്റെ കണ്ടെത്തലുകളും താരങ്ങൾക്ക് എതിരാണെന്നുവന്നതോടെ അവർ കൂടുതൽ ശക്തിയോടെ സമരവേദിയിലെത്തി.

ഖാപ് പഞ്ചായത്തും വിവിധ രാഷ്ട്രീയ, കർഷക സംഘടനകളും സമരത്തിന് പിന്തുണയുമായെത്തിയതോടെ പ്രതിഷേധം കത്തിപ്പടർന്നു. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ അവിടേക്കും മാർച്ചുചെയ്യുമെന്ന് മുന്നറിയിപ്പുനൽകിയതോടെ സർക്കാരും പോലീസും ഉണർന്നു. സമരക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. ഗുസ്തിയിലൂടെ കിട്ടിയ മെഡലുകൾ നദിയിലൊഴുക്കാൻ പുറപ്പെട്ട താരങ്ങൾ, കായികസ്നേഹികളിൽ നടുക്കവും വേദനയുമായി.

ഈസമയമെല്ലാം, താൻ നിരപരാധിയാണെന്ന് ബ്രിജ്ഭൂഷൺ ആവർത്തിച്ചുകൊണ്ടിരുന്നു. കുറ്റംതെളിഞ്ഞാൽ തൂങ്ങിച്ചാകുമെന്നും പ്രഖ്യാപിച്ചു. കളിക്കാരെ അപമാനിക്കുന്നതരത്തിലുള്ള പ്രസ്താവനകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. താത്‌കാലിക ഭരണസമിതിയാണ് ഇക്കാലത്ത് ഗുസ്തി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ നടത്തിയിരുന്നതെങ്കിലും അവിടെയും ബ്രിജ്ഭൂഷൺ സ്വാധീനം തുടർന്നു.

തിരഞ്ഞെടുപ്പിലും തിരിച്ചടി

ദേശീയ ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പ് നടത്താത്തതിനെതിരേ അന്താരാഷ്ട്രസംഘടനയുടെ താക്കീതുണ്ടായി. ഒളിമ്പിക്‌സ് തയ്യാറെടുപ്പുകളെ ഉൾപ്പെടെ ബാധിക്കുമെന്ന ആശങ്കയുണ്ടായതോടെ ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ട ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐ.ഒ.എ.), തിരഞ്ഞെടുപ്പ് നടത്താൻ അന്ത്യശാസനം നൽകി.

അതിലെ ഫലവും നീതിക്കുവേണ്ടി സമരംചെയ്യുന്നവർക്ക് അനുകൂലമായിരുന്നില്ല. ഡിസംബർ അവസാനംനടന്ന തിരഞ്ഞെടുപ്പിൽ, സമരക്കാരുടെ പിന്തുണയുണ്ടായിരുന്ന അനിത ഷിയോറനെ തോൽപ്പിച്ച് ബ്രിജ്ഭൂഷണിന്റെ അടുത്ത അനുയായി സഞ്ജയ് സിങ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, തങ്ങൾ അപമാനിക്കപ്പെട്ടു എന്ന താരങ്ങളുടെ വിലാപം കൂടുതൽ ഉച്ചത്തിലായി. അപമാനിക്കപ്പെട്ടു എന്നുറപ്പായ സാക്ഷി മാലിക് കളിക്കളത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്ക് സമർപ്പിച്ച തുറന്ന കത്തിനൊപ്പം തനിക്കുകിട്ടിയ പദ്‌മ പുരസ്‌കാരം സർക്കാരിന് തിരിച്ചുനൽകിക്കൊണ്ടാണ് ബജ്‌റംഗ് പ്രതിഷേധിച്ചത്.

ഭാരവാഹി തിരഞ്ഞെടുപ്പിനുവേണ്ട മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപിച്ച്, കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് റദ്ദാക്കിയെങ്കിലും താരങ്ങൾ ഉയർത്തിയ അടിസ്ഥാനപ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടില്ല. കളിക്കാരുടെ പരിശീലനത്തെയും തയ്യാറെടുപ്പുകളെയും രാജ്യത്തിന്റെ കായികഭാവിയെയും ഈ സംഭവങ്ങൾ ബാധിച്ചു. 2020 ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ ഏഴുപേർ ഗുസ്തിയിൽ മത്സരിച്ചെങ്കിൽ പാരീസ് ഒളിമ്പിക്‌സിന് ഈയിനത്തിൽ യോഗ്യത നേടിയത് ഒരാൾ മാത്രം. താരങ്ങൾ തെരുവിലിറങ്ങിയ സമരത്തിന്റെ അനന്തരഫലം എന്തെന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടിവരും.