ടുവില്‍ പരസ്യപ്രചാരണങ്ങള്‍ക്ക് ഫുള്‍സ്‌റ്റോപ്പ്. വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും കൊണ്ട് കളം നിറഞ്ഞ് നിന്ന പര്യടന പരിപാടികള്‍ ഇനി വോട്ടാകുമോയെന്ന് കണ്ടറിയണം. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പാവേശം കൊടുമ്പിരികൊണ്ടിരുന്നുവെങ്കിലും അവസാന ലാപ്പുവരെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലുമെല്ലാം നിറഞ്ഞിരുന്ന മണ്ഡലങ്ങളായിരുന്നു മലബാറിലേത്. രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം, വടകരയിലെ വിവാദങ്ങള്‍, കണ്ണൂരിലെ ബോംബ് സ്ഫോടനം, ലീഗ്-സമസ്ത പടലപ്പിണക്കം, റിയാസ് മൗലവി വധക്കേസ് വിധി. ഇങ്ങനെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാവുന്ന നിരവിധി വിഷയങ്ങളാണ് പ്രചാരണതെരുവുകളില്‍ ചര്‍ച്ച ചെയ്ത് പോയത്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇടതിനോട് വലിയ ആഭിമുഖ്യം കാണിക്കുകയും ലോക്​സഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വലത് മാറി തീരുമാനമെടുക്കുകയും ചെയ്യുന്ന മലബാറിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും എല്‍.ഡി.എഫിനേയും യു.ഡി.എഫിനേയും സംബന്ധിച്ച് നിര്‍ണായകമാണ് ജയപരാജയങ്ങള്‍.

To advertise here,

ഏഴ് ലോക്സഭാ മണ്ഡലങ്ങള്‍. ഏഴിലും യു.ഡി.എഫ് എം.പിമാര്‍. തങ്ങള്‍ക്ക് വലിയ വേരോട്ടമുള്ള ഭൂരിഭാഗ മണ്ഡലങ്ങളായിട്ടുപോലും പൊതുതിരഞ്ഞെടുപ്പ് വരുമ്പോള്‍ വിജയം വഴുതിപ്പോവുന്ന ഇടതിന്റെ നിര്‍ഭാഗ്യം. മലപ്പുറവും പൊന്നാനിയുമടങ്ങുന്ന ലീഗ് കോട്ടയിലെ ഇളകാത്ത പാരമ്പര്യം. ഇങ്ങനെ രാഷ്ട്രീയം തലയ്ക്കുപിടിച്ച മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് മലബാറിന്റെ വോട്ടുകരുത്ത്. സി.എ.എ, എന്‍.ആര്‍.സി പോലുള്ള വിഷയങ്ങളും കേന്ദ്രത്തിന്റെ മറ്റ് ന്യൂനപക്ഷ വിരുദ്ധ നിലപാടുകളെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായ തിരഞ്ഞെടുപ്പ് ദിവസങ്ങളാണ് കഴിഞ്ഞുപോയിരിക്കുന്നത്. അതുകൊണ്ടു തന്നെ മലബാറിലെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നതില്‍ മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാവുക തന്നെ ചെയ്യും. ഒന്നരമാസത്തോളം നീണ്ടു നിന്ന സജീവ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വെള്ളിയാഴ്ച കേരളം പോളിങ് ബൂത്തിലേക്ക് പോവുമ്പോള്‍ മലബാര്‍ എന്തുചിന്തിക്കുന്നുവെന്ന് നോക്കാം. 

placeholder
വടകര ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥികളായ ഷാഫി പറമ്പിൽ (യു.ഡി.എഫ്), കെ.കെ. ശൈലജ (എൽ.ഡി.എഫ്), പ്രഫുൽ കൃഷ്ണ (എൻ.ഡി.എ)

വടകര

ഇടതുകോട്ടയായിട്ടുപോലും തുടര്‍ച്ചയായി കഴിഞ്ഞ മൂന്ന് തവണ വഴുതിപ്പോയിരുന്ന വടകരയെ തിരിച്ചുപിടിക്കാനായിരുന്നു സി.പി.എം തങ്ങളുടെ ഏറ്റവും ജനകീയ മുഖമായ കെ.കെ ശൈലജയെ മണ്ഡലത്തില്‍ പരീക്ഷിച്ചത്. കെ.മുരളീധരനെതിരെ വിജയം സുനിശ്ചിതമെന്ന് കരുതിയിടത്ത് നിന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഷാഫി പറമ്പില്‍ അപ്രതീക്ഷിതമായെത്തിയതോടെ കാര്യങ്ങള്‍ അപ്പാടെ മാറിമറയുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. മണ്ഡലത്തിലെ മുക്കിലും മൂലയിലും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രചാരണം തുടങ്ങിയ കെ.കെ ശൈലജയ്ക്ക് അതേ ആവേശത്തില്‍ മറുപടി കൊടുക്കാന്‍ ഷാഫി പറമ്പിലിനും സംഘത്തിനുമായി.

ലീഗ് തന്നെ ഇതിന് മുന്നിട്ടിറങ്ങിയതോടെ പലപ്പോഴും എല്‍.ഡി.എഫിനേക്കാള്‍ മുന്നിട്ട് നില്‍ക്കാനും ഷാഫിയുടെ പ്രചാരണങ്ങള്‍ക്കായി. ഇതിനിടെ പാനൂരിലെ ബോംബ് സ്ഫോടനവും തൊഴിലുറപ്പ് വിവാദവും വ്യാജ വീഡിയോ ആരോപണങ്ങളുമെല്ലാം നിറഞ്ഞു നില്‍ക്കുകയും ചെയ്തു. മാത്രമല്ല യു.ഡി.എഫിനെതിരേ എല്‍.ഡി.എഫ് കൊണ്ടുവന്ന ആരോപണങ്ങളെല്ലാം അവര്‍ക്ക് തന്നെ തിരിച്ചടിയാവുന്ന അവസ്ഥയുമുണ്ടായി. എങ്കിലും ശൈലജ ടീച്ചറുടെ വ്യക്തിപ്രഭാവും സൗമ്യതയും പരമ്പരാഗത വോട്ടുകളേയും സ്ത്രീവോട്ടുകളേയും കുടുതലായി തങ്ങള്‍ക്കനുകൂലമാക്കാമെന്ന കണക്കുകൂട്ടിലാണ് എല്‍.ഡി.എഫ്. 

ഏഴ് നിയമസഭാ മണ്ഡലങ്ങളാണ് വടകര ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ വടകര ഒഴികെ ആറെണ്ണവും ഇടതിനൊപ്പമാണ്. ഇവിടെയാണ് ഇടതിന്റെ പ്രതീക്ഷയും. ആരോഗ്യമന്ത്രിയെന്ന നിലയില്‍  നിപ കാലത്തും കോവിഡ് കാലത്തും കെ.കെ ശൈലജ നടത്തിയ ഇടപെടലാണ് പ്രധാനമായും വടകരയില്‍ ഇടതുപക്ഷം പൊതുവെ ചര്‍ച്ചയാക്കിയത്. ഇത് സ്ത്രീവോട്ടര്‍മാരിലടക്കം കാര്യമായി സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞൂവെന്നാണ് എല്‍.ഡി.എഫിന്റെ വിലയിരുത്തല്‍. കൃത്യമായ പ്ലാനിങ്ങില്‍ മണ്ഡലത്തില്‍ കേഡര്‍ സംവിധാനത്തില്‍ എല്‍.ഡി.എഫ് നടത്തിയ തിരഞ്ഞെടുപ്പ് പരിപാടികളില്‍ തന്നെയാണ് ശൈലജ ടീച്ചറുടെ പ്രതീക്ഷ. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടുറപ്പിക്കാനും പരമാവധി കുടംബയോഗങ്ങളിലടക്കം എത്തിപ്പെടാനും കെ.കെ ശൈലജയ്ക്ക് കഴിഞ്ഞുട്ടുണ്ട്. എന്നാല്‍ ഇതിനിടെ ഉയര്‍ന്നുവന്ന വ്യാജ വീഡിയോ ആരോപണങ്ങളടക്കം കൈവിട്ട് പോവുന്ന കാഴ്ചയും കാണാന്‍ കഴിഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകള്‍ വിവാദത്തിന് പിറകേ പോവുന്ന അവസ്ഥയിലായി. ആരോപണ, പ്രത്യാരോപണങ്ങള്‍ മാത്രം നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ഇത് തിരിച്ചടിയാകുമോയെന്ന ആശങ്കയും അവസാന ലാപ്പിലെത്തി നില്‍ക്കുമ്പോള്‍ ഇടതുക്യാമ്പിനുണ്ട്. 

മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളില്‍ തന്നെയാണ് ഷാഫി പറമ്പിലിന്റേയും കണ്ണ്. അതിന് അനുസരിച്ച് തന്നെയായിരുന്നു യു.ഡി.എഫിന്റെ പ്രാചാരണവും കൊഴുത്തത്. പലപ്പോഴും രാത്രി ഒരു മണിക്കും രണ്ട് മണിക്കും അവസാനിച്ച പ്രചാരണ പരിപാടികളിലെത്തിയ ജനക്കൂട്ടം വലിയ പ്രതീക്ഷ തന്നെയാണ് അവര്‍ക്ക് നല്‍കിയത്. മണ്ഡലത്തില്‍ നിര്‍ണായകമാകുമെന്ന് കണക്കുകൂട്ടുന്ന പ്രവാസി വോട്ടുകളും തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ കഴിഞ്ഞെന്നും യു.ഡി.എഫ് കണക്കുകൂട്ടുന്നുണ്ട്. 2019ല്‍ കെ.മുരളീധരന്‍ പി.ജയരാജനെതിരേ 84663 വോട്ടിന്റെ വമ്പിച്ച ഭൂരിപക്ഷമായിരുന്നു വടകരയില്‍ നേടിയത്. ഇത് ഇത്തവണ ഒരു ലക്ഷത്തിനുമേല്‍ കടത്താനാവുമെന്ന പ്രതീക്ഷയും യുഡിഎഫ് ക്യാമ്പിനുണ്ട്. 

വോട്ടുവിഹിതം വര്‍ധിപ്പിക്കുക ലക്ഷ്യമിട്ട് വടകര സ്വദേശിയെ തന്നെ മണ്ഡലത്തില്‍ രംഗത്തിറക്കിയ എന്‍.ഡി.എയും വലിയ പ്രതീക്ഷയിലാണ്. 2019 ല്‍ 80129 വോട്ടാണ് വി.കെ സജീവനിലൂടെ എന്‍.ഡി.എ മണ്ഡലത്തില്‍ നേടിയതെങ്കില്‍ ഇത്തവണ ഒരുലക്ഷത്തിലേറെ വോട്ട് ലക്ഷ്യമിട്ടായിരുന്നു എന്‍.ഡി.എയുടെ പ്രചാരണം. യൂവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണ പിടിക്കുന്ന അധിക വോട്ടുകള്‍ ഇരുമുന്നണികള്‍ക്കും  നിര്‍ണായകമാവുകയും ചെയ്യും. അവസാന സമയത്തെ അടിയൊഴുക്കുകളില്‍ ബിജെപിക്ക് വോട്ട് കൂടുമോ കുറയുമോ എന്ന ആകാംക്ഷയും ഉയരുന്നുണ്ട്. സകല അടവുകളും പരീക്ഷിക്കപ്പെട്ട തീ പാറും പോരാട്ടത്തില്‍ ആര് മുന്നില്‍ എന്ന് പ്രവചിക്കാനാകാത്ത അവസ്ഥ. ഒരു ഫോട്ടോ ഫിനീഷ് പോരാട്ടമായി വടകര മാറിക്കഴിഞ്ഞു

placeholder
സി.രഘുനാഥ്, എം.വി ജയരാജന്‍, കെ.സുധാകരന്‍

കണ്ണൂര്‍

ഇടതുകോട്ടയാണെങ്കിലും ലോക്​സഭാ തിരഞ്ഞെടുപ്പില്‍ വലത് സ്വഭാവം കാണിക്കുന്ന കണ്ണൂരും ഇത്തവണ നിര്‍ണായക മണ്ഡലമാണ്. സിറ്റിങ് എം.പി കെ.സുധാകരനെതിരേ സി.പി.എം തങ്ങളുടെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ തന്നെ മത്സരത്തിനിറക്കിയതോടെ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. മലയോര വോട്ടുകള്‍ നിര്‍ണായകമാവുന്ന കണ്ണൂരില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷ വിഷയങ്ങളിലെ പരിഹാരമാണ് സ്ഥാനാര്‍ഥികള്‍ പ്രചാരണങ്ങളിലെല്ലാം ഉന്നയിച്ച പ്രധാന കാര്യം.

ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാവുന്ന കണ്ണൂരും അഴീക്കോടും എങ്ങോട്ട് ചിന്തിക്കുന്നുവെന്നതിന് അനുസരിച്ചായിരിക്കും സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍. ഇത് മുന്നില്‍ കണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ബി.ജെ.പിയിലേക്കുള്ള കൊഴിഞ്ഞുപോക്ക് പ്രചാരണ പരിപാടികളിലുടനീളം വലിയ ചര്‍ച്ചയാക്കിയിട്ടുമുണ്ട് ഇടതുപക്ഷം. ബി.ജെ.പിയോടുള്ള കെ.സുധാകരന്റ മുന്‍നിലപാടുകളും മുന്‍ കോണ്‍ഗ്രസ് നേതാവും നിലവിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ സി.രഘുനാഥിന്റെ കളംമാറ്റവുമെല്ലാം ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ വിരുദ്ധ വോട്ടുകളും പാനൂരിലെ ബോംബ് സ്ഫോടനവുമെല്ലാം ചര്‍ച്ചയാക്കിയ യു.ഡി.എഫ് ക്യാമ്പ് ഇത്തവണയും  വിജയം തങ്ങള്‍ക്കായിരിക്കുമെന്ന് പറയുന്നു. 

ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ പറഞ്ഞ സുധാകരന്‍ വീണ്ടും സ്ഥാനാര്‍ഥിയായതോടെ യു.ഡി.എഫ് ക്യാമ്പ് വലിയ ആവേശത്തിലായിരുന്നു. 2009-ല്‍ നിയമസഭാംഗമായിരിക്കെ കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിച്ച ജയിച്ച കെ.സുധാകരന്‍ 2014 ലില്‍ ചെറിയ ഭൂരിപക്ഷത്തിന് തോറ്റെങ്കിലും 2009 ന്റെ ഭൂരിപക്ഷത്തിന്റെ ഇരട്ടിയോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു 2019-ല്‍ വിജയിച്ചത്. 94,559 എന്ന വമ്പന്‍ ഭൂരിപക്ഷം. സി.പി.എമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രത്തില്‍  വലിയ ഭൂരിപക്ഷത്തിലുള്ള വിജയം അക്ഷാര്‍ഥത്തില്‍ സി.പി.എമ്മിനെ ഞെട്ടിച്ചു. ഇത് ഇത്തവണയും ആവര്‍ത്തിക്കാമെന്നും സുധാകരനും യു.ഡി.എഫും കണക്കുകൂട്ടുന്നു. എന്നാല്‍ ജയരാജന്‍ തനിക്കൊത്ത എതിരാളിയേ അല്ലെന്ന് ആദ്യഘട്ടത്തില്‍ പറഞ്ഞ സുധാകരന് പ്രചാരണം മുന്നേറിയപ്പോഴേക്കും കണ്ണൂരിന് പുറത്തെ മണ്ഡലങ്ങളിലൊന്നും എത്തിപ്പെടാനായില്ലെന്നതാണ് യാഥാര്‍ഥ്യം. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയായിരുന്നു പ്രധാന വെല്ലുവിളി. ഇത് തിരിച്ചടിയാവുമോയെന്ന സംശയം യു.ഡി.എഫ് ക്യാമ്പിനുണ്ട്.

കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സി.രഘുനാഥ് വര്‍ധിത വീര്യത്തോടെയാണ് മണ്ഡലത്തില്‍ പ്രചാരണം നടത്തുന്നത്. മണ്ഡലത്തിന്റെ എല്ലായിടത്തും രഘുനാഥെത്തി. വെറും വോട്ട് വര്‍ധനയ്ക്കപ്പുറം ജയം തന്നെ ലക്ഷ്യമിട്ടുള്ള പ്രചാരണം. മുന്‍ കോണ്‍ഗ്രസ് നേതാവ് എന്നതുകൊണ്ടു തന്നെ കോണ്‍ഗ്രസിന്റെ വോട്ടുകൂടി തനിക്ക് ലഭിക്കുമെന്ന വിശ്വാസമാണ് രഘുനാഥിനുള്ളത്. സിപിഎം ഒരുവശത്തും സിപിഎം വിരുദ്ധ ചേരിയായി മറുവശത്തും നില്‍ക്കുന്ന കണ്ണൂരില്‍ ഇത്തവണ സുധാകരന്റെ ഭൂരിപക്ഷത്തില്‍ വന്‍ ചോര്‍ച്ചയുണ്ടാകുമെന്ന് ഉറപ്പ്. അത് വിജയത്തോളമെത്തിക്കാനാകുമോ എല്‍ഡിഎഫിന് എന്നതാണ് മില്യണ്‍ ഡോളര്‍ ചോദ്യം

placeholder
രാജ്‌മോഹന്‍ ഉണ്ണിത്താന്‍, എം.വി. ബാലകൃഷ്ണന്‍, അശ്വിനി എം.എല്‍.

കാസര്‍കോട്

2019-ല്‍ പല സര്‍വേകളും കാസര്‍കോട്ട് എല്‍ഡിഎഫ്‌ വിജയം പ്രവചിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു വമ്പന്‍ ഭൂരിപക്ഷത്തിലുള്ള രാജ്മോഹന്‍ ഉണ്ണിത്താന്റെ ലോക്‌സഭാ പ്രവേശനം. അങ്ങനെ ഇടതിന്റെ ശക്തികേന്ദ്രത്തില്‍ അവര്‍ക്ക് നഷ്ടപ്പെട്ടത് 35 വര്‍ഷമായി കൈവശം വെച്ചിരുന്ന, എ.കെ.ജിയെ മൂന്ന് തവണ തിരഞ്ഞെടുത്ത മണ്ഡലം കൂടിയാണ്. ഇത്തവണ ഇത് തിരിച്ച് പിടിക്കുക ഇടതിന്റെ ആത്മാഭിമാനത്തിന്റെ പ്രശ്നം കൂടിയായിരുന്നു. അതുകൊണ്ടുതന്നെ ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണനെയാണ് പാര്‍ട്ടി മത്സരത്തിനിറക്കിയതും. കോണ്‍ഗ്രസിലെ സിറ്റിങ് എം.പിമാരെല്ലാം ഇത്തവണ മത്സരിക്കുമെന്ന തീരുമാനം വന്നതോടെ രാജ്മോഹന്‍ ഉണ്ണിത്താന്‍ നേരത്തെ തന്നെ മണ്ഡലത്തില്‍ പ്രചാരണം തുടങ്ങുകയും ചെയ്തിരുന്നു. മണ്ഡലത്തില്‍ കഴിഞ്ഞ തവണ 176049 വോട്ട് പിടിച്ച് മികച്ച പ്രകടനം കാഴ്ചവെച്ച എന്‍.ഡി.എ  ഇത്തവണ വനിതാ സ്ഥാനാര്‍ഥിയായി എം.എല്‍ അശ്വിനിയേയും രംഗത്തിറക്കി. 

2019-ല്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ കാസര്‍കോട്ടുകാര്‍ക്ക് അതിഥിയായിരുന്നുവെങ്കില്‍ 2024 ആവുമ്പോഴേക്കും തനി കാസര്‍കോട്ടുകാരനായി മാറിയിട്ടുണ്ട്. മണ്ഡലത്തില്‍ സജീവമായതിനൊപ്പം വളരെ വേഗത്തില്‍ വ്യക്തിബന്ധങ്ങള്‍ വര്‍ധിപ്പിക്കാനായതും ഉണ്ണിത്താനെ സംബന്ധിച്ച് ഗുണകരമാവുകയും ചെയ്തു. ഈ വ്യക്തിബന്ധങ്ങളില്‍ തന്നെയാണ് ഉണ്ണിത്താന്റെ പ്രതീക്ഷയും. സി.പി.എം ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ എം.വി ബാലകൃഷ്ണന്‍ ജില്ലയില്‍ സജീവമായിരുന്നുവെങ്കിലും പാര്‍ട്ടി കാഡര്‍ വോട്ടുകള്‍ക്കപ്പുറമുള്ള വോട്ടുകള്‍ പെട്ടിയില്‍ വീണാല്‍ മാത്രമേ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇടതുപക്ഷത്തിന് സാധിക്കുകയുള്ളൂ. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായക സ്വാധീനമുള്ള മണ്ഡലത്തില്‍ ഈ വോട്ടുകൾ എങ്ങോട്ട് ചിന്തിക്കുന്നുവെന്നതിന് അനുസരിച്ചായിരിക്കും ജയപരാജയങ്ങള്‍. 

കഴിഞ്ഞ തവണ പെരിയ കല്ല്യോട്ടെ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവും ശബരിമല സ്ത്രീപ്രവേശന വിഷയവുമാണ് തിരിച്ചടിയായതെന്നായിരുന്നു ഇടതുപക്ഷത്തിന്റെ വിലയിരുത്തല്‍. അതിന് അനുസരിച്ച് വോട്ടുകളെ ആത്മവിശ്വാസത്തോടെ  തന്റെ പെട്ടിയിലാക്കുന്നതില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിജയിക്കുകയും ചെയ്തു. രാജ്മോഹന്‍ ഉണ്ണിത്താന്റെ ഈ തിരഞ്ഞെടുപ്പ് തന്ത്രത്തിലാണ് ഇത്തവണയും യു.ഡി.എഫിന്റെ പ്രതീക്ഷയും. സിറ്റിങ് എം.പി എന്ന നിലയില്‍ മണ്ഡലത്തില്‍ ഉണ്ണിത്താന് വിരുദ്ധവികാരങ്ങളൊന്നുമില്ല എന്നതാണ് അദ്ദേഹത്തിന്റെ സംബന്ധിച്ച് പോസീറ്റീവായ കാര്യം. മാത്രമല്ല ലീഗിന്റെ ശക്തമായ പിന്തുണയുമുണ്ട്. 

ആറ് ഭാഷകളില്‍ വെള്ളം പോലെ സംസാരിക്കാന്‍ കഴിയുന്ന എന്‍.ഡി.എയുടെ യുവ മുഖം അശ്വിനിയും വലിയ ആത്മവിശ്വാസത്തിലാണ് മത്സരത്തിനിറങ്ങിയത്. അപ്രതീക്ഷിതമായി കിട്ടിയ അവസരത്തെ അതിന്റെ എല്ലാ ആവേശത്തിലും അശ്വിനിയും ഉപയോഗിച്ചു. എന്‍.ഡി.എ സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികള്‍ സംബന്ധിച്ച് ജനങ്ങളോട്ട് കൃത്യമായി സംവദിക്കാന്‍ സാധിച്ചുവെന്നും ഇത്തവണ വിജയം സുനിശ്ചിതമെന്നും പറയുന്നുണ്ട് അശ്വിനി. യുവമുഖമെന്ന നിലില്‍ അശ്വിനിയുണ്ടാക്കിയ ഓളം ബിജെപിയുടെ വോട്ട് വര്‍ധനവിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇത് മറ്റ്  രണ്ട് മുന്നണികളുടേയും ഭൂരിപക്ഷം കുറയ്ക്കുന്നതില്‍ കാരണമാവുമെന്നും വിലയിരുത്തുന്നു.

മലയോര മേഖലകളിലെ വോട്ട് നിര്‍ണായകമാവുന്ന കാസര്‍കോട്ടും വന്യമൃഗ ശല്യവും പരിഹാരവും കാര്‍ഷിക മേഖലയിലെ വിലത്തകര്‍ച്ചയുമെല്ലാമാണ് പൊതുവെ ചര്‍ച്ചയായത്. റിയാസ് മൗലവി വധക്കേസ് വിധിയും പൗരത്വ നിയമവുമെല്ലാം രാഷ്ട്രീയമായും ചര്‍ച്ചയായി. ഇത് ന്യൂനപക്ഷ വോട്ടുകളെ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കണ്ണൂര്‍ ജില്ലയിലെ സിപിഎം കോട്ടകളായ പയ്യന്നൂരും കല്യാശ്ശേരിയും ഇടതിന് വലിയ ലീഡ് സമ്മാനിക്കുമെന്ന് ഉറപ്പാണ്. തൃക്കരിപ്പൂരിലും കാഞ്ഞങ്ങാടും ലീഡ് പരമാവധി കുറച്ച് ഉദുമ ഒപ്പത്തിനൊപ്പം പിടിച്ചാലും ജയിക്കാമെന്നതാണ് ഉണ്ണിത്താന്റെ ആത്മവിശ്വാസം. അതിന് കാരണം കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളാണ്. ഈ രണ്ട് സീറ്റുകളില്‍ സിപിഎം വോട്ടുകളില്‍ കുറേക്കാലമായി വലിയ ചോര്‍ച്ചയാണുണ്ടായിരിക്കുന്നത്. ഇതില്‍ ഒരു പങ്ക് ബിജെപി വിജയം തടയാനായി യുഡിഎഫിലേക്ക് മറിയുന്നതും ഉള്‍പ്പെടുന്നു. മഞ്ചേശ്വരത്തും കാസര്‍കോടും ബഹുദൂരം മൂന്നാമതായി പോകുന്നതാണ് ആത്യന്തികമായി സിപിഎമ്മിന് ലോക്‌സഭാ മണ്ഡലത്തില്‍ വലിയ വെല്ലുവിളിയാകുന്നത്‌.

placeholder
എം.കെ രാഘവൻ, എളമരം കരീം, എം.ടി രമേശ്

കോഴിക്കോട്

ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ ആറിലും ഇടതിന്റെ തേരോട്ടം. പക്ഷെ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി അതിഥിയായെത്തിയ എം.കെ രാഘവന്റെ കയ്യിലുള്ള കോഴിക്കോട് ലോക്‌സഭാ മണ്ഡലം ഏത് വിധേനയും തിരിച്ചുപടിക്കുക ലക്ഷ്യമിട്ടാണ് സി.പി.എം രാജ്യസഭാ എം.പിയും മുതിര്‍ന്ന നേതാവുമായ എളമരം കരീമിനെ ഇത്തവണ രംഗത്തിറക്കിയത്. കോഴിക്കോട്ട് നിറസാന്നിധ്യമായ എം.ടി രമേശ് എന്‍.ഡി.എയ്ക്ക് വേണ്ടിയും രംഗത്തെത്തിയതോടെ മത്സരം കനക്കുകയും ചെയ്തു. 

വികസനം  മുന്നോട്ട് വെച്ച് നേരത്തെ തന്നെ പ്രചാരണം ആരംഭിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന് മണ്ഡലത്തില്‍ എം.പിയെന്ന നിലയില്‍ കാര്യമായ നെഗറ്റീവ് വശങ്ങളൊന്നുമില്ല എന്നതാണ് അദ്ദേഹത്തെ സംബന്ധിച്ച ഏറെ ആത്മവിശ്വാസം. മാത്രമല്ല കോഴിക്കോടിന്റെ രാഘവേട്ടനായി താഴെക്കിടയില്‍ കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ ഉണ്ടാക്കിയെടുത്ത വ്യക്തിബന്ധങ്ങൾ ഗുണകരമാവുമെന്നും യു.ഡി.ഫ് കണക്കുകൂട്ടുന്നു. 2019-ല്‍ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന് വന്ന ഭൂമി ഇടപാട് ആരോപണത്തെ പോലും മറികടക്കാൻ എം.കെ രാഘവന് കഴിഞ്ഞിരുന്നു.എന്നാല്‍ ഇത്തവണ അങ്ങനെയുള്ള ആരോപണങ്ങള്‍ പോലും ഇല്ലാത്ത സാഹചര്യത്തില്‍ വിജയം കൂടുതല്‍ എളുപ്പമാവുമെന്നാണ് രാഘവന്‍ ക്യാമ്പ് വിലയിരുത്തുന്നത്. 

നല്ല പാര്‍ലമെന്റേറിയനും ട്രേഡ് യൂണിയന്‍ നേതാവുമായ എളമരം കരീമിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആഴത്തില്‍ ബന്ധമുള്ളയാളാണ്. എം.കെ രാഘവനെ രാഘവേട്ടന്‍ എന്ന് അഭിസംബോധന ചെയ്യുന്ന രീതിയില്‍ കരീംക്ക എന്ന പേരിലാണ് എല്‍.ഡി.എഫ് എളമരം കരീമിനെ രംഗത്തിറക്കിയിരുന്നത്. പോസ്റ്ററുകളെല്ലാം ഈ രീതിയിലുമായിരുന്നു. പക്ഷെ അത് അത്ര ക്ലിക്കായില്ല. എങ്കിലും ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാവുന്ന മണ്ഡലത്തില്‍ ഈ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനാവുമെന്ന് കണക്കുകൂട്ടുന്നുണ്ട് ഇടതുപക്ഷം. 

മുമ്പത്തേതില്‍ നിന്നും വ്യത്യസ്തമായി സമസ്തയും-ലീഗും തമ്മിലുള്ള പടലപ്പിണക്കവും ഇത്തവണ ഇടതിന് അനുകൂലമായ വികാരമുണ്ടാക്കുമെന്നും കരുതുന്നു. കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം എ.പി, ഇ.കെ വിഭാഗങ്ങളുടെ വോട്ട് ഏറെ നിര്‍ണായകമാണ്. സമസ്ത പരമ്പരാഗതമായി ലീഗിനൊപ്പമായിരുന്നുവെങ്കിലും വിവിധ വിഷയങ്ങളില്‍ പരസ്യമായി എതിര്‍നിലപാടെടുക്കുന്ന സാഹചര്യമുണ്ടായി. പൗത്വവിഷയത്തിലടക്കം ഇടതിനോട് ചേര്‍ന്നുള്ള പ്രതിഷേധ പരിപാടിക്ക് സാക്ഷ്യം വഹിച്ച മണ്ഡലവും കോഴിക്കോടായിരുന്നു. അവസാനമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം കത്തിച്ചതടക്കം വലിയ ചര്‍ച്ചയാവുകയും ചെയ്തു. ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമാവാന്‍ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂവെന്ന തരത്തില്‍ വലിയ രീതിയിലുള്ള പ്രചാരണമാണ് സി.പി.എം തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ നടത്തിയത്. ഇത് ഏത് തരത്തില്‍ വോട്ടാകുമെന്നതിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ജയപരാജയങ്ങൾ  തീരുമാനിക്കപ്പെടുക.

ബി.ജെ.പിയുടെ സൗമ്യ മുഖം എ.ടി രമേശ് രംഗത്തിറങ്ങിയതോടെ വോട്ട് വലിയ രീതിയില്‍ വര്‍ധിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് എന്‍.ഡി.എ ക്യാമ്പ്. കഴിഞ്ഞ തവണ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനായിരുന്ന അഡ്വ. പ്രകാശ് ബാബു 161216 വോട്ടാണ് പിടിച്ചത്. ഇത് എ.ടി രമേശിന്റെ ജനകീയതയിലൂടെ ഉയര്‍ത്താന്‍ കഴിയുമെന്ന് കരതുന്നു ബിജെപി. 2009-ല്‍ എം.ടി രമേശ് കോഴിക്കോട്ട് മത്സരിച്ചപ്പോൾ 97889 വോട്ടാണ് ലഭിച്ചത്. 2009-ല്‍ വോട്ടുകുറഞ്ഞെങ്കിലും 2014 ലും 2019 ലും വലിയ രീതിയില്‍ വോട്ടുയര്‍ത്താന്‍ എന്‍.ഡി.എയ്ക്ക് കഴിഞ്ഞു. ഇവിടെയാണ് എം.ടി രമേശ് ഒരിക്കല്‍ക്കൂടി  മത്സരിക്കാനെത്തിയത്. മോദി ഗ്യാരണ്ടിക്കൊപ്പം കോഴിക്കോട്ടുകാര്‍ക്ക് എം.ടി രമേശിന്റെ ഗ്യാരണ്ടിയെന്ന പേരിലാണ് എന്‍.ഡി.എ മണ്ഡലത്തില്‍ പ്രചാരണത്തിനിറങ്ങിയത്. ജലജീവന്‍ മിഷൻ, ദേശീയപാത വികസനം, ഗെയിൽ തുടങ്ങിയവ  സജീവ ചര്‍ച്ചയാക്കി.

placeholder
കെ.സുരേന്ദ്രൻ,ആനി രാജ, രാഹുൽഗാന്ധി

വയനാട്

മണ്ഡല രൂപീകരണം മൂതല്‍ കോണ്‍ഗ്രസിന് ഒപ്പം നിന്ന വയനാട് 2019-ല്‍ രാഹുല്‍ഗാന്ധിയുടെ വരവോടെയാണ് സ്റ്റാര്‍ മണ്ഡലമായത്. ദേശീയ ശ്രദ്ധായാകര്‍ഷിക്കുന്ന മണ്ഡലമായി മാറുകയും ചെയ്തു. സി.പി.ഐ മത്സരിക്കുന്ന മണ്ഡലത്തില്‍ ആദ്യ ഘട്ടത്തില്‍ രാഹുല്‍ മത്സരിക്കാനെത്തിയത് മുതല്‍ വലിയ ചര്‍ച്ചയായത് രാഹുലിന്റെ വരവ് തന്നെയായിരുന്നു. ബിജെപിയെ പേടിച്ച് ഒളിച്ചോടിയെത്തിയതാണെന്നും ബിജെപി എതിരാളിയേ അല്ലാത്ത മണ്ഡലത്തില്‍ മത്സരിക്കുന്നുവെന്നതടക്കമുള്ള ആരോപണങ്ങള്‍ രാഹുലിനെതിരേ ഉയര്‍ന്നെങ്കിലും സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലുള്ള വിജയമായിരുന്നു വയനാട്ടുകാര്‍ അന്ന് നല്‍കിയത്. എന്നാല്‍ രണ്ടാം തവണയും രാഹുല്‍ തന്നെ എത്തിയതോടെ കൂടുതല്‍ രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളും പ്രചാരണ ഘട്ടത്തില്‍ ഉയര്‍ന്ന് കേട്ടു.

ലീഗിന്റെ കൊടി വിവാദത്തില്‍ മുഖ്യമന്ത്രി തുടക്കമിട്ട ചര്‍ച്ച പ്രധാനമന്ത്രി നരേന്ദ്രമോദി വരെ ഏറ്റെടുത്തു. കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്ഥമായി മുഖ്യമന്ത്രിയും-രാഹുല്‍ ഗാന്ധിയും തമ്മിലുള്ള വാക്‌പോരിന് കളമൊരുങ്ങുന്ന സാഹചര്യവുമുണ്ടായി. എല്‍.ഡി.എഫിന് വേണ്ടി സിപിഐയുടെ ദേശീയ നേതാവ് ആനിരാജ മത്സരിക്കാനെത്തിയതോടെയാണ് മണ്ഡലം കൂടുതല്‍ ദേശീയ ശ്രദ്ധയിലേക്ക് വന്നത്. എന്‍.ഡി.എയ്ക്ക് വേണ്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ തന്നെ രംഗത്തെത്തിയതോടെ മത്സരം കനക്കുകയും ചെയ്തു. കഴിഞ്ഞ തവണ ബി.ഡി.ജെഎസ്സായിരുന്നു മണ്ഡലത്തില്‍ എന്‍.ഡി.എയ്ക്ക് വേണ്ടി മത്സരിച്ചതെങ്കില്‍ അവസാന ഘട്ടത്തിലാണ് ഇത്തവണ കെ.സുരേന്ദ്രന്‍ തന്നെ എത്തിയത്. സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതിവട്ടമെന്ന് മാറ്റുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയും വലിയ ചര്‍ച്ചയായിരുന്നു.

വന്യമൃഗ ശല്യവും ചുരം ബദല്‍പാതയും രാത്രിയാത്ര നിരോധവനവും ആരോഗ്യ രംഗത്തെ അപര്യാപ്തതയുമായിരുന്നു മണ്ഡലത്തില്‍ ഉയര്‍ന്നുകേട്ട പ്രധാന ചര്‍ച്ചാവിഷയം. ഇത് വോട്ടെടുപ്പില്‍ നിര്‍ണായകമാവുമെന്നും വിലയിരുത്തുന്നു. ബിജെപിക്കെതിരേ മത്സരിക്കാതെ എന്തുകൊണ്ട് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നുവെന്ന ചോദ്യമാണ് എല്‍.ഡി.എഫ് പ്രചാരണ വേദികളിലെല്ലാം ചോദിക്കുന്നത്. പക്ഷേ, ഇത്തരം ചോദ്യങ്ങള്‍ കഴിഞ്ഞ തവണയും വിലപ്പോയില്ല എന്നതുകൊണ്ട് ഇതിനെ യു.ഡി.എഫ് നേതൃത്വം മൈന്‍ഡ് ചെയ്യുന്നുമില്ല.

വയനാട് ജില്ലയ്ക്കപ്പുറം മലപ്പുറം ജില്ലയുടെ ഭാഗം കൂടി ചേര്‍ന്നിട്ടുള്ളതാണ് വയനാട് മണ്ഡലമെന്നത് കൊണ്ട് തന്നെ ന്യൂനപക്ഷ വോട്ടുകളും നിര്‍ണായകമാണ്. സി.എ.എ, പൗരത്വ നിയമം എന്നിവയെല്ലാം സജീവ ചര്‍ച്ചയാവുകയും ചെയ്തു. ഇതില്‍ തന്നെ സി.എ.എ. വിഷയത്തില്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും കൃത്യമായ നിലപാടില്ലെന്ന പ്രചാരണമാണ് ഇടതുപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്. ഇതൊക്കെ ഏത് തരത്തില്‍ വോട്ടാകുമെന്നാണ് കണ്ടറിയേണ്ടത്. എങ്കിലും കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് തന്നെ നേടിയ ഏറ്റവും വലിയ ഭൂരിപക്ഷമായ  431,770 എന്ന ഭൂരിപക്ഷം ഇത്തവണ അദ്ദേഹത്തിന് ലഭിക്കില്ലെന്നും ഇടതുക്യാമ്പ് വിലയിരുത്തുന്നുണ്ട്.

placeholder
അബ്ദുസമദ് സമദാനി, കെ.എസ് ഹംസ, നിവേദിത സുബ്രഹ്‌മണ്യം

പൊന്നാനി

ലീഗ്‌ കോട്ടയെന്നാണ് വിശേഷണമെങ്കിലും ആഞ്ഞുപിടിച്ചാല്‍ ഇടതുപക്ഷത്തിന് അട്ടിമറി സൃഷ്ടിക്കാന്‍ പറ്റുന്ന രാഷ്ടീയ സാഹചര്യമുളള മണ്ഡലമാണ് പൊന്നാനി. 2021 ല്‍ മലപ്പുറത്ത് നിന്നും ലോക്‌സഭയിലേക്കെത്തിയ അബ്ദുസമദ് സമദാനി ഇത്തവണ മണ്ഡലം മാറി പൊന്നാനിയില്‍ നിന്നും ജനവിധി തേടുമ്പോള്‍ ഭൂരിപക്ഷം സംബന്ധിച്ച് മാത്രമാണ് ചര്‍ച്ച. ലീഗില്‍ നിന്നും പുറത്തുപോയി സി.പി.എം ചിഹ്നത്തില്‍ അബ്ദുസമദ് സമദാനിക്കെതിരേ കെ.എസ് ഹംസ മത്സരിക്കുമ്പോഴും യു.ഡി.എഫ് അത് അപകടമായി കരുതുന്നില്ല. എന്‍.ഡി.എയ്ക്ക് വേണ്ടി അഡ്വ.നിവേദിത സുബ്രഹ്‌മണ്യനും ജനവിധി തേടുന്നു. പൗരത്വ വിഷയം, സി.എ.എ, റിയാസ് മൗലവി വധക്കേസ് വിധി എന്നിവയെല്ലാം സജീവ ചര്‍ച്ചയായ മണ്ഡലത്തില്‍ കേന്ദ്രത്തിനെതിരായ ജനവികാരം തന്നെയായിരിക്കും വോട്ടാവുക.

സമസ്തയും ലീഗും തമ്മിലുള്ള പടലപ്പിണക്കങ്ങളും മണ്ഡലത്തില്‍ ചര്‍ച്ചയാണെങ്കിലും സമദാനിയുടെ വ്യക്തിപ്രഭാവത്തിലൂടെ ഇതിനെയെല്ലാം മറികടക്കാനാവുമെന്നാണ് യു.ഡി.എഫ് ക്യാമ്പ് കണക്കുകൂട്ടുന്നത്. മറ്റ് മണ്ഡലങ്ങളിലെല്ലാം എല്‍.ഡി.എഫ് നേതൃത്വം പയറ്റുന്ന ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപിയെന്ന പ്രചാരണത്തിനും പൊന്നാനിയില്‍ വോട്ട് വീഴുമോ. അതുകൊണ്ടു തന്നെ ജനങ്ങളെ ബാധിക്കുന്ന പൗരത്വവും സി.എ.എയും പോലുള്ള വിഷയങ്ങളും ബിജെപി വിരുദ്ധതുയും തന്നെയായിരന്നു പ്രധാന ചര്‍ച്ചാവിഷയവും. 2019-ല്‍ ഇ.ടി മുഹമ്മദ് ബഷീര്‍ നേടിയ 193273 എന്ന ഭൂരിപക്ഷത്തെ സമദാനിയിലൂടെ ചരിത്ര ഭൂരിപക്ഷത്തിലേക്കെത്തിക്കുകയെന്നതും യു.ഡി.എഫിന്റേയും ലീഗിന്റേയും ലക്ഷ്യമാണ്. 

മണ്ഡലത്തില്‍ 63.35 ശതമാനമുള്ള മുസ്ലീം വോട്ടുകള്‍ തന്നെയാണ് നിര്‍ണായകം. 33 ശതമാനമാണ് ഹിന്ദുവോട്ടുകള്‍. ഇതിലാണ് ബിജെപിയുടെ പ്രതീക്ഷ. എന്‍.ഡി.എയ്ക്ക് വേണ്ടി ബി.ജെ.പിയുടെ വി.ടി രമ 2019 ല്‍ 1,10,603 വോട്ടുകളായിരുന്നു പിടിച്ചത്. മഹിളാമോർച്ച സംസ്ഥാന അധ്യക്ഷയായ നിവേദിതയെ പരീക്ഷിച്ചതിലൂടെ ഇത്തവണ വോട്ട് വിഹിതം വര്‍ധിപ്പിക്കാമെന്നും എന്‍.ഡി.എ കണക്കുകൂട്ടുന്നു. ഇടതുക്യാമ്പിന്റെ പ്രതീക്ഷയ്ക്ക് അടിസ്ഥാനം ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലും എല്‍ഡിഎഫിനൊപ്പമാണെന്നതാണ്. ഹംസ ഫാക്ടറും ഒപ്പം സമസ്തയിലെ ചലനങ്ങളും ലീഗ് വോട്ടില്‍ വലിയ തോതില്‍ വിള്ളല്‍ വീഴ്ത്തിയാല്‍ ലീഗിനും യുഡിഎഫിനും പൊന്നാനി വെല്ലുവിളിയാകും. 2014 ലില്‍ 25,000 വോട്ട് മാത്രമായിരുന്നു ഇ.ടിയുടെ ഭൂരിപക്ഷം. അന്ന് കോണ്‍ഗ്രസ് വിട്ടെത്തിയ വി അബ്ദുറഹ്‌മാനിലൂടെ കുറേ കോണ്‍ഗ്രസ് വോട്ടുകളും ഇടത്തേക്ക് ഒഴുകിയതാണ് യുഡിഎഫ് ഭൂരിപക്ഷം ഗണ്യമായി ഇടിച്ചത്‌. ദേശീയ രാഷ്ട്രീയവും സംസ്ഥാന സര്‍ക്കാരുമാണ് ജനമനസ്സിനെ സ്വാധീനിക്കുന്നതെങ്കില്‍ യുഡിഎഫ് വിജയം ആവര്‍ത്തിച്ചേക്കാം

placeholder
ഇ.ടി മുഹമ്മദ് ബഷീർ,വി.വസീഫ്, ഡോ.എം. അബ്ദുള്‍സലാം

മലപ്പുറം

2019-ല്‍ പി.കെ കുഞ്ഞാലിക്കുട്ടി പിടിച്ച 260153 എന്ന ചരിത്ര ഭൂരിപക്ഷം ഒരിക്കല്‍ കൂടി തിരിച്ചുപിടിക്കുക ലക്ഷ്യമിട്ടാണ് പൊന്നാനിയില്‍ നിന്നും ഇ.ടി മുഹമ്മദ് ബഷീറിനെ ലീഗ് മലപ്പുറത്ത് മത്സരിപ്പിച്ചത്. എം.പി സ്ഥാനം രാജിവെച്ച് കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ വന്ന ഒഴിവില്‍ 2021 ല്‍ അബ്ദുസമദ് സമാദാനി മണ്ഡലത്തെ പ്രതിനിധീകരിച്ചെങ്കിലും ഭൂരിപക്ഷം പകുതിയോളം കുറയുകയായിരുന്നു. ഇതാണ് സ്വന്തം നാട്ടില്‍ ഇ.ടിയെ കന്നി അംഗത്തിനിറക്കി നഷ്ടപ്പെട്ട വോട്ട് തിരിച്ചുപിടിക്കാനായി ലീഗിനെ പ്രേരിപ്പിച്ചത്.

മലപ്പുറത്ത് സമദാനിക്കെതിരേ 2021 ല്‍ -ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ വി.പിസാനുവിലൂടെ സി.പി.എമ്മിനും എല്‍.ഡി.എഫിനും സാധിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇത്തവണ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ പരീക്ഷിക്കുമ്പോള്‍ മത്സരം കനക്കും. എന്‍.ഡി.എയ്ക്ക് വേണ്ടി കാലിക്കറ്റ് സര്‍വകലാശല മുന്‍ വി.സി ഡോ.എം. അബ്ദുള്‍സലാമും രംഗത്തുണ്ട്.

വലിയ വിവാദങ്ങളും ആരോപണങ്ങളുമൊന്നും ഇല്ലാതെ മുസ്ലീം ജനവിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും മണ്ഡലത്തില്‍ നടന്ന രാഷ്ട്രീയ ചര്‍ച്ചകള്‍. സി.എ.എ, എന്‍.ആര്‍.സി, ഏക സിവില്‍ കോഡ്, ബിജെപി വിരുദ്ധത, ബാബരി മസ്ജിദ് വിഷയമൊക്കെ സജീവമായി ചര്‍ച്ചയായി. യുവ നേതാവ് എന്ന നിലയിലും ചാനല്‍ ചര്‍ച്ചകളിലടക്കം തിളങ്ങിനില്‍ക്കുന്ന നേതാവ് എന്ന നിലയിലും മണ്ഡലത്തില്‍ വസീഫിന് നിറഞ്ഞ് നില്‍ക്കാനായെങ്കിലും ഇ.ടിയുടെ ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യതയിലും സൗമ്യതയിലുമാണ് യു.ഡി.എഫ് പ്രതീക്ഷ.

വെറു മുസ്ലീം പ്രതിനിധി എന്നതിനപ്പുറം ലീഗിന്റെ തന്നെ സാരഥികള്‍ ലോക്‌സഭയിലുണ്ടാവുണമെന്ന രാഷ്ട്രീയ ചര്‍ച്ചകളാണ് ലീഗ് വോട്ടര്‍മാര്‍ക്കിടയില്‍ നടത്തിയത്. അത് ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാന്‍ കഴിഞ്ഞുവെന്നും ലീഗ് കണക്കുകൂട്ടുന്നു. എന്നാല്‍ വി.പി സാനു 2019 ലും 2021 ലും വര്‍ധിപ്പിച്ചത് പോലെ വോട്ട് വിഹിതത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ വസീഫിനെ കൊണ്ട് സാധിക്കുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. സമസ്ത-ലീഗ് അഭിപ്രായ വ്യത്യാസം തങ്ങള്‍ക്ക് അനുകൂലമായി മാറുകയും കേന്ദ്രസര്‍ക്കാര്‍ വിരുദ്ധ വോട്ടുകള്‍ ഇടതിലേക്ക് ഏകീകരിക്കപ്പെടുകയും ചെയ്താല്‍ 2004-ല്‍ ടി.കെ ഹംസ നടത്തിയ പോലുള്ള അട്ടിമറി സംഭവിക്കാമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നുണ്ട്. സമസ്തയും ലീഗുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് പറയുമ്പോഴും ആരോപണ പ്രത്യാരോപണങ്ങള്‍ ഇപ്പോഴും ഉയരുന്നുണ്ട്. ഇത് വഴിത്തിരിവാകുമോയെന്നും ഇടതുപക്ഷം കണക്കുകൂട്ടുണ്ട്. 

മണ്ഡലത്തില്‍ 70.25 ശതമാനാണ് മുസ്ലീം ജനസംഖ്യ. 21.45 ശതമാനം ഹൈന്ദവരും 1.99 ശതമാനം ക്രിസ്ത്യാനികളും 0.6 ശതമാനം ആദിവാസികളുമുണ്ട്. മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തിയെ മത്സരിപ്പിച്ചുവെന്നത് മാത്രമാണ് എന്‍.ഡി.എയെ സംബന്ധിച്ച് മലപ്പുറത്ത് പറയാനുള്ളത്. 2021 ല്‍ എ.പി അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയായപ്പോള്‍ 68935 വോട്ടുമാത്രമായിരുന്നു പിടിക്കാനായത്. അത് 2019-നേക്കാള്‍ കുറയുകയും ചെയ്തു. ഇത്തവണ ഡോ.അബ്ദുല്‍ സലാം എന്‍.ഡി.എ ടിക്കറ്റില്‍ മത്സരിക്കുമ്പോഴും പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ല എന്നതും സത്യമാണ്.