കല്പറ്റ: കലാകാരനായും പരിശീലകനായും പൊതുപ്രവര്‍ത്തകനായുമെല്ലാം ഇക്കാലമത്രയും പ്രവര്‍ത്തിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് വി.സി. രവി ഇക്കുറി ജനവിധി തേടുന്നത്. പൈതൃകകലയില്‍ നാടിന് അഭിമാനമായ കലാകാരനാണ് വി.സി. രവി. കല്പറ്റ നഗരസഭ 23-ാം ഡിവിഷന്‍ വെള്ളാരംകുന്നില്‍നിന്നാണ് രവി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കമ്പളനാട്ടിയില്‍ ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായതിനു പിന്നാലെയാണ് രവി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങുന്നത്.

To advertise here,

മൂന്നുതവണ ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്, 2019-ല്‍ സംസ്ഥാന സര്‍ക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് എന്നിവ രവിയെ തേടിയെത്തിയിട്ടുണ്ട്. ദേശീയ നാടന്‍കലാമേളയില്‍ എട്ടുതവണ കേരളത്തെ പ്രതിനിധാനംചെയ്തതും കേരളോത്സവം നാടന്‍പാട്ടില്‍ ആറുതവണ ചാമ്പ്യനായതുമെല്ലാം നേട്ടങ്ങളാണ്.

2023-ല്‍ കല്പറ്റയില്‍ നടത്തിയ തുടി കലാകാരരുടെ സംഗമത്തില്‍ 702 കലാകാരന്മാരെ തലയാളിയായി നയിച്ച് 'അറുമുട്ടാളം തുടി ലോകറെക്കോഡും' സ്വന്തമാക്കി. സ്‌കൂള്‍, യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലെ പരിശീലകനായും രവി മികവുപുലര്‍ത്തി. പണിയനൃത്തം, നാടന്‍പാട്ട്, നാടോടിനൃത്തം, മംഗലംകളി തുടങ്ങി കലാമേഖലയില്‍ തിരക്കേറിയപ്പോഴും പൊതുപ്രവര്‍ത്തനത്തിനും രവി സമയം കണ്ടെത്തി. ഡിവൈഎഫഐ കല്പറ്റ സൗത്ത് മേഖലാ കമ്മിറ്റിയംഗം, ഓണിവയല്‍ യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചു.

'കലയും പൊതുപ്രവര്‍ത്തനവും ജനങ്ങളുമായി ചേര്‍ന്നു മുന്നോട്ടുപോകുന്നവയാണെന്നും മത്സരിക്കാനുള്ള അവസരം അംഗീകാരമായാണ് കാണുന്നതെന്നും രവി പറഞ്ഞു'. മുണ്ടേരി 'സൃഷ്ടി'യിലൂടെയാണ് രവി കലാമേഖലയില്‍ വളര്‍ന്നത്. നിലവില്‍ കല്പറ്റ എമിലിയിലെ ഉണര്‍വ് നാടന്‍കലാപഠനകേന്ദ്രത്തിലെ അംഗമാണ്. കലോത്സവങ്ങളുടെ കാലമായതിനാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയിലും കുട്ടികളെ പരിശീലിപ്പിക്കാനും രവി സമയം കണ്ടെത്തുന്നുണ്ട്. ഓണിവയല്‍ സ്വദേശിയാണ്. നിഷയാണ് ഭാര്യ. ദീപക്, ദീപ്തി എന്നിവര്‍ മക്കളാണ്.