ഇറാനിലെ രാജകുമാരനായിരുന്നു മുഹമ്മദ് ഷാ. ഒരിക്കൽ അദ്ദേഹം ഒരു നീണ്ട യാത്ര പുറപ്പെട്ടു. ഒട്ടകങ്ങളുടെ പുറത്ത് ധാരാളം സാധനങ്ങളും കയറ്റി കുറേ പരിചാരകരെയും കൂട്ടിയായിരുന്നു കുമാരന്റെ യാത്ര. മരുഭൂമിയിലൂടെ യാത്രചെയ്യുന്നതിനിടയിൽ അവർ ധാരാളം മരങ്ങൾ വളർന്നുനിൽക്കുന്ന ഒരു പ്രദേശത്തെത്തി. കുറച്ചുസമയം അവിടെ വിശ്രമിക്കാൻ രാജകുമാരനും സംഘവും തീരുമാനിച്ചു.
ക്ഷീണമെല്ലാം മാറിയപ്പോൾ അവർ വീണ്ടും യാത്ര പുറപ്പെടാനൊരുങ്ങി. അപ്പോൾ ഒരു പരിചാരകൻ രാജകുമാരനോടു പറഞ്ഞു: “പ്രഭോ, നമ്മുടെ സംഘത്തിലെ ഒരു ഒട്ടകത്തെ കാണാനില്ല!’’
വൈകാതെ പരിചാരകർ ഒട്ടകത്തെ അന്വേഷിച്ച് പുറപ്പെട്ടു. കുറെനേരം കഴിഞ്ഞ് രാജകിങ്കരന്മാർ ഒരു വൃദ്ധനെയും കൂട്ടിക്കൊണ്ട് രാജകുമാരന്റെ അടുത്തെത്തി: “പ്രഭോ, നമ്മുടെ കാണാതായ ഒട്ടകത്തിന് ഇടത്തെക്കണ്ണിന് കാഴ്ചയില്ലായിരുന്നു. അതിന്റെ പുറത്ത് ചാക്കിൽ പഞ്ചസാരയും ഗോതമ്പുമാണ് ഉണ്ടായിരുന്നത്. ആ കാര്യങ്ങളെല്ലാം ഈ വൃദ്ധന് കൃത്യമായി അറിയാം. പക്ഷേ, ഇയാൾ ഒട്ടകത്തെ കണ്ടില്ല എന്ന് കള്ളംപറയുകയും ചെയ്യന്നു!’’ അവർ പറഞ്ഞു.
അപ്പോൾ രാജകുമാരൻ വൃദ്ധനോടു ചോദിച്ചു: “താങ്കൾ ഒട്ടകത്തെ കണ്ടില്ലേ?’’
“ഇല്ല പ്രഭോ!’’, വൃദ്ധൻ വിനയത്തോടെ തുടർന്നു: “വഴിയിൽ ഒട്ടകത്തിന്റെ കാൽപ്പാടുകൾ ഞാൻ കണ്ടിരുന്നു. വഴിയരികിലെ ചെടികളിൽ വലതുവശത്തുള്ളതു മാത്രമേ ഒട്ടകം കടിച്ചുതിന്നിട്ടുള്ളൂ. അപ്പോൾ അതിന്റെ ഇടതുകണ്ണിന് കാഴ്ചയില്ലെന്ന് ഉറപ്പല്ലേ? വഴിയരികിലൂടെ ഉറുമ്പുകൾ പഞ്ചസാരത്തരികളും ഗോതമ്പുമണികളുമായി പോകുന്നതും ഞാൻ കണ്ടു. അതുകണ്ടപ്പോൾ ഒട്ടകത്തിന്റെ പുറത്ത് എന്തായിരുന്നുവെന്ന് ഞാൻ ഊഹിച്ചതാണ്.’’
വൃദ്ധൻ അതിബുദ്ധിമാനാണെന്നും അയാൾ ഒട്ടകത്തെ കണ്ടിട്ടില്ലെന്നും രാജകുമാരനു മനസ്സിലായി. “എന്റെ പരിചാരകർ അങ്ങയെ തെറ്റിദ്ധരിച്ചതിൽ ഞാൻ മാപ്പുചോദിക്കുന്നു!’’, കുമാരൻ വിനയത്തോടെ പറഞ്ഞു.
അപ്പോൾ വൃദ്ധൻ പറഞ്ഞു: “പ്രഭോ, ആ ഒട്ടകം വലതുവശത്തേക്കുള്ള വഴിയിലൂടെ പോയിരിക്കാനാണ് സാധ്യത. അവിടെ അന്വേഷിച്ചാൽ അതിനെ കണ്ടുപിടിക്കാം!’’
ഉടൻതന്നെ പരിചാരകന്മാർ വൃദ്ധൻ പറഞ്ഞ വഴിയേ പോയി. വളരെ വേഗം അവർ ഒട്ടകത്തെയും കൂട്ടി തിരിച്ചുവരികയും ചെയ്തു. വൈകാതെ വൃദ്ധനോട് യാത്രപറഞ്ഞ് രാജകുമാരനും സംഘവും യാത്രതുടർന്നു.
Content Highlights: Demonstrates the power of keen observation and deductive reasoning., Highlights the importance of not judging others based on assumptions., Features a classic encounter between royalty and wisdom., Provides a moral lesson on humility and understanding.
Published: 21 May 2026, 05:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented