കല്പറ്റ: യുഡിഎഫും എല്ഡിഎഫും മാറി മാറി ഭരിച്ച കല്പറ്റ നഗരസഭയില് പോരാട്ടം മുറുക്കി മുന്നണികള്. 2020-ല് കൈവിട്ടുപോയ ഭരണം തിരികെപ്പിടിക്കാന് എല്ഡിഎഫ് 27 ഡിവിഷനില് സ്ഥാനാര്ഥികളെ പ്രഖ്യാപിച്ച് പോരാട്ടത്തിന് തുടക്കംകുറിച്ചു. യുഡിഎഫും എന്ഡിഎയും സ്ഥാനാര്ഥിനിര്ണയത്തിന്റെ അന്തിമഘട്ടത്തിലാണ്. ബുധനാഴ്ച എന്ഡിഎയുടെയും വ്യാഴാഴ്ച യുഡിഎഫിന്റെയും സ്ഥാനാര്ഥിപ്രഖ്യാപനമുണ്ടായേക്കും. ഇരുമുന്നണിയുടെയും ഔദ്യോഗിക സ്ഥാനാര്ഥിപ്രഖ്യാപനംകൂടി കഴിഞ്ഞാല് നഗരസഭയില് പോരാട്ടം കനക്കും.
നേരത്തേ 28 ഡിവിഷനുണ്ടായിരുന്നത് ഇത്തവണ വാര്ഡ് വിഭജനത്തിലൂടെ 30 ആയിട്ടുണ്ട്. എല്ഡിഎഫില് 20 ഡിവിഷനില് സിപിഎമ്മും മൂന്നുഡിവിഷനില് സിപിഐയും അഞ്ച് ഡിവിഷനില് ആര്ജെഡിയും രണ്ടുഡിവിഷനില് സ്വതന്ത്രരുമാണ് മത്സരിക്കുക. 25-ാം വാര്ഡായ ഓണിവയല്, 15-ാം വാര്ഡായ ഗ്രാമത്തുവയല് എന്നിവിടങ്ങളിലാണ് എല്ഡിഎഫ് സ്വതന്ത്രരെ മത്സരിപ്പിക്കുന്നത്. 12-ാം വാര്ഡ് എമിലിത്തടം, 15-ാം വാര്ഡ് ഗ്രാമത്തുവയല്, 17-ാം വാര്ഡ് പുല്പ്പാറ എന്നിവിടങ്ങളിലാണ് ഇനി എല്ഡിഎഫിന് സ്ഥാനാര്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഇതും ഉടനെ പ്രഖ്യാപിക്കും. ആദിവാസിക്ഷേമസമിതി ജില്ലാപ്രസിഡന്റ് പി. വിശ്വനാഥനാണ് എല്ഡിഎഫിന്റെ ചെയര്മാന് സ്ഥാനാര്ഥി.
മുന് കൗണ്സിലര്കൂടിയായതിന്റെ ആത്മവിശ്വാസത്തോടെയാണ് പി. വിശ്വനാഥന് ഇത്തവണ മത്സരിക്കുന്നത്. 28-ാം വാര്ഡായ എടഗുനിയില്നിന്നാണ് വിശ്വനാഥന് ജനവിധിതേടുന്നത്. നഗരസഭാ ഭരണം നിലനിര്ത്താനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്. ചൊവ്വാഴ്ച യുഡിഎഫ് നേതാക്കള് നടത്തിയ ചര്ച്ചയില് സീറ്റുവിഭജനമുള്പ്പെടെ ധാരണയായി.
18 സീറ്റില് കോണ്ഗ്രസും 12 സീറ്റില് മുസ്ലിംലീഗുമാണ് മത്സരിക്കുക. സ്ഥാനാര്ഥിനിര്ണയവും അന്തിമഘട്ടത്തിലാണ്. വ്യാഴാഴ്ച സ്ഥാനാര്ഥിപ്രഖ്യാപനം നടത്തി പ്രചാരണപരിപാടികള് തുടങ്ങാനാണ് യുഡിഎഫ് തീരുമാനം. നഗരസഭയിലെ മുന് സെക്രട്ടറിയായിരുന്ന കെ.ജി. രവീന്ദ്രന് ഇത്തവണ കോണ്ഗ്രസ് സ്ഥാനാര്ഥിയായി മത്സരിക്കുന്നുണ്ട്. 23-ാം ഡിവിഷനായ വെള്ളാരംകുന്നില്നിന്നാണ് അദ്ദേഹം ജനവിധിതേടുന്നത്.
ഭരണംകിട്ടിയാല് കെ.ജി. രവീന്ദ്രനെ ചെയര്മാന്സ്ഥാനത്തേക്കും പരിഗണിച്ചേക്കും. നിലവിലെ ഭരണസമിതിയില് ചെയര്മാന് സ്ഥാനത്തെച്ചൊല്ലിയുള്ള തര്ക്കങ്ങളും വികസനമുരടിപ്പും തിരഞ്ഞടുപ്പുവിജ്ഞാപനത്തിന് ദിവസങ്ങള്മാത്രം ബാക്കിനില്ക്കെ പുതിയചെയര്മാനെ തിരഞ്ഞെടുത്തതുമെല്ലാം എല്ഡിഎഫും എന്ഡിഎയും യുഡിഎഫിനെതിരേ പ്രചാരണായുധമാക്കുകയും ചെയ്യും.
പുതുമുഖങ്ങളെയടക്കം അണിനിരത്തിയാണ് എന്ഡിഎ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കുറച്ചുപേരുടെ സ്ഥാനാര്ഥിത്വം മണ്ഡലം കോര്കമ്മിറ്റി ഇതിനകം അംഗീകരിച്ചിട്ടുണ്ട്. ബുധനാഴ്ച വൈകീട്ടോടെ 30 ഡിവിഷനിലും സ്ഥാനാര്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് എന്ഡിഎ തീരുമാനം. മറ്റുപാര്ട്ടികള്വിട്ടെത്തിയവരെയും എന്ഡിഎ സ്ഥാനാര്ഥികളാക്കാന് പരിഗണിക്കുന്നുണ്ട്.
Content Highlights: Kalpetta Municipality polls intensify as UDF, LDF, and NDA finalize candidates. Learn about key candidates and electoral dynamics.
Published: 12 Nov 2025, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented