കല്പറ്റ: തദ്ദേശതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളില്‍ നേരിട്ട അവഗണന നവമാധ്യമങ്ങളിലും പങ്കുവെച്ച് കോണ്‍ഗ്രസിലെ യുവനേതാക്കള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും നിലവിലെ കല്പറ്റ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷനുമായ ജഷീര്‍ പള്ളിവയലാണ് 'നമ്മുടെ പാര്‍ട്ടിയില്‍ (കോണ്‍ഗ്രസില്‍) അടിത്തട്ടിലിറങ്ങി പണിയെടുക്കരുത്, എടുത്താല്‍ കൂടെയുള്ളവരും മുന്നണിക്കാരും നമ്മുടെ ശത്രുക്കളാകും. പ്രിയരെ മേല്‍ത്തട്ടിലിരുന്ന് കൈവീശുന്ന രാഷ്ട്രീയമാണ് ഉചിതം, 19 വര്‍ഷ ജീവിതാനുഭവത്തില്‍ പാര്‍ട്ടിയുടെ മണ്ഡലം പ്രസിന്റായതാണ് നമ്മള്‍ ചെയ്ത തെറ്റ്, ജയ് കോണ്‍ഗ്രസ്, ജയ് യുഡിഎഫ്' എന്ന് ഫെയ്സ്ബുക്കില്‍ കുറിച്ചത്.

To advertise here,

കുറച്ചു നിമിഷങ്ങള്‍ക്കകം ജഷീര്‍ ഇത് പിന്‍വലിച്ചു. എന്നാല്‍, ഒരുദിവസം മുന്‍പ് പോലീസ് മര്‍ദനമേറ്റതിന്റെ ചിത്രങ്ങള്‍ക്കൊപ്പം 'പുറത്തും ഇപ്പോ അകത്തുമായുള്ള മുറിപ്പാടുകള്‍ മായുന്നില്ല പ്രിയരേ' എന്ന കുറിപ്പോടെയും പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. ഇതിനുതാഴെ ഇദ്ദേഹത്തെ ജില്ലാപഞ്ചായത്തിലേക്ക് മത്സരിപ്പിക്കണമെന്ന് അണികള്‍ ആവശ്യപ്പെടുന്നുണ്ട്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് അമല്‍ജോയ് വന്യജീവി ആക്രമണത്തില്‍ നടത്തിയ സിവില്‍സ്റ്റേഷന്‍ മാര്‍ച്ചുമായി ബന്ധപ്പെട്ട കേസില്‍ കോടതിയില്‍ ജാമ്യമെടുക്കാനായി ഹാജരായതിനുശേഷം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഒരുമിച്ചു നില്‍ക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഇതിനൊപ്പമുള്ള കുറിപ്പില്‍ 'കോടതിയില്‍ നിന്നിറങ്ങിയശേഷം തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുതേടുമെന്നും യൂത്ത് കോണ്‍ഗ്രസ് എന്നാല്‍, കോടതിമുറികളും ജയിലറകളും പോലീസ് മര്‍ദനവും മാത്രമാണ്, പോരാട്ടം തുടരുമെന്നും' പങ്കുവെച്ചിട്ടുണ്ട്. യുവനേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചു എന്നതുമായി ബന്ധപ്പെടുത്തിയാണ് അണികള്‍ ഈ പോസ്റ്റുകളെ കാണുന്നത്. ഇതേത്തുടര്‍ന്ന് വാട്സാപ്പ് ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ സജീവമാണ്.