
തൃശ്ശൂർ : അഞ്ചുവർഷം നിരവധി നാടകീയരംഗങ്ങൾക്ക് സാക്ഷ്യംവഹിച്ച തൃശ്ശൂർ കോർപറേഷന്റെ കൗൺസിൽ ഹാളിലെ അവസാന യോഗത്തിൽ തിങ്കളാഴ്ചയുണ്ടായത് അപ്രതീക്ഷിത സംഭവങ്ങൾ. പരസ്പരം സ്നേഹം പങ്കിടൽ, പിന്നെയൊരു ഫോട്ടോയെടുപ്പ് എന്നിങ്ങനെ വിടവാങ്ങൽ ‘കളറാ’കുമെന്ന പ്രതീക്ഷ തുടക്കത്തിലേ അസ്തമിച്ചു.
യോഗം തുടങ്ങിയപ്പോഴേ 12 യോഗങ്ങളിലെ മിനിറ്റ്സ് മേശപ്പുറത്ത് വെയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തെ കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റു. മിനിറ്റ്സ് ലഭ്യമാക്കാതെ യോഗം തുടങ്ങാനാകില്ലെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ മേയർ അജൻഡ വായിക്കാനാവശ്യപ്പെട്ടു.
അതോടെ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി മുന്നോട്ടുവന്നു. ഇതിനിടെ രാജൻ പല്ലൻ അജൻഡ പിടിച്ചുവാങ്ങി കീറിക്കളഞ്ഞു. ബഹളത്തിനിടയിൽക്കൂടി മേയർ പുറത്തേക്കിറങ്ങി വാഹനത്തിൽക്കയറിപ്പോയി. പ്രതിപക്ഷം ബഹളം തുടർന്നപ്പോഴും ഭരണപക്ഷം ശാന്തരായി അവരവരുടെ സീറ്റുകളിലിരുന്നു.
മിനിറ്റ്സ് തിരുത്തിയെന്ന് പ്രതിപക്ഷം
: 12 കൗൺസിൽ യോഗത്തിന്റെ മിനിറ്റ്സ് വിതരണം ചെയ്യാൻ ഭരണപക്ഷം തയ്യാറായിട്ടില്ലെന്നും മിനിറ്റ്സിൽ തിരുത്തുവരുത്തുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. കൗൺസിൽ കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ അജൻഡയിൽ തീരുമാനം എഴുതി മിനിറ്റ്സ് കൗൺസിലർമാർക്ക് വിതരണം ചെയ്യേണ്ടതാണെന്ന് പ്രതിപക്ഷ കക്ഷിനേതാവ് രാജൻ ജെ. പല്ലൻ പറഞ്ഞു.
മിനിറ്റ്സ് ആവശ്യപ്പെട്ട് മൂന്നുതവണ മേയർക്ക് കത്തു നൽകി. സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥയോടും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ കൗൺസിൽ യോഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടും മറുപടി പറയാതെ അജൻഡയുമായി മേയർ മുന്നോട്ടുപോകാൻ ശ്രമിച്ചതിനെത്തുടർന്നാണ് പ്രതിഷേധിച്ചതെന്ന് കൗൺസിൽ യോഗത്തിനുശേഷം വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ രാജൻ പല്ലൻ പറഞ്ഞു.
2016 മുതൽ 2024 വരെ നിയമവിരുദ്ധമായി വാങ്ങിയ, കെട്ടിടനികുതി പിരിവിനെതിരായ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയിൽ അപ്പീൽ പോകാൻ ശ്രമിച്ചിരുന്നു. ഇതിനെതിരേയുണ്ടായ എതിർപ്പിനെത്തുടർന്ന് തീരുമാനം മാറ്റിവെച്ചിരുന്നു.
എന്നാൽ, കൗൺസിലിൽ അജൻഡ വരാതെ, കൗൺസിലർമാർ അറിയാതെ, സുപ്രീംകോടതിയിൽ പോകുന്നതായി കള്ള മിനിറ്റ്സ് ഉണ്ടാക്കിയെന്ന് പ്രതിപക്ഷം ആരോപിച്ചു. നവംബർ ഏഴിന് തയ്യാറാക്കിയ മിനിറ്റ്സിലാണ് കൗൺസിൽ തീരുമാനിച്ചതായി എഴുതിച്ചേർത്തത്. പത്തുവർഷത്തിലേറെയായി കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടിട്ടും ഒരുതവണ പോലും നടത്താത്ത കേരളത്തിലെ ഏക തദ്ദേശസ്ഥാപനമാണ് തൃശ്ശൂർ കോർപറേഷനെന്ന് കോൺഗ്രസ് കൗൺസിലർ ജോൺ ഡാനിയൽ ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ നടപടി ജനാധിപത്യവിരുദ്ധം
: അവസാനയോഗത്തിൽ അജൻഡ കീറിക്കളഞ്ഞ് ബഹളമുണ്ടാക്കിയ പ്രതിപക്ഷനടപടി തീർത്തും ജനാധിപത്യവിരുദ്ധമെന്ന് മേയർ എം.കെ. വർഗീസ് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പ്രതികരിച്ചു. എല്ലാവരെയും വിളിച്ച് സൗഹൃദം പങ്കിട്ട് അവസാനിപ്പിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്.
എന്നാൽ, യോഗം ആരംഭിച്ചയുടനെ കോൺഗ്രസ് നേതാവ് രാജൻ ജെ. പല്ലൻ ഇതുവരെ യോഗം ചേർന്നതിന്റെ മിനിറ്റ്സ് ആവശ്യപ്പെട്ടു. മിനിറ്റ്സ് നൽകിയതിനുശേഷംമാത്രമേ യോഗം ചേരാൻ അനുവദിക്കുകയുള്ളൂവെന്ന് ആക്രോശിച്ച് ഡയസിലേക്ക് വന്നു. തുടർന്ന് മറ്റു പ്രതിപക്ഷ കൗൺസിലർമാരും മുദ്രാവാക്യം വിളിക്കുകയും അജൻഡ കീറിക്കളയുകയും ചെയ്തു. വരാൻപോകുന്ന തിരഞ്ഞെടുപ്പിലെ തോൽവിയുടെ ഉൾഭയമാണ് ഈ പ്രവൃത്തിക്ക് പിന്നിലെന്നും മേയർ കുറ്റപ്പെടുത്തി.
അജൻഡകൾ ചർച്ച ചെയ്യാതെ കലഹമുണ്ടാക്കി പിരിയാൻ ശ്രമിച്ച നടപടിക്ക് മേയർ എന്ന നിലയിൽ ഞാൻ തയ്യാറല്ലാത്തതിനാലാണ് യോഗം പെട്ടെന്ന് അവസാനിപ്പിച്ചത് -മേയർ വിശദീകരിച്ചു.
Content Highlights: Dramatic scenes in Thrissur Corporation`s final council meeting.
Published: 11 Nov 2025, 09:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented