താനൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ താനൂരിന്റെ മുക്കിലും മൂലയിലും രാഷ്‌ട്രീയ ചർച്ചകൾക്കും ചൂടുപിടിച്ചു. മന്ത്രി വി. അബ്ദുറഹ്‌മാന്റെ മണ്ഡലത്തിലെ നഗരസഭയെന്നതും ബിജെപി പ്രതിപക്ഷമായ ജില്ലയിലെ ഏക തദ്ദേശസ്ഥാപനമെന്നതും താനൂരിന്റെ രാഷ്‌ട്രീയപ്രാധാന്യം കൂട്ടുന്നു.

To advertise here,

നിലവിൽ എൻഡിഎയ്ക്കു പിറകിൽ മൂന്നാമതാണ് എൽഡിഎഫ്. 1964-ൽ താനൂർ പഞ്ചായത്ത് രൂപവത്കരിച്ചതുമുതൽ മുസ്‌ലിംലീഗാണ് ഭരിക്കുന്നത്. മത്സ്യബന്ധന-ഇടത്തരം തൊഴിലാളികൾ കൂടുതലുള്ള പഞ്ചായത്ത് 2015-ലാണ് നഗരസഭയാകുന്നത്. അന്ന് 44 അംഗ നഗരസഭയിലേക്ക് ലീഗിന് 30, കോൺഗ്രസിന് രണ്ട്, ബിജെപിക്ക് 10, എൽഡിഎഫിന് രണ്ട് എന്നിങ്ങനെയായിരുന്നു കൗൺസിലർമാർ. 2020-ൽ വീണ്ടും അധികാരത്തിലെത്തുമ്പോൾ ലീഗിന് രണ്ടു സീറ്റ്‌ കുറഞ്ഞു. കോൺഗ്രസിന് മൂന്നും ബിജെപിക്ക് ഏഴും എൽഡിഎഫിന് ആറും സീറ്റുമായി. ആദ്യ മൂന്നരവർഷം പി.പി. ഷംസുദ്ദീനും നിലവിൽ റഷീദ് മോര്യയുമാണ് അധ്യക്ഷൻ. സി.കെ. സുബൈദ ഉപാധ്യക്ഷയും.

തീരദേശത്തെ യുഡിഎഫ് കോട്ട

തുടക്കംമുതൽ നാളിതുവരെ മുസ്‌ലിംലീഗിന്റെയും അതിലൂടെ യുഡിഎഫിന്റെയും ഉറച്ച കോട്ടയാണ് താനൂർ. ലീഗിന്റെ അനിഷേധ്യ നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ സഹപാഠി സി.വി. മുഹമ്മദലിയായിരുന്നു പ്രഥമ പഞ്ചായത്ത് പ്രസിഡന്റ്. പിന്നീട് വിവിധ കാലങ്ങളിൽ സി. ഇബ്രാഹിംകുട്ടി, കുട്ടി അഹമ്മദ്കുട്ടി, എ.പി. മുഹമ്മദ്, കെ.പി.സി. ബാവ, കെ.പി. മുഹമ്മദ് ഇസ്‌മായിൽ, എ.കെ. യൂസഫ്, കെ.പി. അബ്ദുറഹ്മാൻകുട്ടി, എം.പി. അഷ്‌റഫ്, സി.കെ. സുബൈദ എന്നിവർ പ്രസിഡന്റുമാരായി.

കുട്ടി അഹമ്മദ്കുട്ടി പിന്നീട് താനൂർ, തിരൂരങ്ങാടി മണ്ഡലങ്ങളിലെ നിയമസഭാ സാമാജികനും തദ്ദേശവകുപ്പ് മന്ത്രിയുമായി. സി.കെ. സുബൈദ പഞ്ചായത്തിന്റെ ആദ്യത്തെയും അവസാനത്തെയും വനിതാ പ്രസിഡന്റായിരുന്നു. നഗരസഭയായപ്പോൾ പ്രഥാധ്യക്ഷയുമായി. അന്ന് സി. മുഹമ്മദ് അഷറഫ് ഉപാധ്യക്ഷനുമായി.

വേണ്ടത് പ്രാദേശിക വികസനം

പ്രാദേശിക വികസനം ചർച്ചയാക്കി നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇത്തവണ വാർഡുകൾ 45 ആയി. ഇവയിലെല്ലാം പ്രാദേശിക വികസനത്തിന്റെ വലിയ കുറവുണ്ടെന്നാണ് എൽഡിഎ, എൽഡിഎഫ് മുന്നണികളുടെ ആരോപണം. പിഎംഎ ലൈഫ് പദ്ധതിയിലെ ഭവനനിർമാണം, കണ്ണന്തളി, കാരാട്, ഒട്ടുംപുറം എന്നിവിടങ്ങളിലെ ഹെൽത്ത് ആൻഡ് വെൽനെസ് സെന്റർ, 75 ലക്ഷം രൂപയ്ക്ക് നിർമിക്കുന്ന വി.കെ.എം. ഇബ്‌നു മൗലവി ബഡ്‌സ് സ്‌പെഷ്യൽ സ്‌കൂൾ, താനൂർ നഗരസഭാ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ വീടുകൾക്കും സൗജന്യ കുടിവെള്ള കണക്‌ഷൻ നൽകുന്ന 22 കോടി രൂപയുടെ പ്രവൃത്തി തുടങ്ങിയ പ്രവർത്തനങ്ങൾ യുഡിഎഫ് ഉയർത്തിക്കാട്ടുമെന്ന് നഗരസഭാധ്യക്ഷൻ റഷീദ് മോര്യ പറഞ്ഞു.

നഗരസഭാ ബസ്‌സ്റ്റോപ്പുകളില്ലാത്തതും ഒട്ടുംപുറം പൊതുശ്‌മശാനത്തിൽ അത്യാധുനികരീതിയുള്ള സംവിധാനങ്ങളൊരുക്കാത്തതും അത്യാഹിതവിഭാഗം പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രിയുടെ അഭാവവും പട്ടികജാതി ഹോമിയോ ആശുപത്രിക്ക് സ്വന്തം കെട്ടിടമില്ലാത്തതും ജനങ്ങളിലെത്തിക്കുമെന്ന് പ്രതിപക്ഷനേതാവ് പി. ദിബീഷ് ചിറക്കലും പറഞ്ഞു.

സ്വന്തമായി രൂപവത്കരിക്കുന്ന പദ്ധതികളൊന്നും നടപ്പാക്കാത്ത ഭരണസമിതിക്കെതിരായ വികാരം ജനങ്ങളിലുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ പദ്ധതികൾക്ക് കാലതാമസമുണ്ടാക്കി ജനങ്ങൾക്ക് പ്രയോജനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് ഭരണസമിതിയുണ്ടാക്കുന്നതെന്നും എൽഡിഎഫ് കൗൺസിലറായ പി.ടി. അക്ബറും പറഞ്ഞു.

യുഡിഎഫിൽ ലീഗ് 30, കോൺഗ്രസ് 14, സ്വതന്ത്രൻ ഒന്ന് എന്നിങ്ങനെയാണ് മത്സരിക്കുന്നത്. ചൊവ്വാഴ്‌ച സ്ഥാനാർഥികളെ പ്രഖ്യാപിക്കും. 33 വാർഡുകളിൽ മത്സരിക്കുന്ന എൻഡിഎ 30 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുഴുവൻ സീറ്റിലും മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥികളെ വെള്ളിയാഴ്‌ചയോടെ അറിയാനാകും.