മലപ്പുറം: വനിതാ ലീഗിനെ അധിക്ഷേപിച്ച് സ്ത്രീവിരുദ്ധ പ്രസംഗവുമായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി. മലപ്പുറം തെന്നല പഞ്ചായത്ത് ഒന്നാംവാര്‍ഡില്‍നിന്ന് വിജയിച്ച എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി കെ.വി. മജീദാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി പ്രചാരണം നടത്തിയ വനിതാ ലീഗിനെ അധിക്ഷേപിച്ച് പ്രസംഗിച്ചത്.

To advertise here,

വോട്ടിനുവേണ്ടി കല്യാണം കഴിച്ചുകൊണ്ടുവന്ന സ്ത്രീകളെ അന്യപുരുഷന്മാര്‍ക്കുമുന്നില്‍ കാഴ്ചവെക്കരുതെന്നാണ് എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പറഞ്ഞത്. ആണത്തവും ഉളുപ്പുമുള്ളവന്‍ പെണ്ണുങ്ങളെ രാഷ്ട്രീയത്തില്‍ ഇറക്കിയാല്‍ മതി. അല്ലെങ്കില്‍ പെണ്ണുങ്ങള്‍ വീട്ടിലിരിക്കട്ടെയെന്നും മജീദ് പറഞ്ഞു.

'വനിതാ ലീഗിനെ വരെ നിങ്ങള്‍ ഇറക്കി. വനിതാ ലീഗ് എല്ലാം എവിടെ പോയി. വനിതാ ലീഗിന്റെ ഒരു വ്യക്തി ഇന്നലെ ഒരു വീഡിയോ ഇറക്കിയിരിക്കുന്നു. വനിതാ ലീഗിനെ പറയാന്‍ പാടില്ലത്രേ. ജമീല താത്തയും കൂട്ടരും വനിതാ ലീഗിനെ പറയാന്‍ പാടില്ലെന്ന് പറഞ്ഞു. ജമീല താത്താ, പറയാനുള്ളത് ജമീല താത്താനെ മാത്രമല്ല പാണക്കാട്ടെ തങ്ങന്മാരെവരെ പറഞ്ഞിട്ടുണ്ട്. അതൊക്കെ കേള്‍ക്കാന്‍ ആണത്തവും ഉളുപ്പും ഉണ്ടെങ്കില്‍ മാത്രം ഈ പരിപാടിക്ക് ഇറങ്ങിയാല്‍ മതി. അല്ലെങ്കില്‍ വീട്ടമ്മയായിട്ട് വീട്ടില്‍ ഇരിക്കാന്‍ സാധിക്കണം. അതാണ് വേണ്ടത്. സയ്യിദ് മജീദിനെയും പ്രവര്‍ത്തകരെയും തോല്‍പ്പിക്കാന്‍ വേണ്ടിവന്നാല്‍ അതല്ല, അതിന്റെ അപ്പുറത്തേതും ഞങ്ങള്‍ വിളിച്ചുപറയും. കേസ് അല്ലേ, കേസ് കൊടുത്താല്‍ ഞങ്ങള്‍ക്കറിയാം കേസ് എങ്ങനെ നേരിടണമെന്ന്.

ഞങ്ങളൊക്കെ കല്യാണം കഴിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കും അറിയാം. നിങ്ങള്‍ 20 പേരെ ഇറക്കിയിട്ടുണ്ടെങ്കില്‍ 22 പേരെ അല്ല, 200 പേരെ ഇറക്കാന്‍ ഞങ്ങളുടെ വീട്ടിലും ഞങ്ങളെല്ലാം കല്യാണം കഴിച്ചുകൊണ്ടുവന്ന പെണ്‍കുട്ടികളുണ്ട്. കല്യാണം കഴിക്കുമ്പോള്‍ തറവാട് നോക്കുന്നത് എന്തിനാണെന്ന് അറിയാമോ. ഇത്തരം കാര്യങ്ങള്‍ക്കാണ് തറവാട് നോക്കുന്നത്. അന്യ ആണുങ്ങളുടെ മുന്നില്‍പോയി, നിസ്സാര ഒരു വോട്ടിന് വേണ്ടി, വാര്‍ഡ് പിടിച്ചെടുക്കുന്നതിന് വേണ്ടി അന്യ കുടുംബത്തില്‍നിന്ന് കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മറ്റുള്ളവരുടെ മുന്നില്‍ കാഴ്ചവെക്കാനുള്ളതല്ല എന്ന് ഓര്‍മപ്പെടുത്തുകയാണ്. ഞങ്ങളൊക്കെ മക്കളെകൊണ്ട് കല്യാണം കഴിപ്പിച്ചിട്ടുണ്ട്. ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ വീട്ടിലുണ്ട്. അതൊക്കെ ഞങ്ങളുടെ മക്കളുടെകൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്മാരുടെകൂടെ അന്തിയുറങ്ങാനുമാണ്', മജീദ് പറഞ്ഞു.