കോഴിക്കോട്: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായിട്ടും മുന്നണികളില്‍ പൊട്ടിത്തെറിയും വിമതഭീഷണിയും തുടരുന്നു. യുഡിഎഫിലാണ് വന്‍ പൊട്ടിത്തെറി. സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം യൂത്ത് ലീഗ് കുറ്റ്യാടി മണ്ഡലം കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെച്ചു.

To advertise here,

വാര്‍ഡുകളില്‍ ഒരു പഠനവുംനടത്താതെ പാര്‍ലമെന്റ് ബോര്‍ഡിലുള്ള ലീഗ് നേതാക്കള്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചെന്നാണ് ഭാരവാഹികള്‍ പറയുന്നത്. മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരംമാനിച്ച് യൂത്ത് ലീഗ് നേരിട്ട കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് കുറ്റ്യാടി നിയോജകമണ്ഡലം കമ്മിറ്റിയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെക്കുന്നെന്നാണ് മണ്ഡലംകമ്മിറ്റി അറിയിച്ചത്.

മണ്ഡലംപ്രസിഡന്റ് മന്‍സൂര്‍ ഇടവലത്ത് നാമനിര്‍ദേശപത്രിക കൊടുക്കാനിരുന്നെങ്കിലും യൂത്ത് ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് മുസ്ലിംലീഗ് മണ്ഡലംകമ്മിറ്റി പുല്ലുവിലയാണ് കല്‍പിച്ചതെന്നും യൂത്ത് ലീഗ് ആരോപിച്ചു.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കാരശ്ശേരി ഡിവിഷനില്‍ കോണ്‍ഗ്രസിലെ ഔദ്യോഗികസ്ഥാനാര്‍ഥിക്കെതിരേ നാല് വിമതര്‍ പത്രികനല്‍കി. പാര്‍ട്ടിയില്‍ സജീവമല്ലാത്തയാള്‍ക്ക് സീറ്റുനല്‍കിയെന്ന് ആരോപിച്ചാണ് പ്രതിഷേധം. മാവൂര്‍ പഞ്ചായത്തില്‍ ലീഗിനും ഒളവണ്ണയില്‍ സിപിഎമ്മിനും വിമതരുണ്ട്.

  • സിപിഐക്കെതിരേ സിപിഎം

നാദാപുരം: ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍ സിപിഐക്കെതിരേ സിപിഎം സ്ഥാനാര്‍ഥി രംഗത്ത്. ഒന്നാംവാര്‍ഡില്‍ സിപിഐയിലെ സി.എച്ച്. ദിനേശനെതിരേയാണ് സിപിഎം സ്ഥാനാര്‍ഥിയായി വിജയന്‍ ഒതയോത്ത് നാമനിര്‍ദേശപത്രിക നല്‍കിയത്. എല്‍ഡിഎഫിലെ സീറ്റുവിഭജനചര്‍ച്ചയില്‍ ഗ്രാമപ്പഞ്ചായത്തിലെ ഒന്നാംവാര്‍ഡ് സിപിഐക്കാണ് തീരുമാനിച്ചത്. എന്നാല്‍, സിപിഐ മത്സരിച്ചാല്‍ പരാജയപ്പെടുമെന്നും സിപിഎം മത്സരിച്ചാല്‍മാത്രമേ സീറ്റ് ജയിക്കൂ എന്നുമാണ് ഒരുവിഭാഗം സിപിഎം കേന്ദ്രങ്ങളുടെ വിശദീകരണം.

  • ഒളവണ്ണയില്‍ സിപിഎമ്മിന് റിബല്‍

പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപ്പഞ്ചായത്ത് 16 ഒളവണ്ണ വാര്‍ഡില്‍ സിപിഎം വിമതസ്ഥാനാര്‍ഥി നാമനിര്‍ദേശപത്രിക നല്‍കി. ജീവകാരുണ്യ പ്രവര്‍ത്തകനും സിപിഎം പ്രവര്‍ത്തകനുമായ മഠത്തില്‍ അബ്ദുള്‍ അസീസാണ് പത്രിക നല്‍കിയത്. 2015-ല്‍ ഇതേ വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് മെമ്പറായിരുന്നു അസീസ്. കഴിഞ്ഞവര്‍ഷം സിപിഎമ്മില്‍ ചേര്‍ന്ന അസീസിന് സിപിഎം സ്വീകരണം നല്‍കിയിരുന്നു.

  • സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച്

തിരുവമ്പാടി:സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഗ്രാമപ്പഞ്ചായത്തിലെ പുന്നക്കല്‍ വാര്‍ഡില്‍ സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ്. യൂത്ത് കോണ്‍ഗ്രസ് തിരുവമ്പാടി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ ജിതിന്‍ പല്ലാട്ടാണ് റിബല്‍സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയത്. മുന്‍ ഗ്രാമപ്പഞ്ചായത്തംഗം ടോമി കൊന്നക്കലാണ് ഇവിടെ യുഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി.

  • കല്ലായി വാര്‍ഡില്‍ വിമതനും

കോഴിക്കോട്: വി.എം. വിനുവിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ശ്രദ്ധേയമായ കോര്‍പ്പറേഷനിലെ കല്ലായി വാര്‍ഡില്‍ കോണ്‍ഗ്രസിന് വിമതന്‍. യൂത്ത് കോണ്‍ഗ്രസ് പന്നിയങ്കര മുന്‍ മണ്ഡലം പ്രസിഡന്റ് സുധീപ് പിണ്ണാണത്താണ് പത്രിക സമര്‍പ്പിച്ചത്. മണ്ഡലം കമ്മിറ്റിക്കെതിരായ പ്രതിഷേധമാണ് പത്രിക നല്‍കാന്‍ കാരണമെന്ന് സുധീപ് പറഞ്ഞു. കോണ്‍ഗ്രസ് പന്നിയങ്കര മണ്ഡലം പ്രസിഡന്റ് ബൈജു കാളക്കണ്ടിയാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി.

  • ആര്‍എംപിഐക്കും വിമതന്‍

വടകര: നഗരസഭയിലെ ചീനംവീട് വാര്‍ഡിലെ ആര്‍എംപിഐ സ്ഥാനാര്‍ഥി എ.പി. ഷാജിത്തിന് വിമതഭീഷണി. ആസാദ് സിങ് എന്ന ആര്‍എംപി പ്രവര്‍ത്തകനാണ് സ്വതന്ത്രനായി പത്രിക നല്‍കിയത്. ആര്‍എംപിക്കെതിരേയാണ് പത്രിക നല്‍കിയതെന്നും താന്‍ ഇപ്പോഴും ആര്‍എംപി ഏരിയാകമ്മിറ്റി അംഗമാണെന്നും ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആസാദിന് കുറെക്കാലമായി പാര്‍ട്ടിയുമായി ബന്ധമില്ലെന്നും അംഗത്വം പുതുക്കിയിട്ടില്ലെന്നും ആര്‍എംപി നേതൃത്വം വ്യക്തമാക്കി.