മടിക്കൈ: ഏത് തിരഞ്ഞെടുപ്പെടുത്താലും ഇടതുമുന്നണിക്ക് മികച്ച വിജയം സമ്മാനിക്കുന്ന ഡിവിഷനാണ് മടിക്കൈ. ഇത്തവണ യുവനേതാവിനെയിറക്കി ഭൂരിപക്ഷം വർധിപ്പിക്കാൻ എൽഡിഎഫ് അരങ്ങൊരുക്കുന്നു. യുഡിഎഫും യുവനേതാവിനെ ഗോദയിലിറക്കിയിട്ടുണ്ട്. മടിക്കൈയിലെ ബിജെപി കോട്ടയിൽനിന്ന് ഉശിരൻ നേതാവിനെ സ്ഥാനാർഥിയാക്കി ബിജെപിയും ത്രികോണപ്പോര് കൊഴുപ്പിക്കുകയാണ്. ഡീലിമിറ്റേഷനിലെ അതിർത്തി മാറ്റവും കൂട്ടിച്ചേർക്കലുകളും ബാധിക്കില്ലെന്ന് ഇടതുമുന്നണി ഉറപ്പിച്ചുപറയുമ്പോൾ നേട്ടമുണ്ടാകുമെന്ന് കണക്കുകൂട്ടുന്നു യുഡിഎഫും എൻഡിഎയും. എങ്കിലും വോട്ടുകണക്കും നലിവിലെ രാഷ്ട്രീയസാഹചര്യവും ഉറ്റുനോക്കുന്നുണ്ട് സ്ഥാനാർഥികളും അവരുടെ പാർട്ടിയും.

To advertise here,

ഏച്ചിക്കാനം, മടിക്കൈ, അജാനൂർ, മഡിയൻ, മാവുങ്കാൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ ഉൾപ്പെട്ടതാണ് മടിക്കൈ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. മടിക്കൈ, അജാനൂർ ഗ്രാമപ്പഞ്ചായത്തുകളിലെ ആകെ 35 പഞ്ചായത്ത് വാർഡുകളിലെ 60,000-ഓളം വോട്ടർമാരാണ് ഇവിടെ വിധി നിർണയിക്കുക. രണ്ട് ഗ്രാമപ്പഞ്ചായത്തുകളിലെയും മേൽക്കൈ എൽഡിഎഫിനാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മടിക്കൈ ഡിവിഷനിൽനിന്ന്‌ വിജയിച്ച ബേബി ബാലകൃഷ്ണനായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലാ പഞ്ചായത്തിലെ ഉയർന്ന ഭൂരിപക്ഷം നൽകിയാണ് മടിക്കൈയിലെ വോട്ടർമാർ ബേബിയെ ജയിപ്പിച്ചുവിട്ടത്. 16000-ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം. ഭൂരിപക്ഷം ഇനിയും വർധിക്കുമെന്നതാണ് അവർ വ്യക്തമാക്കുന്നത്.

സബീഷിലൂടെ മുന്നേറാൻ

വോട്ടുകണക്കിൽ ബഹുദൂരം മുന്നേറാനുള്ള അങ്കത്തിൽ യുവനേതാവായ സബീഷിനെയാണ് സിപിഎം രംഗത്തിറക്കിയത്. നിലവിൽ അജാനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റെന്ന നിലയിലെ പ്രവർത്തന മികവ് ചൂണ്ടിക്കാട്ടിയാണ് പ്രചരണം. ഡിവൈഎഫ്ഐ ജില്ലാ ട്രഷററെന്ന നിലയിലും സബീഷിനെ ഡിവിഷനിലാകെ പരിചിതമാണ്. ഡിവിഷനിൽ ഉണർവ് പ്രകടമാണെന്നും ആശങ്കയേതുമില്ലാതെ വലിയ മുന്നേറ്റത്തിനാണ് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുകയെന്നും സബീഷ് പറഞ്ഞു.

വിനോദിലൂടെ സിഎംപി (സി.പി. ജോൺ വിഭാഗം)

യുഡിഎഫിൽ സിഎംപി (സി.പി. ജോൺ വിഭാഗം)യാണ് മടിക്കൈയിൽ ജനവിധി തേടുന്നത്. പാർട്ടിയുടെ സെൻട്രൽ കൗൺസിലംഗവും കെഎസ്‌വൈഎഫ് സംസ്ഥാന പ്രസിഡന്റുമായ ടി.കെ. വിനോദിനെയാണ് പാർട്ടിയിൽ ഗോദയിലിറക്കിയിട്ടുള്ളത്. അജാനൂർ അർബൻ സൊസൈറ്റി ജീവനക്കാരൻ കൂടിയായ വിനോദിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം കൂടിയാണിത്. സാധാരണഗതിയിൽ മടിക്കൈ ഗ്രാമമുൾപ്പെടെ കടന്നുചെല്ലാൻ പ്രയാസമുള്ള മേഖലയാണെങ്കിൽ ഇന്ന് സ്ഥിതി മാറിയെന്നും വീടുകൾ കയറാനാകുന്നതും അവരുടെ പ്രതികരണവുമെല്ലാം ആത്മവിശ്വാസം വർധിപ്പിക്കുന്നതായി വിനോദ് പറയുന്നു.

വേലായുധനുണ്ട് ബിജെപിയിൽ

ത്രികോണപ്പോരിന് ചൂടേറ്റി ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്നത് പാർട്ടി മുൻ ജില്ലാ ജനറൽ സെക്രട്ടറിയും നിലവിൽ സംസ്ഥാനസമിതിയംഗവുമായ എ. വേലായുധനെയാണ്. നിലവിൽ മടിക്കൈ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡ് വാഴക്കോട്ടെ ജനപ്രതിനിധി കൂടിയാണ്. പഞ്ചായത്തംഗമെന്ന നിലയിൽ പ്രദേശത്ത് സുപരിചിതനാണ്. പരമ്പരാഗത വോട്ടുകൾക്ക് പുറമെ ചാഞ്ചാടി നിൽക്കുന്ന മനസ്സുകളെ ഒപ്പം ചേർക്കാനാകുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെക്കുന്നത്. നേരത്തെ നിയമസഭയിലേക്ക് ഉദുമയിൽനിന്ന് മത്സരിച്ചിട്ടുണ്ട്.

‌‌'പെരിയ' പോരിന്റെ ആവേശം

പെരിയ: പേര് പോലെ തന്നെ വലിയ പോരാട്ടമാണ് 'പെരിയ'യിൽ. ശക്തമായ ത്രികോണ മത്സരം നടക്കുന്ന ചരുക്കം ജില്ലാ ഡിവിഷനുകളിലൊന്ന്. ഇത്തവണയും വനിതാ സംവരണ ഡിവിഷനായപ്പോൾ വിദ്യാർഥിനേതാവുൾപ്പെടെയുള്ളവരാണ് ഗോദയിലുള്ളത്. ഡീലിമിറ്റേഷൻ വന്നത് ഗുണമായെന്ന പക്ഷക്കാരാണ് മൂന്ന് മുന്നണികളും. പക്ഷേ, മുൻ തിരഞ്ഞെടുപ്പിലെ 11,523 വോട്ടിന്റെ ഭൂരിപക്ഷം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണി. പെരിയക്ക് കൈകൊടുക്കാൻ യുഡിഎഫും താമരയെ ചേർത്തുനിർത്തുമെന്നുള്ള ഉറപ്പിൽ ബിജെപിയും ഉശിരൻ അങ്കത്തിനാണ് തയ്യാറെടുക്കുന്നത്.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ പുല്ലൂർ, പെരിയ, രാവണീശ്വരം ഡിവിഷനുകളും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കുണ്ടംകുഴി, കൊളത്തൂർ ഡിവിഷനുകളും ചേർന്നതാണ് പെരിയ ജില്ലാ പഞ്ചായത്ത് ഡിവിഷൻ. പുല്ലൂർ പെരിയ പഞ്ചായത്തിലെ 15 വാർഡും അജാനൂരിലെ ഏഴ് വാർഡും ബേഡഡുക്കയിലെ 12 വാർഡും മുളിയാറിലെ രണ്ട് വാർഡുകളും ഉൾപ്പെടെ 36 പഞ്ചായത്ത് വാർഡുകളുണ്ട്. പുല്ലൂർ-പെരിയയിൽ യുഡിഎഫും മറ്റു പഞ്ചായത്തുകളിൽ എൽഡിഎഫുമാണ് ഭരണത്തിൽ.

സോയയിലൂടെ എൽഡിഎഫ്

പെരിയയിൽനിന്നുള്ള നിലവിലെ ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംനയുടെ വികസനപ്രവർത്തനങ്ങൾക്ക് തുടർച്ചയുണ്ടാക്കാനാണ് എൽഡിഎഫ് വോട്ടഭ്യർഥിക്കുന്നത്. മുന്നണിധാരണപ്രകാരം കുറ്റിക്കോലിന് പകരമായി സിപിഐക്ക് വെച്ചുമാറിയ ഡിവിഷനിൽ വിദ്യാർഥിനേതാവിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

എഐഎസ്എഫ് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ കെ.കെ. സോയ ഡിവിഷനിൽ ഒന്നാംഘട്ട പര്യടനം പൂർത്തിയാക്കി. തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഭൂരിപക്ഷം വർധിക്കുമെന്നും അവർ പറഞ്ഞു. വിദ്യാർഥിയുടെ ചുറുചുറുക്കിനെ ഡിവിഷൻ സ്വീകരിച്ചു കഴിഞ്ഞെന്ന് നേതാക്കളും പറയുന്നു.

ജിഷയിലൂടെ തിളങ്ങാൻ യുഡിഎഫ്

യുഡിഎഫിൽ സ്വതന്ത്രസ്ഥാനാർഥിയായി ജിഷ രാജുവാണ് പോരിനിറങ്ങിയത്. ലീഗിനനുവദിച്ച ഡിവിഷനിൽ ദലിത് ലീഗ് പ്രതിനിധിയെ ഇറക്കിയതിലൂടെ പിന്നാക്കജനവിഭാഗങ്ങളെ തങ്ങൾ എങ്ങനെ ചേർത്തുപിടിക്കുന്നുവെന്ന രാഷ്ട്രീയമാണ് അവർ പറയുന്നത്. കുടയാണ് ചിഹ്നമെന്നും ചേർത്തുപിടിക്കണമെന്നുമറിയിച്ചാണ് ജിഷ വോട്ടഭ്യർഥിക്കുന്നത്. പുല്ലൂർ-പെരിയയടക്കം യുഡിഎഫ് സ്വാധീന മേഖലയിൽ വോട്ട് വർധിപ്പിക്കുമെന്നും അത് വിജയമായി മാറുമെന്നും നേതൃത്വം വ്യക്തമാക്കുന്നു. ജിഷയെടുപ്പ് ആദ്യ തിരഞ്ഞെടുപ്പ് പോര് കൂടിയാണിത്. ജനങ്ങൾ നൽകുന്ന ഹൃദ്യമായ സ്വീകരണത്തിലാണ് അവരുടെ പ്രതീക്ഷയത്രയും.

ബിജെപിക്കായി ഹേമലത

പഴയ വോട്ടുകണക്കിലല്ല, നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് നോക്കേണ്ടതെന്ന നിലപാടാണ് ബിജെപിക്ക്. അതുകൊണ്ടുതന്നെ സമകാലിക രാഷ്ട്രീയം പറഞ്ഞാണ് ബിജെപി തിരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഹേമലതയിലൂടെ മുന്നേറ്റമുണ്ടാക്കാമെന്ന പ്രതീക്ഷ അവർ പങ്കുവെക്കുന്നു. നേരത്തെ ഗ്രാമപ്പഞ്ചായത്ത് വാർഡിൽ മത്സരിച്ച അനുഭവത്തോടെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയതെന്നും തന്റെ ജന്മനാട് ഉൾക്കൊള്ളുന്ന ഡിവിഷൻ കൈവിടില്ലെന്നും അവർ പറയുന്നു. രാഷ്ട്രീയഭേദമെന്യേയുള്ള പിന്തുണയാണ് പ്രചാരണ വേളയിൽ കാണുന്നതെന്നും അത് വോട്ടായി മാറുമെന്നും ഹേമലത പറഞ്ഞു.