കാസർകോട്: നഗരസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഭരിച്ചത് യുഡിഎഫാണ്. മുസ്‌ലിം ലീഗിന് നഗരസഭയിലുള്ള കരുത്താണ് മുന്നണിയുടെ മുതൽക്കൂട്ട്. ലീഗ് പ്രവർത്തകരുടെ ഭാഷയിൽ പറഞ്ഞാൽ പാർട്ടിയുടെ പൊന്നാപുരം കോട്ടയാണിത്. നഗരസഭ രൂപവത്കരിച്ച കാലം തൊട്ട് വെറും രണ്ടുതവണ മാത്രമാണ് ഈ കോട്ടയ്ക്ക് ഇളക്കം തട്ടിയത്. രണ്ട് തവണയും ഇടതുപക്ഷമാണ് ഭരണം പിടിച്ചെടുത്തത്. 1963-ൽ എം. രാമണ്ണറൈയും 1995-ൽ എസ്.ജെ. പ്രസാദുമായിരുന്നു ചെയർമാൻമാർ.
കെ.എസ്. സുലൈമാൻ ഹാജി (1979-84), മുൻ എംപി ഹമീദലി ഷംനാട് (1988-93) ടി.ഇ. അബ്ദുള്ള 1994, 2000, 2010 എന്നിങ്ങനെ മൂന്നുതവണ ചെയർമാനായി. രണ്ടുതവണ അധ്യക്ഷ പദവി സ്ത്രീസംവരണമായിരുന്നു. 2005, 2015 വർഷങ്ങളിൽ ബീഫാത്തിമ ഇബ്രാഹിമായിരുന്നു ഭരണസാരഥി. കഴിഞ്ഞ തവണ രണ്ട് ചെയർമാൻമാരാണ് നഗരസഭയെ നയിച്ചത്.
ആദ്യ ടേമിൽ വി.എം. മുനീറും അവസാന ടേമിൽ അബ്ബാസ് ബീഗവും ചെയർമാൻമാരായി. ഇത്തവണ വീണ്ടും അധ്യക്ഷപദവി സ്ത്രീസംവരണമാണ്. വാർഡ് പുനർവിഭജനത്തിലൂടെ ഒരു വാർഡ് കൂടി 39 എണ്ണത്തിലാണ് ഇത്തവണ മത്സരം നടക്കുന്നത്. മത്സരരംഗത്തുള്ളത് 107 സ്ഥാനാർഥികൾ. 19,215 പുരുഷൻമാരും 21,458 സ്ത്രീകളും ഉൾപ്പടെ 40,673 വോട്ടർമാരാണ് അന്തിമപട്ടികയിലുള്ളത്. 12 പ്രവാസി വോട്ടർമാരുമുണ്ട്. 2020-ൽ 39,138 വോട്ടർമാരാണുണ്ടായിരുന്നത്.
കൂടുതൽ സ്ഥാനാർഥികളുമായി യുഡിഎഫ്
യുഡിഎഫാണ് നഗരസഭയിൽ ഏറ്റവും കൂടുതൽ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. 37 സ്ഥാനാർഥികളുമായാണ് യുഡിഎഫ് നഗരഭരണം നിലനിർത്താനായി മത്സരിക്കുന്നത്. ലീഗ്-23, കോൺഗ്രസ്-14 സീറ്റുകളിലേക്ക് മത്സരിക്കുന്നു. കോൺഗ്രസിന് നൽകിയ ഒൻപതാം വാർഡായ നുള്ളിപ്പാടിയിൽ ബിജെപി വിമതനായി മത്സരിക്കുന്ന കെ. കിരൺചന്ദ്രയെ പിന്തുണയ്ക്കും. 33-ാം വാർഡായ താലൂക്ക് ഓഫീസിലെ കോൺഗ്രസ് സ്ഥാനാർഥി അവസാനനിമിഷം നാടകീയമായി പത്രിക പിൻവലിക്കുകയായിരുന്നു.
നിലവിലെ കൗൺസിലിൽ അംഗമായ ഒരാളെ മാത്രമാണ് ലീഗ് ഇത്തവണ മത്സരരംഗത്തിറക്കിയിരിക്കുന്നത്. 27-ാം വാർഡായ പള്ളിക്കാലിൽ ജനവിധി തേടുന്ന കെ.എം. ഹനീഫയാണത്. 27 സ്ഥാനാർഥികൾ നഗരസഭയിലേക്ക് ആദ്യമായി മത്സരിക്കുന്നവരാണ്. ഇവരിലൊരാളായ 16-ാം വാർഡ് തുരുത്തിയിൽ മത്സരിക്കുന്ന ഷാഹിനാ സലീം ഇതിന് മുന്പ് ചെങ്കള പഞ്ചായത്ത് അംഗമായും സ്ഥിരം സമിതി അധ്യക്ഷയായും പ്രസിഡന്റും ആയിട്ടുണ്ട്. 2010 മുതൽ തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള ഇവരാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്കുള്ള ലീഗിന്റെ പ്രഥമ പരിഗണന. മൂന്നാം തവണ മത്സരിക്കുന്ന 2015-20 വികസന ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷകൂടിയായ എം. നൈമുന്നിസ (26. തളങ്കര ഖാസിലേൻ), രണ്ടാം മത്സരത്തിനിറങ്ങുന്ന 2015-20 ആരോഗ്യക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷയായ സമീന മുജീബ് (32. തായലങ്ങാടി) എന്നീ പേരുകളും അധ്യക്ഷസ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നുണ്ട്.
താമര വിരിയിക്കാൻ ബിജെപി
നഗരസഭയിലെ വലിയ രണ്ടാമത്തെ കക്ഷി ബിജെപിയാണ്. 14 സീറ്റുകളാണ് അവർക്കുള്ളത്. വർഷങ്ങളായി നഗരസഭയിലെ പ്രതിപക്ഷമായ ബിജെപി ഇത്തവണ ലക്ഷ്യമിടുന്നത് നഗരഭരണം തന്നെയാണ്. കഴിഞ്ഞ തവണത്തേക്കാൾ സീറ്റ് വർധിപ്പിച്ച് വലിയ ഒറ്റകക്ഷിയാവുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ. ഇതിനായി 22 സീറ്റുകളിലാണ് താമരചിഹ്നത്തിൽ സ്ഥാനാർഥികൾ ഏറ്റുമുട്ടുന്നത്. 11-ാം വാർഡായ വിദ്യാനഗർ നോർത്തിൽ എൻഡിഎ സ്വതന്ത്രയും മത്സരിക്കുന്നു. 16 സീറ്റുകളിൽ മത്സരിക്കുന്നില്ലെങ്കിലും സ്വതന്ത്രൻമാരെ വിജയിപ്പിച്ച് യുഡിഎഫ് സീറ്റുകൾ കുറയ്ക്കുകയെന്ന തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നത്.
ആറാം വാർഡായ ആനബാഗിലുവിൽനിന്ന് നാലാംതവണ ജനവിധി തേടുന്ന രവീന്ദ്ര പൂജാരി, 12-ാം വാർഡായ വിദ്യാനഗർ സൗത്തിൽനിന്ന് തുടർച്ചയായി മൂന്നാം തവണ മത്സരിക്കുന്ന കെ. സവിത, 35-ാം വാർഡായ നെല്ലിക്കുന്നിലെ അശ്വിനി ജി. നായിക് എന്നിവരാണ് സ്ഥാനാർഥിപ്പട്ടികയിലെ തലമുതിർന്നവർ.
വീറുറ്റ പോരാട്ടത്തിന് സിപിഎമ്മും
ഇടതുപക്ഷത്തിന് വേരോട്ടം കുറഞ്ഞ നഗരസഭയിൽ ഇത്തവണ 25 സീറ്റുകളിൽ മുന്നണിസ്ഥാനാർഥികളെ നിർത്തി കരുത്ത് തെളിയിക്കാനുള്ള ശ്രമമാണ് എൽഡിഎഫ് നടത്തുന്നത്. സിപിഎം-21, ഐഎൻഎൽ-2, സിപിഐ, എൻസിപി-എസ് ഒന്നുവീതം സീറ്റുകളിലേക്ക് മത്സരിക്കുന്നു. ചരിത്രത്തിലാദ്യമായാണ് എൻസിപി-എസ് സ്ഥാനാർഥി നഗരസഭയിലേക്ക് ജനവിധി തേടുന്നത്.
33-ാം വാർഡായ താലൂക്ക് ഓഫീസിലേക്ക് ഹമീദ് ചേരങ്കൈയാണ് സ്ഥാനാർഥി. യുഡിഎഫ് സ്ഥാനാർഥി പത്രിക പിൻവലിച്ചതോടെ ഈ വോട്ടും ഹമീദിന് ലഭിക്കുമെന്നാണ് ഇടതുപക്ഷം പ്രതീക്ഷിക്കുന്നത്. 25-ാം വാർഡായ തളങ്കര ബാങ്കോട്ട് മത്സരിക്കുന്ന ലീഗ് വിമതസ്ഥാനാർഥി ഫർസാന ശിഹാബുദ്ധീനാണ് ഇടതുപക്ഷ പിന്തുണ. 11 വാർഡുകളിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥികൾ മത്സരിക്കുമ്പോൾ മൂന്നിടങ്ങളിൽ പൊതുസ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നു.
മൂന്ന് സീറ്റിൽ എസ്ഡിപിഐ
മൂന്ന് വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തി സാന്നിധ്യമറിയിക്കുകയാണ് എസ്ഡിപിഐ. ഒന്ന്, 13, 30 വാർഡുകളിലാണ് ഇവർ ജനവിധി തേടുന്നത്.
Content Highlights: Kasaragod Municipality elections analysis. UDF`s long reign, Muslim League`s strength, BJP`s ambition, and LDF`s fight. See candidates, voter stats, and key wards.
Published: 07 Dec 2025, 08:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented