കാസർകോട്: കൊണ്ടും കൊടുത്തുമുള്ള പ്രസംഗങ്ങളില്ല. കോലാഹലം നിറഞ്ഞ പ്രചാരണങ്ങളില്ല. വെല്ലുവിളികളില്ല. മറ്റു തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് പ്രത്യക്ഷത്തിൽ വലിയ തിരഞ്ഞെടുപ്പ് ചൂടിന്റെ സൂചനകളില്ലെങ്കിലും ഡിവിഷനുകളോരോന്നെടുത്താലറിയാം യഥാർഥ രാഷ്ട്രീയ കളരിയും അതിലെ പയറ്റും. മൂന്ന് മുന്നണികളും തമ്മിലുള്ള നേർക്കുനേർ പോരാട്ടം നടക്കുന്നതിനാലും രാഷ്ട്രീയപാർട്ടികളുടെ സ്വാധീനമെടുത്താലും ഭരണമുന്നണിയാരെന്ന പ്രവചനം നിലവിൽ അസാധ്യമാണ്.
ഡിവിഷൻ ഒരെണ്ണം വർധിച്ച തിരഞ്ഞെടുപ്പിൽ ഒൻപതെന്ന കേവലഭൂരിപക്ഷ സംഖ്യയിലേക്ക് അംഗങ്ങളെ വിജയിപ്പിച്ചെടുക്കാൻ ചെറിയൊരങ്കമല്ല ഇത്തവണ കാസർകോട് ജില്ലാ പഞ്ചായത്തിലേക്ക് നടക്കുന്നത്. അതിനാൽ ചുവടുകൾ തെറ്റാതിരിക്കാൻ വഴക്കവും തഴക്കവുമുള്ളവരെപ്പോലെയാണ് സ്ഥാനാർഥികളുടെയും നേതാക്കളുടെയും മുന്നണികളുടെയും ഇടപെടൽ.
വോട്ടുകണക്കുകളിൽ കാര്യമുണ്ടെങ്കിലും വോട്ടർമാരെ മനസ്സറിയുക പ്രയാസമാണ്. പാർട്ടിചിഹ്നത്തിൽ മത്സരിച്ചാൽ വോട്ടർമാർ കൃത്യമായി അവരുടെ ജനാധിപത്യാവകാശം വിനിയോഗിക്കുമെന്ന പഴയകാല വായ്ത്താരികൾക്കപ്പുറം പ്രായോഗികമായി തിരഞ്ഞെടുപ്പിനെ സമീപിക്കുകയാണ് നേതാക്കളും പ്രവർത്തകരും. ഏറെ വിനയാന്വിതരായാണ് സ്ഥാനാർഥികളുടെയും ഇടപെടൽ. പൊതുപര്യടനങ്ങളെല്ലാം മുറപോലെ നടക്കുമ്പോഴും പരമാവധി വോട്ടർമാരെ നേരിൽ കാണാനും ശ്രമമുണ്ടാകുന്നുണ്ട്. പോരിനിറങ്ങുന്നവരിൽ ഏറെയും പുതുക്കക്കാരാണെന്നതും ഇത്തവണത്തെ പ്രത്യേകതയാണ്.
പരമ്പരാഗത വോട്ടർമാർക്കപ്പുറം പുതുതലമുറ വോട്ടർമാരെ സ്വാധീനിക്കുന്ന ഘടകങ്ങൾ പലതാണ്. അതിനാൽ അടിയൊഴുക്കുകൾ മണത്ത് കൊണ്ട് മാത്രമേ മുന്നോട്ട് പോകാനാകൂ. ജില്ലാ പഞ്ചായത്ത് ഭരണം നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും മുന്നേറ്റമുണ്ടാക്കുമെന്ന ഉറപ്പിൽ എൻഡിഎയും മത്സരരംഗത്തുള്ളപ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അതിനാൽ അടിയൊഴുക്കുകളുണ്ടാകുന്നെങ്കിൽ അതനുകൂലമാക്കാനുള്ള ശ്രമങ്ങളാണെങ്ങും. ഡിവിഷനുകളുടെ അതിർത്തികൾ മാറിയതിനാൽ പഴയപോലെ പ്രവചനം അസാധ്യമാക്കുന്നുണ്ട്. ജില്ലയിൽ ആറ് ഡിവിഷനുകളിലെങ്കിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്.
യുഡിഎഫ് ജയിക്കുമെന്നുറപ്പിക്കുന്ന മൂന്ന് ഡിവിഷനുകളിൽ രണ്ടിടത്ത് നിലവിൽ എൽഡിഎഫും ഒരിടത്ത് ബിജെപിയുമാണ്. വ്യക്തിഗത മികവാണ് യുഡിഎഫ് ഇവിടെ പ്രതീക്ഷിക്കുന്നത്. എൽഡിഎഫും എൻഡിഎയും സ്ഥാനാർഥി മികവിനുള്ള അംഗീകാരമുണ്ടാകുമെന്ന് കണക്ക് കൂട്ടുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രന്റെ പിന്തുണയോടെയാണ് എൽഡിഎഫ് ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ചത്. അതിനാൽ ഇത്തവണ രണ്ട് മുന്നണികളും സ്വതന്ത്രരെ ആവോളം പരീക്ഷിക്കുന്നുണ്ട്.
Content Highlights: Kasaragod District Panchayat Elections: A Deep Dive into the Subtle Political Battle
Published: 08 Dec 2025, 06:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented