വിദ്യാനഗർ: സിവിൽ സ്റ്റേഷൻ. ജില്ലാ പഞ്ചായത്ത് ആസ്ഥാനമുൾക്കൊള്ളുന്ന ജില്ലാ ഡിവിഷൻ. കളക്ടറേറ്റ്, കോടതി തുടങ്ങി പ്രധാന സർക്കാർ സ്ഥാപനങ്ങളും ജില്ലാ പഞ്ചായത്ത് ആസ്ഥാനവും ഇൗ ഡിവിഷനിലാണ്. ഏത് സാഹചര്യത്തിലും ഉലയാതെ യുഡിഎഫിനെ മാത്രം വരിച്ച ചരിത്രമുണ്ടിവിടെ. ലീഗിന്റെ കടുത്ത സ്വാധീന മേഖല. അവിടേക്ക് കടന്നുകയറാനുള്ള ശ്രമത്തിലാണ് ഇടതുമുന്നണിയും എൻഡിഎയും. ഡിവിഷൻ മാറ്റമില്ലാതെ തുടരുമോ അതോ കടന്നുകയറ്റങ്ങളുണ്ടാകുമോ. പ്രമുഖരെയാണ് മുന്നണികൾ സ്ഥാനാർഥികളായി രംഗത്തിറക്കിയതെന്നതിനാലും ഇവിടെ തീപ്പൊരി മത്സരമാണ് നടക്കുന്നതെന്ന് ഉറപ്പിച്ച് പറയാം. പോരാട്ടം കടുപ്പിച്ച് എസ്ഡിപിഐയും ഡിവിഷനിൽ മത്സരരംഗത്തുണ്ട്.

To advertise here,

കാസർകോട് ബ്ലോക്ക് പഞ്ചായത്തിലെ ഏരിയാൽ, ചൂരി, രാംദാസ് നഗർ, ഉളിയത്തടുക്ക, സിവിൽ സ്റ്റേഷൻ എന്നീ ഡിവിഷനുകളാണ് സിവിൽസ്റ്റേഷൻ ജില്ലാ ഡിവിഷന്റെ ഭാഗമായുള്ളത്. യുഡിഎഫ് ഭരിക്കുന്ന മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകൾ ഒഴികെ 15 വാർഡും ചെങ്കള ആറ് വാർഡും ബിജെപി ഭരിക്കുന്ന മധൂർ പഞ്ചായത്തിലെ അഞ്ച്, ഒൻപത് ഒഴികെ 22 വാർഡും ഉൾപ്പെടുന്നതാണ് സിവിൽസ്റ്റേഷൻ ഡിവിഷൻ. ആകെ വോട്ടുകണക്കിൽ കാര്യമുണ്ടെന്ന് മൂന്ന് മുന്നണികളും സമ്മതിക്കും. 62,064 വോട്ടർമാരാണിവിടെയുള്ളത്. മൊഗ്രാൽപുത്തൂരിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുമെന്ന് ചരിത്രമെടുത്താൽ മനസ്സിലാകും. അതേസമയം അതിനെ പിടിച്ചുകെട്ടാൻ മധൂരിലെ വോട്ടുകൾ മതിയാകുമെന്ന് ബിജെപിയും വ്യക്തമാക്കുന്നു. ഇടതുമുന്നണിക്കും ജനപിന്തുണയ്ക്ക് കുറവില്ലാത്ത പ്രദേശങ്ങളുണ്ട് ഡിവിഷനിൽ.

തുടർച്ചയ്ക്ക് ഷെഫീഖുണ്ട്

മുസ്ലിം ലീഗ് സ്ഥാനാർഥിയായി ഇത്തവണ ജനവിധി തേടുന്നത് നിലവിൽ ദേലമ്പാടി ഡിവിഷനിലെ ജില്ലാ പഞ്ചായത്തംഗം പി.ബി. ഷെഫീഖാണ്. രണ്ടാമങ്കത്തിലെത്തുമ്പോൾ തദ്ദേശഭരണത്തിൽ അനുഭവങ്ങളേറെയെന്ന് ഷെഫീഖ് സാക്ഷ്യപ്പെടുത്തുന്നു. യുഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നയാളെന്ന പ്രത്യേകതയും സ്ഥാനാർഥിക്കുണ്ട്. ലീഗിന്റെ കരുത്തുറ്റ പ്രദേശമെന്നനിലയിൽ വലിയ മുന്നേറ്റമുണ്ടാക്കുമെന്നും വികസനങ്ങളുടെ തുടർച്ചക്കായി ജനങ്ങളൊടൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യൂത്ത് ലീഗ് നേതാവെന്നനിലയിൽ മേഖലയിലാകെയുള്ള വ്യക്തിബന്ധങ്ങളും ഷെഫീഖ് അനുകൂലഘടകമായി വിലയിരുത്തുന്നു.

താമരയുമായി സുനിലുണ്ട്

ഗ്രാമപ്പഞ്ചായത്ത് നിലവിൽ വന്നത് മുതൽ ബിജെപി ഭരിച്ച മധൂർ ഗ്രാമപ്പഞ്ചായത്തിന്റെ 23 വാർഡുകൾ ഡിവിഷനിൽ വന്നതിനെ അനുകൂലമായാണ് ബിജെപി കാണുന്നത്. യുവത്വത്തിന്റെ പ്രസരിപ്പോടെ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറിയെ ഇറക്കിയതും കടുത്ത പോരാട്ടത്തിലൂടെ ഡിവിഷൻ പിടിച്ചെടുക്കാനാണ്. സ്ഥാനാർഥിയെന്നനിലയിൽ ഇതിനകം ഡിവിഷനിലാകെ കടന്നുപോയിട്ടുണ്ട് പി.ആർ. സുനിൽ. ഏത് സാഹചര്യമായാലും വിജയത്തിൽ കുറഞ്ഞതൊന്നുണ്ടാകില്ലെന്ന് ഉറപ്പിച്ച് പറയുന്നുണ്ട് സ്ഥാനാർഥി. മറ്റു പഞ്ചായത്തുകളിലും ബിജെപിയുടെ സ്വാധീനം തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇടതോരം ചേർന്ന് ഷാഫി

ഇടതുമുന്നണിയിൽ ഐഎൻഎല്ലിന് നൽകിയ ഡിവിഷനിൽ പാർട്ടി ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗൺസിൽ അംഗവുമായ ഷാഫി സന്തോഷ് നഗറാണ് ജനവിധി തേടുന്നത്. വ്യക്തിപരമായി ഡിവിഷനിലുടനീളം ബന്ധമുള്ളയാളാണ് ഷാഫി. പ്രത്യേകം പരിചയപ്പെടുത്തൽ ആവശ്യമായി വരുന്നതേയില്ല. ഏത് സ്ഥലത്തായാലും ആളുകൾ തിരിച്ചറിയുന്നത് അനുകൂല ഘടകമാണെന്ന് നേതാക്കൾ പറയുന്നു. ഡിവിഷൻ ഇടതുപക്ഷത്തേക്കെത്തിക്കാൻ ആവനാഴിയിലെ ആയുധങ്ങളെല്ലാം പയറ്റുന്നുണ്ട് അവർ. സ്ഥാനാർഥി എന്ന നിലയിൽ പ്രതീക്ഷ കൈവിടുന്നില്ല ഷാഫി. എസ്ഡിപിഐക്കായി ഷെഫീഖ് ചൂരിയും മത്സരിക്കുന്നു.

ചെങ്കളയിൽ പോരിന് കടുപ്പം കൂടും

ചെർക്കള: ജില്ലാ പഞ്ചായത്തിൽ ഏവരും ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട ഡിവിഷനുകളിലൊന്നാണ് ചെങ്കള. കഴിഞ്ഞതവണ ഭരണം ആർക്കെന്നുറപ്പാക്കിയ ഡിവിഷനെന്ന നിലയിൽ ശ്രദ്ധാപൂർവമാണ് മുന്നണികളുടെ കരുനീക്കങ്ങൾ. സ്വതന്ത്രസ്ഥാനാർഥിയായി വന്ന് അട്ടിമറിവിജയത്തിലൂടെ ഷാനവാസ് പാദൂർ യുഡിഎഫിൽനിന്ന്‌ പിടിച്ചെടുത്ത ഡിവിഷൻ. അവിടെ വിജയം ആവർത്തിക്കാൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും അണിയറയിൽ പ്രചാരണ തന്ത്രങ്ങൾ പലതും മെനയുന്നുണ്ട്. ഇടതുമുന്നണിക്കൊപ്പം ഉറച്ചുനിന്നതോടെ കഴിഞ്ഞ അഞ്ചുവർഷവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പദവി ഷാനവാസിലൂടെ ചെങ്കള ഡിവിഷന്‌ ലഭിക്കുകയും ചെയ്തു. ഇത്തവണ സ്ത്രീ സംവരണമാണെങ്കിലും കരുത്തരായ സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ശക്തമായ ത്രികോണ മത്സരമുറപ്പ്. ഡീലിമിറ്റേഷൻ വന്നപ്പോൾ ഡിവിഷനാകെ മാറ്റംവന്നിട്ടുണ്ട്. യുഡിഎഫ് അനുകൂലമേഖലകൾ അധികമായി കടന്നുവന്നത് അനുകൂലമായി യുഡിഎഫും പ്രചാരണരംഗത്തുണ്ടാകുന്ന ചലനങ്ങൾ തങ്ങൾക്കൊപ്പമാണെന്ന അനുഭവമുണ്ടാക്കുന്നുവെന്ന് എൽഡിഎഫും പറയുന്നു. ബിജെപിയും വീറുറ്റ മത്സരത്തിനാണ് അരങ്ങൊരുക്കിയിട്ടുള്ളത്. ബേഡഡുക്ക പഞ്ചായത്തിന്റെ ഭാഗമായിരുന്ന വാർഡുകൾ നിലവിൽ ഡിവിഷന്റെ ഭാഗമല്ല. കാസർകോട് ബ്ലോക്കിലെ ചെമ്മനാട്, എടനീ

സഹർബാനുവുണ്ട് തുടർച്ചയ്ക്ക് വേണ്ടി

സ്വതന്ത്രനിലൂടെ പിടിച്ചെടുത്ത ഡിവിഷനിൽ തുടർവിജയത്തിനായി എൽഡിഎഫ് ഇത്തവണയും സ്വതന്ത്രനെയിറക്കിയുള്ള പോരാട്ടത്തിലാണ്. കുട ചിഹ്നത്തിൽ ജനവിധി തേടുകയാണ് സഹർബാനു സാഗർ. തിരഞ്ഞെടുപ്പ് രംഗത്ത് ഇതാദ്യമാണെങ്കിലും ദീർഘകാലപരിചയമുള്ളത് പോലെയാണ് സഹർബാനുവിന്റെ പ്രചാരണം മുന്നോട്ടുപോകുന്നത്. ഡിവിഷന്റെ സ്വഭാവത്തിൽ മാറ്റമുണ്ടെങ്കിലും നേരത്തെയുണ്ടായ വികസനപ്രവർത്തനങ്ങളുടെ തുടർച്ചയ്ക്കായാണ് വോട്ടഭ്യർഥന. ജനങ്ങളുടെ അനുകൂല സമീപനം വോട്ടായി മാറുമെന്നും ജില്ലാ പഞ്ചായത്ത് നിലനിർത്താനുള്ള ഇടതുമുന്നണിയുടെ പോരാട്ടത്തിന് അനുകൂലമായി ചെങ്കളയും നിൽക്കുമെന്നുമുള്ള പ്രതീക്ഷ സ്ഥാനാർഥി പങ്കുവെക്കുന്നു.

തിരിച്ചുപിടിക്കാൻ ജസ്‌ന

ചെറുപ്പത്തിന്റെ ചുറുചുറുക്കിലാണ് ജസ്‌ന മനാഫ് യുഡിഎഫിനായി വോട്ടഭ്യർഥിക്കുന്നത്. വനിതാലീഗ് ചൂരിമൂല യൂണിറ്റ് ഭാരവാഹിയായി പ്രവർത്തിക്കുകയാണ് ജസ്‌ന. യുവത്വത്തിന്റെ പ്രതീകമായി സ്ഥാനാർഥിയെത്തിയപ്പോൾ പാർട്ടിപ്രവർത്തകരാകെ ആവേശത്തോടെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. ഈ സജീവതയാണ് തന്റെ പ്രതീക്ഷയെ ഉയർത്തുന്നതെന്നും കന്നിയങ്കത്തിൽ വിജയമുറപ്പെന്നുമാണ് ജസ്‌നയുടെ പക്ഷം. വോട്ടെടുപ്പ് ദിനമടുത്തതോടെ വീട്‌ കയറലും പര്യടനവുമൊക്കെയായി തിരക്കിലാണ് ജസ്‌നയിപ്പോൾ. ഹൃദ്യമായ സ്വീകരണമാണ് സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്നതെന്നും അവർ പറഞ്ഞു.

ശുഭപ്രതീക്ഷയോടെ ശുഭലത

ത്രികോണപ്പോരിൽ ബിജെപി രംഗത്തിറക്കിയ ശുഭലതയെയാണ്. വർധിച്ച ആത്മവിശ്വാസത്തോടെയാണ് സ്ഥാനാർഥിയും പ്രവർത്തകരും ഡിവിഷനിൽ പ്രചാരണത്തിലുള്ളത്. സമകാലികരാഷ്ട്രീയം ഡിവിഷനിൽ ചർച്ചയാകുമെന്നും വികസനപ്രശ്നങ്ങൾ ഉയർത്തിയാണ് പ്രചാരണമെന്നും നേതാക്കൾ പറയുന്നു. പൂർണമായ സ്വാധീനമേഖലയല്ലെങ്കിൽക്കൂടി ഡിവിഷൻ പിടിക്കാൻ കൈമെയ് മറന്നുള്ള പ്രവർത്തനം പാർട്ടി നടത്തുന്നുണ്ട്. ജനങ്ങളുടെ പ്രതികരണം അനുകൂലമാണെന്നാണ് ശുഭലതയുടെ പക്ഷം.