കാസർകോട്: വാർഡ് പുനർവിഭജനത്തിൽ അതിർത്തികൾ മാറിവന്നതാണ് ബദിയഡുക്ക ജില്ലാ ഡിവിഷൻ. ജില്ലാ പഞ്ചായത്ത് ഭരണസമിതിയിൽ ബിജെപിയുടെ അംഗത്വം ഉറപ്പിച്ചിരുന്ന എടനീർ പേര് മാറി ബദിയഡുക്കയായെങ്കിലും ഇത്തവണയും തിരഞ്ഞെടുപ്പ് പോരിന്റെ കടുപ്പം കുറയുന്നില്ല. മൂന്ന് മുന്നണികളും അവരുടെ പ്രബലരെ ഇറക്കിയപ്പോൾ ശക്തമായ ത്രികോണ മത്സരമുണ്ടാകുമെന്നുറപ്പ്.

To advertise here,

നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് നിയമസഭാ മണ്ഡലത്തിന്റെ ഭാഗമാണെങ്കിലും ഈ ഡിവിഷൻ പക്ഷേ, അതിന്റെ സ്വഭാവം നിലനിർത്തുന്നില്ല. തുടർച്ചയായി ബിജെപി ജയിച്ചുവരുന്നിടത്ത് പേര് മാറിയത് പോലെ ജനങ്ങളുടെ തിരഞ്ഞെടുക്കൽ രീതിയും മാറുമെന്ന് പ്രതീക്ഷിക്കുകയാണ് യുഡിഎഫും എൽഡിഎഫും.

വോട്ടുകണക്കിലാണ് ഇവിടെയും മുന്നണിനേതൃത്വം ശ്രദ്ധിക്കുന്നത്. ഇത്തവണ പട്ടികജാതിസംവരണമാണ് ബദിയഡുക്ക. അങ്ങനെ വന്നപ്പോൾ തിരഞ്ഞെടുപ്പ് പോരിന് മറ്റൊരു കൗതുകം കൂടി വന്നു. മുന്നണിസ്ഥാനാർഥികൾ മൂന്നുപേരും ഒരു സമുദായത്തിൽനിന്നുള്ളവർ.

ഡിവിഷനിലെ ജനസംഖ്യയെടുത്താൽ പട്ടികജാതി വിഭാഗത്തിൽ ഏറെയും മൊഗേറ സമുദായാംഗങ്ങളാണെന്നതും മുന്നണികളുടെ കണക്കുകൂട്ടൽ തെറ്റിക്കുന്നുണ്ട്. താഴേക്കിടയിൽനിന്ന് സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഇടപെടലുകളിലൂടെ ശ്രദ്ധേയരായവരുമാണ് സ്ഥാനാർഥികൾ.

ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത് മുഴുവനായും ഡിവിഷനിലുണ്ട്. മൊഗേറ സമുദായത്തിന്റെ നല്ലൊരു ശതമാനവും ഈ പഞ്ചായത്തിലാണ്. മധൂർ ഗ്രാമപ്പഞ്ചായത്തിലെ രണ്ട് വാർഡുകൾ, കാറഡുക്കയിലെ രണ്ട് വാർഡുകൾ, കുമ്പഡാജെയിലെ 11 വാർഡുകൾ, ബെള്ളൂരിലെ എട്ട് വാർഡുകൾ എന്നിവയുൾക്കൊള്ളുന്നതാണ് ജില്ലാ ഡിവിഷൻ. ആകെ 44 വാർഡുകളിലെ 57,000-ഓളം വോട്ടർമാരാണ് ജനവിധി രേഖപ്പെടുത്തേണ്ടത്.

ബെള്ളൂർ, കുമ്പഡാജെ എന്നിവിടങ്ങളിൽ വ്യക്തമായ മേധാവിത്വം ബിജെപിക്കുണ്ട്. കാറഡുക്കയിലെ രണ്ട് വാർഡുകളും തുടർച്ചയായി ബിജെപി ജയിക്കുന്നിടമാണ്.

ബദിയഡുക്കയിൽ പക്ഷേ, ഭരണം യുഡിഎഫിനാണ്. വോട്ടുകണക്കിൽ വലിയ വ്യത്യാസം കാണാനില്ല. ഇടതുമുന്നണിക്കും സ്വാധീനമുള്ള മേഖല കൂടിയാണിത്. മൂന്ന് മുന്നണി സ്ഥാനാർഥികളും വർധിച്ച ആത്മവിശ്വാസത്തോടെ പ്രചാരണത്തിരക്കിലാണിപ്പോൾ.

സംസ്ഥാന കമ്മിറ്റിയംഗം രാമപ്പ മഞ്ചേശ്വരമാണ് ഇവിടെ ബിജെപി സ്ഥാനാർഥി. നേരത്തെ രണ്ടുതവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. ബദിയഡുക്കയിലെ താമസക്കാരനായതിനാൽ ഇന്നാട്ടുകാർക്ക് തന്നെ പ്രത്യേകം പരിചയപ്പെടുത്തേണ്ടിവരില്ലെന്ന് അദ്ദേഹം പറയുന്നു.

പട്ടികജാതി മോർച്ചയിൽ ദീർഘകാലം ജില്ലാ പ്രസിഡന്റായിരുന്നു. കൂടാതെ, മൊഗേറ സംഘത്തിന്റെ സ്ഥാപകനും രക്ഷാധികാരിയുമെന്ന നിലയിൽ ആ വിഭാഗത്തിനിടയിലെ സ്വാധീനം ഗുണംചെയ്യുമെന്നും അദ്ദേഹം ഉറപ്പിക്കുന്നു. ജല അതോറിറ്റിയിൽനിന്ന് വിരമിച്ച ശേഷം പട്ടികജാതിമേഖലയിൽ മുഴുവൻ സമയവും ഇടപെടുന്നു. എടനീരിനെപ്പോലെ പേര് മാറിയ ബദിയഡുക്കയിലും താമര വിരിയുമെന്ന് അദ്ദേഹം പറയുന്നു.

ഇടതുമുന്നണിയിൽ സിപിഐയിലെ പ്രകാശ് കുമ്പഡാജെയാണ് സ്ഥാനാർഥി. ഡിവിഷനിൽ ഉൾപ്പെടുന്ന വോട്ടറാണ്. സിപിഐ ബദിയടുക്ക മണ്ഡലം കമ്മിറ്റി അംഗമെന്ന നിലയിൽ ഡിവിഷൻ ഉൾക്കൊള്ളുന്ന മേഖലയെയാകെ പരിചയമുണ്ട്. കർഷകത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) മണ്ഡലം നേതാവെന്ന നിലയിൽ കാർഷികമേഖലയിൽ ഇടപെടുന്നു. ഭൂരിഭാഗം കർഷകരുള്ളതിനാൽ അത് ഗുണംചെയ്യുമെന്നും ഇത്തവണ ബദിയഡുക്ക മാറിച്ചിന്തിക്കുമെന്നും പ്രകാശ് പറഞ്ഞു.

യുഡിഎഫിൽ ലീഗിന് നൽകിയ ഡിവിഷനിൽ മത്സരിക്കുന്നത് ലക്ഷ്മണ പെരിയടുക്കയാണ്. ദലിത് ലീഗിൽനിന്നുള്ള സ്വതന്ത്രസ്ഥാനാർഥിയാണിദ്ദേഹം. താമസം മധൂർ പഞ്ചായത്തിലെ ഷിറിബാഗിലുവിലാണ്.

കുടുംബവേരുകൾ ഏറെയുള്ളതിനാലും പ്രദേശത്ത് സ്വാധീനമുള്ള പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണയുള്ളതിനാലും ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്മണ കണക്കുകൂട്ടുന്നില്ല. ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ യുഡിഎഫ് അംഗമായി ബദിയഡുക്കയുടെ ജനവിധി തനിക്കൊപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.