കാഞ്ഞങ്ങാട്: കനത്ത പോരാട്ടമാണ് കാഞ്ഞങ്ങാട് നഗരസഭയിലേത്. സിപിഎം ജില്ലാ സെക്രട്ടേറിയേറ്റംഗം വി.വി. രമേശന്റെ നേതൃത്വത്തിലുള്ള ഇടത് ടീമും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തകസമിതിയംഗം എം.പി. ജാഫറിന്റെ പിന്നിലണിനിരക്കുന്ന യുഡിഎഫ് ടീമും കളം നിറഞ്ഞു കളിക്കുന്നു. ഇരുമുന്നണികളുടെയും വാശിയേറിയ പോരാട്ടത്തിനിടയിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജും സംഘവുമുൾപ്പെട്ട എൻഡിഎ ടീമുമുണ്ട്.
ഹാട്രിക്ക് ഭരണമാണ് ഇടതുലക്ഷ്യം. പത്തുവർഷം മുൻപ് വരെ കൈയിലുണ്ടായിരുന്ന നഗരസഭ തിരികെ പിടിക്കാൻ അരയും തലയും മുറുക്കി ഗോദയിൽ സജീവമാകുന്നു യുഡിഎഫ്. മീൻചന്ത നവീകരിച്ചതും അലാമിപ്പള്ളി ബസ്‌സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തതും മുതൽ കാഞ്ഞങ്ങാടിന്റെ വികസനം അക്കമിട്ടും ഇനിയങ്ങോട്ട് എന്തൊക്കെ ചെയ്യുമെന്ന് എണ്ണം പറഞ്ഞ് പ്രഖ്യാപിച്ചും ഇടതുമുന്നണി വോട്ടഭ്യർഥിക്കുമ്പോൾ, അതേ മീൻചന്തയിലെ ശോച്യാവസ്ഥയും അലാമിപ്പള്ളി ബസ്‌സ്റ്റാൻഡ് പ്രതീക്ഷിച്ചിടത്ത് എത്താത്തതുമുൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചും ഭരണത്തിലേറിയാൽ കാഞ്ഞങ്ങാടിനെ എങ്ങനെയൊക്കെയാണ് മാറ്റാൻ പോകുന്നതെന്ന് പറഞ്ഞും വോട്ടുതേടുന്നു യുഡിഎഫ്.
രണ്ടുമുന്നണികളും ഈ നാടിനുവേണ്ടി ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ് പ്രചാരണം നടത്തുന്ന എൻഡിഎ, 'കേന്ദ്രസർക്കാർ പദ്ധതികൾ കൊണ്ടുവന്ന് കാഞ്ഞങ്ങാടിനെ വികസനോന്മുഖമാക്കാം, തങ്ങളെ ഭരണത്തിലേറ്റൂവെന്ന്' ആവർത്തിക്കുന്നു.
43 വാർഡുകൾ 47 ആയതോടെ ആര് അധികാരത്തിലേറുമെന്നത് പ്രവചനാതീതമായി. സിപിഎം 19, ഐഎൻഎൽ മൂന്ന്, സിപിഐ, ആർജെഡി എന്നിവർ ഒന്നുവീതം ഇങ്ങനെ 24 വാർഡുകളിൽ ജയിച്ചാണ് ഇടതുമുന്നണി കഴിഞ്ഞതവണ ഭരണത്തിലേറിയത്.
11 വാർഡുകളിൽ മുസ്‌ലിമ ലീഗും രണ്ടു വാർഡുകളിൽ കോൺഗ്രസും വിജയിച്ച് 13 കൗൺസിലർമാരാണ് യുഡിഎഫിനുള്ളത്. ആറിടത്താണ് എൻഡിഎ ജയിച്ചത്. ഇത്തവണ അധ്യക്ഷസ്ഥാനം ജനറൽ ആണ്. 24 വാർഡുകളിൽ സ്ത്രീസംവരണവും ഒരു വാർഡിൽ പട്ടികജാതി സംവരണവുമുണ്ട്. 32,654 സ്ത്രീവോട്ടർമാരും 27,165 പുരുഷവോട്ടർമാരും 1 ട്രാൻസ്ജെൻഡർ വോട്ടറുമുൾപ്പെടെ നഗരസഭയിൽ 59,820 വോട്ടർമാരാണുള്ളത്.
മത്സരിക്കുന്നത് ഇങ്ങനെ
:എൽഡിഎഫിൽ സിപിഎം 35 ഇടത്താണ് മത്സരിക്കുന്നത്. ഐഎൻഎല്ലിന് അഞ്ചുവാർഡുകളാണ് നൽകിയത്. ആർജെഡി-1, ജെഡിഎസ്-1, എൻസിപി (എസ്)-1, കേരള കോൺഗ്രസ് (എം)-2, കേരള കോൺഗ്രസ് (എസ്)-1 സീറ്റിലും മത്സരിക്കുന്നു. യുഡിഎഫിൽ കോൺഗ്രസ് 29 സീറ്റുകളിലും മുസ്‌ലിം ലീഗ് 17 സീറ്റുകളിലും സിഎംപി ഒരു സീറ്റിലും മത്സരിക്കുന്നു. എൻഡിഎ 33 വാർഡുകളിൽ മാറ്റുരയ്ക്കുന്നു.
Content Highlights: Kanhangad Municipality Election: A Tight Race Between LDF, UDF, and NDA
Published: 09 Dec 2025, 10:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented