കള്ളാർ: സ്വഭാവസവിശേഷതകളാകെ മാറിയതാണ് പുതിയ കള്ളാർ ഡിവിഷൻ. മുൻപ് രണ്ടുതവണയും യുഡിഎഫിന് കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് ഗോദ. ഡിവിഷൻ നിലനിർത്താൻ എൽഡിഎഫും തിരിച്ചുപിടിക്കാൻ യുഡിഎഫും കരുത്തുറ്റ പോരാട്ടത്തിന് കളമൊരുക്കുകയാണിവിടെ. യുഡിഎഫിന് അല്പം മേൽക്കൈയുണ്ടായപ്പോൾ പോലും 2460 വോട്ടിന് ജയിച്ചതും അതിർത്തികൾ മാറിയപ്പോൾ സ്വാധീനമുള്ള മേഖലകൾ കടന്നുവന്നതുമെല്ലാം കാരണം ഇത്തവണ സ്ഥിതി ഭദ്രമാണെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി നേതൃത്വം. എന്നാൽ പ്രാദേശിക സ്വാധീനത്തിന് ഇളക്കമുണ്ടായിട്ടില്ലെന്നും ജനങ്ങൾ മാറിച്ചിന്തിക്കുന്ന കാഴ്ച ഡിവിഷനിൽ പ്രകടമാണെന്നും യുഡിഎഫും വ്യക്തമാക്കുന്നു. ശക്തമായ ത്രികോണപ്പോരിന് അരങ്ങൊരുക്കി ബിജെപി നാട്ടുകാരിയായ ധന്യാ സുമോദിനെയം രംഗത്തിറക്കിയിട്ടുണ്ട്.

To advertise here,

കള്ളാർ പഞ്ചായത്തിലെ 10, 11,1 3 വാർഡുകൾ ഒഴികെയുള്ള 12 വാർഡുകളും കോടോം-ബേളൂർ പഞ്ചായത്ത് മുഴുവനും കിനാനൂർ-കരിന്തളത്തെ നാലും ബളാൽ പഞ്ചായത്തിലെ ഒരു വാർഡും ചേർന്നതാണ് പുതിയ കള്ളാർ ഡിവിഷൻ. ആകെ 38 വാർഡുകളിലെ 52,000-ൽപ്പരം വോട്ടമാരാണ് ഡിവിഷനിലുള്ളത്. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ കോടോം, കള്ളാർ, ബേളൂർ, തായന്നൂർ, ബാനം ഡിവിഷനുകളുൾക്കൊള്ളുന്നതാണിത്. ബ്ലോക്ക് ഡിവിഷനെടുത്താലും പഞ്ചായത്ത് വാർഡുകളെടുത്താലും പഴയ സാഹചര്യത്തിൽ അല്പം മേൽക്കൈയുള്ളത് ഇടതുമുന്നണിക്കാണ്. എന്നാൽ കള്ളാറുൾപ്പെടെയുള്ളിടങ്ങളിലെ സ്വാധീനത്തിന് ഇളക്കംതട്ടിയില്ലെന്ന് ഉറപ്പിച്ച് പറയുന്നുണ്ട് കോൺഗ്രസ് നേതൃത്വം. ബിജെപി മഹിളാമോർച്ച നേതാവിനെ രംഗത്തിറക്കി സ്ത്രീവോട്ടുകൾ പരമാവധി സമാഹരിക്കുകയും അത് വഴി വിജയവും ലക്ഷ്യമിടുന്നു.

റീനാ തോമസ് (കേരളാ കോൺഗ്രസ്-എം)

കേരള കോൺഗ്രസ് എമ്മിലെ ഷിനോജ് ചാക്കോയായിരുന്നു കള്ളാറിന്റെ മുൻ ജനപ്രതിനിധി. അതിന്റെ തുടർച്ചയായി അവർ രംഗത്തിറക്കുന്നത് വനിതാ കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറിയും കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിംഗവുമായ റീനാ തോമസിനെയാണ്. ഡിവിഷനിലുൾപ്പെടുന്നയാളെന്ന നിലയിലും ബളാൽ പഞ്ചായത്ത് ആരോഗ്യ സ്ഥിരംസമിതി മുൻ അധ്യക്ഷയെന്ന നിലയിലും പരിചയപ്പെടുത്തൽ അധികം വേണ്ടാത്തയാളാണ് റീന.

സ്റ്റിമി സ്റ്റീഫൻ (കോൺഗ്രസ്)

രാജപുരം സെയ്ന്റ് പയസ് ടെൻത് കോളേജിൽ നിന്നും കെഎസ്‌യുവിലൂടെ സംഘടനാപ്രവർത്തനം തുടങ്ങിയതിന്റെ അനുഭവക്കരുത്തുമായാണ് കോൺഗ്രസ് സ്ഥാനാർഥി സ്റ്റിമി സ്റ്റീഫൻ ആദ്യമായി പൊതുതിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. ഡിവിഷനിലുള്ളയാളെന്ന നിലയിലും അധ്യാപികയെന്ന നിലയിലും ആളുകൾക്ക് മുൻപരിചയമുണ്ട്. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായും പ്രവർത്തിക്കുന്നു.

ധന്യാ സുമോദ് (ബിജെപി)

നാട്ടുകാരിയെന്ന മേൽവിലാസത്തിലാണ് ബിജെപിയിലെ ധന്യാ സുമോദ് ജനങ്ങളോട് വോട്ടഭ്യർഥിക്കുന്നത്. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായ ധന്യക്കിത് തദ്ദേശ തിരഞ്ഞെടുപ്പിൽ മൂന്നാമങ്കമാണ്. നേരത്തെ 2015-ലും 2020-ലും കോടോം-ബേളൂർ പഞ്ചായത്തിലെ 12-ാം വാർഡിൽ മത്സരിച്ചിട്ടുണ്ട്. ധന്യക്കായി പ്രദേശത്തെ ബിജെപി പ്രവർത്തകരാകെ പ്രചരണ രംഗത്തുണ്ട്.

കുറ്റിക്കോലിൽ ജനമനസ്സറിഞ്ഞ് സ്ഥാനാർഥികൾ

കുറ്റിക്കോൽ: പേരിനൊപ്പം മണ്ഡലത്തിന്റെ അതിർത്തികളുമാകെ മാറിയ ജില്ലാ പഞ്ചായത്ത് ഡിവിഷനാണ് കുറ്റിക്കോൽ. കാലങ്ങളായി ഇടതുപക്ഷത്തെ വരിച്ച ചരിത്രമുള്ള ബേഡകമാണ് കുറ്റിക്കോലായത്. നിലവിൽ പനത്തടി, കുറ്റിക്കോൽ പഞ്ചായത്തുകൾ മുഴുവനായും ബേഡകം പഞ്ചായത്തിന്റെ ആറ് വാർഡുകളുമടക്കം 37 വാർഡുകളിലെ അരലക്ഷത്തോളം വോട്ടർമാരാണ് ഇവിടെ വിധിയെഴുതുന്നത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിക്കോൽ, മുന്നാട്, പടുപ്പ് ഡിവിഷനുകളും പരപ്പ ബ്ലോക്കിലെ പാണത്തൂർ, പനത്തടി ഡിവിഷനുകളും ഉൾക്കൊള്ളുന്നതാണ് ജില്ലാ ഡിവിഷൻ. മൂന്ന് മുന്നണികളും ജില്ലാ നേതൃത്വത്തിന്റെ ഭാഗമായവരെ ഇറക്കിയപ്പോൾ ആം ആദ്മി പാർട്ടിയും മത്സരരംഗത്തുണ്ട്.

നേരത്തത്തേ സിപിഐക്ക് നൽകിയ ഡിവിഷനാണിത്. യുഡിഎഫിൽ ആർഎസ്‌പിയാണ് ഇവിടെ മത്സരിക്കുന്നത്. ജില്ലാ ജനറൽ സെക്രട്ടറിയെ ഇറക്കി ബിജെപിയും പോരിന് ഉശിരേറ്റി.

സാബു അബ്രഹാം (സിപിഎം)

സിഐടിയു ജില്ലാ ജനറൽ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ സാബു അബ്രഹാമാണ് ഇടതുപക്ഷത്തിന്റെ പോരാളി. വിദ്യാർഥി, യുവജന സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശവുമായി ഏറെ ബന്ധമുള്ളയാളാണ് സ്ഥാനാർഥി. വിദ്യാർഥിസംഘടനാ കാലത്തുതന്നെ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിലൂടെ ചെറുപ്പത്തിലേ പ്രാദേശിക സർക്കാർ പ്രവർത്തനത്തിന്റെ അനുഭവവും കൈമുതലായുണ്ട്. കേരള ബാങ്ക് ഡയറക്ടർ എന്ന നിലയിലുള്ള മികവും അനുകൂല ഘടകമെന്നാണ് വിലയിരുത്തൽ. ആദ്യം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയതിനാൽ പ്രചാരണരംഗത്ത് മേൽക്കൈ നേടാനായിട്ടുണ്ട്.

കൂക്കൾ ബാലകൃഷ്ണൻ (ആർഎസ്‌പി)

ഇടതുമുന്നണിയിലിരിക്കെ ജില്ലാ ഡിവിഷനിൽ മത്സരിച്ചിട്ടുണ്ട് ആർഎസ്‌പി. വലതുമുന്നണിയുടെ ഭാഗമായശേഷം ആദ്യമായാണ് പാർട്ടി സ്ഥാനാർഥി ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടുന്നത്. ആർഎസ്‌പി ജില്ലാ എക്സിക്യുട്ടീവ് അംഗം കൂക്കൾ ബാലകൃഷ്ണനാണ് സ്ഥാനാർഥി. നേരത്തേ സിപിഎം ലോക്കൽ കമ്മിറ്റിയംഗമായും ബീഡി ലേബർ യൂണിയൻ, ചെത്ത് തൊഴിലാളി യൂണിയൻ എന്നിവയിലും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഡിവിഷന്റെ ഭാഗമായ പനത്തടി സ്വദേശിയാണ്. കൂടാതെ, സിപിഎമ്മിന്റെ ഭാഗമായപ്പോഴുള്ള വ്യക്തിബന്ധങ്ങൾ ഏറെയുള്ളതും ഡിവിഷനിലാണ്. അതൊക്കെ വോട്ടായി മാറുമെന്ന് കൂക്കൾ ബാലകൃഷ്ണൻ പറയുന്നു.

മനുലാൽ മേലത്ത് (ബിജെപി)

എൻഡിഎ സ്ഥാനാർഥിയായി ജനവിധി തേടുന്നത് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മനുലാൽ മേലത്താണ്. ഡിവിഷന്റെ ഭാഗമായ കുറ്റിക്കോൽ സ്വദേശിയാണ്. നാട്ടുകാരനെന്ന മേൽവിലാസം അനുകൂല ഘടകമാണെന്ന് മനു പറയുന്നു. എബിവിപി, യുവമോർച്ച പ്രവർത്തന കാലയളവിൽ സംഘടന വളർത്തുന്നതിൽ പ്രവർത്തിച്ചിട്ടുണ്ട്. യുവത്വത്തിന്റെ പ്രതീകമായാണ് സ്ഥാനാർഥി വോട്ടഭ്യർഥിക്കുന്നതെന്നും ജില്ലാ നേതൃത്വം പറയുന്നു. ആം ആദ്മി പാർട്ടിയിൽനിന്ന് എം. മുസ്തഫയും ഡിവിഷനിൽ ജനവിധി തേടുന്നുണ്ട്.