
കണ്ണൂരിന്റെ മണ്ണിലും മനസ്സിലും എത്ര ആഴത്തിലാണ് സിപിഎമ്മിന്റെയും ഇടതുരാഷ്ട്രീയത്തിന്റെയും വേരുകളാഴ്ന്നത് എന്നതിന്റെ ശരിയായ ഉത്തരം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ വോട്ടുകണക്കാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നും ആ ഇടതുകോട്ട ഇളകിയിട്ടില്ല.
2020-ലെ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെ വോട്ടുനിലയിൽ 1,98,600 വോട്ടിന്റെ മേൽക്കൈയാണ് എൽഡിഎഫിനുള്ളത്. പി.പി. ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനമൊഴിയേണ്ടിവന്നതാണ് സിപിഎമ്മിന് മേധാവിത്വമുള്ളപ്പോഴും നിലവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയെ വിവാദങ്ങളിൽ തളച്ചിട്ടത്. മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് ദിവ്യ കേസിൽ പ്രതിയായതും അറസ്റ്റിലായതും. സംസ്ഥാനതലത്തിൽ തന്നെ കടുത്ത പ്രതിരോധത്തിലായപ്പോൾ പിടിച്ചുനിൽക്കാനാവാതെ ദിവ്യയെ സിപിഎം കൈവിട്ടു. ദിവ്യ രാജിവെച്ചൊഴിഞ്ഞതോടെ കെ.കെ. രത്‌നകുമാരി ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിലേക്കെത്തി.
മലയോരത്തിന്റെ ബലത്തിൽ യുഡിഎഫ്
ആത്മഹത്യാപ്രേരണക്കേസിൽ ദിവ്യ പ്രതിയായപ്പോഴത്തെ ഒച്ചപ്പാടും ബഹളവുമൊഴിച്ചാൽ മിക്കപ്പോഴും ദുർബലമായിരുന്നു ജില്ലാ പഞ്ചായത്തിലെ യുഡിഎഫിന്റെ പ്രതിപക്ഷസ്വരം. ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തിലിതേവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഏറെക്കുറെ ഏകപക്ഷീയമായാണ് എൽഡിഎഫ് ഭരണം പിടിച്ചത്. 2015-ൽ 24 ഡിവിഷനുകളിൽ ഒൻപതിടത്ത് ജയിച്ചതാണ് യുഡിഎഫിന്റെ മികച്ചപ്രകടനം. 2020-ൽ അത് ഏഴായിക്കുറഞ്ഞു. 17 ഡിവിഷനുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടിയത്. 14 എണ്ണം സിപിഎം സ്വന്തമാക്കിയപ്പോൾ രണ്ടിടത്ത് സിപിഐയും ഒരിടത്ത് ആർജെഡിയും (അന്നത്തെ എൽജെഡി) ജയിച്ചു. ആലക്കോട്, നടുവിൽ, പയ്യാവൂർ, ഉളിക്കൽ, പേരാവൂർ എന്നീ മലയോര ഡിവിഷനുകളാണ് യുഡിഎഫിന് പിടിച്ചുനിൽക്കാനുള്ള ബലം നൽകിയത്. മലയോരത്തെ അഞ്ച് ഡിവിഷനുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ കൊളച്ചേരിയും ചെറുകുന്നും മുസ്‌ലീം ലീഗ് ജയിച്ചു. യുഡിഎഫ് സ്ഥാനാർഥിയുടെ നിര്യാണത്തെത്തുടർന്ന് മാറ്റിവെച്ച തില്ലങ്കേരി ഡിവിഷനിലെ തിരഞ്ഞെടുപ്പ് പിന്നീട് നടന്നപ്പോൾ സിപിഎം അട്ടിമറിവിജയം സ്വന്തമാക്കി. എൽജെഡി മുന്നണിമാറി യുഡിഎഫിൽ എത്തിയപ്പോൾ 2015-ൽ അവർ ജയിച്ച കൊളവല്ലൂർ ഡിവിഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽജെഡിക്കൊപ്പം തന്നെ ഇടതുപക്ഷത്ത് തിരിച്ചെത്തി. ഇത്തവണ ഒരെണ്ണം കൂടി ആകെ ഡിവിഷനുകളുടെ എണ്ണം 25 ആയി .
പ്രതിഫലിക്കുമോ വിവാദങ്ങൾ
സംസ്ഥാനസർക്കാരിനെ പിടിച്ചുലച്ച വിവാദങ്ങൾക്കൊപ്പം ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയിലിന്റെ മരണവും ദേശീയപാതയിലെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട വയൽക്കിളിസമരവും പോലുള്ള പ്രതിസന്ധികളുടെ നടുവിൽ നിൽക്കുമ്പോഴാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വലിയ നേട്ടമുണ്ടാക്കിയത്. എഡിഎം നവീൻ ബാബുവിന്റെ മരണവും ഇതിൽ പി.പി. ദിവ്യയ്ക്കുനേരേയുയർന്ന ആരോപണങ്ങളുമായിരിക്കും ഇത്തവണ യുഡിഎഫിന്റെ പ്രചരണായുധങ്ങളിൽ പ്രധാനം.
2024 ഒക്ടോബർ 17 -നാണ് ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതോടെ പി.പി. ദിവ്യയെ സിപിഎം നേതൃത്വം ഇടപെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയത്. നവംബർ 14 -ന് കെ.കെ. രത്‌നകുമാരി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ദിവ്യയുമായി ബന്ധപ്പെട്ട വിവാദവും ജില്ലാ പഞ്ചായത്തിലെ നേതൃമാറ്റവും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സിപിഎം കരുതുന്നില്ല. ബിജെപിയും അടിത്തട്ടിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതോടെ ഗ്രാമങ്ങളിൽ തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളും.
Content Highlights: kannur local body election pp divya
Published: 11 Nov 2025, 09:18 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented