കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരായ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന് ജയം. സിപിഎം സ്ഥാനാർഥിയായി മത്സരിച്ച മുൻ കണ്ണൂർ എസിപി ടി.കെ. രത്നകുമാറാണ് ജയിച്ചത്.
ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിലെ കോട്ടൂർ വാർഡിൽനിന്നാണ് ജനവിധി തേടിയത്. പാർട്ടി ചിഹ്നത്തിൽത്തന്നെയാണ് മത്സരിച്ചത്. എൽഡിഎഫിൻറെ ചെയർമാൻ സ്ഥാനാർഥിയാണ്. കോണ്‍ഗ്രസിലെ എം.കെ. ബാലകൃഷ്ണന് രണ്ടാമതും ബിജെപിയിലെ പ്രഭാകരന് സി.കെ മൂന്നാമതുമായി.
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് മേൽനോട്ടംവഹിച്ച ഉദ്യോഗസ്ഥനായിരുന്നു ടി.കെ. രത്നകുമാർ. കുറ്റപത്രം സമർപ്പിച്ചതിനു ശേഷം ഈ വർഷം മാർച്ചിൽ അദ്ദേഹം വിരമിച്ചു. ശ്രീകണ്ഠാപുരം നഗരസഭയിൽ ഉൾപ്പെടുന്ന കോട്ടൂർ സ്വദേശിയാണ് രത്നകുമാർ. നിലവിൽ കണ്ണൂരിലാണ് താമസിക്കുന്നത്.
സ്വദേശമായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന് 2024 ഒക്ടോബർ 14-ന് കളക്ടറേറ്റിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി. ദിവ്യ ക്ഷണിക്കാതെയെത്തി അധിക്ഷേപകരമായ രീതിയിൽ പ്രസംഗിച്ചിരുന്നു. പിറ്റേന്ന് രാവിലെയാണ് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ ആത്മഹത്യ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയതോടെ പി.പി.ദിവ്യ ആത്മഹത്യാപ്രേരണക്കേസിൽ ഏക പ്രതിയായിരുന്നു.
അന്വേഷണത്തിൽ അട്ടിമറി ഉണ്ടായെന്നും പി.പി. ദിവ്യയ്ക്ക് അനുകൂലമായാണ് അന്വേഷണം നടന്നതെന്നും നവീൻ ബാബുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കാണിച്ച് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെയും സുപ്രീം കോടതിയേയും സമീപിച്ചിരുന്നു.
Content Highlights: ex acp adm death officer won kannur
Published: 13 Dec 2025, 12:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented