കോഴിക്കോട്: സ്ഥാനാർഥി നിർണയത്തിനു പിന്നാലെ മുസ്ലിം ലീഗിൽ ഇടഞ്ഞു നിൽക്കുന്ന അബ്ദുറഹ്മാൻ രണ്ടത്താണിയെ പുകഴ്ത്തി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. രണ്ടത്താണിയുടെ അസംതൃപ്തി ചെറിയ കാര്യമല്ല. നിലവിലുള്ള സാഹചര്യത്തോട് ഇടതുമുന്നണി പോസിറ്റീവായി പ്രതികരിക്കുമെന്നും അതിനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രൂപപ്പെട്ട സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടുകളിൽ ചിലപ്പോൾ മാറ്റം വരുന്നതിനെക്കുറിച്ച് മുന്നണി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

To advertise here,

മുസ്ലിം ലീഗ് പ്രതിസന്ധിയിലാകുന്ന ഘട്ടത്തിൽ പ്രതിരോധിച്ചു നിർത്തുകയും ലീഗിന് അനുകൂലമായ കാര്യങ്ങളെ ഏത് അളവ് വരേയും വ്യാഖ്യാനിക്കുകയും ചെയ്ത ആളാണ് അബ്ദുറഹ്മാൻ രണ്ടത്താണിയെന്ന് എ. വിജയരാഘവൻ പറഞ്ഞു.

നിലവിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയ ഇടത്ത് അനുകൂലമാണെന്ന് തോന്നിയാൽ അവരെ മാറ്റി മറ്റൊരാളെ പരിഗണിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്; 'തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കൂടുതൽ എംഎൽഎമാരെ കിട്ടാൻ സഹായകരമാകുന്ന പശ്ചാത്തലം എവിടെ രൂപപ്പെട്ടാലും അതിനെ ഉപയോഗപ്പെടുത്തുന്ന നിലപാട് തങ്ങൾ സ്വീകരിക്കും. ആ നിലയിൽ ഒന്നിലേറെ സ്ഥാനാർഥികൾ എൽഡിഎഫിനുണ്ടാകും' എന്നായിരുന്നു മറുപടി. രണ്ടത്താണി വന്നാൽ ഏത് മണ്ഡലത്തിൽ മത്സരിപ്പിക്കും എന്ന ചോദ്യത്തിന്; അത് മുൻകൂട്ടി പറയാൻ പറ്റുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചർച്ച നടത്തിയോ എന്ന കാര്യം തള്ളുകയോ ശരിവെക്കുകയോ ചെയ്തിട്ടില്ല. രണ്ടത്താണി അല്ലാതെ മറ്റു വിസ്മയങ്ങളും മലപ്പുറത്ത് ഉണ്ടാകുമോ എന്ന ചോദ്യത്തിന്; തീർച്ചയായും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മന്ത്രി വി. അബ്ദുറഹ്മാൻ പ്രചരണത്തിനിറങ്ങാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്; ഞാനറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് ചിരിയോടെ തള്ളുകയായിരുന്നു. വി. അബ്ദുറഹ്മാൻ ഈ തിരഞ്ഞെടുപ്പിൽ വളരെ സജീവമായി ഉണ്ടാകും. മലപ്പുറം ജില്ലയിലെ ചരിത്രം മാറ്റുന്ന തരത്തിൽ എല്ലാ ആലോചനകളിലും ഒരു പ്രധാനപ്പെട്ട ആളാണ് അബ്ദുറഹ്മാൻ. വളരെ വേഗതയിൽ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന മന്ത്രിയാണ് അദ്ദേഹമെന്നും എ. വിജയരാഘവൻ പറഞ്ഞു.