
ഏറ്റുമാനൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായർ. വോട്ടർ പട്ടികയിൽ പേരില്ലാത്തതാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിന് കാരണമെന്നും ആത്മമാർത്ഥമായി ആഗ്രഹിച്ചിരുന്ന കാര്യമായിരുന്നു സ്ഥാനാർഥിത്വമെന്നും വീണ നായർ പറഞ്ഞു. ഫേയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ കൂടിയായിരുന്നു വീണ നായർ ഇക്കാര്യം അറിയിച്ചത്.
വീണ നായരുടെ വാക്കുകൾ:
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ മണ്ഡലത്തിൽ എൻഡിഎയുടെ ഭാഗമായി മത്സരിക്കാൻ ഞാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു. ഖേദത്തോടെ ഈ വാർത്ത നിങ്ങളോട് അറിയിക്കുകയാണ്. അമ്പലത്തിൽ പോയി തൊഴുത് വളരെ അധികം പ്രതീക്ഷയോടെയാണ് ഏറ്റുമാനൂർ മണ്ഡലത്തിൽ എത്തിയതും ട്വന്റി 20-യുടേയും ബിജെപിയുടേയും ആൾക്കാരെ കാണുന്നതും. എന്നാൽ, അപ്പോഴാണ് വോട്ടർലിസ്റ്റിൽ പേര് ചേർക്കാൻ കൊടുത്തത് അപ്രൂവൽ ആയിട്ടില്ല എന്ന കാര്യം അറിയുന്നത്. വളരെ വേദനിപ്പിക്കുന്ന കാര്യമാണ്. ഞാൻ സ്ഥാനാർഥിയാകുമെന്ന് അറിഞ്ഞതിന് ശേഷം എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. എന്നാൽ, തീയതി 15 വരെ ആണെന്ന് അറിയുന്നത് വളരെ വൈകിയാണ്.
ചങ്ങനാശ്ശേരിയിലായിരുന്നു നേരത്തെ ഞാൻ വോട്ട് ചെയ്തത്. അഡ്രസ്സിൽ മാറ്റം സംഭവിച്ചിരുന്നു. അപ്പോൾ വീണ്ടും ഞാൻ ഒന്നേന്ന് കാര്യങ്ങളെല്ലാം ചെയ്തു. ഡേറ്റിൽ വന്ന തിരുത്തലിലാണ് പറ്റിപ്പോയത്. ഇപ്പോൾ പേരുചേർക്കാൻ കൊടുത്താൽ ഏഴ് ദിവസം എടുക്കും എൻറോൾ നമ്പറും കാര്യങ്ങളും എല്ലാം ഓക്കെ ആയി വരാൻ. അതിനുശേഷമാണ് വോട്ടർ ലിസ്റ്റിൽ പേര് വരിക. പക്ഷെ, അപ്പോഴേക്കും നോമിനേഷൻ കൊടുക്കേണ്ട തീയതി കഴിഞ്ഞിരിക്കും. അങ്ങനെവന്നാൽ ഒരുപാട് പ്രശ്നങ്ങളിലേക്ക് പോകും. നോമിനേഷൻ തള്ളിപ്പോകാനും സാധ്യത കൂടുതലാണ്.
കളക്ടറെയടക്കമുള്ള ഉദ്യോഗസ്ഥരെ കണ്ട് ഇതിന്റെ സാധ്യതകൾ പരിശോധിച്ചു. അതൊരിക്കലും പറ്റില്ല എന്ന് അവർ പറഞ്ഞു. അവർക്കും പരിമിതി ഉണ്ടാകാം. അല്ലെങ്കിൽ മറ്റു പൊളിറ്റിക്കൽ പ്രഷറുകൾ ഉണ്ടാകാം.
വേണമെങ്കിൽ ചിലപ്പോൾ ഒരുപക്ഷെ ചെയ്തുതരാൻ പറ്റുന്ന കാര്യമായിരിക്കാം. പക്ഷെ, അതുനടന്നില്ല. അതിന്റെ വിഷമവും സങ്കടവും ഉണ്ട്. ഞാൻ അത്രയും ആത്മാർത്ഥമായിട്ട് ആഗ്രഹിച്ചു വന്നതാണ്. ഞാൻ തിരഞ്ഞെടുത്ത തീരുമാനമായിരുന്നു- വീണ നായർ പറഞ്ഞു.
Content Highlights: Actress Veena Nair will not contest in the Ettumanoor assembly election., The primary reason for withdrawal is the absence of her name in the voter list., Attempts to resolve the issue with officials were unsuccessful due to time constraints., Veena expressed disappointment as she was prepared to contest under the NDA alliance.
Published: 19 Mar 2026, 05:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented