കൊച്ചി: പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിേര പറവൂരിൽ പൊതുസ്വതന്ത്രനെ കൊണ്ടുവരണമെന്ന ആവശ്യം സിപിഎം ഇടതുനേതൃത്വത്തിനുമുന്നിൽവെക്കും. പറവൂർ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് സിപിഐ നിലപാടെടുക്കുന്ന സാഹചര്യത്തിലാണ് പൊതുസ്വതന്ത്രൻ വേണമെന്ന് ആവശ്യമുയർന്നിരിക്കുന്നത്.

To advertise here,

വി.ഡി. സതീശനെ തളയ്ക്കാൻകഴിയുന്ന ശക്തമായ മത്സരം ഇക്കുറി ഉണ്ടാക്കണമെന്നാണ് പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ ആവശ്യം. അതിന് സാധിക്കുന്ന പൊതുസ്വതന്ത്രസ്ഥാനാർഥിയെക്കുറിച്ചാണ് ആലോചിക്കുന്നത്.

പറവൂർ സീറ്റ് ഇക്കുറി പാർട്ടി ഏറ്റെടുക്കണമെന്ന ആവശ്യം സിപിഎമ്മിൽ ശക്തമാണ്. സിപിഎം ഇതിനായി ഒരുക്കങ്ങൾ നടത്തിയെങ്കിലും സീറ്റ് വിട്ടുകൊടുക്കില്ലെന്ന ഉറച്ചതീരുമാനത്തിലാണ് സിപിഐ. പറവൂരിൽ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ തുടങ്ങാൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വംതന്നെ ജില്ലാ നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. സിപിഐ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുമുണ്ട്്.

എന്നാൽ, സിപിഐയിൽനിന്ന് ആരു മത്സരിച്ചിട്ടും വലിയ കാര്യമില്ലെന്ന നിലപാടിലാണ് സിപിഎം. മുൻപ്‌ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻതന്നെ മത്സരിച്ചിട്ടും ചലനമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഇക്കുറി വി.എസ്. സുനിൽകുമാറിന്റെ പേരാണ് കേൾക്കുന്നത്.

പറവൂരിൽനിന്നുതന്നെ ഒരു സ്വതന്ത്രനെ ഇതിനായി കണ്ടെത്താനാവുമെന്നാണ് നേതാക്കൾ കരുതുന്നത്. മണ്ഡലത്തിൽ സിപിഐയിൽ വിഭാഗീയത രൂക്ഷമാണ്. അത് പെട്ടെന്ന് പറഞ്ഞുതീർക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മുറിവ് അത്രവേഗത്തിൽ ഉണങ്ങുന്നതല്ല.

ഇടതുസഹയാത്രികരായ ചില വ്യക്തികളുടെ പേരുകളും നേതാക്കൾക്കുമുന്നിലുണ്ട്. സിപിഐ സീറ്റ് വിട്ടുകൊടുത്തില്ലെങ്കിൽ അവരുടെ അക്കൗണ്ടിൽത്തന്നെ ഒരു സ്വതന്ത്രനെ രംഗത്തിറക്കാൻ സാധിക്കുമോ എന്ന ചർച്ചകളും പ്രാദേശികമായി ഉയരുന്നുണ്ട്്.