തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിചർച്ചകൾ പുരോഗമിക്കവെ നേമത്തെ കൂടാതെ തിരുവനന്തപുരത്തെ മറ്റൊരു ശ്രദ്ധേയ മണ്ഡലമായി വട്ടിയൂർക്കാവ് മാറുകയാണ്. മൂന്ന് മുന്നണിക്കും ഒരുപോലെ വിജയസാധ്യതയുള്ള മണ്ഡലത്തിൽ അവസരത്തിനായി ചരടുവലി സജീവമാണ്. പരോക്ഷമായും പരസ്യമായും വട്ടിയൂർക്കാവ് വേണമെന്ന ആവശ്യവുമായി നേതാക്കൾ എത്തുന്നുണ്ട്.

To advertise here,

എൽഡിഎഫിനും യുഡിഎഫിനും വട്ടിയൂർക്കാവിലെ സ്ഥാനാർഥി നിർണയം പ്രയാസമാകില്ല. എന്നാൽ എൻഡിഎയിൽ അതല്ല സ്ഥിതി. നിലവിലെ എംഎൽഎ ആയ വി.കെ പ്രശാന്ത് തന്നെയാകും ഇത്തവണയും വട്ടിയൂർക്കാവിൽ എൽഡിഎഫിനായി മത്സരിക്കുക. കടകംപള്ളി സുരേന്ദ്രന് പകരം കഴക്കൂട്ടത്തേക്ക് വി.കെ പ്രശാന്ത് എത്തിയേക്കിയെന്ന് ചർച്ചകളുണ്ടായിരുന്നെങ്കിലും ഇനി അത്തരമൊരു മാറ്റത്തിന് സാധ്യത കുറവാണ്.

വി.കെ പ്രശാന്ത് തിരുവനന്തപുരം കോർപ്പറേഷൻ മേയറായിരിക്കെയാണ് യുഡിഎഫിൽ നിന്നും വട്ടിയൂർക്കാവ് മണ്ഡലം പിടിച്ചെടുത്തത്. കെ. മുരളീധരൻ പാർലമെന്റിലേക്ക് പോയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിലാണ് വി.കെ പ്രശാന്ത് വിജയിച്ചത്. കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാൻ യുഡിഎഫിനായി കെ.മുരളീധരൻ തിരിച്ചെത്താനാണ് സാധ്യത.

എൻഡിഎയിൽ പക്ഷേ ഒന്നിലേറെ പേർ വട്ടിയൂർക്കാവിനായി അവകാശവാദവുമായി രംഗത്തുണ്ട്. ബിജെപി മുൻ സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രന്റെ പേരാണ് വട്ടിയൂർക്കാവിൽ സജീവമായുള്ളത്. വട്ടിയൂർക്കാവ് ലഭിച്ചില്ലെങ്കിൽ മത്സരരംഗത്തുണ്ടാകാൻ സാധ്യതയില്ലെന്നും സുരേന്ദ്രനുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. കെ. സുരേന്ദ്രനെ പാലക്കാട്ട് മത്സരിപ്പിക്കാൻ നേതൃത്വം ആലോചിക്കുന്നതിനിടെയാണ് അദ്ദേഹം വട്ടിയൂർക്കാവിനായി താത്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇത്തവണ വിജയസാദ്ധ്യതയുള്ള ഒരു മണ്ഡലം തന്നെ വേണമെന്നാണ് സുരേന്ദ്രന്റെ നിലപാട്.

നടൻ ജി. കൃഷ്ണകുമാറാണ് വട്ടിയൂർക്കാവിലെ മറ്റൊരു ബിജെപി സാധ്യത. വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള താത്പര്യം കൃഷ്ണകുമാർ പ്രകടമാക്കിക്കഴിഞ്ഞു. പാർട്ടി എവിടെ മത്സരിക്കാൻ പറഞ്ഞാലും തയ്യാറാണെന്ന് കൃഷ്ണകുമാർ ആവർത്തിക്കുന്നുണ്ടെങ്കിലും വട്ടിയൂർക്കാവിൽ പ്രവർത്തനങ്ങളുമായി സജീവമാണ് അദ്ദേഹം. വട്ടിയൂർക്കാവ് നൽകിയില്ലെങ്കിൽ കൃഷ്ണകുമാറിന് തിരുവനന്തപുരം സെൻട്രൽ ആകും പകരം പാർട്ടി വെച്ചുനീട്ടുക.

വി.വി. രാജേഷിന് മേയർസ്ഥാനം നൽകിയ സാഹചര്യം പരിഗണിച്ച് ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനുള്ള നീക്കം സംസ്ഥാന നേതൃത്വം നടത്തിയിരുന്നു. ചില മുതിർന്ന നേതാക്കളും ഈ അഭിപ്രായം പങ്കുവെച്ച് രംഗത്തെത്തി. എന്നാൽ സുരേന്ദ്രന്റെ രംഗപ്രവേശത്തോടെ വട്ടിയൂർക്കാവ് ലഭിക്കാൻ സാധ്യതയില്ലെന്ന് ബോധ്യപ്പെട്ട ശ്രീലേഖ നിയമസഭയിലേയ്ക്ക് മത്സരിക്കാൻ ആഗ്രഹമില്ലെന്ന നിലപാടിലേയ്ക്ക് മാറി.

ഓഫീസിനെച്ചൊല്ലി എംഎൽഎ-കൗൺസിലർ തർക്കത്തിന്റെ ചുവടുപിടിച്ച് മത്സര രംഗത്തേയ്ക്ക് മുൻ ഡിജിപി കൂടിയായ ശ്രീലേഖയെ എത്തിക്കാൻ പാർട്ടി തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല. മേയർ ആവാനുള്ള അവസരം അവസാന നിമിഷം നഷ്ടമായ ശ്രീലേഖയെ അനുനയിപ്പിക്കാൻ വട്ടിയൂർക്കാവിലും മികച്ച സീറ്റ് തിരുവനന്തപുരത്ത് പാർട്ടിക്ക് വെച്ചുനീട്ടാനില്ല.

തിരുവനന്തപുരം ലോക്‌സഭാ നിയോജക മണ്ഡലത്തിന്റെ ഭാഗമാണ് വട്ടിയൂർക്കാവ് നിയമസഭാ നിയോജക മണ്ഡലം. 2011 ലും 2016 ലും കെ മുരളീധരൻ വിജയിച്ച മണ്ഡലമാണിത്. 2011 ൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന ചെറിയാൻ ഫിലിപ്പിനെ 16,167 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കെ മുരളീധരൻ പരാജയപ്പെടുത്തിയത്. വി.വി രാജേഷ് ആയിരുന്നു ബിജെപി സ്ഥാനാർഥി.

2016 ൽ ബിജെപി വേരോട്ടം മണ്ഡലത്തിൽ ശക്തമായി. കുമ്മനം രാജശേഖരൻ പ്രധാന എതിരാളി ആയി എത്തിയപ്പോൾ മുരളീധരന്റെ ഭൂരിപക്ഷം 7,622 ലേക്ക് ചുരുങ്ങി. എൽഡിഎഫിന്റെ ടി.എൻ. സീമ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ വടകര ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ജനവിധി തേടുവാൻ വട്ടിയൂർക്കാവ് എം.എൽ.എ ആയിരുന്ന മുരളീധരനെ പാർട്ടി നിയോഗിച്ചു. സിപിഎമ്മിലെ പി. ജയരാജനെ പരാജയപ്പെടുത്തിയ കെ.മുരളീധരൻ ലോക്‌സഭാംഗമായി. ഇതോടെ ഉപതിരഞ്ഞെടുപ്പിലേയ്ക്ക് പോയ മണ്ഡലം കോൺഗ്രസിന്റെ കൈയിൽ നിന്നും നഷ്ടമാവുകയും ചെയ്തു. 2019-ൽ വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി.കെ പ്രശാന്ത് വിജയിച്ചു കയറിയത്. യുഡിഎഫിന്റെ കെ മോഹൻകുമാർ രണ്ടാമത് എത്തിയപ്പോൾ ബിജെപിയുടെ എസ് സുരേഷ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

2021-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വീണ എസ് നായരെയാണ് കോൺഗ്രസ് മത്സരരംഗത്ത് എത്തിച്ചത്. ബിജെപിക്കായി വിവി രാജേഷും എത്തി. 2019 ലെ 14,465 എന്ന ഭൂരിപക്ഷം 21,515 ലേക്ക് എത്തിക്കാൻ വി.കെ പ്രശാന്തിന് സാധിച്ചു. 44.40% വോട്ടുകൾ എൽഡിഎഫിനായി പ്രശാന്ത് സ്വന്തമാക്കിയപ്പോൾ 28.77 % വോട്ടുകളാണ് വിവി രാജേഷ് നേടിയത്. 25.76% വോട്ടുകളുമായി കോൺഗ്രസിന്റെ വീണ നായർ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളിപ്പെട്ടു. 2011 ലെ 11.98 % വോട്ടുകളിൽ നിന്നാണ് 28.77 ശതമാനത്തിലേയ്ക്ക് ബിജെപി എത്തിയത്. പക്ഷേ 2024 ലോക്‌സഭാ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ട് മുന്നണികളേയും കടത്തിവെട്ടി ബിജെപി ഒന്നാമതെത്തി.

തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്ഥാനാർഥി പട്ടികയിൽ പ്രാഥമിക ചർച്ച മൂന്ന് മുന്നണികളും ആരംഭിച്ചുകഴിഞ്ഞു. വട്ടിയൂർക്കാവ്, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ ത്രികോണ മത്സരം ഉറപ്പിക്കുകയും ചെയ്തു.