തിരുവനന്തപുരം: തുടർച്ചയായി രണ്ടുതവണ സിപിഎം ജില്ലാ സെക്രട്ടറി വി ജോയ് കരുത്ത് കാട്ടിയ നിയമസഭ മണ്ഡലം, വർക്കല. മൂന്നാമതും ജോയ് തന്നെ മത്സരിക്കണമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം. ജോയ് ഇറങ്ങിയാൽ അധികം പ്രയാസപ്പെടാതെ വർക്കല സുരക്ഷിതമാക്കാം എന്നുതന്നെയാണ് പാർട്ടിയുടെ വിലയിരുത്തൽ. മറ്റ് പേരുകൾ കേൾക്കുന്നുണ്ടെങ്കിലും ജോയ്ക്ക് പകരം ഒരാൾ വേണ്ടെന്ന നിലപാടിലേയ്ക്ക് തന്നെ പാർട്ടി എത്തിച്ചേർന്നേക്കും. ജോയ് മാറി നിന്നാൽ പകരം ഒരു വനിത സ്ഥാനാർഥി എത്തിയേക്കുമെന്ന് സൂചനകളുണ്ട്.

To advertise here,

ഈയടുത്ത് സാമുദായിക നേതാക്കൾ നടത്തിയ പ്രസ്താവനകളും നിലപാടുകളും എല്ലാം പ്രതിഫലിക്കാൻ സാധ്യത ഏറെയുള്ള മണ്ഡലമാണ് വർക്കല. ഈഴവ-മുസ്ലിം സാമുദായിക സമവാക്യം പരിഗണിച്ച് തന്നെയാകും മുന്നണികളുടെ സ്ഥാനാർഥി നിർണയം.

പുതുമുഖങ്ങളെ പരീക്ഷിച്ചപ്പോൾ പിന്നാക്കം പോയ കോൺഗ്രസിൽ മുൻ എംഎൽഎ വർക്കല കഹാറിന്റെ പേരിനാണ് മുൻഗണന. വർക്കലയിലെ ഈഴവ വോട്ടുകൾ സമാഹരിക്കാൻ വർക്കല കഹാറിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. കഴിഞ്ഞ തവണ കഴക്കൂട്ടത്ത് കോൺഗ്രസ് പരീക്ഷിച്ച എസ്എസ് ലാലിനെ ഇത്തവണ വർക്കലയിൽ പരീക്ഷിച്ചാലോ എന്ന ആലോചനയും നടക്കുന്നുണ്ട്. നെടുമങ്ങാട് സീറ്റിൽ കോൺഗ്രസ് പരിഗണിക്കുന്ന യുവനേതാവ് ജെ.എസ് അഖിലിന് അവിടെ സീറ്റ് ലഭിച്ചില്ലെങ്കിൽ അവസാന നിമിഷം വർക്കലയിൽ ഇറക്കാനുള്ള സാധ്യതയും തള്ളാനാവില്ല. ബി.ആർ.എം ഷഫീറിന് ഒരവസരം കൂടി നൽകണമെന്ന അഭിപ്രായമുള്ളവരും പാർട്ടിയിലുണ്ട്.

തെക്കൻ ജില്ലകളിൽ സീറ്റ് ലക്ഷ്യമിടുന്ന ലീഗ് കൊല്ലത്തിന് പകരം തിരുവനന്തപുരത്താണെങ്കിൽ വർക്കല, നെടുമങ്ങാട് സീറ്റിൽ ഏതെങ്കിലുമൊന്നാണ് താത്പര്യപ്പെടുന്നത്. സീറ്റ് കോൺഗ്രസ് കൈമാറാനുള്ള സാധ്യത വിരളമാണ്. ആറ്റിങ്ങൽ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന വർക്കലയിൽ അത്തരത്തിലൊരു പരീക്ഷണത്തിന് മുതിരാൻ കോൺഗ്രസ് മടിക്കുമെന്ന് ഉറപ്പ്. എന്നാൽ ചർച്ചകൾക്ക് ഒക്കെ ഒടുവിൽ വർക്കല കഹാറിലേയ്ക്ക് തന്നെ കോൺഗ്രസ് എത്തിയേക്കും. തദ്ദേശത്തിരഞ്ഞെടുപ്പിൽ വർക്കലയിൽ നേട്ടമുണ്ടാക്കിയത് എൽഡിഎഫും ബിജെപിയുമാണെങ്കിലും നിയമസഭയിൽ കാര്യങ്ങൾ മാറിമറിയാം.

തുഷാർ വെള്ളാപ്പള്ളിയുടെ ബിഡിജെഎസിൽ നിന്ന് വർക്കല സീറ്റ് ബിജെപി ഏറ്റെടുക്കാനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ശിവഗിരി ഉൾപ്പടെ സ്ഥിതി ചെയ്യുന്ന മണ്ഡലത്തിലേയ്ക്ക് ഒരു മുതിർന്ന സ്ഥാനാർഥി എത്തണമെന്നതാണ് ബിഡിജെഎസ് മുന്നോട്ടുവെക്കുന്ന ആവശ്യം. ആദ്യഘട്ടത്തിൽ കെ സുരേന്ദ്രന്റെ പേര് വർക്കലയിൽ കേട്ടെങ്കിലും വട്ടിയൂർക്കാവാണ് അദ്ദേഹത്തിന് താത്പര്യം. ആലപ്പുഴയിലേയ്ക്ക് പരിഗണിക്കുന്ന ശോഭ സുരേന്ദ്രനെ വർക്കലയിൽ പരീക്ഷിച്ചുകൂടെ എന്ന നിർദേശങ്ങളും ബിജെപിയിൽ നിന്നും ഉയരുന്നുണ്ട്. എ ക്ലാസ് മണ്ഡലങ്ങളുടെ ഗണത്തിലല്ലെങ്കിലും വർക്കലയിൽ ശക്തമായ പോരാട്ടത്തിനാണ് ബിജെപി കോപ്പുകൂട്ടുന്നത്. പ്രമുഖരെ ആരെയെങ്കിലും ബിജെപി രംഗത്തിറക്കിയാൽ വർക്കലയിൽ ത്രികോണത്തിന് കളമൊരുങ്ങും.

34 വർഷത്തെ ഇടതുഭരണം അവസാനിപ്പിച്ചുകൊണ്ട് വർക്കലയിൽ വേരുറപ്പിച്ച വർക്കല കഹാറിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് വി ജോയ് മണ്ഡലം തിരിച്ചുപിടിച്ചത്. മൂന്ന് വട്ടം തുടർച്ചയായി വിജയിച്ചുകയറിയ കഹാറിനെ 2016 ൽ 2,386 വോട്ടുകൾക്കാണ് ജോയ് പരാജയപ്പെടുത്തിയത്. ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ സാധിക്കാതിരുന്ന വർക്കലയിൽ ബിഡിജെഎസ് മത്സരിച്ചപ്പോൾ ഇരുപതിനായിരത്തോളം വോട്ടുകൾ സമാഹരിച്ചുകൊണ്ട് അവർ കരുത്തുകാട്ടി. കോൺഗ്രസ് വോട്ടുകൾ ചോർന്നതോടെ ചെറിയ ഭൂരിപക്ഷത്തിൽ വിജയിച്ചുകയറാൻ ജോയ്ക്ക് സാധിച്ചു.

2021 ൽ പക്ഷേ വർക്കലയിൽ കഥ മാറി. ഇടതുതരംഗം ആഞ്ഞടിച്ചപ്പോൾ എൽഡിഎഫ് ഭൂരിപക്ഷം കുത്തനെ വർധിച്ചു. കോൺഗ്രസിന്റെ അഡ്വ. ബിആർഎം ഷഫീറിനെതിരെ 17,821 വോട്ടുകളുടെ ഭൂരിപക്ഷം വി. ജോയ് സ്വന്തമാക്കി. യുഡിഎഫിന്റെ വോട്ടിൽ കാര്യമായ മാറ്റമുണ്ടായില്ലെങ്കിലും ബിഡിജെഎസിന്റെ വോട്ടുകൾ ഇടതുപക്ഷത്തേയ്ക്ക് മറിഞ്ഞു. 41 ശതമാനത്തിൽ നിന്ന് 50 ലേയ്ക്കാണ് എൽഡിഎഫ് വോട്ടുവിഹിതം ഉയർന്നത്.

ഇക്കുറിയും ഈഴവ വോട്ടുകൾ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ വിജയം സുനിശ്ചിതമാണെന്ന വിശ്വാസം കോൺഗ്രസിനുമുണ്ട്. വോട്ടുവിഹിതം ഉയർത്താനുള്ള ശ്രമം ബിജെപിയും നടത്തും. ത്രികോണ മത്സരത്തിന് നിലവിൽ സാധ്യതയില്ലെങ്കിലും ആര് വിജയിച്ച് കേറുമെന്നതിൽ ബിജെപിയുടെ സ്ഥാനാർഥിത്വത്തിന് വളരെയേറെ പ്രാധാന്യമുണ്ട്.