മലപ്പുറം: ഇന്ത്യൻ ഫുട്ബോൾ ടീമിലെ പഴയ പടക്കുതിര യു. ഷറഫലി നിയമസഭാ തിരഞ്ഞെടുപ്പിൽ കളത്തിലിറങ്ങാൻ സാധ്യത. പൊതുസ്വതന്ത്രന്റെ ജഴ്‌സിയിൽ ഇടതുമുന്നണി ഷറഫലിയെ പരിഗണിക്കുമെന്നാണ് സൂചന.

To advertise here,

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റായ ഷറഫലിയുടെ പേര് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥിച്ചർച്ചയിലും ഉയർന്നുവന്നിരുന്നു.

അന്ന്, പേര് വ്യാപകമായി ചർച്ച ചെയ്യപ്പെട്ടെങ്കിലും പാർട്ടിയിൽനിന്ന് ആരും അക്കാര്യം പറഞ്ഞിട്ടില്ലെന്ന് ഷറഫലി അറിയിച്ചു. ഇപ്പോഴും ഒരു തരത്തിലുള്ള ചർച്ചയും നടന്നിട്ടില്ല. അങ്ങനെയൊരു ആവശ്യം വന്നാൽ അപ്പോൾ ആലോചിക്കാം എന്നാണ് ഷറഫലി പറഞ്ഞത്.

സിപിഎമ്മിന്റെ ജില്ലാ, സംസ്ഥാന നേതാക്കളുമായി അദ്ദേഹത്തിന് അടുത്ത ബന്ധമുണ്ട്. എൽഡിഎഫ് സർക്കാർ നൽകിയ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പദവിയിലൂടെ പൊതുരംഗത്ത് സജീവമായതിന്റെ അനുഭവവുമുണ്ട്. മത്സരിപ്പിക്കുന്നുണ്ടെങ്കിൽ ജന്മനാടായ അരീക്കോട് ഉൾപ്പെടുന്ന ഏറനാട് മണ്ഡലത്തിലേക്കാകും ആദ്യപരിഗണന. മലപ്പുറത്തിന്റെ ഫുട്ബോൾ കേന്ദ്രമായ അരീക്കോട്ട് ഷറഫലിക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. സിപിഐയുടെ മണ്ഡലമായതിനാൽ പാർട്ടി താത്പര്യവും നോക്കേണ്ടിവരും.

മുസ്ലിംലീഗിലെ പി.കെ. ബഷീറാണ് ഏറനാട്ടെ എംഎൽഎ. കഴിഞ്ഞതവണ 22,546 വോട്ടിനാണ് ജയിച്ചത്. ഇതിനെ മറികടക്കാൻ ഷറഫലിയുടെ കുടുംബ, സുഹൃദ്ബന്ധങ്ങളും നടപ്പാക്കിയ സ്പോർട്സ് ഹോസ്റ്റൽ പോലുള്ള പ്രവർത്തനങ്ങളുമാണ് ഇന്ധനം. അരീക്കോട്ടെ സ്റ്റേഡിയത്തിന് രണ്ടു കോടി രൂപ വകയിരുത്തിയതും ജില്ലാ സ്‌പോർട്സ് കൗൺസിൽ ബോഡിങ് ക്യാമ്പുകൾ കൊണ്ടുവന്നതും അദ്ദേഹത്തിന് ഉയർത്തിക്കാട്ടാനുമാവും.

ഏറനാടിനോടുചേർന്നുള്ള നിലമ്പൂരാണ് സാധ്യതയുള്ള മറ്റൊരു മണ്ഡലം. ഷറഫലിക്ക് കുടുംബബന്ധങ്ങളും സൗഹൃദ്ബന്ധങ്ങളും ഏറെയുള്ള ഇടമാണ് നിലമ്പൂർ. ജൂണിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ആര്യാടൻ ഷൗക്കത്ത് 11,077 വോട്ടിന് ജയിച്ച മണ്ഡലമാണ്. ഇപ്പോൾ യുഡിഎഫ് ക്യാമ്പിലുള്ള പി.വി. അൻവറിലൂടെ രണ്ടുതവണ സിപിഎം മണ്ഡലം പിടിച്ചിട്ടുണ്ട്.

കോൺഗ്രസ് ആഭിമുഖ്യമുള്ള കുടുംബമാണ് ഷറഫലിയുടേത്. വിദ്യാർഥികാലത്ത് കെഎസ്യു സഹയാത്രികനായിരുന്ന അദ്ദേഹം പിന്നീടാണ് ഇടതുപക്ഷത്തേക്ക് മാറിയത്. എംഎസ്പിയിൽ 12 കൊല്ലം ഡെപ്യൂട്ടി കമൻഡാന്റും നാലു വർഷം കമൻഡാന്റുമായിരുന്നു.