1977-ൽ രൂപവത്കൃതമായശേഷം സി.പി.എമ്മിന്റെ കൈയിൽ ഭദ്രമാണ് തൃക്കരിപ്പൂർ മണ്ഡലം. ഏത് കൊടുങ്കാറ്റിലും ഉലയാതെനിന്ന ഇടതുകോട്ട. ഇ.കെ. നായനാർ, ഒ. ഭരതൻ, പി. കരുണാകരൻ തുടങ്ങി സി.പി.എമ്മിലെ കരുത്തരായ നേതാക്കളെ നിയമസഭയിലേക്കെത്തിച്ച മണ്ണ്.

To advertise here,

തിരഞ്ഞെടുപ്പുകളെയെല്ലാം ഒരേപോലെ കാണുന്നവരല്ല തൃക്കരിപ്പൂർ മണ്ഡലത്തിലെ വോട്ടർമാർ. ലോക്സഭ, നിയമസഭ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഫലം എപ്പോഴും വ്യത്യസ്തമാണ്. 2008-ലെ മണ്ഡല പുനർനിർണയത്തിൽ തൃക്കരിപ്പൂരിന്റെ ഭാഗമായിരുന്ന കരിവെള്ളൂർ-പെരളം, പെരിങ്ങോം-വയക്കര, കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്തുകൾ പയ്യന്നൂരിന്റെ ഭാഗമായി. അന്നത്തെ ഹൊസ്ദുർഗിന്റെ ഭാഗമായിരുന്ന ചെറുവത്തൂർ പഞ്ചായത്തും നീലേശ്വരം നഗരസഭയും തൃക്കരിപ്പൂരിനൊപ്പവും ചേർന്നു.

മണ്ഡല പുനർനിർണയത്തിലും ശക്തിചോരാത്ത തൃക്കരിപ്പൂരിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എന്നാൽ 2021-ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എം. രാജഗോപാലന് നൽകിയ 26,137 വോട്ടിന്റെ ഭൂരിപക്ഷം 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ എം.വി. ബാലകൃഷ്ണന് കിട്ടിയില്ല. 10,448 വോട്ടിന് പിന്നാക്കം പോയി. 2025 തദ്ദേശ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫിന് മേൽക്കൈയുണ്ട്. ഭൂരിപക്ഷം 6010 മാത്രമാണുള്ളത്.

2021-ലെ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ എം. രാജഗോപാലൻ 86151 വോട്ട് നേടിയപ്പോൾ കേരളാ കോൺഗ്രസ്-ജോസഫ് വിഭാഗത്തിലെ എം.പി. ജോസഫ് 60014 വോട്ടും ബി.ജെ.പി.യുടെ ടി.വി. ഷിബിൻ 1096 വോട്ടുമാണ് നേടിയത്.

  • സ്ഥാനാർഥികളാരെന്നത് നിർണായകം

മണ്ഡലത്തിൽ മുന്നണിസ്ഥാനാർഥികളാരെന്നത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണായകമാകും. നിയോജക മണ്ഡലത്തിലെ എട്ട് ഗ്രാമപ്പഞ്ചായത്തുകളിൽ അഞ്ചും നീലേശ്വരം നഗരസഭയും ബ്ലോക്ക് പഞ്ചായത്തും നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മൂന്നും എൽ.ഡി.എഫിനൊപ്പമാണ് നിന്നത്. നീലേശ്വരം നഗരസഭ, വെസ്റ്റ് എളേരി, കയ്യൂർ-ചീമേനി, ചെറുവത്തൂർ, പിലിക്കോട്, പടന്ന ഗ്രാമപ്പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ ഈസ്റ്റ് എളേരി, തൃക്കരിപ്പൂർ, വലിയപറമ്പ് ഗ്രാമപ്പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.

ഇടതുസർക്കാരുകൾക്ക് കീഴിൽ പ്രത്യേകിച്ച് ഒന്ന്, രണ്ട് പിണറായി സർക്കാരുകൾ ഭരിച്ച 10 വർഷം തൃക്കരിപ്പൂർ നിയോജക മണ്ഡലത്തിലുണ്ടാക്കിയ വികസനം തന്നെയാണ് എൽ.ഡി.എഫിന്റെ തുറുപ്പുചീട്ട്. കാസർകോട് പാർലമെന്റ് മണ്ഡലം തുടർച്ചയായി നഷ്ടപ്പെട്ടത് സി.പി.എമ്മിന് ചെറിയ ക്ഷീണമല്ല ഉണ്ടാക്കിയത്. സർവതന്ത്രങ്ങളും പയറ്റി തൃക്കരിപ്പൂരിനെ കൂടെനിർത്താനുള്ള പ്രവർത്തനം താഴെത്തട്ടിൽനിന്നും തുടങ്ങി കഴിഞ്ഞു. പുതുതലമുറ വോട്ടർമാർ നിർണായകമാകുന്ന മണ്ഡലം കൂടിയാണ് ഇത്തവണ തൃക്കരിപ്പൂർ.

മൂന്ന് മുന്നണികളും സ്ഥാനാർഥിചർച്ചകളുടെ തിരക്കിലാണ്. എൽ.ഡി.എഫിൽനിന്ന് സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം വി.പി.പി. മുസ്തഫയുടെ പേരാണ് പ്രധാന പരിഗണനയിലുള്ളത്. സംസ്ഥാന സമിതിയംഗം കെ.പി. സതീഷ് ചന്ദ്രൻ, മുൻ ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ എന്നിവരുടെ പേരും പറഞ്ഞുകേൾക്കുന്നുണ്ട്.

തൃക്കരിപ്പൂർ സീറ്റ് തിരികെ വേണമെന്ന ആവശ്യവുമായി കോൺഗ്രസും പറ്റില്ലെന്ന നിലപാടുമായി കേരളാ കോൺഗ്രസും (ജെ) രംഗത്തുണ്ട്. സീറ്റ് ഇത്തവണയും കേരളാ കോൺഗ്രസിന് (ജെ) നൽകാനാണ് സാധ്യത കൂടുതൽ. കോൺഗ്രസിന് സീറ്റ് ലഭിച്ചാൽ ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്. എൻ.ഡി.എ. സ്ഥാനാർഥിയുടെ കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.