പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയിൽ പങ്കെടുത്ത് അഭിവാദ്യം അർപ്പിച്ചിരിക്കുകയാണ് നടൻ ടിനി ടോം. ‘രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ടല്ല ഈ ചടങ്ങിൽ പങ്കെടുത്തത്. തനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ശബ്ദിക്കാനുമാണ് താത്പര്യം. അധികാരസ്ഥാനം വേണമെന്ന മോഹങ്ങളൊന്നുമില്ല. വലതുപക്ഷമാണെങ്കിലും വലതുപക്ഷത്തെ ഇടതുപക്ഷമായിട്ടായിരിക്കും പ്രവർത്തിക്കുക.’ വി.ഡി. സതീശൻ വന്നാൽ കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

To advertise here,

രാഷ്ട്രീയക്കാരനായല്ല വി.ഡി. സതീശന്റെ യാത്രയിൽ പങ്കെടുത്തത്

രാഷ്ട്രീയക്കാരന്റെ കുപ്പായമിട്ടല്ല വി.ഡി. സതീശൻ നയിക്കുന്ന യാത്രയിൽ ചെന്നത്. കലാകാരനായിത്തന്നെയാണ് ചെന്നത്. കോളേജിൽ പഠിക്കുന്ന സമയത്ത് ഇപ്പോഴത്തെ ആലുവ എംഎൽ.എ അൻവർ സാദത്തും ഞാനുമൊക്കെ ഒരുപാട് സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. കല്ലേറും കേസുമൊക്കെയുണ്ടായിട്ടുണ്ട്. പുത്തൻവേലിക്കര പഞ്ചായത്തിൽ പത്തുവർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്നു എന്റെ അപ്പാപ്പൻ. അദ്ദേഹം ജയിലിൽ കിടന്നിട്ടില്ലെങ്കിലും സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. കലാരംഗത്തായിരുന്നില്ലെങ്കിൽ ഞാൻ ചിലപ്പോൾ രാഷ്ട്രീയത്തിലാകുമായിരുന്നു. അതുപക്ഷേ തിരഞ്ഞെടുപ്പ് വരുമ്പോൾ കലാകാരന്മാർ വന്നുചേരുന്നതുപോലെയല്ല. കാരണം ഒരുപാട് വർഷത്തെ ഓർമകളുണ്ട്. 1990-കളിൽ മഹാത്മാഗാന്ധി സർവകലാശാല യൂത്ത് ഫെസ്റ്റിവലുകളിൽ വി.ഡി. സതീശന്റെ സന്തത സഹചാരിയും വളന്റിയറായിട്ടും പ്രവർത്തിച്ചയാളാണ് ഞാൻ.

എനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയം

ഞാൻ കുറച്ച് ഇമോഷണലായി പ്രതികരിക്കുന്നയാളാണ്. എനിക്ക് പറ്റിയ പണിയല്ല രാഷ്ട്രീയമെന്ന് നേരത്തേ തന്നെ തോന്നിയിട്ടുണ്ട്. ഞാൻ രാഷ്ട്രീയം പച്ചയ്ക്ക് പറയുന്നയാളാണ്. എന്റെ ഭാഗ്യംകൊണ്ട് വഴിമാറി കലാരംഗത്തേക്കുവന്നു. പല സമയങ്ങളിലും നമ്മൾ പറയുന്നത് കേൾക്കാൻ ആളുണ്ടായിരുന്നില്ല. പക്ഷേ, ഞാൻ മയക്കുമരുന്നിനെതിരെ സംസാരിച്ചപ്പോൾ എനിക്കൊപ്പം ശക്തമായി നിന്നയാളാണ് വി.ഡി. സതീശൻ. ഇന്ന് എന്റെ സമകാലീനരായിട്ടുള്ളവർ രാഷ്ട്രീയത്തിലെ മുൻനിരയിലേക്ക് എത്തിയിരിക്കുകയാണ്. അങ്ങനെയാണ് വി.ഡി. സതീശൻ ഈ യാത്രയുമായി എന്റെ നാടായ ആലുവയിലേക്ക് വന്നപ്പോൾ അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ ഞാൻ പോയത്. വലതുപക്ഷമാണെങ്കിലും വലതുപക്ഷത്തെ ഇടതുപക്ഷമായിട്ടായിരിക്കും ഞാൻ പ്രവർത്തിക്കുക. തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ശബ്ദിക്കാനുമാണ് എനിക്ക് താത്പര്യം. അധികാരസ്ഥാനം വേണമെന്ന മോഹങ്ങളൊന്നുമില്ല. എന്റെ ഇഷ്ടമേഖല കല തന്നെയാണ്.

വിദ്യാർത്ഥികളിലെ രാഷ്ട്രീയബോധം

കോളേജിലും സ്കൂളുകളിലും ചടങ്ങുകൾക്ക് പോകുമ്പോൾ ഭാവിയിൽ എന്താവണമെന്ന് പല കുട്ടികളോടും ചോദിച്ചിട്ടുണ്ട്. ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ എന്നാണ് മിക്കവരും പറയുക. ഞാൻ പഠിക്കുന്ന കാലഘട്ടം മുതൽ ഇത് തന്നെയാണ് കേട്ടുകൊണ്ടിരിക്കുന്നത്. ഒരിക്കൽ ‍ഞാനിത് ചോദിക്കുമ്പോൾ വേദിയിൽ എംഎൽഎയും മന്ത്രിയൊക്കെ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചു, നിങ്ങൾക്ക് എംഎൽഎയും മന്ത്രിയും ഒന്നും ആവണ്ടേയെന്ന്. കാരണം നമ്മുടെ യുവാക്കൾ എല്ലാം നാടുവിട്ട് പോയിക്കൊണ്ടിരിക്കുകയാണ്. 10 ലക്ഷം പേരാണ് തിരിച്ചു വരാൻ പോകുന്നത് എന്ന് പറയുന്നു. അപ്പോൾ ഇവിടെ പ്രൊജക്ടുകൾ ആവശ്യമാണ്. നമ്മുടെ കുട്ടികൾ തിരിച്ചു വരുമ്പോൾ റീമൈഗ്രേഷൻ ആണ് നടക്കാൻ പോകുന്നത്. അന്ന് എന്റെ ചോദ്യത്തിന് ആ കുട്ടികൾ പറഞ്ഞ മറുപടി, മന്ത്രിയും എംഎൽഎയുമൊക്കെ ആയിട്ടുണ്ടെങ്കിൽ വിജിലൻസ് കേസ് നേരിടേണ്ടി വരുമെന്നാണ്.

കേരളത്തിന് നല്ല എംപിമാരും എംഎൽഎമാരും വേണം

ഇവിടെ നല്ല നേതാക്കന്മാർ വേണം. ഇനിയുള്ള കാലഘട്ടത്തിൽ നാടിന് നല്ല എംപിമാരും എംഎൽഎമാരും വേണം. യുവാക്കൾ ഇപ്പോൾ വോട്ട് ചെയ്യാൻ പോലും വരുന്നില്ല. 18 മുതൽ 30 വയസുവരെ വരുന്ന ചെറുപ്പക്കാരിൽ പലർക്കും രാഷ്ട്രീയ അവബോധമില്ലെന്ന് ഒരു സർവേ നടത്തി കണ്ടെത്തിയിരുന്നു. ഞാൻ പൊളിറ്റിക്സ് ഡിഗ്രി ഉള്ള ഒരാളാണ്. ഞാൻ പൊളിറ്റിക്സ് കൃത്യമായി ഫോളോ ചെയ്യുന്നതാണ്. ഞാൻ വിചാരിക്കും ഇപ്പോഴത്തെ തലമുറ അപ്ഡേറ്റഡ് ആണെന്ന്. പക്ഷേ, കേരള മുഖ്യമന്ത്രിയുടെ പേരുപോലും കൃത്യമായി പറയാൻ പറ്റാത്ത യുവാക്കളുണ്ട്. അവരെ വോട്ടിംഗിലേക്ക് കൊണ്ടുവരികയാണ് വേണ്ടത്. ജനാധിപത്യത്തിലെ ഏറ്റവും വലിയ ശക്തി എന്നത് സാധാരണക്കാരാണ്. ആരുവരണം എന്ന് തീരുമാനിക്കുന്നത് അവരാണ്. ഇപ്പോഴുള്ള സർവേ ഒന്നും യഥാർത്ഥമല്ല. യുവാക്കളുടെ മനസിൽ എന്താണെന്നും ആരും സർവേ എടുത്തിട്ടില്ല. അവരാണ് ആരാണ് ഭരണത്തിലെത്തുമെന്ന് തീരുമാനിക്കുന്നത്. അതുകൊണ്ടാണ് അവരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കണമെന്ന് മുൻപേ നടന്നിട്ടുള്ള ഒരു പൗരൻ എന്ന നിലയിൽ പറയുന്നത്.

വി.ഡി. സതീശൻ വന്നാൽ കേരളത്തിന് മൊത്തത്തിൽ ഉണർവുണ്ടാകും

വി.ഡി. സതീശനുമായി ഒരുപാട് നാളത്തെ പരിചയമുണ്ട്. അദ്ദേഹം ഒരു സ്ഥാനത്ത് എത്തുകയാണെങ്കിൽ കേരളത്തിന് മൊത്തത്തിൽ പുതിയൊരു ഉണർവുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. കാരണം വളരെ അപ്ഡേറ്റാണ് അദ്ദേഹം. അത് ഓരോ ദിവസവും നടക്കുന്ന കാര്യങ്ങൾ- കലയിൽ ആണെങ്കിലും, രാഷ്ട്രീയത്തിൽ ആണെങ്കിലും, എക്കണോമിക്സിൽ ആണെങ്കിലും, ഇൻഡസ്ട്രിയൽ ഏരിയയിൽ ആണെങ്കിലും- ഏത് സ്ഥലത്തും. ആ അപ്ഡേഷൻ ആണ് നമുക്ക് വേണ്ടത്. നമ്മൾ പിന്നിലേക്കല്ല പോകേണ്ടത്. പഴയ ഭരണമായിരുന്നു നല്ലത് എന്നുപറയാതെ വരാനിരിക്കുന്ന ഭരണമായിരിക്കും നല്ലതെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. നമുക്ക് തുറന്ന് സംസാരിക്കാൻ ഒരു സുഹൃത്തിനോട് സംസാരിക്കാനുള്ള ഫ്രീഡം എനിക്ക് വി.ഡി.എസിനോടുണ്ട്.

ഒരു പാർട്ടിയോടു മാത്രമുള്ള അനുഭാവം അന്ധവിശ്വാസം

ഒരു രാഷ്ട്രീയ പാർട്ടിയിൽ മാത്രം വിശ്വസിക്കുന്നത് അന്ധവിശ്വാസം എന്ന് പറയുന്ന ഒരാളാണ് ഞാൻ. ഏത് പാർട്ടിയായാലും വിജയിക്കുന്ന സ്ഥാനാർത്ഥികളിൽ നല്ല ആളുകളെ തിരഞ്ഞെടുത്ത് മന്ത്രിയാക്കണമെന്നാണ് എന്റെ പക്ഷം. എന്റെ തൊട്ടപ്പുറത്തെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നയാളാണ് മന്ത്രി പി. രാജീവ്. അദ്ദേഹവുമായി വളരെയടുത്ത ബന്ധമുണ്ട്. സുരേഷ്ഗോപി ചേട്ടനുമായി അടുത്ത ബന്ധമാണ്. കേന്ദ്രത്തിൽനിന്ന് കിട്ടുന്ന കാശുകൊണ്ട് ജനസേവനം ചെയ്യുന്നയാളല്ല സുരേഷ് ഗോപി. അദ്ദേഹം സിനിമയിൽനിന്ന് കിട്ടുന്ന കാശ് കൊണ്ട് ജനസേവനം നടത്തിയിട്ടുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അറിയാം. ഞാൻ, എന്റെ വീട്, കാർ എന്നുപറഞ്ഞ് ഫോക്കസ് ചെയ്ത് ജീവിക്കുന്നവർക്ക് രാഷ്ട്രീയം ധനസമ്പാദനത്തിനുള്ള ഒരു പരിപാടിയാണ്. ഇത് സേവനമാണ്. ഒരു പുണ്യ പ്രവൃത്തിയാണ്. ആ ഒരു മനോഭാവത്തിൽ വരുന്നവർ വരട്ടെ എന്നാണ് എന്റെ അഭിപ്രായം. അതിന് ചിലപ്പോൾ ഒരു പാർട്ടിയുടെ കൂടെ നിന്നെങ്കിൽ മാത്രമേ, ഭൂരിപക്ഷം കിട്ടുന്ന പാർട്ടിയുടെ കൂടെ നിന്നെങ്കിൽ മാത്രമേ അവർക്ക് ആ സർവീസ് ചെയ്യാൻ സാധിക്കുകയുള്ളൂ. ഇപ്പോൾ വി.ഡി. സതീശൻ തംരഗമുണ്ട്. സേവനസന്നദ്ധരായി അദ്ദേഹത്തിന്റെ കൂടെ നിൽക്കുകയാണെങ്കിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ പറ്റുമെന്ന് ഞാൻ വിശ്വസിക്കുന്നു.

തിരുത്തൽ ശക്തിയായി നിൽക്കാനാണ് ആഗ്രഹം

ഞാൻ വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരാളാണ്. പെട്ടെന്ന് പൊട്ടിത്തെറിക്കുയും തുറന്നുപറയുകയും ചെയ്യുന്ന ഒരാളാണ്. എനിക്ക് ഒരു തിരുത്തൽ ശക്തിയായിട്ട് നിന്നാൽ മതി. നമ്മുടെ ആൾക്കാർ അവിടെയൊക്കെ ഉണ്ടായാൽ മതി. അതാണ് എന്റെ ആഗ്രഹം. വലതുവശത്തെ ഇടതുവശമായിട്ട് എന്നെപ്പോലുള്ള കുറച്ച് കലാകാരന്മാർ ഉണ്ടാവും. അത് മാത്രമേ എനിക്ക് ആഗ്രഹമുള്ളൂ. കുറച്ച് സ്വതന്ത്രമായി നടക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാൻ. യാത്രകൾ പോകാനിഷ്ടമാണ്. ഒരു രാഷ്ട്രീയ നേതാവ് എപ്പോഴും കർമനിരതനായിരിക്കണം. ഞാൻ പലസ്ഥലങ്ങളിലും യാത്ര ചെയ്യുന്നയാളാണ്. ജീവിതം ആസ്വദിക്കാനിഷ്ടപ്പെടുന്നയാളാണ്. പക്ഷേ, അതിനിടയിലും ആരും കാണാതെ ഞാൻ ചെയ്യുന്ന ചില സേവനങ്ങളുണ്ട്. രാഷ്ട്രീയമാകുമ്പോൾ അതിൽമാത്രം ഫോക്കസ് ചെയ്ത് നിൽക്കണം.