താമരശ്ശേരി: ഇക്കുറി പോരാട്ടംകനക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന തിരുവമ്പാടി നിയമസഭാ മണ്ഡലത്തിൽ മത്സരചിത്രം തെളിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തോടൊപ്പംനിന്ന മലയോരമണ്ഡലത്തിൽ സിറ്റിങ് എംഎൽഎയായ സിപിഎമ്മിലെ ലിന്റോ ജോസഫ് തന്നെയാണ് രണ്ടാമൂഴത്തിന് ഇറങ്ങുന്നതെന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ലിന്റോയ്ക്കുവേണ്ടി കൂടരഞ്ഞിയും പുതുപ്പാടിയും ഉൾപ്പെടെ നിയോജകമണ്ഡലത്തിലെ പലയിടങ്ങളിലും വീടുകയറിയുള്ള പ്രചാരണവും തുടങ്ങിക്കഴിഞ്ഞു. നേരത്തേ തിരുവമ്പാടി സീറ്റിനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്ന കേരള കോൺഗ്രസ് (എം) നിലവിൽ പേരാമ്പ്ര സീറ്റാണ് ഇടതുമുന്നണിയോട് ആവശ്യപ്പെടുന്നത്.
അതേസമയം തിരുവമ്പാടിയിൽ യുഡിഎഫിലെയും എൻഡിഎയിലെയും സ്ഥാനാർഥി ആരെന്നത് ഇതുവരെ തീരുമാനമായിട്ടില്ല. മുസ്‌ലിം, ഹിന്ദു സമുദായത്തിൽപ്പെട്ടവർ ഏറെയുള്ള മണ്ഡലമാണെങ്കിലും ക്രിസ്ത്യൻ വോട്ടുകളാണ് അടുത്തകാലത്തായി വിജയത്തിൽ നിർണായകമാവുന്നതെന്ന ധാരണയിൽ എൽഡിഎഫ് കഴിഞ്ഞ മൂന്നുതവണയും മണ്ഡലത്തിൽ നിർത്തി വിജയിപ്പിച്ചത് ക്രിസ്ത്യൻ സമുദായത്തിൽനിന്നുള്ളവരെയാണ്. എന്നാൽ, 2016-നു മുൻപ് നാലുതവണ മുസ്‌ലിംലീഗ് സ്ഥാനാർഥികൾ വിജയിച്ച മണ്ഡലത്തിൽ അത്തരം സമവാക്യങ്ങൾക്ക് പ്രസക്തിയില്ലെന്നതാണ് യുഡിഎഫിനായി തിരുവമ്പാടിയിൽ മത്സരിച്ചുവരുന്ന മുസ്‌ലിംലീഗിലെ ഒരുപക്ഷത്തിന്റെ വിശ്വാസം.
ഉൾപ്പാർട്ടിപ്രശ്നങ്ങളും ചിലരുടെ സ്വയംപ്രഖ്യാപിത സ്ഥാനാർഥിത്വവും ഇതിനെതിരേയുണ്ടാവുന്ന ചേരിതിരിഞ്ഞുള്ള വിമർശനവും ലീഗിന് പരീക്ഷണമാവുന്നുണ്ട്. തിരുവമ്പാടിയിൽ മൂന്നുവഴികളാണ് ലീഗിന് മുന്നിലുള്ളത്. പൊതുസ്വീകാര്യനായ ഒരു ലീഗ് നേതാവിനെത്തന്നെ നിർത്തുകയെന്നതാണ് ആദ്യത്തേത്. നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ. കാസിം, കഴിഞ്ഞതവണത്തെ യുഡിഎഫ് സ്ഥാനാർഥി ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് എന്നിവരുടെ പേരുകളാണ് ചർച്ചയാകുന്നത്. ജനപിന്തുണയുള്ള ഒരു ക്രൈസ്തവസമുദായാംഗത്തെയോ ക്രിസ്ത്യൻസഭകളുമായി ബന്ധമുള്ളയാളെയോ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിപ്പിക്കുക, അതല്ലെങ്കിൽ തിരുവമ്പാടി സീറ്റ് കോൺഗ്രസിനോ മറ്റ് ഘടകകക്ഷികൾക്കോ വിട്ടുനൽകി ജില്ലയിലെയോ സമീപജില്ലകളിലെയോ മണ്ഡലം ഏറ്റെടുക്കുക എന്നിവയാണ് ഇതരസാധ്യതകൾ.
തിരുവമ്പാടി കോൺഗ്രസ് ഏറ്റെടുത്താൽ പകരമായി പാലക്കാട് ജില്ലയിലെ പട്ടാമ്പിയോ, മലപ്പുറം ജില്ലയിലെ തവനൂരോ ഏറ്റെടുക്കാനാണ് ലീഗിന് താത്പര്യം. എന്നാൽ, സീറ്റ് വെച്ചുമാറുന്നകാര്യത്തിൽ കോൺഗ്രസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തിരുവമ്പാടിയിൽ ആദ്യഘട്ടത്തിൽ സിഎംപി നേതാവ് സി.പി. ജോണിന്റെ പേര് നിർദേശിക്കപ്പെട്ടിരുന്നെങ്കിലും തിരുവനന്തപുരത്ത് മത്സരിക്കാനാണ് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചത്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുകയാണെങ്കിൽ മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്, മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എന്നീപേരുകളാണ് നിലവിൽ പരിഗണിക്കപ്പെടുന്നത്.
വോട്ട് ചരിത്രം
1977-ൽ രൂപവത്കൃതമായ മണ്ഡലത്തിൽ നടന്ന പ്രഥമ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് മുൻമന്ത്രി സിറിയക് ജോണായിരുന്നു വിജയി. 1980, 1982 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും വിജയിച്ച് സിറിയക് ജോൺ ഹാട്രിക് കുറിച്ചു. 1987-ൽ കോൺഗ്രസിലെ പി.പി. ജോർജ് വിജയിച്ച മണ്ഡലം 1991 മുതലാണ് മുസ്‌ലിംലീഗ് കൈയടക്കുന്നത്. 1991-ലും 1996-ലും ലീഗ് സ്ഥാനാർഥി എ.വി. അബ്ദുറഹിമാൻ ഹാജി നിയമസഭയിലെത്തി. 2001-ൽ ലീഗിലെതന്നെ സി. മോയിൻകുട്ടി തിരുവമ്പാടിയുടെ എംഎൽഎ ആയി. 2006-ൽ സിപിഎം നേതാവ് മത്തായി ചാക്കോയിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്ന് 2007-ൽ ഉപതിരഞ്ഞെടുപ്പ് നടക്കുകയും എൽഡിഎഫ് സ്ഥാനാർഥി ജോർജ് എം. തോമസ് മണ്ഡലം നിലനിർത്തുകയും ചെയ്തു. എന്നാൽ, 2011-ൽ തിരുവമ്പാടി വീണ്ടും വലതുപക്ഷത്തോട് ചേർന്നു. സി. മോയിൻകുട്ടി വീണ്ടും എംഎൽഎ ആയി. 2016-ൽ എൽഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ച് ജോർജ് എം. തോമസ് രണ്ടാമതും എംഎൽഎയായി. 2021-ൽ എസ്എഫ്‌ഐ മുൻ ജില്ലാ സെക്രട്ടറിയും കൂടരഞ്ഞി പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ലിന്റോ ജോസഫ് മണ്ഡലം നിലനിർത്തി. 2016-ൽ ഒറ്റയ്ക്ക് മത്സരിച്ച വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെയാണ് 2021-ൽ മുസ്‌ലിംലീഗ് സ്ഥാനാർഥി തിരുവമ്പാടിയിൽ മത്സരിച്ചതെങ്കിലും 4643 വോട്ടുകളുടെ ലീഡോടെയാണ് ലിന്റോ ജോസഫ് തിരുവമ്പാടിയുടെ ജനപ്രതിനിധിയായത്.
അതേസമയം 2024 ഏപ്രിൽ 26-ന് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്ക് 46,556 വോട്ടുകളുടെയും 2024 നവംബർ 13-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാഗാന്ധിക്ക് 50,298 വോട്ടുകളുടെയും ഭൂരിപക്ഷം സമ്മാനിച്ച നിയോജകമണ്ഡലമാണ് തിരുവമ്പാടി. ഇത്തവണത്തെ തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവമ്പാടിയിൽ യുഡിഎഫിന് 11,081 വോട്ടിന്റെ ലീഡുണ്ട്.
Content Highlights: Thiruvambady constituency election updates. Sitting MLA Linto Joseph likely to contest again for LDF. UDF & NDA candidates undecided. Analyze vote dynamics.
Published: 22 Jan 2026, 10:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented