
തലശ്ശേരി: തലശ്ശേരി അസംബ്ലി മണ്ഡലത്തിൽ എ.എൻ. ഷംസീർ മൂന്നാംതവണയും എൽ.ഡി.എഫ്. സ്ഥാനാർഥിയാകുമോ. ഷംസീറിന് പകരക്കാരൻ വരുമോ. യു.ഡി.എഫ്., എൻ.ഡി.എ. സ്ഥാനാർഥികൾ ആരാകും... ചർച്ചകൾ തുടരുന്നു. മൂന്നുപതിറ്റാണ്ടായി എൽ.ഡി.എഫിന് മുൻതൂക്കമുള്ള മണ്ഡലമാണ് തലശ്ശേരി.
സ്പീക്കർ എന്ന നിലയിൽ നിയമസഭയ്ക്ക് അകത്തും പുറത്തും മികച്ച പ്രവർത്തനം നടത്താൻ ഷംസീറിന് കഴിഞ്ഞു. നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവമുൾപ്പെടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ശ്രദ്ധനേടി. തലശ്ശേരിയുടെ വികസനം ലക്ഷ്യമിട്ട് മണ്ഡലത്തിൽ പദ്ധതികൾ പൂർത്തിയാക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തി.
സി.പി.എം. സ്ഥാനാർഥിച്ചർച്ച ഇതുവരെ തുടങ്ങിയില്ല. അതിനാൽ, ഷംസീർ തലശ്ശേരിയിൽ വീണ്ടും മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായില്ല. തുടർച്ചയായി രണ്ടുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന മാനദണ്ഡം സി.പി.എം. നടപ്പായാൽ ഷംസീറിന് പകരക്കാരൻ വന്നേക്കാം. അങ്ങനെ വരികയാണെങ്കിൽ പല പേരുകൾ അണിയറയിലുണ്ട്.
പ്രവർത്തകർക്ക് താത്പര്യം കാരായി രാജനാണ്. ഫസൽ വധക്കേസിൽ ഉൾപ്പെട്ട രാജൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായെങ്കിലും ജില്ലയിൽ തുടരാൻ കഴിയാത്തതിനാൽ സ്ഥാനം രാജിവെക്കേണ്ടിവന്നു. നാട്ടിൽ തിരിച്ചെത്തിയശേഷം റബ്കോ ചെയർമാനായി പ്രവർത്തിക്കുകയാണ്. രാജനൊപ്പം കേസിൽ ഉൾപ്പെട്ട കാരായി ചന്ദ്രശേഖരനാണ് നിലവിൽ തലശ്ശേരി നഗരസഭാ ചെയർമാൻ. സ്ഥാനാർഥി പരിഗണനാ പട്ടികയിൽ പി. ശശി, പി. ഹരീന്ദ്രൻ, എം. സുരേന്ദ്രൻ എന്നിവരുടെ പേരുകളുമുണ്ട്.
മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിക്കാൻ നിരവധി നേതാക്കൾക്ക് താത്പര്യമുണ്ട്. കഴിഞ്ഞതവണ കോൺഗ്രസ് നേതാവ് എം.പി. അരവിന്ദാക്ഷനായിരുന്നു യു.ഡി.എഫ്. സ്ഥാനാർഥി. അരവിന്ദാക്ഷന് ഇത്തവണ മത്സരിക്കാൽ താത്പര്യമില്ല. മത്സരിക്കാൻ സന്നദ്ധരായവരും സീറ്റ് കിട്ടിയാൽ മത്സരിക്കാമെന്ന് കരുതുന്നവരും യു.ഡി.എഫിലുണ്ട്. ചന്ദ്രൻ തില്ലങ്കേരി, കെ.പി. സാജു, മമ്പറം ദിവാകരൻ, ഷമാ മുഹമ്മദ്, റിജിൽ മാക്കുറ്റി തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
ബി.ജെ.പി.ക്ക് കഴിഞ്ഞതവണ മണ്ഡലത്തിൽ സ്ഥാനാർഥിയുണ്ടായിരുന്നില്ല. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് പത്രിക നൽകിയെങ്കിലും തള്ളി. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലായിരുന്നു പ്രധാന മത്സരം. ചില സ്വതന്ത്രരും രംഗത്തുണ്ടായിരുന്നു. ഇത്തവണ ബി.ജെ.പി. സ്ഥാനാർഥിയെ സംബന്ധിച്ച് നേതൃതലത്തിൽ ചർച്ച തുടരുകയാണ്.
തദ്ദേശതിരഞ്ഞെടുപ്പിലും മികച്ച ഭൂരിപക്ഷം
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷം നേടി. അസംബ്ലി തിരഞ്ഞെടുപ്പിൽ നേടിയതിനെക്കാൾ 1723 വോട്ടിന്റെ ഭൂരിപക്ഷം നേടി. തദ്ദേശത്തിൽ 38,524 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ഷംസീറാണ് മണ്ഡലത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയത്. 36,801 വോട്ടിന്റെ ഭൂരിപക്ഷം നേടി.
തദ്ദേശത്തിൽ എൽ.ഡി.എഫ്. 73,151, യു.ഡി.എഫ്.-34627, ബി.ജെ.പി.- 21,382 എന്നിങ്ങനെയാണ് വോട്ട്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ ഷംസീർ 81,810 വോട്ട് നേടിയപ്പോൾ യു.ഡി.എഫ്. സ്ഥാനാർഥി എം.പി. അരവിന്ദാക്ഷൻ 45,009 വോട്ട് നേടി. മറ്റ് നാല് സ്ഥാനാർഥികൾക്ക് രണ്ടായിരത്തിനും 200-നുമിടയിലാണ് വോട്ട്.
2011-ൽ ഷംസീർ 70,741, എ.പി. അബ്ദുള്ളക്കുട്ടി (കോൺ.) 36,624, വി.കെ. സജീവൻ (ബി.ജെ.പി.) 22,125 എന്നിങ്ങനെയാണ് വോട്ട്. ഷംസീർ 34,117 വോട്ടിന്റെ ഭൂരിപക്ഷം നേടി. തലശ്ശേരി നഗരസഭയും കതിരൂർ, എരഞ്ഞോളി, ചൊക്ലി, പന്ന്യന്നൂർ, ന്യൂമാഹി ഗ്രാമപ്പഞ്ചായത്തുമുൾപ്പെട്ടതാണ് തലശ്ശേരി അസംബ്ലി മണ്ഡലം. ഇവിടെയെല്ലാം ഭരണം എൽ.ഡി.എഫിനാണ്. കോടിയേരി ബാലകൃഷ്ണൻ അഞ്ചുതവണ എം.എൽ.എ.യായ മണ്ഡലമാണ് തലശ്ശേരി.
Content Highlights: Explore the Thalassery Assembly election. Will A.N. Shamseer run for a third term? Who will be the UDF & NDA candidates? Latest updates and analysis.
Published: 22 Feb 2026, 10:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented