എരമംഗലം: കേരളം സാമൂഹികക്ഷേമ പ്രവർത്തനങ്ങളിൽ മാതൃകയാണെന്നും ബിഹാർ ഒരുനാൾ കേരളം പോലെയാകാൻ ആഗ്രഹിക്കുന്നുവെന്നും ബിഹാർ നിയമസഭാ പ്രതിപക്ഷനേതാവും രാഷ്‌ട്രീയ ജനതാദൾ അഖിലേന്ത്യാ വർക്കിങ് പ്രസിഡന്റുമായ തേജസ്വി യാദവ് പറഞ്ഞു. പൊന്നാനി ബസ്‌സ്റ്റാൻഡിൽ എൽ.ഡി.എഫ്. പ്രചാരണയോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി സർവമേഖലയിലും വികസനം നടപ്പാക്കിയും കോവിഡിനെയും പ്രളയത്തെയും അതിജീവിച്ചും പിണറായി സർക്കാർ കേരളത്തെ സുധീരമായി മുന്നോട്ടുകൊണ്ടുപോയി. മോദി സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. പ്രളയമുണ്ടായപ്പോഴും വയനാട് ദുരന്തമുണ്ടായപ്പോഴും കേന്ദ്രം കേരളത്തിന്‌ ഒന്നും നൽകിയില്ലെങ്കിലും അതിനെയെല്ലാം ധൈര്യമായി നേരിട്ട സർക്കാരാണ് എൽ.ഡി.എഫിന്റേതെന്നും അദ്ദേഹം പറഞ്ഞു.

ജാതിക്കെതിരേയുള്ള പോരാട്ടത്തിൽ സംവരണം പ്രധാനമാണ്. ആ പോരാട്ടം സാംസ്‌കാരിക വിപ്ലവമാണ്. സംഘപരിവാർ ഭരണഘടനപോലും മാറ്റിയെഴുതാൻ ശ്രമിക്കുകയാണ്. മതങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിച്ച് നാടിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാലത്ത് എൽ.ഡി.എഫ്. സ്ഥാനാർഥി സക്കീറിന്റെ വിജയത്തിന് രാഷ്‌ട്രീയപ്രസക്തിയുണ്ട്. അടുത്തതവണ കേരളത്തിൽ വരുമ്പോൾ മൂന്നാം പിണറായി സർക്കാർ കേരളത്തിൽ ഭരണത്തിലുണ്ടാകണം. തന്റെ അച്ഛൻ ലാലുപ്രസാദ് യാദവ് രോഗാവസ്ഥയിൽ കഴിയുമ്പോഴും തങ്ങൾക്കു നൽകിയ ഉപദേശം ഫാസിസ്റ്റ് ശക്തികളുമായി സന്ധിചെയ്യരുതെന്നാണ് -തേജസ്വി പറഞ്ഞു.

സി.പി.ഐ. നേതാവ് എ.കെ. ജബ്ബാർ അധ്യക്ഷനായി. ആർ.ജെ.ഡി. സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്‌കുമാർ മുഖ്യാതിഥിയായി.

കേരളത്തിൽ മൂന്നാമതും പിണറായി സർക്കാർ അധികാരത്തിൽ വരുമെന്നതിൽ സംശയമില്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ജനതയെ ചേർത്തുനിർത്തിയ സർക്കാരാണ് എൽ.ഡി.എഫിന്റേത്. പറഞ്ഞ വാക്കുപാലിക്കാൻ എൽ.ഡി.എഫിനു മാത്രമാണ് സാധിക്കുക. വയനാട് പുനരധിവാസം അതിനൊരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തി. പെൻഷൻ തുടരാനും സ്‌കൂളുകൾ അടച്ചുപൂട്ടാതിരിക്കാനും എൽ.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തണമെന്ന് അദ്ദേഹം പറഞ്ഞു. പി. നന്ദകുമാർ എം.എൽ.എ, എൽ.ഡി.എഫ്. സ്ഥാനാർഥി അഡ്വ. എം.കെ. സക്കീർ, വറുഗീസ് ജോർജ്, നീലലോഹിതദാസൻ നാടാർ, സബാഹ് പുൽപ്പറ്റ, യൂജിൻ മൊറോലി, സി.പി. മുഹമ്മദ് കുഞ്ഞി, കെ.കെ. ബാബു, എം.എ. ഹമീദ്, ടി. സത്യൻ, യു.കെ. അബൂബക്കർ, കെ. നാരായണൻ, സി.പി. മുജീബ് തുടങ്ങിയവർ പ്രസംഗിച്ചു. പൊതുയോഗത്തിനു മുൻപായി പ്രകടനവും നടന്നു.