സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞുവീശിയതോടെ കണ്ണൂരിൽ ഇടതുകോട്ടകൾ വിറച്ചുവീണു. കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തുറ്റ കോട്ടകളിലൊന്നായ തളിപ്പറമ്പിലടക്കം വൻ പരാജയമാണ് പാർട്ടി നേരിട്ടത്. തളിപ്പറമ്പിലുണ്ടായ പൊട്ടിത്തെറി സൃഷ്ടിച്ച അടിയൊഴുക്കുകൾ തടയാനാവാതെ ഇടതുപക്ഷം വിയർത്തു. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടയാളാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ. ഗോവിന്ദൻ. ഇതേ ഗോവിന്ദൻ തന്നെ ശ്യാമളയെ വീഴ്ത്തിയതോടെ സിപിഎം നേരിട്ടത് മണ്ഡലചരിത്രത്തിൽ ഇതുവരെ നേരിടാത്ത തോൽവി.

To advertise here,

സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ. ശ്യാമള തളിപ്പറമ്പ് മണ്ഡലത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലി പാർട്ടിയിൽ അസ്വസ്ഥതയുണ്ടായിരുന്നതാണ് തുടക്കം. തളിപ്പറമ്പ് എം.എൽ.എ.യായിരുന്ന എം.വി. ഗോവിന്ദന്റെ പിൻഗാമിയായി ഭാര്യ പി.കെ. ശ്യാമളയെ നിർദേശിച്ചതാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ എതിർപ്പിന് കാരണമായത്. ഇതിന്റെ തുടർച്ചെയെന്നോണമാണ് ടി.കെ.ഗോവിന്ദന്റെ പരസ്യപ്രതികരണവും സ്ഥാനാർഥിത്വം പ്രഖ്യാപിക്കലും. അത് പക്ഷേ മണ്ഡലം കൈവിടുന്ന തരത്തിൽ എത്തിക്കുമെന്ന് പാർട്ടി കരുതിയിയതേയില്ല.

എം.വി. ഗോവിന്ദനും ശ്യാമളയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുന്നയിച്ചാണ് ടി.കെ. ഗോവിന്ദൻ പാർട്ടിവിടുന്ന കാര്യവും സ്ഥാനാർഥിത്വവും പ്രഖ്യാപിച്ചത്. തളിപ്പറമ്പിലെ വിമതനീക്കം നിരീക്ഷിക്കുകയായിരുന്ന കോൺഗ്രസിന്റെ പിന്തുണയുറപ്പാക്കിയാണ് അദ്ദേഹം പാർട്ടിക്കെതിരേ രംഗത്തുവന്നത്. അന്തിമപട്ടിക അംഗീകരിച്ച ജില്ലാകമ്മിറ്റി യോഗത്തിലും മണ്ഡലം യോഗത്തിലും ടി.കെ. ഗോവിന്ദൻ പങ്കെടുത്തിരുന്നില്ല. ടി.കെ. ഗോവിന്ദനെ തഴയാനായി തളിപ്പറമ്പ് സ്ത്രീകൾക്കായി സംവരണംചെയ്യാൻ പാർട്ടി തീരുമാനിച്ചെന്നും മറ്റെല്ലാ അഭിപ്രായങ്ങളും നിരാകരിച്ച് പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ സ്ഥാനാർഥിയായി നിർദേശിക്കുകയായിരുന്നെന്നും പാർട്ടിക്കുള്ളിൽ അഭിപ്രായമുയർന്നിരുന്നു. ദീർഘകാലം തളിപ്പറമ്പ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പു ചുമതലക്കാരനായിരുന്ന ഗോവിന്ദന്റെ വിമതനീക്കം മണ്ഡലത്തിൽ മാത്രമല്ല, ജില്ലയിൽ തന്നെ സിപിഎമ്മിനെ ഞെട്ടിച്ചു. തിരഞ്ഞെടുപ്പിലും ജയിച്ചുകയറിയതോടെ സിപിഎമ്മിനേറ്റത് കനത്ത പ്രഹരം. തോൽവി എം.വി. ഗോവിന്ദനെയടക്കം പ്രതിരോധത്തിലാക്കിയതെന്നുറപ്പ്. തോൽവിക്ക് മറുപടി പറയാതെ എം.വി. ഗോവിന്ദന് മുന്നോട്ടുപോകാനുമാവില്ല. ജില്ലയിലെ മാത്രമല്ല, സംസ്ഥാനത്തെ തന്നെ സിപിഎമ്മിനുള്ളിൽ വൻ ചർച്ചകൾക്ക് വഴിവെക്കുന്ന പരാജയമാണ് തളിപ്പറമ്പിലേത്.

ബന്ധുത്വം പരിഗണിച്ചല്ല ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന് വിശദീകരിച്ചാണ് സിപിഎം വിഷയത്തെ പ്രതിരോധിച്ചത്. ബന്ധുത്വം ഉണ്ടായാലും ഇല്ലെങ്കിലും ഓരോ വ്യക്തിയും പാർട്ടിക്ക് നൽകുന്ന സംഭാവന, പ്രവർത്തനങ്ങൾ, ചുമതലകൾ ഇതെല്ലാം അടിസ്ഥാനപ്പെടുത്തി കൂടിയാണ് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത്. അങ്ങനെയാണ് പി.കെ. ശ്യാമളയും സ്ഥാനാർഥിയായതെന്നാണ് ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വിശദീകരിച്ചത്. പി.കെ. ശ്യാമള ടീച്ചർ പത്ത് നാൽപ്പത് വർഷക്കാലം കമ്മ്യൂണിസ്റ്റ് പൊതുജീവിതമുള്ള നേതാവാണ്. എസ്എഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം എന്നീ ചുതലകൾ നിർവഹിച്ചിരുന്നതായും രാഗേഷ് ചൂണ്ടിക്കാട്ടി. എന്നാൽ ഈ പ്രതിരോധമൊന്നും വിലപ്പോയില്ല. അത് എത്രത്തോളം അണികൾക്കകം ബോധ്യപ്പെട്ടെന്നുള്ള കാര്യം പാർട്ടി പരിശോധിക്കേണ്ടതായും വരും. കാരണം 1970 ന് ശേഷം ഇതാദ്യമായാണ് മണ്ഡലത്തിൽ സിപിഎം തോൽക്കുന്നത്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി യുഡിഎഫിന്റെ മുന്നേറ്റം സിപിഎമ്മിനെ ആശങ്കപ്പെടുത്തിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലം കൈവിടാതെ ഒപ്പംനിർത്താൻ സാധിക്കുന്നുണ്ടെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് തളിപ്പറമ്പിൽ നടത്തിയത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിപിഎമ്മിന്റെ ഈ ചെങ്കോട്ടയെ വിറപ്പിക്കാൻ യുഡിഎഫിന് കഴിഞ്ഞു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയിച്ചുകയറാനാകില്ലെന്ന വിലയിരുത്തലിലായിരുന്നു സിപിഎം. ഇക്കുറി അതും പാളി. തളിപ്പറമ്പിൽ പാർട്ടി നേരിട്ടത് വൻ പരാജയം.

കണ്ണൂരിലെ കോൺഗ്രസ്സിന്റെ കരുത്തുറ്റ മുഖമായ കെ. സുധാകരൻ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ മറികടന്ന് ലീഡെടുത്തിരുന്നു. 2019-ലും 2024-ലുമാണ് സുധാകരൻ ഇടതുകോട്ടകളെ വിറപ്പിച്ചത്. 2019 ൽ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിനാണ് അദ്ദേഹം പികെ ശ്രീമതിയെ പരാജയപ്പെടുത്തിയത്. കേരളമൊന്നടങ്കം ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിന്റെ പ്രതിഫലനം കണ്ണൂരിലും കണ്ടു. അന്ന് സിപിഎം അക്ഷരാർഥത്തിൽ ഞെട്ടിയത് തളിപ്പറമ്പിലാണ്. മണ്ഡലത്തിൽ 725 വോട്ടിന്റെ ലീഡെടുത്തായിരുന്നു സുധാകരന്റെ കുതിപ്പ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിംസ് മാത്യു നാൽപ്പതിനായിരം വോട്ടുകൾക്ക് ജയിച്ച അതേ മണ്ഡലത്തിലാണ് യുഡിഎഫിന്റെ ഈ ലീഡ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെല്ലാം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ സിപിഎമ്മിനായിരുന്നു. എം.വി ഗോവിന്ദൻ മത്സരിച്ചപ്പോൾ 22,689 വോട്ടുകളായിരുന്നു ഭൂരിപക്ഷം. എന്നാൽ മൂന്ന് വർഷങ്ങൾക്കിപ്പുറം വീണ്ടും ഇടതുകോട്ടകൾ ആടിയുലഞ്ഞു. 2024-ലെ ജനവിധി 2019നേക്കാൾ കടുത്ത പ്രഹരമാണ് സിപിഎമ്മിന് സമ്മാനിച്ചത്. ഉറച്ചകോട്ടകളായ മട്ടന്നൂരിൽ 3,034 വോട്ടിന്റെ ലീഡും ധർമടത്ത് 2,616 വോട്ടുകളുടെ ലീഡും മാത്രമാണ് സിപിഎമ്മിന് ലഭിച്ചത്. തളിപ്പറമ്പിലാകട്ടെ വലിയ ഞെട്ടലിലായി. 8,787 വോട്ടുകളുടെ ലീഡാണ് യുഡിഎഫ് തളിപ്പറമ്പ് മണ്ഡലത്തിൽ നിന്ന് നേടിയത്. 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പന്ത്രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡ് നേടി സിപിഎം തിരിച്ചുവന്നു. എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഫലം ആവർത്തിക്കുമെന്ന യുഡിഎഫ് കണക്കുകൂട്ടൽ ശരിയായി. പി.കെ. ശ്യാമളയെ പരാജയപ്പെടുത്തി ടി.കെ. ഗോവിന്ദൻ അഭിമാനപ്പോരാട്ടത്തിൽ ജയിച്ചുകയറി. യുഡിഎഫിന്റേത് ചരിത്രജയം. സിപിഎമ്മിനും പാർട്ടി സെക്രട്ടറിക്കും വൻ ക്ഷീണമാണ് മണ്ഡലത്തിലെ തോൽവി സൃഷ്ടിച്ചത്.