കോട്ടയം: വൈക്കം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രമുഖ ദളിത് ആക്ടിവിസ്റ്റും ചിന്തകനുമായ സണ്ണി എം. കപിക്കാട് മത്സരിച്ചേക്കുമെന്ന് സൂചന. യുഡിഎഫ് നേതൃത്വം തനിക്ക് അത്തരമൊരു ഉറപ്പ് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ യുഡിഎഫിന്റെ ഔദ്യോഗിക ഭാഗമല്ലാത്തതിനാൽ, വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ വേദിയിൽ ഇരിക്കാതെ സദസ്സിലാണ് അദ്ദേഹം പങ്കെടുത്തത്. കേരളത്തിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു ജനമുന്നേറ്റമായാണ് ഈ യാത്രയെ കാണുന്നതെന്നും അതിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈക്കത്തെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി മുന്നോട്ടുപോയിട്ടുണ്ടെന്നും നേതൃത്വം നൽകിയ ഉറപ്പിൽ ഇതുവരെ മാറ്റം വന്നിട്ടില്ലെന്നും സണ്ണി എം. കപിക്കാട് പറഞ്ഞു. വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ മുതിർന്ന നേതാക്കളുമായി അദ്ദേഹം ഇതിനോടകം ചർച്ചകൾ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പോലും കോട്ടയത്ത് വെച്ച് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐക്ക് ശക്തമായ സ്വാധീനമുള്ള വൈക്കം സീറ്റ് തിരിച്ചുപിടിക്കാൻ ഒരു പൊതുസ്വതന്ത്രൻ എന്ന നിലയിൽ സണ്ണി എം. കപിക്കാടിനെ അവതരിപ്പിക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. ഒരു മാസം മുമ്പ് തന്നെ ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദളിത് ചിന്തകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രതിച്ഛായ വോട്ടായി മാറുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ. യുഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം കളത്തിലിറങ്ങാനാണ് നിലവിൽ സാധ്യത കൽപ്പിക്കപ്പെടുന്നത്.
എന്നാൽ സണ്ണി എം. കപിക്കാടിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രാദേശിക തലത്തിൽ ചില എതിർപ്പുകൾ ഉയരുന്നുണ്ട്. ഗാന്ധിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മുൻകാല പ്രസ്താവനകൾ ചൂണ്ടിക്കാട്ടിയാണ് പ്രാദേശികമായി ചിലർ എതിർപ്പ് പ്രകടിപ്പിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ സണ്ണി എം. കപിക്കാടിന് പകരം ഏതെങ്കിലും പ്രാദേശിക നേതാവിനെ പരിഗണിക്കണമെന്ന ചിന്തയും ചില കോണുകളിൽ നിന്നുണ്ടാകുന്നുണ്ട്.
Content Highlights: Dalit thinker Sunny M. Kapikad hints at contesting from Vaikkom as UDF candidate after receiving assurance.
Published: 25 Feb 2026, 04:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented