അഭ്യൂഹങ്ങൾക്കൊടുവിൽ ബിജെപിയിൽ ചേക്കേറിയിരിക്കുകയാണ് മൂന്നു തവണ ദേവികുളം എംഎൽഎയും ഇടുക്കി ജില്ലാ പഞ്ചായത്ത് മുൻപ്രസിഡന്റുമായ സിപിഎം നേതാവ് എസ്.രാജേന്ദ്രൻ. നിരന്തരമായ കുറ്റപ്പെടുത്തലുകളിൽ മുറിവേറ്റാണ് കൂടുമാറ്റമെന്ന് അദ്ദേഹം പറയുന്നു. ബിജെപിയിൽ ചേർന്ന സാഹചര്യത്തെക്കുറിച്ച് എസ്.രാജേന്ദ്രൻ 'മാതൃഭൂമി' സീനിയർ റിപ്പോർട്ടർ പി.കെ.മണികണ്ഠനുമായി സംസാരിക്കുന്നു.

To advertise here,

എന്തിനാണ് ബിജെപിയിൽ ചേർന്നത്?

വേണ്ടെന്നു പറയുന്നിടത്ത്, പിന്നെയും നിൽക്കുന്നതിനേക്കാൾ നല്ലത് പുറത്തു പോവുന്നതാണെന്നു കരുതി. പുതുതലമുറകൾക്കും പിൻഗാമികൾക്കും പുതിയൊരു അധ്യായം ഉണ്ടാവട്ടെ എന്ന പൊതുതാല്പര്യത്തിലാണ് ബിജെപി പ്രവേശനം. കേന്ദ്രനിയമവുമായി ബന്ധപ്പെട്ടതാണ് ഇടുക്കിയിലെ ചില വിഷയങ്ങൾ. ഭാഷാന്യൂനപക്ഷം, തോട്ടം മേഖലയിൽ താമസിക്കുന്നവർ എന്നിവരുടേതിനു പുറമെ, വനഭൂമി-വന്യജീവിപ്രശ്നവുമുണ്ട്. ഇടുക്കിയിലെ സാമൂഹികസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെടാമെന്ന് ബിജെപി നേതൃത്വം ഉറപ്പ് നൽകി.

സിപിഎം വിട്ടതിൽ കുറ്റബോധമുണ്ടോ?

ഉണ്ട്. താൻ എ.രാജ എംഎൽഎയ്ക്കെതിരേ പ്രവർത്തിച്ചയാളാണെന്നു മുദ്ര കുത്തി. ചെയ്തിട്ടുണ്ടെങ്കിൽ പ്രശ്നമില്ല. പക്ഷെ, അനാവശ്യമായി കുറ്റപ്പെടുത്തിയതിലാണ് പ്രയാസം. ഏറെക്കാലമായി അത് ഉൾക്കൊള്ളാനാവുന്നില്ല. ഞാൻ എംഎൽഎയായിരുന്ന കാലത്തെ പദ്ധതികളിൽ പേരു പോലും മായ്ച്ചു കളഞ്ഞു ക്രൂരത കാട്ടി. മന്ത്രിമാരുള്ള പൊതുചടങ്ങിൽ നോട്ടീസിൽ പോലും പേരുവെയ്ക്കരുതെന്നു തർക്കമുണ്ടാക്കി. അതിനു മാത്രം പാർട്ടിവിരുദ്ധമായി ഞാനെന്തു ചെയ്തു? 2011 മുതൽ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു. ഇടയ്ക്ക്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇടപെട്ടു പരിഹരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോഴത്തെ സെക്രട്ടറി എം.വി.ഗോവിന്ദനും പറഞ്ഞിട്ടും കേൾക്കാത്ത നിലപാടാണ് ഇടുക്കിയിലെ പാർട്ടിക്കെങ്കിൽ പിന്നെയവിടെ നിന്നാൽ സംരക്ഷണമില്ലല്ലോ.

അപ്പോൾ ജില്ലാനേതൃത്വമാണ് കുറ്റവാളി?

2020ൽ കോടിയേരിക്കു ഞാനൊരു പരാതി നൽകിയിരുന്നു. ഇടുക്കിയിലെ ഹൈഡൽ ടൂറിസവുമായും മൂന്നാർ സർവീസ് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു അതിൽ. പൊളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങൾക്കുമൊക്കെ പകർപ്പയച്ചു. അത് അന്വേഷിക്കാനായി താഴേയ്ക്ക് അയച്ചിട്ടുണ്ടാവുമല്ലോ. അതിനു ശേഷമാണ്, 2021ൽ ഞാൻ രാജയ്ക്കെതിരെ പ്രവർത്തിച്ചെന്ന പരാതി വന്നത്. അതു ജില്ലാനേതൃത്വത്തിന്റെ പ്രതികാരമാണെന്നാണ് എന്റെ വിശ്വാസം.

പ്രശ്നം പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ താല്പര്യമനുസരിച്ചല്ല, ജില്ലാനേതാക്കൾ പ്രവർത്തിച്ചത്. ഒന്നു തോളത്തു തട്ടിയാൽ, ചിരിച്ചാൽ, ഒരു നേരം ഒന്നിച്ചു ഭക്ഷണം കഴിച്ചാൽ പരിഭവങ്ങൾ മാറുമെന്നും ഒപ്പം നിൽക്കുമെന്നാണ് അവരുടെ ചിന്താഗതി. അതു ശരിയല്ല. മാനസികമായി ഒപ്പം നിർത്താൻ ശ്രമമുണ്ടായില്ല. വാതിൽ തുറന്നിട്ടിരിക്കുകയല്ലേ, പൊയ്ക്കോ എന്നായിരുന്നു സമീപനം.

പക്ഷെ, രാജയ്ക്കെതിരേ പ്രവർത്തിച്ചെന്നത് പാർട്ടി കമ്മിഷന്റെ കണ്ടെത്തലല്ലേ?

അതെ. പക്ഷെ, അതിനു ശേഷം രണ്ടു സമ്മേളനങ്ങൾ നടന്നല്ലോ. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സമ്മേളനങ്ങളാണല്ലോ വലുത്. അവയിലൊന്നും ആ പ്രശ്നങ്ങൾ ഉയർന്നിട്ടില്ല. പാർട്ടിക്കാരാരും അങ്ങനെയൊരു ആരോപണം ഉന്നയിച്ചിട്ടില്ല. എനിക്കെതിരെ റിപ്പോർട്ട് തയ്യാറാക്കിയതിൽ ജില്ലയിലെ രണ്ടു പ്രമുഖ നേതാക്കൾക്കു പങ്കുണ്ട്. ഇപ്പോഴവരുടെ പേരു പറയാനില്ല.

ഇടുക്കിയിലെ നേതാവായ മണിയാശാനും താങ്കളെ കൂടെ നിർത്താൻ ഇടപെട്ടില്ലേ?

നേതാവ് നേതാവിന്റെ രീതിയിൽ നിന്നാൽ പ്രശ്നം പരിഹരിക്കപ്പെടും. മണിയാശാൻ ഇടുക്കിയിലെ പാർട്ടിക്കൊപ്പം നിൽക്കുക മാത്രമേ ചെയ്തുള്ളൂ. അവിടുത്തെ പാർട്ടിക്കൊപ്പം നിൽക്കുകയെന്നാൽ, അവിടെ ആരാണോ നേതാവ് ആ താല്പര്യമല്ലേ സംരക്ഷിക്കപ്പെടൂ. മണിയാശാൻ ജില്ലാനേതൃത്വത്തിനൊപ്പം നിന്നു. അദ്ദേഹം അങ്ങനെ ചെയ്യരുതായിരുന്നു.

ഇത്രകാലം സിപിഎമ്മിൽ നിന്ന ശേഷം പാർട്ടി വിടുമ്പോൾ 'വർഗവഞ്ചകൻ' എന്നു പേരു വീഴില്ലേ?

ഒരാളെ പുറത്താക്കാൻ എന്തെങ്കിലുമൊരു കാരണം അവർക്കു വേണമല്ലോ. 1986 മുതൽ സിപിഎമ്മിൽ പ്രവർത്തിക്കുന്ന എനിക്ക് ആ പാർട്ടി വിടുന്നതിൽ കുറ്റബോധമുണ്ട്. എന്നാലും, പാർട്ടിയെ കുറ്റപ്പെടുത്താനില്ല.

സിപിഎമ്മിനെ തള്ളിപ്പറയാതിരിക്കുമ്പോഴും താങ്കൾ പോയത് അവരുടെ ശത്രുപക്ഷത്തേയ്ക്കല്ലേ?

അതെന്റെ പ്രശ്നമല്ല. എനിക്കു നല്ല വ്യക്തതയുണ്ട്. സിപിഎമ്മിന്റെ ആശയത്തെ ഞാൻ തള്ളിപ്പറയുന്നില്ല. ചിലരുടെ സ്വാർഥതയാണ് ഞാൻ പുറത്താവാനുള്ള കാരണം. സിപിഎം വിട്ട അയിഷ പോറ്റി പറഞ്ഞതും അതാണല്ലോ. പാർട്ടിയല്ല വ്യക്തികളാണ് പ്രശ്നം.

ബിജെപിക്കു വേണ്ടി മത്സരിക്കുമോ?

അതിന്റെ കാര്യമില്ല. ഞാൻ നാലു തവണ മത്സരിച്ചല്ലോ. അതു മതി. പുതിയ ആളുകൾ വരട്ടെ. ഒപ്പം നിന്നു പ്രവർത്തിക്കാം. ബിജെപിയിൽ നിന്നു വ്യക്തിപരമായി ഒരു നേട്ടവും ആഗ്രഹിക്കുന്നില്ല.