തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വവുമായുള്ള ശശി തരൂരിന്റെ ഭിന്നതയ്ക്ക് അയവുവന്നതിനെത്തുടർന്ന് അദ്ദേഹത്തെ താമസസ്ഥലത്ത് ചെന്നുകണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ ശശി തരൂരിനെ സജീവമായി രംഗത്തിറക്കണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ താത്പര്യം.

To advertise here,

പാർട്ടി നിർദേശത്തോട് തരൂരും അനുകൂലമായി പ്രതികരിച്ചു. പ്രചാരണരംഗത്ത് സജീവമായി ഉണ്ടാകുമെന്ന് അദ്ദേഹം സതീശന് വാക്കുനൽകി. ഒറ്റപ്പാർട്ടിമാത്രമേ തന്റെ ജീവിതത്തിൽ ഉള്ളൂവെന്നും അത് പലതവണ പറഞ്ഞതാണെന്നും വ്യക്തമാക്കി.

ശനിയാഴ്ച രാവിലെ വഴുതക്കാട് തരൂരിന്റെ ഫ്‌ളാറ്റിലായിരുന്നു സതീശന്റെ സന്ദർശനം. സംസ്ഥാനത്താകെ തരൂരിനെ പ്രചാരണത്തിനിറക്കും. പ്രകടനപത്രികയും നയരേഖയും തയ്യാറാക്കുന്നതിന് യുവജനങ്ങളുമായും വിദ്യാർഥികളുമായും സംസാരിച്ച് തരൂർ നിർദേശങ്ങൾ സ്വീകരിക്കും.

കോൺഗ്രസ് പ്രസിഡന്റ്സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾമുതൽ സംസ്ഥാന കോൺഗ്രസ് നേതൃത്വവും തരൂരുമായി അകൽച്ചയുണ്ടായിരുന്നു. ദേശീയതലത്തിൽ തരൂർ സ്വീകരിച്ച പലനിലപാടുകളും ഈ അകൽച്ച കൂട്ടി. പ്രധാനമന്ത്രിയുടെ പല നടപടികളെയും തരൂർ വാഴ്ത്തിയതോടെ ദേശീയനേതൃത്വവും തരൂരുമായി നീരസത്തിലായി.

ഇതിനിടെ എറണാകുളത്ത് കോൺഗ്രസ് സംഘടിപ്പിച്ച മഹാപഞ്ചായത്ത് പരിപാടിയിൽ രാഹുൽ ഗാന്ധി, പ്രസംഗത്തിൽ തരൂരിന്റെ പേര് പരാമർശിക്കാതിരുന്നത് മനഃപൂർവമാണെന്ന് വ്യാഖ്യാനംവന്നു. തരൂർ സി.പി.എമ്മിനോട് അടുക്കുകയാണെന്ന പ്രചാരണവുമുണ്ടായി.

തരൂരിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് മുൻകൈയെടുത്തു. ഡൽഹിയിലെത്തി തരൂർ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെും കണ്ടു. ഈ ചർച്ചയിലാണ് മഞ്ഞുരുകിയത്.

പാർലമെന്റിൽ തന്നെ അവഗണിക്കുന്നതായി തരൂർ പറഞ്ഞു. തരൂരിന്റെ പല നിലപാടുകളിലുമുള്ള വിയോജിപ്പ് നേതൃത്വവും വ്യക്തമാക്കി. തുടർന്ന് കേരളത്തിലെ പാർട്ടിയിൽ സജീവമാകണമെന്ന നിർദേശം നൽകി. തരൂർ അത് സ്വീകരിച്ചു. യുവജനങ്ങളുടെയിടയിലും മറ്റും സ്വാധീനമുള്ള തരൂരിനെ പ്രചാരണരംഗത്ത് ഉപയോഗപ്പെടുത്തണമെന്ന താത്പര്യം സംസ്ഥാന കോൺഗ്രസിലും യു.ഡി.എഫിലും ഉയർന്നുവന്നിരുന്നു.